Image

പൊന്നോണം (കവിത: ഗീതു ദേവൂട്ടി)

Published on 02 September, 2017
പൊന്നോണം (കവിത: ഗീതു ദേവൂട്ടി)
ഓണപ്പൂക്കളിറുത്തുതിമര്‍ക്കും
ഓലക്കൂട്ടിലെ സുന്ദരിപ്പെണ്ണേ,
പാടിയെത്തുന്നു ഓണക്കിളികള്‍
പാട്ടിനൊത്തു നീ കുമ്മിയടിക്കൂ.
പാടംകൊയ്ത കതിര്‍ക്കറ്റ കൂട്ടി,
മാടമുറ്റത്തും നെല്ക്കളമായി
കല്ലരിക്കാടി തേടിപ്പടിക്കല്‍
കാളിനിന്ന ദിനങ്ങള്‍ പറന്നൂ..
വാനത്തമ്പിളിത്തമ്പുരാന്‍ ചെമ്മേ
പാളിനോക്കുന്ന കുന്നും മറഞ്ഞു.
പൊന്നിന്‍ചിങ്ങമായ് മണ്ണിലെപ്പോലെ
വിണ്ണിന്‍മുറ്റത്തും പൂക്കളം കണ്ടോ!
കൂര മാറ്റി, നിന്‍മാടവും മാറ്റി,
കൂടെക്കോലവും മാറട്ടെ പെണ്ണേ ..
ഞാറ്റടിയിലെ മാടത്തക്കൂട്ടം
വിത്തു കോരുന്നു നോക്കെടീ പെണ്ണേ.
നാലിടങ്ങഴി കാണാത്ത നമ്മള്‍
ഞാറു പാകുന്ന കാലവും വന്നൂ ..
പൂ പറിച്ചൊരു പൂക്കളം തീര്‍ത്ത്
ഓണത്തപ്പനെ വെക്കടീ പെണ്ണേ.
നിന്റെ പൊന്നോണം കാണുവാനെത്തും
തിണ്ണം മാവേലിത്തമ്പുരാന്‍ പെണ്ണേ.
പാട്ടു പാടുന്നു പൈങ്കിളിക്കൂട്ടം
താളം കൊട്ടുന്നു മര്‍മ്മരം കാറ്റില്‍.
കുമ്മിയാടെടീ പെണ്‍കൊടീ നീയും
വന്നൂ മാവേലി പൊന്നോണം കാണാന്‍!
ഓണപ്പൂക്കളിറുത്തുതിമര്‍ക്കും
ഓലക്കൂട്ടിലെ സുന്ദരിപ്പെണ്ണേ,
പാട്ടു പാടുന്നൂ ഓണക്കിളികള്‍
പാട്ടിനൊത്തു നീ കുമ്മിയടിക്കൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക