Image

ബെന്നി ഇട്ടീര ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മത്സര രംഗത്ത്

Published on 02 September, 2017
ബെന്നി ഇട്ടീര ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മത്സര രംഗത്ത്
നാട്ടില്‍ വിദ്യാര്‍ത്ഥി നേതാവും, തൊഴിലാളി നേതാവും അഭിഭാഷകനുമായിരുന്നുവെങ്കിലും അമേരിക്കയിലെത്തിയപ്പോള്‍ ബെന്നി ഇട്ടീര കളംമാറ്റി ചവിട്ടി. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ച് എന്‍ജിനീയറായി. കുറെക്കാലം അധ്യാപകനുമായി. പിന്നീട് എം.ബി.എ കൂടി എടുത്ത ഇട്ടീര ന്യൂയോര്‍ക്ക് ട്രാന്‍സിറ്റില്‍ എന്‍ജീയറായി ജോലി ചെയ്തശേഷം നേരത്തെ വിരമിച്ചു.

ഇടയ്ക്ക് വിട്ടുകളഞ്ഞ പൊതു പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും തുടരുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.  ജനങ്ങള്‍ക്ക് എന്തെങ്കിലും നന്മ ചെയ്യുവാന്‍ അത് ഉപകരിക്കുമെന്നു മുളന്തുരുത്തി സ്വദേശിയായ ഇട്ടീര കരുതുന്നു.

ഈ മാസം 12-നു നടക്കുന്ന പ്രൈമറിയില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് ഇരുപത്തിമൂന്നാം ഡിസ്ട്രിക്ടില്‍ നിന്നു ഡമോക്രാറ്റായി മത്സരിക്കുകയാണ് ഇട്ടീര. നിലവിലുള്ള കൗണ്‍സില്‍ അംഗം ബാരി ഗ്രോഡന്‍ചിക് ആണ് എതിരാളി.

ഇട്ടീര താമസിക്കുന്ന ഫ്‌ളോറല്‍ പാര്‍ക്ക്, ബല്‍റോസ്, ഗ്ലെന്‍ഓക്‌സ്, ക്വീന്‍സ് വില്ലേജ്, ഫ്രെഷ് മെഡോസ് എന്നിവ അടങ്ങിയതാണ് ഇരുപത്തിമൂന്നാം ഡിസ്ട്രിക്ട്. ഇന്ത്യക്കാര്‍- പ്രത്യേകിച്ച് സിക്കുകാരും മലയാളികളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. മറ്റു ഏഷ്യക്കാരും ധാരാളം. 40 ശതമാനം ഏഷ്യന്‍, 16 ശതമാനം ഇന്ത്യന്‍ എന്നതാണ് കണക്ക്.

മത്സര രംഗത്ത് ഏറെ വൈകിയാണ് ഇട്ടീര വന്നത്. അതിനാല്‍ പ്രവര്‍ത്തനം സജീവമായിട്ട് ദിവസങ്ങളേ ആയുള്ളൂ. അതിനാല്‍ തന്നെ ഇതൊരു തുടക്കം മാത്രമായി കണക്കാക്കിയാണ് ഇട്ടീര മുന്നോട്ടുപോകുന്നത്. വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുകയും എന്നതാണ് പ്രധാന ലക്ഷ്യം.

 പ്രത്യേക ഫണ്ട് സമാഹരണമൊന്നുമില്ലാതെ ചിലവുകള്‍ സ്വയം വഹിക്കുകയാണ്.

ചിക്കാഗോയില്‍ 1994- 98 കാലത്തുണ്ടായിരുന്നപ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സജീവമായിരുന്നു. ന്യൂജഴ്സിയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷം ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ ജോലിയുടെ തിരക്കിലും പാര്‍ട്ടി ബന്ധങ്ങളും വ്യക്തിബന്ധങ്ങളും സജീവമായി കാത്തുസൂക്ഷിച്ചു. അതില്‍ നിന്നുള്ള പ്രചോദനമാണ് മത്സര രംഗത്തേക്ക് നയിച്ചത്.

ഇന്ത്യക്കാരും മറ്റും ഒരുപാടുണ്ടെങ്കിലും വോട്ട് ചെയ്യുന്നവര്‍ ചുരുക്കമാണെന്ന് ഇട്ടീര പറഞ്ഞു. പ്രത്യേകിച്ച് പ്രൈമറിയില്‍. ഡിസ്ട്രിക്ടില്‍ ഒന്നര  ലക്ഷത്തില്‍പ്പരം വോട്ടര്‍മാരുണ്ട്. ഒരു കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ ഉള്ളതില്‍ കൂടുതല്‍. പ്രൈമറിയില്‍ 27 ശതമാനം  ഗ്രോഡന്‍ചിക്കിനു കിട്ടിയത്.

അധികൃത ശ്രദ്ധ കിട്ടാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ നഗരത്തിലുണ്ടെന്ന് ഇട്ടീര ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമാണ് കോ ഓപ്പുകൾക്ക്  കൊമേഴ്‌സ്യല്‍ ടാക്‌സ് ചുമത്തുന്നത്. അപ്പാര്‍ട്ട്‌മെന്റുകളാണെങ്കിലും കച്ചവട സ്ഥാപനത്തിന്റെ ടാക്‌സ് നല്‍കേണ്ടിവരുന്നു.

അഴിമതിയില്ലാത്ത സുതാര്യമായ ഗവണ്‍മെന്റാണ് ഇട്ടീര ലക്ഷ്യമിടുന്നത്. ടാക്‌സ് കുറയ്ക്കുക, സര്‍വീസുകള്‍ മെച്ചപ്പെടുത്തുക ,  ട്രാഫിക് തിരക്ക് ഒഴിവാക്കുക, ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുക, വിമുക്ത ഭടന്മാര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അവസരം ഉണ്ടാക്കുക എന്നിവയും ഇട്ടീര ലക്ഷ്യമിടുന്നു.

സ്കൂള്‍ ബസ് സംവിധാനം മെച്ചപ്പെടുത്തുക, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നല്‍കുക., പരിസ്ഥിതി സംരക്ഷിച്ച് നഗരം സുന്ദരമായി കാത്തുസൂക്ഷിക്കുക എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

പാര്‍ട്ടി ഔട്ട്‌സൈഡര്‍ എന്ന ലേബലില്‍ മത്സരിക്കാനാണ് ഇട്ടീരയുടെ തീരുമാനം.

സൈക്യാട്രിസ്റ്റായ ഡോ.  അനു പ്രിയയാണ് ഭാര്യ. മക്കള്‍ ജോഷ്വാ, ജസ്റ്റിന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍.
ബെന്നി ഇട്ടീര ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മത്സര രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക