Image

ഓണവഞ്ചി... (കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)

Published on 01 September, 2017
ഓണവഞ്ചി... (കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)
പൊന്നിന്‍ചിങ്ങമാസം വന്നൂ
ഓണനിലാവോടിയെത്തി
തുമ്പപൂവ് നാണിച്ചങ്ങു
കുണുങ്ങി നിന്നേ..

മൂക്കൂറ്റിയും മന്ദാരവും
ഉത്രാടവിളക്ക് കാണാന്‍
പൂവഞ്ചിയില്‍ ഇതാ
അങ്ങ് കയറീടുന്നേ..

ആറന്മുളക്കായലിലെ
ഓളങ്ങളിലുലഞ്ഞിതാ
ആര്‍പ്പുഘോഷവുമായ്
വഞ്ചി നീങ്ങിടുന്നേ..

ഓണമുണ്ണാന്‍ക്ഷണിക്കുവാന്‍
മൂളിപ്പാട്ടും പാടിയതാ
ഓണതുമ്പി
പൂക്കള്‍തോറും
കയറീടുന്നേ..

ആരവവും, ആര്‍പ്പുവിളി
പുലികളി, തുമ്പിതുള്ളല്‍
ഓണക്കളി പ്രജകളും
കൊണ്ടാടീടുന്നേ..

കസവിന്റെ ചേലചുറ്റി
കൈകൊട്ടിക്കളിക്കാനായ്
അണിവേണികളിതാ
ഒരുങ്ങീടുന്നേ..

വാദ്യഘോഷമേളങ്ങളും
പൂക്കളവും പൂവിളിയും
കാണുവാനായ്
മന്നനിതാ
എഴുന്നള്ളുന്നേ..

അത്തം മുതല്‍ പത്തുദിനം
അഴകോടെ തീര്‍ത്തിടുന്ന
പൂക്കളത്തില്‍
തെളിയിക്കൂ
സ്‌നേഹത്തിരികള്‍..

ഓണക്കാറ്റിലൊഴുകിയ
വിഭവങ്ങള്‍ തന്‍മണം
തൂശനിലയ്ക്കുള്ളിലായ്
വിളമ്പീടുന്നേ ..

മേടയിലും കുടിലിലും
ജാതിമതഭേദമന്യേ
ഓണക്കോടിയിന്നിതാ
അണിഞ്ഞീടുന്നേ..

വന്നീടു മാളോരേ
അണിചേര്‍ന്ന് നിന്നീടുക
കള്ളവും ചതിവുമില്ലാ
പൊന്നോണംകൂടാന്‍..

സോയ നായര്‍
ഫിലാഡല്‍ഫിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക