Image

ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)

Published on 01 September, 2017
ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)
1997 ലെ ഒരു സുപ്രഭാതം. തൃശൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ഇരവിമംഗലം എന്ന ഗ്രാമം ഉണര്‍ന്നത് 'കൂട്ട രക്തച്ചൊരിച്ചില്‍' ലൂടെയാണ്. ഇരവിമംഗലത്തെ പ്രശസ്തമായ തൈപ്പൂയ്യ മഹോത്സവം സമാപിക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുപ്പിലൂടെയായിരുന്നു. ഈ വര്‍ഷം ആര്‍.എസ്.എസ്. പ്രവര്‍ത്തകനെങ്കില്‍ അടുത്ത വര്‍ഷം ഏതെങ്കിലും സി.പി.എം. അല്ലെങ്കില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ ജീവനെടുത്തിരിക്കും. ചിലപ്പോള്‍ ഉത്സവം തീരുന്നതിനു മുമ്പ് തന്നെ പകരത്തിനു പകരം വീട്ടല്‍ നടന്നിരിക്കും. അതുകൊണ്ട് ഇരവിമംഗലം എന്ന കൊച്ചുഗ്രാമത്തിലെ അങ്ങാടിയില്‍ കടകളെക്കാള്‍ കൂടുതല്‍ ഉയര്‍ന്നു വന്നിരിക്കുന്നത് രക്തസാക്ഷി സ്തൂപങ്ങളായിരുന്നു.

അന്ന് വീണ്ടും ഉയര്‍ന്നു ഒരു രക്തസാക്ഷി സ്തൂപം. മറ്റു പല സ്തൂപങ്ങളെക്കാളും വ്യത്യസ്ഥമായി ഒരു പടുക്കൂറ്റന്‍ ര്കതസാക്ഷി മണ്ഡപമാണ് അന്നവിടെ ഉയര്‍ന്നു വന്നത്. പക്ഷേ ആ സ്തൂപത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന പേര് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടേതായിരുന്നില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആ ഗ്രാമത്തിലെ മുഴുവന്‍ ആളുകളുടെയും പേര് ആ സ്തൂപത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു. കാരണം അന്നു പുലര്‍ച്ചെ മുതല്‍ ആ ഗ്രാമത്തിലെ അഞ്ചിനും എഴുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള മുഴുവന്‍ ആളുകളുടെയും കൈത്തണ്ടയില്‍ നിന്ന് രക്തമൊഴുകി. ഇനിയൊരു ചോരച്ചൊരിച്ചില്‍ ആ ഗ്രാമത്തില്‍ ഉണ്ടാകരുത് എന്ന ദൃഢപ്രതിജ്ഞയും സത്യപ്രതിജ്ഞയും ചൊല്ലിയാണ് ഗ്രാമത്തിലെ ദൈവവിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന് രക്തച്ചൊരിച്ചില്‍ നടത്തിയത്. അതിനു നേതൃത്വം നല്‍കിയ വ്യക്തിയെ അറിയാത്തവര്‍ ലോക മലയാളികളില്‍ ചുരുക്കമാണ്. ഇരവിമംഗലം കത്തോലിക്കാ പള്ളിയിലെ വികാരിയും തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടാണ് ഈ രക്തചൊരിച്ചിലിനു 'ഉത്തരവാദി'.

കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ആലപ്പാട്ടച്ചന്‍ ഇരവിമംഗലം ഇടവകയിലെ വികാരിയായി ചുമതലയേറ്റ വര്‍ഷം നടന്ന തൈപ്പൂയ്യ മഹോത്സവത്തില്‍ കൊഴിഞ്ഞു ഒരാളുടെ ജീവന്‍. ഇരവിമംഗലത്തെ കുഞ്ഞ് അങ്ങാടിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന രക്തവര്‍ണ്ണമുള്ള കൂണുപോലെ മുളച്ചുനില്‍ക്കുന്ന രക്തസാക്ഷി മണ്ഡപങ്ങള്‍ കണ്ടപ്പോള്‍ പൊതുവെ 'രക്തദാഹിയായ' ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ ഉള്‍ത്തടം രക്തത്തിനായി ദാഹിച്ചു. അദ്ദേഹം മനസില്‍ ഒരു തീരുമാനമെടുത്തു. ഞാനും നിര്‍മ്മിക്കും ഇവിടെ ഒരു പടുകൂറ്റന്‍ 'രക്തസാക്ഷി മണ്ഡപം'. അത് ഏറ്റവും വലുതും അവസാനത്തേതുമായിരിക്കുമെന്നും അദ്ദേഹം മനസിലുറപ്പിച്ചിരുന്നു. ഏതു കാര്യവും മനസില്‍ തീരുമാനിച്ചാല്‍ പിന്തിരിയുന്ന സ്വഭാവമില്ലാത്ത ആലപ്പാട്ടച്ചന്‍ അതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന ചിന്തയിലായി. പകല്‍ മുഴുവന്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ കഠിനാധ്വാനത്തിനുശേഷം ഇരവിമംഗലത്ത് എത്തുമ്പോഴേക്കും നേരം വൈകുമെങ്കിലും അച്ചന്റെ ഉള്ളില്‍ ഈ പദ്ധതി നടത്തിപ്പിനുള്ള ആശയങ്ങള്‍ ഉരുത്തിരിയുകയായിരുന്നു.

ഞാനുമായി അടുത്ത സൗഹൃദമുള്ള അച്ചന്‍ പലപ്പോഴും എന്നെ ഒഴിവു വേളകളില്‍ അച്ചനോടൊപ്പം പള്ളിമേടയില്‍ താമസിക്കാന്‍ ക്ഷണിക്കുമായിരുന്നു. അവിടെ ഒരു സ്ഥിരം അതിഥിയായി ചെല്ലുന്ന ഞാന്‍ ഇടവകക്കാര്‍ക്കും സുപരിചിതനായി. ഞാനും അച്ചനും ദിവസങ്ങളോളം ആലോചനയില്‍ മുഴുകി. കണ്ടാല്‍ കടിച്ചു കീറാനുള്ള വാശിയും പ്രതികാരവുമായി നില്‍ക്കുന്ന രാഷ്ട്രീയ പ്രതിയോഗികളെ ഒന്നിപ്പിക്കാതെ അച്ചന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനാവില്ല. കേട്ടാല്‍ ലളിതമെന്നു തോന്നുമെങ്കിലും സങ്കീര്‍ണ്ണമായ ഒരു യ്ത്നമാണ് ഇതെന്ന് ഞങ്ങള്‍ക്കു നന്നായി അറിയാം. ആഗ്രാമത്തിലെ അഞ്ചു മുതല്‍ 75 വയസ്സു വരെയുള്ള മുഴുവന്‍ ആളുകളുടെയും സമ്പൂര്‍ണ്ണ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുക എന്നതായിരുന്നു യജ്ഞം. ഒരു കത്തോലിക്കാ വൈദികന് വര്‍ഗ-രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിച്ച് സഹകരിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്. അങ്ങനെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലുംപ്പെട്ട നേതാക്കളെ പള്ളിയിലേക്ക് വിളിപ്പിച്ച് കാര്യം ധരിപ്പിച്ചു. ഇതിലൂടെ രാഷ്ട്രീയ പകപോക്കല്‍ എന്ന പതിവ് ചടങ്ങുകള്‍ നിര്‍ത്തലാക്കണം എന്ന ഹിഡന്‍ അജണ്ട ഞങ്ങള്‍ കാത്തുപാലിച്ചു. നേതാക്കള്‍ ഓരോരുത്തരെയും വിളിപ്പിച്ച് സംസാരിച്ചപ്പോള്‍ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു പ്രതികരണം. ഇടവകയിലെ യുവജനങ്ങളുടെ സഹകരണം കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.

നോട്ടീസുകളും ബ്രോഷറുകളുമായി ഒഴിവു ദിവസങ്ങളിലും തൊഴില്‍ ദിനങ്ങളിലെ വൈകുന്നേരങ്ങളിലും ആലപ്പാട്ടച്ചന്റെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായങ്ങളുടെയും നേതാക്കളുടെ അകമ്പടിയോടെ രണ്ടു മൂന്നാഴ്ചകള്‍കൊണ്ട് വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധവല്‍ക്കരിച്ചു. പള്ളിയുടെ പരിസരത്തെ വിശാലമായ ഗ്രൗണ്ടിലാണ് രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ രക്ത ബാങ്ക്, തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ , അമല ഹോസ്പിറ്റല്‍ എന്നിവടങ്ങളിലെ രക്തബാങ്ക്, തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫ്ളിബോട്ടമിസ്റ്റുകള്‍, മെഡിക്കല്‍- നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍, ജില്ലയിലെ നിരവധി ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ ഈ മഹായജ്ഞത്തില്‍ പങ്കെടുത്തു. പള്ളിയങ്കണത്തില്‍ നിരവധി ടെന്റുകള്‍ നിര്‍മ്മിച്ച് വിവിധ മെഡിക്കല്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പഞ്ചായത്തിലെ വാര്‍ഡുകള്‍ തിരിച്ച് രക്തഗ്രൂപ്പ് നിര്‍ണ്ണയം നടത്തിയത്. പള്ളിയിലെയും വിവിധ പാര്‍ട്ടികളിലെയും യുവജനവിഭാഗങ്ങളിലെ നേതാക്കള്‍ വാര്‍ഡുകള്‍ തോറും പോയി വൃദ്ധ ജനങ്ങളെയും രോഗികളെയും മറ്റും രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പുകളിലെത്തിച്ചു.

കമ്പ്യൂട്ടറുകള്‍ വ്യാപകമല്ലാത്ത കാലം, പല സ്ഥാപനങ്ങളില്‍ നിന്നും ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നും മറ്റുമായി കമ്പ്യൂട്ടറുകള്‍ കൊണ്ടുവന്ന് ഡാറ്റാ എന്‍ട്രി പരിചയമുള്ള യുവതി യുവാക്കള്‍ ഗ്രാമത്തിലെ ഓരോ കുടുംബങ്ങള്‍ക്കും ഐ.ഡി. നമ്പറുകളുണ്ടാക്കി അംഗങ്ങളുടെ പേരും വിലാസവും അവരുടെ രക്തഗ്രൂപ്പും കമ്പ്യൂട്ടറില്‍ അപ്പോഴപ്പോള്‍ തന്നെ രേഖപ്പെടുത്തി. അങ്ങനെ രാവിലെ ഏഴുമണിക്കു തുടങ്ങിയ ഈ മഹായജ്ഞം വൈകുന്നേരം അഞ്ചു മണി ആയപ്പോഴേക്കും 99% പേരുടെയും രക്തഗ്രൂപ്പ് നിര്‍ണ്ണയം പൂര്‍ത്തിയാക്കി ഒരു സമ്പൂര്‍ണ്ണ ഡയറക്ടറിക്കു രൂപം നല്‍കി.

അത് വെറും ഒരു യജ്ഞമായിരുന്നില്ല. സമ്പൂര്‍ണ്ണ രക്തഗ്രൂപ്പ് സാക്ഷരത കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രാമമെന്ന ലോകറിക്കാര്‍ഡിനും ആലപ്പാട്ട് അച്ചന്‍ എന്ന ആ രക്തദാഹിയുടെ അടക്കാനാവാത്ത രക്തദാഹം നിമിത്തമായി. ഇരവിമംഗലത്തെ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന എല്ലാ ഗ്രാമവാസികളുടെ രക്തത്തിനു സാക്ഷ്യം വഹിച്ച ആ വലിയ സ്മൃതി മണ്ഡപം ഒരു ഒക്ടോബര്‍ ഒന്നാം തിയ്യതി മുഖ്യമന്ത്രി ഏ.കെ.ആന്റണിയാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

അങ്ങനെ ഒരു ദേശത്ത് രക്തച്ചൊരിച്ചിലിലൂടെ നടത്തിയിരുന്ന കുടിപ്പക രക്തം സ്നേഹത്തിന്റെ പ്രതീകമാണെന്നും രക്തബന്ധം മഹാബന്ധം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുവാന്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്ന വൈദികനു കഴിഞ്ഞു.

ഇനി ഫാ. ഡോ. ഫ്രാന്‍സ് ആലപ്പാട്ട് എന്ന വൈദികനെക്കുറിച്ചു പറയാം. തൃശൂര്‍ ജില്ലയില്‍ ഇരങ്ങാലക്കുടയിലാണ് വീട്. അമ്മവീട് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌ക്കൂളിനു സമീപം. അമ്മവീട്ടില്‍ നിന്നു വളര്‍ന്നപ്പോള്‍ മുന്‍ താമരശേരി പിതാവ് പോള്‍ ചിറ്റിലപ്പിള്ളി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന സേക്രഡ് ഹാര്‍ട്ട് സ്‌ക്കൂളിന്റെ ചാപ്പലില്‍ സ്ഥിരം അള്‍ത്താര ബാലനായിരുന്നു. ചെറുപ്പം മുതലെ വൈദികനാകുക എന്നതായിരുന്നു മോഹം. എന്നാല്‍ അമ്മയുടെ അപ്പനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ കൊച്ചു പ്രാഞ്ചി തന്റെ മോഹം അറിയിച്ചു. നിരീശ്വരവാദിയായ വല്ല്യപ്പന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ബി.എസ്.സി ക്കു ചേര്‍ത്തു. ബി.എസ്.സി. ഫസ്റ്റ് ക്ലാസില്‍ പാസായി വീണ്ടും വൈദികനാകാനുള്ള മോഹം അറിയിച്ചു. മറുപടി നിരാശാജനകമായിരുന്നു.

വീണ്ടും അതേ കോളേജില്‍ എം.എസ്.സി.ക്കു ചേര്‍ത്തു. സെക്കന്‍ഡ് റാങ്കോടെ എം.എസ്.സി. പാസായി. വീണ്ടും വൈദികനാകാനുള്ള മോഹം അറിയിച്ചു. അടി കിട്ടിയില്ലെന്നെയുള്ളൂ. സെന്റ് തോമസ് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപകനാകാന്‍ ചേര്‍ന്നപ്പോള്‍ വല്യപ്പന്‍ ഒരു വിവാഹാലോചന കൊണ്ടു വന്നു. വലിയ കുടുംബത്തിലെ സുന്ദരിയായ പെണ്‍കുട്ടി. വിവാഹം നടക്കുമെന്നുറപ്പായപ്പോള്‍ പ്രാഞ്ചി പുതിയ നമ്പറിട്ടു.

ഇനിയും പഠിക്കണം, ഡോക്ടറാകണം. അതോടെ വല്ല്യപ്പന്‍ അയഞ്ഞു. വിവാഹം മുടങ്ങി. അങ്ങനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്സിനു ചേര്‍ന്നു. ഡോക്ടറാകണമെന്നതിനേക്കാള്‍ ഉപരി വിവാഹത്തില്‍ നിന്നും രക്ഷപ്പെടണമെന്നായിരുന്നു പ്രാഞ്ചിയുടെ ലക്ഷ്യം. എം.ബി.ബി.എസിനു ചേര്‍ന്നാല്‍ കുറഞ്ഞതു അഞ്ചു വര്‍ഷം വിവാഹമെന്നു പറഞ്ഞു ശല്യം ചെയ്യില്ലല്ലോ.

ഹൗസര്‍ജന്‍സി ചെയ്യുന്ന കാലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുമ്പില്‍ ഒരു വലിയ അപകടം നടന്നു. ചോരയില്‍ കുളിച്ച ഒരു കുടുംബം. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ അവരെ കാഷ്വാലിറ്റിയില്‍ കൊണ്ടുവന്നു. അടിയന്തിര ശസ്ത്രക്രിയ വേണം. മെഡിക്കല്‍ കോളജില്‍ ശാസ്ത്രീയമായി രക്തബാങ്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ധാരാളം രക്തം വേണം. ഫ്രാന്‍സിസും കൂട്ടുകാരും ഓടി നടന്ന് സഹപാഠികളുടെ രക്തം സംഘടിപ്പിച്ചു നല്‍കി. അന്ന് മനസില്‍ കരുതിയ ആശയമാണ് രക്തദാനം എന്ന മഹാദാനം.

ഫ്രാന്‍സിസിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം മെഡിക്കല്‍ കോളജില്‍ രക്തബാങ്ക് ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന റൂമാണ് ഇതിനായി അനുവദിച്ചു നല്‍കിയത്. രക്തബാങ്ക് തുടങ്ങിയതു കൊണ്ടായില്ലല്ലോ രോഗികള്‍ക്ക് ആവശ്യമായ രക്തം വേണം. ഡോക്ടറാവാന്‍ പഠിക്കുകയാണെങ്കിലും ഒരു വൈദിക വിദ്യാര്‍ത്ഥിയുടെ ജീവിതമായിരുന്നു ഫ്രാന്‍സിസ് നടത്തി വന്നിരുന്നത്. എന്നും രാവിലെ പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. ഫ്രാന്‍സിസിനു കൂട്ടായി ഒരു വലിയ പിള്ളേര്‍ സെറ്റുമുണ്ട്. തന്റെ ബാച്ചിലെ പ്രായം കൊണ്ട് വല്ല്യേട്ടനായതിനാല്‍ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു ഫ്രാന്‍സീസിനോട്. ഫ്രാന്‍സീസിന്റെ ലക്ഷ്യം ഡോക്ടറാകുന്നതിനുപരി വൈദീകനാവുകയാണെന്ന് അന്നെ തന്നെ സഹാപാഠികള്‍ക്കറിയാമായിരുന്നു.

ഏതായാലും രക്തം സംഘടിപ്പിക്കാനുള്ള ശ്രമം ഒരു സംഘടനയുടെ രൂപീകരണത്തിലേക്കാണ് നയിച്ചത്. ആ സംഘടനയാണ് പില്‍ക്കാലത്ത് എല്ലാ കാമ്പസുകളിലേക്കും പടര്‍ന്നു പന്തലിച്ച കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സംഘടന. അതിന്റെ സ്ഥാപകനായ ആലപ്പാട്ടച്ചന്‍ ജീവിതത്തില്‍ 56 തവണ വരെ രക്തം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നുള്ള പ്രേരണ ഉള്‍ക്കൊള്ളുന്നതുകൊണ്ടാകാം ഞാനും 24 തവണയോളം രക്തം നല്‍കിയിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷവും ആ പതിവ് തുടര്‍ന്നു.

ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാകാന്‍ ഏതാനും മാസം ബാക്കി നില്‍ക്കേ ഫ്രാന്‍സീസിന് ഒരു കോള്‍ വന്നു. 'ഡാ പ്രാഞ്ചി, ന്മടെ അപ്പാപ്പന് തീരെ സുഖല്ല്യ, നീ വേഗം വരണം. കാണണന്നു പറഞ്ഞു.' കേട്ട പാതി ഫ്രാന്‍സിസ് തൃശൂര്‍ക്ക് കുതിച്ചു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അപ്പാപ്പന്‍ മരണത്തോട് മല്ലിടിച്ച് കഴിയുകയാണ്. കാന്‍സറാണ്. ജീവിതത്തില്‍ കുമ്പസാരം തന്നെ വേണ്ടെന്നു വച്ച അപ്പാപ്പനു ഇപ്പോള്‍ കുമ്പസാരിക്കണം.

കുമ്പസാരം കഴിഞ്ഞ് അപ്പാപ്പന്‍ പ്രാഞ്ചിയെ അടുത്തു വിളിച്ചു. തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു പറഞ്ഞു. 'പ്രാഞ്ചി, നിന്റെ ആഗ്രഹം അച്ചനാവണന്നാണെങ്കില്‍ പൊയ്ക്കൊള്ളൂ, നന്നായി വരട്ടെ.' അപ്പാപ്പന്റെ അനുഗ്രഹം ലഭിച്ച ഫ്രാന്‍സിസ് ഈശോ സഭയില്‍ ചേരാനാഗ്രഹിച്ചു. ഇതിനകം 15 ദിവസത്തിനുള്ളില്‍ അപ്പാപ്പന്‍ മരിച്ചു. ഫ്രാന്‍സിസ് ഈശോ സഭയിലും ചേര്‍ന്നു.

വിദ്യാഭ്യാസമുള്ളതിനാല്‍ ഒരു വര്‍ഷത്തെ സെമിനാരി ജീവിതത്തിനുശേഷം നേരെ ഫിലോസഫി. ഫിലോസഫി കഴിഞ്ഞ് തിയ്യോളജിക്കു പഠിക്കുമ്പോഴാണ് ഈശോ സഭയുടെ ആശയങ്ങളുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഫ്രാന്‍സിസ് മനസിലാക്കുന്നത്. അങ്ങനെ ആകെ വിഷണ്ണനായ ഫ്രാന്‍സിസ് അന്നത്തെ താമരശേരി ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെ തന്റെ വിഷമാവസ്ഥ അറിയിച്ചു.

ഫ്രാന്‍സിസിനെപ്പോലെ സമാന ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം തൃശൂര്‍ ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തെ വിവരമറിയച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'ആ, പ്രാഞ്ചിയോട് ഇങ്ങട്ട് വരാന്‍ പറ, അവന്‍ തൃശൂര്‍ രൂപതയ്ക്കു വേണ്ടി സെമിനാരിയില്‍ ചേരട്ടെ.' അങ്ങനെ തൃശൂര്‍ രൂപതയില്‍ ചേര്‍ന്ന ഫ്രാന്‍സിസ് നേരിട്ട് തിയോളജിക്കു ചേര്‍ന്നു. 1996-ല്‍ ഡിസംബറില്‍ അഞ്ചു വര്‍ഷത്തിനകം 42-മത്തെ വയസില്‍ 1996-ല്‍ ഡിസംബറില്‍ വൈദികനായി. അന്നത്തെക്കാലത്ത് എം.എസ്സി കഴിഞ്ഞ് എം.ബി.ബി.എസ്സും കഴിഞ്ഞ് വൈദികനാകുന്ന ഏക ഇടവക വൈദികനായിരുന്നു ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്.

ഡോക്ടറായതുകൊണ്ടാണ് ഫാദര്‍ എന്ന സ്ഥാനപ്പേരിനു മുമ്പ് 'ഡോ' എന്നെഴുതുന്നത്.

ജൂബിലി മിഷന്‍ ആശുപത്രിയുടെ ഡോക്ടറായ ആദ്യ ഡയറക്ടര്‍ കൂടിയാണ് ആലപ്പാട്ടച്ചന്‍. അദ്ദേഹം ഡയറക്ടരായതു മുതല്‍ ജൂബിലി മിഷന്‍ ആശുപത്രി വന്‍ വളര്‍ച്ച തന്നെയാണ് കൈവരിച്ചത്. തൃശൂര്‍ മൈനര്‍ സെമിനാരി, തോപ്പ്സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നു. അങ്ങനെ തൃശ്ശൂരിലെ തന്നെ ഏറ്റവും
വലിയ ആശുപത്രിയായി ഉയര്‍ന്ന ജൂബിലി മിഷന്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തിയ ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്. പിന്നീട് തൃശൂര്‍ അതിരൂപതയുടെ വികാര്‍ ജനറാളായി മാറി. ഇപ്പോള്‍ എങ്ങണ്ടിയൂറിലുള്ള എം.ഐ.മിഷന്‍ ആശുപത്രിയുടെ ഡയറക്ടറാണ് ഫാ. ഫ്രാന്‍സിസ്.

മനസുകള്‍ തമ്മില്‍ ഒരു ടെലിപ്പതിയുണ്ടെന്നത് നേരാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞാന്‍ ആലപ്പാട്ടച്ചനെക്കുറിച്ചുള്ള ഓര്‍മ്മകളിലായിരുന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് 13 വര്‍ഷത്തിലേറെയായി. കഴിഞ്ഞ ദിവസം ഇ-മെയില്‍ നോക്കുമ്പോഴാതാ അച്ചന്റെ ഇ-മെയില്‍. എന്റെ അവാര്‍ഡു വിവരം ദീപിക പത്രത്തില്‍ അച്ചടിച്ചു വന്നതറിഞ്ഞ് എന്റെ സുഹൃത്തും തൃശൂര്‍ രാഷ്ട്രദീപിക എഡിറ്റര്‍ ഇന്‍ചാര്‍ജ് ആയ വി.ആര്‍. ഹരിപ്രസാദിനെ വിളിച്ചപ്പോഴാണ് രോഗവിവരത്തെക്കുറിച്ചറിയുന്നത്. വളരെ യാദര്‍ശ്ചികം എന്ന് പറയട്ടെ ഇക്കുറി ഞാന്‍ എഴുതാന്‍ പ്ലാന്‍ ചെയ്തിരുന്നത് ആലപ്പട്ടച്ചനെക്കുറിച്ചു തന്നെയായിരുന്നു. കഴിഞ്ഞ ആഴ്ചത്തെ പ്രസ് ക്ലബ് സമ്മേളനത്തിന്റെ തിരക്കു മൂലം സ്റ്റോറി അപ്ലോഡ് ചെയാന്‍ സമയത്തിനു കഴിഞ്ഞില്ല. അച്ചന്റെ ഇമെയില്‍ ലഭിച്ച അപ്പോള്‍ തന്നെ മറുപടി അയച്ചു. ഇക്കുറി സ്റ്റോറി അച്ചനെക്കുറിച്ചാണെന്ന്.

എനിക്കു അച്ചനുമായുള്ള ബന്ധം സഹോദര തുല്യമായിരുന്നു. അച്ചന്റെ എല്ലാ സംരംഭങ്ങളിലും എന്നെ പങ്കെടുപ്പിക്കും. സമയം കിട്ടുമ്പോഴൊക്കെ ആശുപത്രിയില്‍ പോയി അച്ചനൊപ്പം ഉച്ചഭക്ഷണം കഴിക്കും. എപ്പോഴോ നടന്ന ഒരു സംഭാഷണത്തില്‍ എന്റെ വിവാഹം നടക്കുകയാണെങ്കില്‍ അതില്‍ മുഖ്യകാര്‍മ്മികന്‍ അച്ചനായിരിക്കുമെന്നു പറഞ്ഞു. വര്‍ഷങ്ങള്‍ ആറു കഴിഞ്ഞു. ഞാന്‍ പലയിടത്തും കറങ്ങിത്തിരിച്ച് അവസാനം ഞാന്‍ കോഴിക്കോട്ട് സ്ഥലം മാറി വന്നപ്പോഴാണ് വിവാഹം നടക്കുന്നത്. ഞാന്‍ ഒന്നേ വിളിച്ചുള്ളൂ. എത്തിയിരിക്കും എന്നായിരുന്നു മറുപടി. അങ്ങനെ എന്റെ വിവഹാം ആശീര്‍വദിക്കാന്‍ എത്തിയപ്പോഴാണ് അവസാനം കാണുന്നത്.

ഫ്രാന്‍സിസ് അച്ചനുമായി തുടങ്ങിയ അടുപ്പം പിന്നീട് ആ കുടുംബവുമായും തുടര്‍ന്നു. അച്ഛന്റെ പ്രായമേറിയ അമ്മക്കു എന്നെ വലിയ കാര്യമായിരുന്നു. വീട്ടിലെ എല്ലാ വിശേഷങ്ങള്‍ക്കും ഒരു അതിഥിയായി ഞാനുമുണ്ടാകും. അദ്ദേഹത്തിന്റെ അനുജന്‍ ജോണ്‍സനും കുടുംബവും എന്നെ ഒരു കുടുംബാംഗത്തെപ്പോലെയാണ് കരുതിയിരുന്നത്. ക്രിതുമസ്, ഈസ്റ്റര് അവധികള്‍ക്കു വീട്ടില്‍ പോയില്ലെങ്കില്‍ ഒരു നേരത്തെ ഭക്ഷണം നിര്‍ബന്ധമായും അവിടെ നിന്നായിരിക്കും. ആ അമ്മച്ചിയുടെ വേര്‍പാട് അച്ഛനെപ്പോലെ എന്നെയും വേദനിപ്പിച്ചിരുന്നു. അമ്മച്ചിയുടെ ഒന്നാം ചരമ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രം എറണാകുളത്തു നിന്ന് തൃശ്ശൂര്‍ക്ക് പോയത് ഇപ്പോഴും ഓര്‍ക്കുന്നു.

അച്ഛനുമായുള്ള ഫോണ്‍ ഇമെയില്‍ ഇടപാടുകള്‍ നിലച്ചിരുന്നുവെങ്കിലും മനസുകൊണ്ടുള്ള അടുപ്പം സുഖകരമായ ഓര്‍മകളില്‍ മാത്രം സൂക്ഷിച്ചു. ഒരു സ്വകാര്യ അഹങ്കാരം പോലെ. ഒരു പക്ഷെ മനസിന്റെ ആ അടുപ്പമാകാം ഞാന്‍ അദ്ദേഹത്തെകുറിച്ചു എഴുതാന്‍ തീരുമാനിച്ച മാത്രേ കാലങ്ങള്‍ക്കു ശേഷം എന്നെ ഈമെയിലില്‍ ബന്ധപ്പെടാന്‍ അദ്ദേഹത്തെ തോന്നിപ്പിച്ചത്.

പ്രായം കടന്നുപോയി, പ്രമേഹം ആരോഗ്യത്തെ അലട്ടുന്നുണ്ടെങ്കിലും തന്റെ കര്‍മ്മ മേഖലയില്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ തന്നെയാണ് അദ്ദേഹമിപ്പോഴും. ജൂബിലി മിഷന്‍ ഹോസ്പിറ്റലിനെ മികച്ച ഒരു മെഡിക്കല്‍ കോളേജ് ആക്കി മാറ്റാന്‍ അദ്ദേഹം ചെയ്ത സേവനം വിസ്മരിക്കാനാവില്ല. അതുകൊണ്ടാകാം യാതൊരു വളര്‍ച്ചയും ഇല്ലാത്ത തൃശൂര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ഹോസ്പിറ്റലിന്റെ അമരക്കാരനായി ആലപ്പാട്ടച്ചനെ നിയമിച്ചത്. എം. ഐ. മിഷന്‍ ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ കീഴില്‍ ഉയര്‍ച്ചകള്‍ കയറുന്നതു കാണാന്‍ നമുക്ക് കാത്തിരിക്കാം.

ജേര്‍ണലിസം സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എത്തിക്‌സിന് മുന്‍ഗണന നല്‍കുമെന്ന് പ്രതിജ്ഞയെടുത്താണ് പുറത്തിറങ്ങിയത്. എന്നാല്‍ യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തില്‍ എത്തിക്‌സിന്റെ സ്ഥാനം എവിടെയെന്നു പുറത്തിറങ്ങിയപ്പോഴാണ് മനസിലാക്കിയത്. എന്റെ ജീവിതത്തിലെ ആദ്യവും അവസാനവുമായി കോഴ വാങ്ങി എഴുതിയ സംഭവം അടുത്ത അധ്യായത്തില്‍.
ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)ഇരവിമംഗലം സ്നേഹഗംഗയായി- (നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ -24: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക