Image

ഓണം നിലാവിഴപോലെ.....(അനില്‍ കെ പെണ്ണുക്കര)

അനില്‍ കെ പെണ്ണുക്കര Published on 31 August, 2017
ഓണം നിലാവിഴപോലെ.....(അനില്‍ കെ പെണ്ണുക്കര)
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ,
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍.

മറ്റൊരു മാസത്തിനും കിട്ടാത്ത സ്വീകരണം ചിങ്ങത്തിനു ലഭിക്കുന്നു. ആടിയറുതി എന്ന പേരില്‍ ചിങ്ങത്തലേന്ന് വീടുകളില്‍ നടക്കുന്ന ഒരുക്കങ്ങള്‍ ചിങ്ങത്തിനുള്ള ഹൃദയപൂര്‍വമായ വരവേല്‍പ്പാണ്. പണ്ടുകാലത്താണെങ്കില്‍ വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു. പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് വൃത്തിയാക്കും. പുല്ലുകളും കളകളും ചെത്തി മുറ്റം വെടിപ്പാക്കും. വീടിനകം ചുക്കിലിയും അഴുക്കും കളഞ്ഞ് തുടച്ചിടും. പഴയ ചൂലും മുറവും പഴഞ്ചന്‍ കലങ്ങളുമൊക്കെ പറമ്പില്‍ ക്കൊണ്ടു കളയും. പുത്തന്‍ വസ്തുക്കളെ ചിങ്ങപ്പുലരിയില്‍ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കം. ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാ ക്കുന്ന പതിവ് ഇന്നും പലര്‍ക്കുമുണ്ട്. വീടിനുള്ള പുതിയ ചായങ്ങള്‍ നല്‍കി ചിങ്ങത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഐശ്വര്യകാലമായ ചിങ്ങത്തില്‍ മാംസം ഉപേക്ഷിക്കണമെന്നു കരുതിയാവാം ആടിയറുതി ദിവസം മാംസം പാചകം ചെയ്യുന്ന പതിവുമുണ്ട്.

കര്‍ഷക കുടുംബങ്ങള്‍ക്ക് ഉത്സവകാലമാണ് ചിങ്ങം. കൊയ്ത്തും മെതിയുമൊക്കെ യായി ആരവമൊഴിഞ്ഞ നിമിഷമുണ്ടാവില്ല. കലവറകളും പത്തായങ്ങളും നിറയുന്ന കാലം. നേന്ത്രന്‍കായുടെയും മറ്റു ചേമ്പ്, ചേന, കാച്ചില്‍, കൂര്‍ക്ക തുടങ്ങി കിഴങ്ങുവര്‍ഗങ്ങളുടെയും ധാരാളിത്തം. എല്ലാം വീട്ടില്‍ത്തന്നെ നട്ടുനനച്ചുവളര്‍ത്തിയിരുന്ന കാലത്ത് ചിങ്ങം സമൃദ്ധമായിരുന്നു. ഇന്നും അന്യനാട്ടില്‍നിന്നു വരുന്ന പച്ചക്കറി കൊണ്ടായാലും ചിങ്ങത്തെ സമൃദ്ധമാക്കാറുണ്ട് മലയാളി.

ഓണം. ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഉത്സവം. ചിങ്ങത്തിന്റെ പ്രൌഢി പകുതിമുക്കാലും ഓണമാസമെന്ന നിലയിലാണ്. ഓണം പോലൊന്ന് മലയാളികള്‍ക്കു വേറെയില്ല. എല്ലാം കൊണ്ട് ജീവിതം നിറസമ്പന്നവും ആഘോഷഭരിതവു മാകുന്ന കാലം. പൂക്കളും പൂവിളികളുമായി ഓണത്തിരക്കുകളുമായി നാടിന്റെ മുഖച്ഛായ തന്നെ മാറും.

ഓണം നിലാവിഴപോലെ..ഓണം കിനാവിതള്‍ പോലെ...,ദാസേട്ടന്‍ പാടിയ ഒരു മധുര മനോഹര. ഗാനം മനസില്‍ ഓടിയെത്തുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക