Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 4- ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 02 September, 2017
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 4- ആന്‍ഡ്രൂ പാപ്പച്ചന്‍)
സംഭവിച്ചതിനൊക്കെയും കാരണക്കാരന്‍ താന്‍ തന്നെ. എല്ലാം സംഭവിച്ചത് തന്റെ കുറ്റം കൊണ്ട് മാത്രം. മയക്കുമരുന്ന്, മദ്യപാനം,സ്ത്രീകളോടുള്ള വെറുപ്പ്, എല്ലാംകൂടി തന്നെ ഇവിടെവരെയെത്തിച്ചു. എല്ലാറ്റിനും കാരണമായത് തന്റെ ശീലങ്ങളാണ്. ഇവിടെയീ സെല്ലിലിരുന്നാലോചിച്ച്കൂട്ടുകയേ ഇനി നിവൃത്തിയുള്ളൂ. വാതിലില്‍ ആരോ മുട്ടുന്നതു കേട്ട് ആല്‍ഫ്രഡ് എണീറ്റ് ജനലിലൂടെ നോക്കി. പ്രഭാതഭക്ഷണവുമായി ഗാര്‍ഡ് എത്തിയിരിക്കുന്നു.

""എടോ ആല്‍ഫ്രഡ്... തന്റമ്മ തന്നെ കാണാന്‍ വരുന്നെന്ന്.'' ഭക്ഷണം ജനല്‍പാളികള്‍ക്കിടയിലൂടെ നീട്ടിക്കൊണ്ട് ഗാര്‍ഡ് പറഞ്ഞു.

""അതെയോ?'' ആല്‍ഫ്രഡ് ആകാംക്ഷയോടെ ചോദിച്ചു.

""രാവിലെ 10 മുതല്‍ 11 വരെയാ സന്ദര്‍ശനസമയം. 10 മണിയാകുമ്പോ ഓഫിസിലെത്തണമെന്ന് പറഞ്ഞിട്ടുണ്ട്. തയാറായിരുന്നോണം.'' ഗാര്‍ഡ് പറഞ്ഞതു കേട്ട് ആല്‍ഫ്രഡിന്റെ മുഖം വിടര്‍ന്നു.

""ഈ സെല്ലില്‍ വച്ച് കാണാനോ?.'' ആല്‍ഫ്രഡിന്റെ മുഖത്തെ വിഷമം ഗാര്‍ഡ് ശ്രദ്ധിച്ചു.

"" ഇവിടെ വച്ചല്ല അപ്പുറത്ത്, ഗ്ലാസ് ജനാലയുള്ളൊരു മുറിയിലാ കൂടിക്കാഴ്ച. ഇന്റര്‍കോമിലൂടെയാ പരസ്പരം സംസാരിക്കുക. ഒരു ഗാര്‍ഡ് നിങ്ങളെ നിരീക്ഷിച്ച് സമീപത്തുണ്ടാകും. ഒരു മണിക്കൂറാ അനുവദിച്ചിരിക്കുന്ന സമയം.'' പറഞ്ഞിട്ട് ഗാര്‍ഡ് തിടുക്കത്തില്‍ നടന്നകന്നു. മമ്മിയെ കാണുന്നതില്‍ സന്തോഷമുണ്ടെങ്കിലും ജയിലിലെത്തി മമ്മി തന്നെ കാണേണ്ട സാഹചര്യമുണ്ടായതില്‍ ആല്‍ഫ്രഡ് ദുഖിതനായിരുന്നു. എങ്ങനെ മമ്മിയെ അഭിമുഖീകരിക്കും? മമ്മി ജാനറ്റിനോട് തന്നെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകുമോ? ജാനറ്റ് മമ്മിയോട് തന്നെക്കുറിച്ചെന്തു പറഞ്ഞിട്ടുണ്ടാകും? ചിന്തിച്ചുകൂട്ടുന്നതിനിടയിലും പ്രഭാതഭക്ഷണം കഴിച്ച് ആല്‍ഫ്രഡ് വേഗം റെഡിയായി . പത്തു മണിയോടെ ഗാര്‍ഡെത്തി വാതില്‍ തുറന്നു. ആല്‍ഫ്രഡിനെ, കാലില്‍ ചങ്ങലയിട്ടയാള്‍ ഒരുമുറിയിലെത്തിച്ചു. അവിടെ ഗ്ലാസ് ജനാലയുടെ മറുവശത്ത് ആല്‍ഫ്രഡിന്റെ മമ്മി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മനസിലെ വിഷാദമത്രയും കൂട്കൂട്ടിയിരുന്നു ആ മിഴികളില്‍. മമ്മിയെ കണ്ടതേ ആല്‍ഫ്രഡിന്റെ മിഴികള്‍ നിറഞ്ഞു. ഒരേസമയം സന്തോഷവും ദുഖവും കൊണ്ട് ഇരുവരുടെയും മുഖം വികാരഭരിതമായി. ഹൃദയം പിടയുന്നത് അയാളറിഞ്ഞു. മമ്മിയുടെ മുഖത്തേക്ക് നോക്കാന്‍ പണിപ്പെടുന്നുണ്ടായിരുന്നാല്‍ഫ്രഡ്. ഗാര്‍ഡ് പറഞ്ഞതനുസരിച്ച് അയാള്‍ കസേരയിലിരുന്നു. ഗാര്‍ഡ് ഇന്റര്‍കോം ഓണ്‍ ചെയ്ത് മമ്മിയുമായി സംസാരിക്കാന്‍ അനുവാദം നല്‍കി.

""സോറി മമ്മീ ......സോറി. എനിക്ക് തെറ്റിപ്പോയീ.. ..എനിക്കറിയാം മമ്മിയെന്നെ ഒത്തിരി സ്‌നേഹിക്കുന്നൂന്ന്. ആ സ്‌നേഹം തിരികെതരാനെനിക്കായില്ല. ... മമ്മിയെ എനിക്ക് വേദനിപ്പിക്കേണ്ടി വന്നു. മമ്മിക്കാശ്വാസമാകേണ്ട ഞാന്‍ എല്ലാം മറന്ന് ....'' പറയുമ്പോള്‍ ഒരു കൊച്ച്കുഞ്ഞിനെപോലെ അയാള്‍ വിതുമ്പി. മകന്റെ കുറ്റസമ്മതം കേട്ട് ഒരുനിമിഷം വല്ലാതായി ബെറ്റി. നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ച് അവര്‍ പറഞ്ഞു.

""ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് കരുതി നീ എന്റെ മകനല്ലാതാകുന്നില്ലല്ലോ? ഇന്നും നീയെനിക്ക് പ്രിയപ്പെട്ടവന്‍ തന്നെ. സംഭവിക്കാനുള്ളതൊക്കെയും സംഭവിച്ചുകഴിഞ്ഞു. ഇനി നീ പശ്ചാത്തപിച്ച് പുതിയൊരാളാകണം. തിന്‍മയുടെ ഇരുട്ടില്‍ നിന്നും നന്‍മയുടെ വെളിച്ചത്തിലേക്ക് കടന്നുവരണം. അതുമതി മമ്മിക്കാശ്വസിക്കാന്‍...'' ബെറ്റി നിറകണ്ണുകളോടെ പറഞ്ഞു.

""എനിക്കറിയാം മമ്മി, എന്റെ തെറ്റുകള്‍. സ്‌നേഹിച്ച പെണ്ണിനോട് പോലും എനിക്ക് നീതികാട്ടാനായില്ല. മമ്മിയെ മാത്രമാ ജീവിതത്തില്‍ ഞാന്‍ സ്‌നേഹിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്ക് ദുഖമുണ്ട്. മമ്മിയെന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കാം.''

""ഉള്ളത് പറഞ്ഞാ നീയല്ലിതിനൊന്നും കുറ്റക്കാരന്‍. നീ വളര്‍ന്ന സാഹചര്യം, പപ്പയുടെ ഭാഗത്തുനിന്ന് നിനക്കുണ്ടായ അവഗണന, ആരുടെയും സ്‌നേഹം കിട്ടാതെ നീ ദുഖിച്ചു നടന്നത്.. എല്ലാം നിന്റെ സ്വഭാവത്തെ സ്വാധീനിച്ചു. എല്ലാമറിയുന്ന നിന്റെ സഹോദരിമാര്‍ പോലും നിന്നോട് സ്‌നേഹം കാണിച്ചില്ല. അവഗണനകള്‍ നിന്നെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. നീയിന്നിരുട്ടില്‍ തപ്പിത്തടയുന്നതിന് ഞങ്ങളൊക്കെയും കാരണക്കാരാ...ഇനിയെങ്കിലും നീ വെളിച്ചത്തിലേക്ക് വരണം. ജീവിതത്തിലെ സന്തോഷമെന്തെന്ന് നീ അറിയണം.''

""പക്ഷേ വൈകിപ്പോയില്ലേ മമ്മീ. ഈ ജയിലിലിനിയെന്തു നന്‍മ വരാനാ.'' ആല്‍ഫ്രഡ് നെടുവീര്‍പ്പിട്ടു.

""അങ്ങനെ ചിന്തിക്കരുതാല്‍ഫ്രഡ്. ജയിലിലെന്നല്ല, ഏത് മോശപ്പെട്ട സാഹചര്യത്തിലായാലും നന്നാകണമെന്ന് ആത്മാര്‍ഥമായി വിചാരിച്ചാല്‍ നമുക്കത് പറ്റുമാല്‍ഫ്രഡ്.''

""എനിക്കെല്ലാറ്റിനും മമ്മിയുടെ സഹായം ഉണ്ടായാലേ പറ്റൂ. മമ്മിയെന്നെ കാണാന്‍ വരണം. മമ്മിയുടെ ഉപദേശങ്ങള്‍ എനിക്ക് വിലപ്പെട്ടതാ...എനിക്ക് നല്ല കുറച്ച് പുസ്തകങ്ങള്‍ കൊണ്ട്തരണം. വെറുതെയിരിക്കുമ്പോ വായിക്കാമല്ലോ?''

""നീ വളരെയൊന്നും സമ്പാദിച്ചുണ്ടാക്കിയില്ലെങ്കിലും ഉയര്‍ന്ന നിലയിലെത്തിയില്ലെങ്കിലും എനിക്ക് വിഷമമില്ല, നല്ലൊരു മനുഷ്യനായി കണ്ടാ മതി. ജയിലില്‍നിന്നു പുറത്തുവരുന്നത് പുതിയൊരാല്‍ഫ്രഡാകണം. '' ബെറ്റി പറഞ്ഞു



"ഉവ്വ് മമ്മീ... തെറ്റുകള്‍ തിരുത്തി പുതിയൊരു മനുഷ്യനാവാന്‍ ഞാന്‍ തീരുമാനിക്കുന്നു. മമ്മിയെങ്കിലും എന്നെ മനസിലാക്കുന്നുണ്ടല്ലോ? മമ്മിയുടെ സ്‌നേഹമെങ്കിലും എനിക്കനുഭവിക്കാന്‍ യോഗമുണ്ടായല്ലോ? അതുമതിയെനിക്ക്.'' ആല്‍ഫ്രഡിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെയും ആല്‍മവിശ്വാസത്തിന്റെയും തിരത്തള്ളല്‍ ബെറ്റിക്ക് കാണാനായി.

""മക്കളെത്ര വലുതായാലും ഒരമ്മയുടെ മനസിലെന്നും അവരോട് കൊച്ചുകുഞ്ഞായിരുന്നപ്പോഴുള്ള വാല്‍സല്യം തന്നെയായിരിക്കും. മോളിയേം റൂബിയേം ജസിയേം കുറിച്ചെനിക്കിത്ര വേവലാതിയില്ല. അവരെന്റെ കാര്യവും തിരക്കാറില്ലല്ലോ?'' ബെറ്റി പറഞ്ഞു.

""ഞാനിവിടെയാണന്നവരറിഞ്ഞോ? മമ്മിയവരെ പോയൊന്ന് കാണേണ്ടതാരുന്നു. എന്റെ കാര്യങ്ങള്‍ പറയേണ്ടതായിരുന്നു.''

""ആരെങ്കിലും പറഞ്ഞവര്‍ വിവരങ്ങള്‍ അറിയാതിരിക്കില്ല. പത്രത്തിലും വായിച്ചു കാണുമല്ലോ?'' പറയുമ്പോള്‍ ഒരുതരം നിസംഗതയായിരുന്നു ബെറ്റിയുടെ മുഖത്ത്.

""നമുക്കിനി ആരോടും പിണക്കം വേണ്ട മമ്മീ, എനിക്കവരെയൊന്ന് കാണണമെന്നുണ്ട്. അവരോടെനിക്ക് ക്ഷമ ചോദിക്കണം. അവരോടെന്നെ വന്നൊന്ന് കാണാന്‍ പറയുമോ?'' ആല്‍ഫ്രഡ് ചോദിച്ചു.

""എനിക്കത്ര പ്രതീക്ഷയില്ലവര് വരുമെന്ന്. അതും നിന്നെ കാണാന്‍. എന്തായാലും ഞാനൊന്ന് നോക്കട്ടെ. അവരും എന്റെ മക്കളല്ലേ? ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കണമല്ലോ. അവര്‍ക്കുമുണ്ടല്ലോ മക്കള്. അതുകൊണ്ട് മക്കളെയോര്‍ത്തുള്ള മമ്മിയുടെ വിഷമം അവര്‍ക്കും മനസിലാകാതിരിക്കില്ല. ''

""അവരുടെ സ്‌നേഹമില്ലാത്ത പെരുമാറ്റമോര്‍ക്കുമ്പോള്‍ എന്നുമെന്റെ മനസ് നൊമ്പരപ്പെട്ടിരുന്നു. അപ്പച്ചനാ ഞങ്ങള്‍ക്കിടയില്‍ അകലം തീര്‍ത്തത്. മമ്മിയേം എന്നേം , അപ്പച്ചന്‍ അവരുടെ മുന്നില്‍വച്ചെന്നും കുറ്റപ്പെടുത്തിയിട്ടേയുള്ളൂ.'' രണ്ടുപേരും പഴയകാലത്തെ ജീവിതത്തെകുറിച്ച് കുറെ നേരം സംസാരിച്ചുനിന്നു.

""ഇരുപത് മിനിറ്റേ ഇനി ബാക്കിയുള്ളൂ.'' അടുത്തുകിടന്ന കസേരയില്‍ നിന്നെണീറ്റടുത്തേക്കു വന്ന് ഗാര്‍ഡ് പറഞ്ഞു.



""ഇവിടെയീ ജയിലില്‍ എത്രയോ വര്‍ഷങ്ങള്‍ ഞാനിനി പിന്നിടേണ്ടിയിരിക്കുന്നു, ഈ ജീവിതവുമായി ഞാന്‍ സമരസപ്പെട്ട് തുടങ്ങുകയാ...അല്ലാതെനിക്കുമുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലല്ലോ?''

""എന്തായാലും നീ നിന്റെ മനസിനെ ഈ ജയില്‍ജീവിതത്തോട് പൊരുത്തപ്പെടുത്തിയല്ലേ പറ്റൂ. ഈ ശിക്ഷയനുഭവിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലല്ലോ. നല്ല പെരുമാറ്റത്തിലൂടെ ജയിലധികൃതരുടെ മനസിനെ സ്വാധീനിക്കാനായാല്‍ ശിക്ഷാകാലാവധി ഇളവ്‌ചെയ്ത് കിട്ടിയേക്കും. അതു മാത്രമാണൊരു പ്രതീക്ഷ. 14വര്‍ഷംകൊണ്ടോ, 18 വര്‍ഷം കൊണ്ടോ ചിലപ്പോള്‍ ശിക്ഷ തീര്‍ന്നേക്കും.'' ബെറ്റി പറഞ്ഞു.

""അത്രയും വര്‍ഷം പോലും ഇവിടെ കഴിയുന്നതിനെകുറിച്ചെനിക്ക് ചിന്തിക്കാനാവില്ല, ഞാനെങ്ങനെയീ ജയിലില്‍ സമയം കളയും?''

""കൂടെയുള്ളവരോടൊക്കെ സ്‌നേഹമായി പെരുമാറണം, ജയിലധികൃതരോടുള്ള പെരുമാറ്റത്തെക്കുറിച്ച് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ? നല്ല കുറച്ച് പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ കൊണ്ടുതരാം. വായിച്ചിരുന്നാ സമയം നീങ്ങുന്നതറിയില്ല.... അറിവില്‍ വളരാനും ഇത്രയും നല്ലൊരു മാര്‍ഗമില്ല. പുസ്തകങ്ങള്‍ വായിക്കണം, പിന്നെ കുറച്ചു സമയം പ്രാര്‍ഥിക്കണം, ധ്യാനിക്കുന്നതും നല്ലതാ, അത് മനസിന് ശക്തി തരും, ആല്‍മവിശ്വാസം വര്‍ധിപ്പിക്കും. പുസ്തകങ്ങളുമായി ഇഷ്ടത്തിലായാപിന്നെ ജീവിതം രക്ഷപെട്ടു.. നിങ്ങള്‍ക്കിവിടെ ലൈബ്രറിയുണ്ടോ?'' ചുറ്റിനും കണ്ണോടിച്ച് ബെറ്റി ചോദിച്ചു.

""ഉണ്ടെന്നു തോന്നുന്നു. ഇല്ലെങ്കില്‍ മമ്മി കുറച്ചു പുസ്തകങ്ങളെടുത്തുകൊണ്ടു തന്നാ മതി. പ്രാര്‍ഥനയും മമ്മി തന്നെ എന്നെ പഠിപ്പിക്കേണ്ടി വരും. ഞാനിതു വരെ പ്രാര്‍ഥിച്ചിട്ടുണ്ടെന്നെനിക്ക് തോന്നുന്നില്ല. എനിക്കൊരു പേനയും കുറച്ച് പേപ്പറും കൂടി വേണം.'' ആല്‍ഫ്രഡ് പറഞ്ഞു.

""വേണ്ടതെല്ലാം ഞാന്‍ കൊണ്ടുതരാം. ഇവിടെ ഭക്ഷണമൊക്കെ എങ്ങനുണ്ട്?''

""തരക്കേടില്ല, സെല്ലിനകത്തേക്കവര് ഭക്ഷണം കൊണ്ട് തരും. ''

""എന്തൊരു നിശബ്ദതയാ ഇവിടെ. എല്ലാ സമയത്തും ഇവിടെ ഇതേപോലെയാണോ?''

""ഇവിടെ അധികം ബഹളങ്ങളൊന്നുമുണ്ടാകാറില്ല, നിശബ്ദമാണിവിടം. ജയിലധികൃതരുടെ ശബ്ദം മാത്രം ചിലപ്പോ ഉയര്‍ന്നുകേള്‍ക്കാം. ചില തടവുകാര്‍ പ്രശ്‌നമുണ്ടാക്കുന്നതു കേള്‍ക്കാം. അവരും അധികാരികളുമായി വഴക്കുണ്ടാകും. അത്രക്കുള്ള ബഹളങ്ങളേയുള്ളൂ..''

"" മറ്റുള്ളവരുടെ പെരുമാറ്റം മോശമായാല്‍ പോലും നീ പ്രശ്‌നത്തിനൊന്നും പോകണ്ട. എല്ലാരോടും നന്നായി പെരുമാറണം.''

""ഓ.കെ മമ്മീ, ഞാന്‍ വാക്ക് തരുന്നു, നന്നായി പെരുമാറുമെന്ന്, എല്ലാവര്‍ക്കും നല്ലതേ ചെയ്യൂ എന്ന്. എനിക്കിവിടെനിന്നെത്രയും വേഗം പുറത്തുവരണം, നല്ല പെരുമാറ്റത്തിലൂടെയേ അത് സാധ്യമാകൂ. ഒരു കാര്യം ചോദിക്കാന്‍ വിട്ടു....ജാനറ്റ് മമ്മിയെ കാണാന്‍ വന്നിരുന്നോ?.''

""വന്നിരുന്നു, അവള് വല്ലാതെ, അപ്‌സെറ്റാണ്, അവളെന്നും നിന്നെ സ്‌നേഹിച്ചിട്ടല്ലേയുള്ളൂ. ആദ്യനാളുകളിലും നിന്റെ സ്‌നേഹമില്ലാത്ത പെരുമാറ്റത്തില്‍ മനസ് മടുത്തല്ലേ അവളകന്ന് പോയത്? പിന്നെ രണ്ടാളും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിച്ചിട്ടും നീ തന്നെയെല്ലാം തകര്‍ത്തു. നീ അവളോട് സ്‌നേഹം കാട്ടിയില്ലൊരിക്കലും.''

""സത്യമതല്ല മമ്മീ, ഞാനവളെ സ്‌നേഹിച്ചില്ലന്ന് പറയരുത്. അവളെ ഞാനത്രക്കിഷ്ടപ്പെട്ടിരുന്നു. പക്ഷേ അവളെന്നോടൊന്നും പറയാതെ, മുന്‍ഭര്‍ത്താവുമായി വഴിയില്‍ ചിരിച്ച്കളിച്ച് സംസാരിച്ച് നില്‍ക്കുന്നതുകണ്ടപ്പോ എനിക്കെന്നെ നിയന്ത്രിക്കാനായില്ല. ഞാനല്‍പം സ്വാര്‍ഥനായിപ്പോയെന്നതു നേര്. അതവളോടുള്ള സ്‌നേഹക്കൂടുതലുകൊണ്ടാ...അവളെ നഷ്ടപ്പെടുമോന്ന് ഭയന്നാ....'' ആല്‍ഫ്രഡ് പറഞ്ഞു.

""ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ല. വെറുതെയെന്തിന് മനസ് വിഷമിപ്പിക്കണം. നീ പിടിക്കപ്പെട്ടയുടനെ ഞാനവളെ കണ്ടിരുന്നു, അവളല്ല, വീടിന്നടുത്തുള്ളയാളാ വിവരം പോലിസിലറിയിച്ചത്. എന്തായാലും ചെയ്ത തെറ്റിന് ശിക്ഷയനുഭവിക്കാതെ പറ്റില്ലല്ലോ? തെറ്റ് ചെയ്താല്‍ എന്നായാലും പിടിക്കപ്പെടും. '' ബെറ്റി നെടുവീര്‍പ്പോടെ പറഞ്ഞു.

""എനിക്കും വിഷമമുണ്ട് . ഒരിക്കലും ചെയ്യരുതാത്ത തെറ്റാ ഞാന്‍ ചെയ്തത്. പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്നെനിക്കറിയാതെ പോയി. എനിക്ക് വല്ലാതെ തെറ്റി.'' ആല്‍ഫ്രഡിന്റെ വാക്കുകളില്‍ കുറ്റബോധം നിറഞ്ഞിരുന്നു.

""നീയിപ്പോഴും ചെറുപ്പമാ, ജീവിതം ഇനിയുമേറെ ബാക്കി കിടക്കുന്നുണ്ട്. പശ്ചാത്തപിക്ക്, നല്ല മനുഷ്യനാകാന്‍ നോക്ക്, നല്ലൊരു ജീവിതം നിനക്ക് ദൈവം കാത്തുവച്ചിട്ടുണ്ട്. ധൈര്യമായിരിക്ക്. ഞാനില്ലേ നിനക്കൊപ്പം.'' ബെറ്റി, ആശ്വസിപ്പിക്കാനെന്നവണ്ണം കൈകള്‍ മകനുനേരെ നീട്ടി. തങ്ങള്‍ക്കിടയിലെ അകലം തിരിച്ചറിഞ്ഞവര്‍, വേദനയോടെ കൈകള്‍ തിരിച്ചെടുത്തു.

""ഇനി ഞാന്‍ ആരെയും വേദനിപ്പിക്കില്ല. ഞാനൊരു പുതിയൊരു മനുഷ്യനാകാനുള്ള ശ്രമത്തിലാ. മമ്മിയുടെ സ്‌നേഹം എനിക്കൊപ്പമുണ്ടാകണം.'' മകന്റെ കണ്ണുകള്‍ തന്നോട് യാചിക്കുകയാണന്നവര്‍ക്ക് തോന്നി.

""ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ സ്‌നേഹം നിനക്കൊപ്പമുണ്ടാകും മോനേ.'' ബെറ്റി പറഞ്ഞു.

""മമ്മിക്കത്ര പ്രായമൊന്നുമായിട്ടില്ല, ഞാന്‍ തിരിച്ചെത്തുംവരെ മമ്മി എനിക്കായി കാത്തിരിക്കണം. ഇവിടുന്നിറങ്ങിയാ ഞാന്‍ മമ്മിക്കൊപ്പം താങ്ങായുണ്ടാകും. . ചേച്ചിമാരെ മതിവരുവോളം സ്‌നേഹിക്കണമെന്നുണ്ടെനിക്ക്. ജസിയേയും. അവര്‍ക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യണം. എല്ലാവരുടെയും സ്‌നേഹത്തില്‍ കുറച്ചുനാളെങ്കിലും കഴിയണം.''

""സമയം കഴിഞ്ഞിരിക്കുന്നു.''ഗാര്‍ഡ് വന്നു പറഞ്ഞു.

""ബൈ മമ്മി, പറ്റിയാല്‍ അടുത്താഴ്ചയും വരണേ.....''

""ശരിയാല്‍ഫ്രഡ്... ഞാന്‍ കഴിയുന്നിടത്തോളം ഇനിയെല്ലാ ആഴ്ചയും വരാം..''

""ജാനറ്റിനോടെന്റന്വേഷണം പറയണം, സംഭവിച്ചതിനെല്ലാം എനിക്ക് വിഷമമുണ്ടെന്നും ഞാനിന്നും അവളെ സ്‌നേഹിക്കുന്നുണ്ടെന്നും....'' ആല്‍ഫ്രഡ് ശബ്ദമുയര്‍ത്തി പറഞ്ഞു.

തിരിച്ചിറങ്ങുമ്പോ ബെറ്റിയുടെ മുഖം മ്ലാനമായിരുന്നു. ആല്‍ഫ്രഡിനെ ഗാര്‍ഡ് സെല്ലിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോയി. മമ്മിയുടെ അവസ്ഥയോര്‍ത്ത് ആല്‍ഫ്രഡിന് വിഷമം തോന്നി. താനാണല്ലോ എല്ലാ വിഷമങ്ങള്‍ക്കും കാരണമായത്. ഇനിയെങ്കിലും പുതിയൊരു മനുഷ്യനാകണം. പക്ഷേ ഇനിയെത്ര നാള്‍ ഈ സെല്ലില്‍......ഉത്തരമില്ലാതെ ആല്‍ഫ്രഡ് ഒരുനിമിഷം വിദൂരതയിലേക്ക് കണ്ണ് നട്ടുനിന്നു. ആകാശത്ത് മഴമേഘങ്ങള്‍ മൂടിക്കെട്ടുന്നു. കനംനിറഞ്ഞവ മഴനാരുകളായി താഴേക്ക് പെയ്യാന്‍ അധികം നേരമില്ല.

(തുടരും......)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക