Image

അഭ്രപാളികളിലെ 'പൊന്നും' താരങ്ങള്‍ (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 66)

ജോര്‍ജ് തുമ്പയില്‍ Published on 29 August, 2017
അഭ്രപാളികളിലെ 'പൊന്നും' താരങ്ങള്‍ (ജോര്‍ജ് തുമ്പയില്‍ : പകല്‍ക്കിനാവ്- 66)
സിനിമ എന്നും വാര്‍ത്തയാണ്. എന്നാല്‍ സിനിമയിലെ പൊന്നും താരങ്ങളുടെ പുറത്തിറങ്ങിയ പട്ടികയാണ് ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും വില കൂടിയ പത്തു താരങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നതാണ് വലിയ വാര്‍ത്ത. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍ എന്നിവര്‍ മില്യണ്‍ ഡോളര്‍ പരിവേഷവുമായി ലോക സിനിമാ വേദിയിലേക്ക് കുതിച്ചു കയറിയപ്പോള്‍ ഇന്ത്യക്കാര്‍ക്കാകെ അത് അഭിമാനിക്കത്തക നേട്ടമായി എന്നു വേണം പറയാന്‍.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാശു വാങ്ങുന്ന സിനിമാ നടന്മാരുടെ പട്ടിക ഫോബ്‌സ് മാസികയാമ് പുറത്തു വിട്ടിരിക്കുന്നത്. ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബര്‍ഗാണ് പട്ടികയില്‍ മുന്നില്‍. 68 മില്യണ്‍ ഡോളറാണ് മാര്‍ക്കിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷം ദി റോക്ക് എന്ന സിനിമയിലൂടെ പ്രശസ്തി നേടിയ ഡ്വയ്ന്‍ ജോണ്‍സണായിരുന്നു മുന്നിലുണ്ടായിരുന്നത്. ഈ ജോണ്‍സനെയാണ് മാര്‍ക്ക് വാല്‍ബര്‍ഗ് അട്ടിമറിച്ചത്. നിര്‍മ്മാതാവ്, ബിസിനസ്സുകാരന്‍ എന്ന നിലയിലെല്ലാം പ്രശസ്തനാണ് മാര്‍ക്ക്. കഴിഞ്ഞ വര്‍ഷം അഭിനയിച്ച പാട്രിയോട്‌സ് ഡേ എന്ന ചിത്രവും ഡീപ് വാട്ടര്‍ ഹൊറൈസണും പണം വാരിയ ചിത്രങ്ങളായിരുന്നു. ഈ വര്‍ഷം ട്രാന്‍സ്‌ഫോര്‍മേഴ്‌സ്:  ദി ലാസ്റ്റ് നൈറ്റ് പുറത്തിറങ്ങി കഴിഞ്ഞു. ഇനി വരാനുള്ളത് ഡാഡീസ് ഹോം-2, ഓള്‍ ദി മണി ഇന്‍ ദി വേള്‍ഡ് എന്നീ ചിത്രങ്ങളാണ്.

രണ്ടാം സ്ഥാനത്തുള്ളത്, ഡ്വയ്ന്‍ ജോണ്‍സണ്‍ എന്ന റോക്ക് ഗുസ്തിക്കാരന്‍ തന്നെ. പ്രൊഫഷണല്‍ റെസ്്‌ലിങ് താരമായ ജോണ്‍സണ്‍ മമ്മീ റിട്ടേണ്‍സ്, സ്‌കോര്‍പ്പിയന്‍ കിങ് എന്ന സിനിമകളിലൂടെയാണ് ഹോളിവുഡിലെ പ്രശസ്തനായത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സെന്‍ട്രല്‍ ഇന്റലിജന്‍സ്, മോനാ എന്നീ സിനിമകള്‍ക്കു പുറമേ റെക്കാഡ് തുകയ്ക്കാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ബേ വാച്ച്, ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് എന്ന സിനിമകളില്‍ താരം തല കാണിച്ചത്. ജുമാന്‍ജി: വെല്‍ക്കം ടു ദി ജംഗിള്‍ എന്ന സിനിമയും സൂപ്പര്‍ ഹിറ്റ് തന്നെ. സ്‌കൈസ്‌ക്രാപ്പര്‍, റാംപേജ് എന്നീ സിനിമകളാണ് ഇനി വരാനുള്ളത്. വരുമാനം 65 മില്യണ്‍ ഡോളര്‍. മൂന്നാം സ്ഥാനത്തുള്ളത് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസ് താരം വിന്‍ ഡീസലാണ്. ഈ വര്‍ഷം ഇതുവരെ 54.5 മില്യണ്‍ ഡോളറാണ് നേട്ടം. ദി ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ്, ട്രിപ്പിള്‍ എക്‌സ്: റിട്ടേണ്‍ ഓഫ് എക്‌സന്‍ഡര്‍ കേജ്, ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി വോള്യം 2 എന്നീ സിനിമകളാണ് ഈ വര്‍ഷം പുറത്തു വന്നത്. അവഞ്ചേഴ്‌സ് സീരിസ് വരാനിരിക്കുന്നു.

കൊമേഡിയന്‍ ആദം സാന്‍ഡ്്‌ലറാണ് നാലാം സ്ഥാനത്തുള്ളത്. 50.5 മില്യണ്‍ ഡോളര്‍. ദി ഡോ-ഓവര്‍ എന്ന സിനിമയില്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം അഭിനയിച്ചതെങ്കിലും സാന്‍ഡി വെക്സ്ലര്‍, മെയ്‌റോവിത്സ് സ്‌റ്റോറീസ് എന്നിവ ഈ വര്‍ഷം താരത്തിന്റെ മൂല്യം ഉയര്‍ത്തി.

അഞ്ചാം സ്ഥാനത്ത് ജാക്കി ചാനാണ്. ഈ വര്‍ഷം താരത്തിന്റേതായി ഒരു ചിത്രം പോലും റിലീസ് ചെയ്തിട്ടില്ലെങ്കിലും വരുമാനം 49 മില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം സ്‌കിപ്പ്‌ട്രേയ്‌സ് എന്ന ഒറ്റ ചിത്രം മാത്രമാണ് ഇറങ്ങിയത്. 2015-ല്‍ ഡ്രാഗന്‍ ബ്ലേഡ് എന്ന ചിത്രവും. എങ്കിലും പ്രേക്ഷക മനസ്സില്‍ ജാക്കി ചാന്‍ എന്ന ഫൈറ്റ് മാസ്റ്റര്‍ക്കുള്ള സ്ഥാനം ഏതൊരു ഹോളിവുഡ് താരത്തിനുമൊപ്പമാണ്.
ആറാം സ്ഥാനത്ത് 48 മില്യണ്‍ ഡോളറുമായി റോബര്‍ട്ട് ഡൗണി ജൂണിയറാണ്. ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍ എന്ന കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രമാണ് താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്. ഈ വര്‍ഷം സ്‌പൈഡര്‍ മാന്‍: ഹോം കമിങ് എന്ന ചിത്രം പുറത്തിറങ്ങി. അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രമാണ് ഇനി വരാനുള്ളത്.

43 മില്യണ്‍ ഡോളറുമായി ടോം ക്രൂസാണ് ഏഴാം സ്ഥാനത്ത്. ഈ മിഷന്‍ ഇംപോസിബിള്‍ താരത്തിന് ഇപ്പോഴും വരുമാനത്തിന്റെ കാര്യത്തില്‍ സ്ഥിരത നിലനിര്‍ത്താനുണ്ട്. പോയവര്‍ഷവും ടോം ക്രൂസ് ടോപ് ടെന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സ്വന്തം ചിത്രം ജാക്ക് റീച്ചര്‍; നെവര്‍ ഗോ ബാക്ക് എന്ന ചിത്രം നിര്‍മ്മിച്ചതും ടോം തന്നെയായിരുന്നു. ദി മമ്മി, അമേരിക്കന്‍ മെയ്ഡ് എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. മിഷന്‍: ഇംപോസിബിള്‍ 6 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്നു.

38 മില്യണ്‍ ഡോളറുമായി എട്ടാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ താരം ഷാരൂഖ് ഖാന്‍ തന്നെ. അത്ഭുതകരമായ നേട്ടമെന്നേ പറയേണ്ടൂ. നാലു ചിത്രങ്ങളില്‍ 2016-ല്‍ അഭിനയിച്ചതോടെ വരുമാനത്തിലുണ്ടായ വര്‍ദ്ധനവ് 6 മില്യണ്‍ ഡോളര്‍. റായിസ്, ടൂബ് ലൈറ്റ്, ജബ് ഹാരി മെറ്റ് സീജല്‍ എന്നീ ചിത്രങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. ഇതില്‍ ട്യൂബ് ലൈറ്റില്‍ അതിഥി താരമായിരുന്നു. എട്ടാം സ്ഥാനത്തേക്ക് എത്തിയതിന്റെ നേട്ടം ഷാരൂഖിനൊപ്പം പങ്കു വയ്ക്കാന്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടിയുണ്ട്. സല്‍മാന്‍ ഖാന്‍. ഒരു മില്യന്റെ വ്യത്യാസത്തില്‍ സല്‍മാന്‍ ഒന്‍പതാമതാണ്. വരുമാനം 37 മില്യണ്‍ ഡോളര്‍. കഴിഞ്ഞ വര്‍ഷം 28.5 മില്യണ്‍ ഡോളറിന്റെ വരുമാനമുണ്ടായിരുന്ന സല്‍മാന്‍ ഇത്തവണ വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സുല്‍ത്താന്‍ എന്ന ഒറ്റച്ചിത്രമാണ് അമ്പതു കഴിഞ്ഞ  സല്‍മാന് ഈ വന്‍ നേട്ടമുണ്ടാക്കിയതിനു പിന്നില്‍. ട്യൂബ് ലൈറ്റ് എന്ന ചിത്രമാണ് ഈ വര്‍ഷം ഇറങ്ങിയത്. ഇതിന്റെ നിര്‍മ്മാതാവും സല്‍മാനായിരുന്നു. പത്താം സ്ഥാനത്തും ഒരു ഇന്ത്യക്കാരന്‍ തന്നെ. ടോപ് ടെന്നില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ഇത് വന്‍ നേട്ടമാണെന്നു പറയാതെ വയ്യ. അക്ഷയ് കുമാറാണ് ഈ നേട്ടത്തിന് ഉടമ. കഴിഞ്ഞ വര്‍ഷം 31.5 മില്യണ്‍ ഡോളറായിരുന്നു വരുമാനം. അന്നും പത്താം സ്ഥാനത്തായിരുന്നു. ഇന്ന് വരുമാനം 35.5 മില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നു ചിത്രങ്ങള്‍. എയര്‍ലിഫ്റ്റ്, ഹൗസ്ഫുള്‍ 3, റസ്തം, ജോളി എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. ഇത്തവണയിറങ്ങിയ എല്‍എല്‍ബി 2, നാം ഷബാന, ടോയ്‌ലെറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങളും വിജയിച്ചു. ഇനി ഇക്കൂട്ടത്തിലേക്ക് എന്ന് ഒരു മലയാളി താരം കയറിക്കൂടുമെന്നാണ് നാം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്. അതിനായി അധികസമയം വേണ്ടി വരില്ലെന്ന സൂചനകളാണ് കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക