Image

സൂപ്പര്‍ ചൊവ്വ: വോട്ടെടുപ്പ് ആരംഭിച്ചു; അശ്ലീല പദപ്രയോഗം; റഷ് ലിംബോ വീണ്ടു മാപ്പു പറഞ്ഞു

Published on 06 March, 2012
സൂപ്പര്‍ ചൊവ്വ: വോട്ടെടുപ്പ് ആരംഭിച്ചു; അശ്ലീല പദപ്രയോഗം; റഷ് ലിംബോ വീണ്ടു മാപ്പു പറഞ്ഞു
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥനാര്‍ഥിയെ നിശ്ചയിക്കാനുള്ള പ്രൈമറി തെരഞ്ഞെടുപ്പില്‍ പത്തു സംസ്ഥാനങ്ങളില്‍ വോട്ടിംഗ് ആരംഭിച്ചു. ഒഹായോ, ജോര്‍ജിയ, മാസാച്യുസെറ്റ്‌സ്, ടെന്നസി, വെര്‍മൗണ്ട്, ഒക്‌ലഹോമ, ഐഡാഹൊ, നോര്‍ത്ത് ഡക്കോട്ട, അലാസ്ക സംസ്ഥാനങ്ങളിലാണ് പ്രൈമറി വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ച്ചയായ നാലു പ്രൈമറി ജയങ്ങളോടെ ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്കു തന്നെയാണ് ഈ സംസ്ഥാനങ്ങളിലും മുന്‍തൂക്കം. എന്നാല്‍ യഥാര്‍ഥ പാരമ്പര്യവാദിയെന്ന അവകാശവാദവുമായി രംഗത്തുള്ള റിക് സാന്റോറം റോംനിയ്ക്ക് ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ നിലനില്‍പിനായി പോരാടുന്ന മുന്‍ ഹൗസ് സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ച് സ്വന്തം സംസ്ഥാനമായ ജോര്‍ജിയയില്‍ പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.

എന്നാല്‍ ഒഹായോയിലെ വിജയമായിരിക്കും സ്ഥാനാര്‍ഥികളെല്ലാം ഉറ്റു നോക്കുന്നത്. കാരണം ഒഹായോയില്‍ ജയിക്കാത്ത ഒരാളും ഇതുവരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിട്ടില്ല എന്നതു തന്ന. ഒഹായോയില്‍ പരാജയപ്പെട്ടാല്‍ റോംനിയുടെ സാധ്യതപോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 1144 ഡെലിഗേറ്റുകളുടെ പിന്തുണയാണ് വേണ്ട്ത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ 400 ഡെലിഗേറ്റുകളുടെ പിന്തുണ തീരുമാനിക്കപ്പെടും. നിലവില്‍ റോംനിയ്ക്ക് 203 ഡെലിഗേറ്റുകളുടെയും സാന്റോറത്തിന് 92 ഡെലിഗേറ്റുകളുടെയും ഗിന്‍ഗ്രിച്ചിന് 33 ഡെലിഗേറ്റുകളുടെയും പിന്തുണയുമാണുള്ളത്.

അശ്ലീല പദപ്രയോഗം; റഷ് ലിംബോ വീണ്ടു മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: നിയമവിദ്യാര്‍ഥി സാന്ദ്രാ ഫ്‌ളൂക്കിനെ വേശ്യയെന്ന് വിളിച്ച റേഡിയോ ഹോസ്റ്റ് റഷ് ലിംബോ വീണ്ടും മാപ്പു പറഞ്ഞു. എന്നാല്‍ ലിംബോയുടെ മാപ്പപേക്ഷ സാന്ദ്ര തള്ളി. സംഭവം വിവാദമായതോടെ ലിംബോ അവതരിപ്പിക്കുന്ന പരിപാടിയുടെ പരസ്യവരുമാനം കുത്തനെ ഇടിഞ്ഞു. ഗര്‍ഭനിരോധന പ്രതിരോധവുമായി
ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരിലാണ് സാന്ദ്രയെ ലിംബോ വേശ്യയെന്ന് വിളിച്ചത്. ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്ന കമ്പനികള്‍ ഗര്‍ഭനിരോധന മാര്‍ഗം കൂടി പ്രദാനം ചെയ്യണമെന്ന പ്രസിഡന്റിന്റെ നിര്‍ദേശം തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വന്‍വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉയര്‍ന്നു വന്നത്. വെള്ളിയാഴ്ച സാന്ദ്രയെ നേരിട്ടു വിളിച്ച് പ്രസിഡന്റ് തന്റെ പിന്തുണ അറിയിക്കുകയ കൂടി ചെയ്തതോടെ സംഭവത്തിന്റെ രാഷ്ട്രീയ മാനം വര്‍ധിച്ചിരിക്കുകയാണ്.

യുപി തെരഞ്ഞെടുപ്പില്‍ അമേരിക്കയും തോറ്റു!

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേരിക്കയും തോറ്റു. സംശയിക്കേണ്ട ബിഎസ്പി സ്ഥാനാര്‍ഥിയായി സെയ്ദ്പൂരില്‍ നിന്ന് മത്സരിച്ച സ്ഥാനാര്‍ഥിയുടെ പേരാണ് അമേരിക്ക. 48,655 വോട്ടുകള്‍ നേടിയ അമേരിക്ക സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുഭാഷിനോട് 41,969 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

അമേരിക്ക മാത്രമല്ല മുന്‍ പാക് പ്രധാനമന്ത്രിയുടെ പേരുള്ള സുള്‍ഫിക്കര്‍ ഭൂട്ടോയും തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിക്കാനുണ്ടായിരുന്നു. ആഗ്ര സൗത്തില്‍ നിന്ന് മത്സരിച്ച സുള്‍ഫിക്കര്‍ ഭൂട്ടോ ബിജെപി സ്ഥാനാര്‍ഥി യോഗേന്ദ്ര ഉപാധ്യയയോട് 22,960 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

വിദേശ ശത്രുവേട്ടയ്ക്ക് യുഎസില്‍ നിയമപരിരക്ഷ വരുന്നു

വാഷിംഗ്ടണ്‍: രാജ്യത്തിനെതിരായി യുദ്ധംചെയ്യുന്ന യുഎസ് പൗരനെ വിദേശത്തുവെച്ചും കൊല്ലാന്‍ അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാന്‍ അമേരിക്ക ആലോചിക്കുന്നു. അടുത്തിടെ അമേരിക്കയെ ആക്രമിക്കാന്‍ യെമനില്‍ ഗൂഢാലോചന നടത്തുകയായിരുന്ന അമേരിക്കക്കാരനായ മുസ്‌ലിം പുരോഹിതനെ വിദൂരനിയന്ത്രിതവിമാനം ഉപയോഗിച്ച് സൈന്യം വധിച്ചിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

കൃത്യമായ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളിലൂടെയുള്ള ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ രാജ്യത്തെ മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിരുന്നു. ഏത് നിയമപ്രകാരമാണ് കൊലപാതകം എന്ന് വിശദീകരിക്കാന്‍ ഭരണകൂടത്തോട് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് പുതിയ നിയമത്തെക്കുറിച്ച് ആലോചിക്കാന്‍ ഒബാമഭരണകൂടത്തെ പ്രേരിപ്പിച്ചത്. അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലോയില്‍ നടത്തുന്ന പ്രഭാഷണത്തില്‍ ഇതുസംബന്ധിച്ച് സൂചിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിദൂരനിയന്ത്രിത ആളില്ലാവിമാനങ്ങളും റോക്കറ്റുകളും അമേരിക്ക ഭീകരവിരുദ്ധ പോരാട്ടത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കക്കാരനായ അന്‍വര്‍ അല്‍ അവ്‌ലാകി എന്ന മുസ്‌ലിംപുരോഹിതനെ യെമനിലെ ഒളിത്താവളത്തില്‍ വധിച്ചത് ഇങ്ങനെയാണ്. ഇത് സാധാരണ കൊലപാതകമല്ലെന്നും നിയമവിധേയമായ സൈനികനടപടിയാണെന്നുമായിരുന്നു ഇതുവരെ സര്‍ക്കാര്‍നിലപാട്. രാജ്യത്തിന്റെ ശത്രുവായി പ്രസിഡന്‍റ് പ്രഖ്യാപിക്കുന്ന ആരെയും വധിക്കാന്‍ സൈന്യത്തിന് നിയമപരിരക്ഷയുണെ്ടന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഇതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജി ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്.

ഇറാനു നേരെ ബലപ്രയോഗത്തിനു മടിക്കില്ല: ഒബാമ

വാഷിംഗ്ടണ്‍: ഇറാന്‍ ആണവായുധങ്ങള്‍ സമ്പാദിക്കുന്നത് തടയാന്‍ ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. എങ്കിലും നയതന്ത്രനീക്കത്തിന് ഇനിയും വിജയ സാധ്യതയുണെ്ടന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇറാനുമായി യുദ്ധമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ അനുഭാവമുള്ള യു.എസ്. സമ്മര്‍ദസംഘമായ എ.ഐ.പി.എ.സി.യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെ ഇപ്പോള്‍ ആക്രമിക്കരുതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അദ്ദേഹം പറഞ്ഞു.

ഇറാന്‍ ലോകത്തിന് ഭീഷണിയാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് നേരത്തേ പറഞ്ഞിരുന്നു. ഈ മേഖലയില്‍ സംഘര്‍ഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുടെയും അതിന്റെ സഖ്യകക്ഷികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്, താന്‍ വീണ്ടും പ്രസിഡന്റായാല്‍, ആവശ്യമെങ്കില്‍ ഇറാനുനേരെ ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഒബാമ വ്യക്തമാക്കി. ഇസ്രായേലിനുള്ള പിന്തുണ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക