Image

ആഘോഷങ്ങളില്‍ ഓണത്തിനു ഒന്നാം സ്ഥാനം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 03 September, 2017
 ആഘോഷങ്ങളില്‍ ഓണത്തിനു ഒന്നാം സ്ഥാനം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
മണ്‍മറഞ്ഞ സംസ്കൃതിയുടെ പൈതൃകപ്പകര്‍ച്ചയായി ഒരോണംകൂടി നാം ആഘോഷിക്കുകയാണ് . അത്തം കഴിഞ്ഞ് പത്താംനാള്‍ പൊന്നോണം. കേരളത്തിന്റെ ദേശീയോത്സവം. കര്‍ക്കടക മഴക്കാര്‍ മാഞ്ഞ് ഓണത്തിന്റെ പ്രഭയിലേക്ക് നാടുണര്‍ന്നുള്ള ആഘോഷം . മുന്നോട്ടുള്ള വഴികളിലെവിടെയോ കൈവിട്ടുപോയ ഗതകാലസ്മരണകളുടെ ആഘോഷമാണ് മലയാളിക്ക് ഓണം.കാലം എന്തൊക്കെ മാറ്റിമറിച്ചാലും മലയാളിയുടെ വൈകാരികാനുഭൂതിയാണ് ഓണം.ജീവിതത്തിന്റെ ഒരു ഉത്സവം എന്നാണ് ഓണത്തെപറ്റി പറയാറുള്ളത്. ചിങ്ങമാസത്തെ ആവണിമാസമെന്ന് വിളിക്കാനായിരുന്നു പഴമക്കാര്‍ക്ക് ഇഷ്ടം.

ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള മലയാളിയുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ഠാനമാണ് ഓണം. ഭാവികാലത്തിലേക്ക് നിറമനസോടെ സഞ്ചരിക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ആചാരമാണത്. നന്മനിറഞ്ഞൊരു അസുരചക്രവര്‍ത്തി കേരളം വാണിരുന്നുവെന്നും, അന്ന് മനുഷ്യര്‍ എല്ലാവരും ഒരുപോലെ ആയിരുന്നുഎന്നും , സമ്പല്‍ സമൃദ്ധമായാ ഒരു രാജ്യം വാണിരുന്ന മഹാബലി വാമനന് മുന്നില്‍ കീഴടങ്ങി അദ്ദേഹം പാതാളത്തിലേക്ക് പിന്‍വാങ്ങിയെന്നുമാണ് ഓണത്തിന് പിന്നിലെ ഐതിഹ്യം. സ്വന്തം പ്രജകളെ കാണാന്‍ ഒരു ചക്രവര്‍ത്തി തിരിച്ചെത്തുന്നുവെന്ന സങ്കല്പത്തില്‍ ആഘോഷിക്കപ്പെടുന്ന ഓണം പോലൊരു ഉത്സവം ലോകത്ത് വേറെ കാണില്ല. എണ്ണിയാലൊടുങ്ങാത്ത കഥകളുടെ ഭാണ്ഡക്കെട്ടും പേറിയെത്തുന്ന ഓണക്കാലത്തെ നമുക്ക് വരവേല്‍ക്കാം.

ഐതീഹ്യങ്ങളുടെ കുടപിടിച്ച് ഓണമെത്തുമ്പോള്‍ ഗൃഹാതുരത്വത്തോടെ നൂറ് നൂറ് ഓണക്കഥകള്‍ പറഞ്ഞുതരാന്‍ ഇന്ന് പല വീടുകളിലും മുത്തശ്ശിമാരില്ല, കാര്‍കശ്യത്തോടെ ഓണത്തിന്റെ ചിട്ടവട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കാരണവന്മാരില്ല, എങ്കിലും ഓണം നമ്മള്‍ ആഘോഷിക്കുന്നു... അതിന്റെ എല്ലാ പവിത്രതയോടും കൂടി. ഓണത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ അനവധിയാണ്.വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. എങ്ങും ധാന്യവും പച്ചക്കറികളും കുമിഞ്ഞുകൂടും. അതിനാല്‍ തന്നെ കാര്‍ഷിക സമൃദ്ധിയുടെ ആഘോഷം കൂടിയാണ് ഓണം എന്ന് പറയാതിരിക്കാന്‍ വയ്യ.

മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മുറ്റവും പരിസരവും വൃത്തിയാക്കുക എന്നത് ഓണത്തിന്റെ മുന്നൊരുക്കമാണ്. മുമ്പ് കൂട്ടത്തോടെ പറന്നിറങ്ങുന്ന ഓണത്തുമ്പികളായിരുന്നു ഓണവരവറിയിച്ചിരുന്നത്.

മലയാളക്കര ഒന്നാകെ ആഘോഷിക്കുമെങ്കിലും പ്രാദേശികമായ വ്യത്യാസങ്ങള്‍ ഓണച്ചടങ്ങുകളിലും കാണാനാവും. അത്തം നാളില്‍ തുടങ്ങുന്ന പൂക്കളത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുക. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു.അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കുന്നു.

ഓണക്കോടിയും ഓണസദ്യയും ഈ ആഘോഷത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ചടങ്ങുകളാണ്. എന്നാല്‍ വിഭവങ്ങളുടെ കാര്യത്തില്‍ പല ദേശങ്ങളിലും വ്യത്യാസങ്ങള്‍ കാണം. കറികളുടെ കാര്യത്തിലും ചിട്ടവലട്ടങ്ങളിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. എങ്കിലും ഉപ്പേരിയും പായസവും ശര്‍ക്കരവരട്ടിയും പപ്പടവുമില്ലാത്ത ഓണസ്സദ്യ ഇല്ലതന്നെ.ഓണസദ്യ വിഭവസമൃദ്ധമാക്കാന്‍ എന്നും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴി തന്നെ ഉദാഹരണം. വര്‍ഷം മുഴുവന്‍ പഞ്ഞമാണെങ്കിലും തിരുവോണ ദിവസം മാത്രം വീട്ടില്‍ അവനവന് ആവും വിധം ഒരു സദ്യക്കുള്ള വട്ടമൊരുക്കാന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയാവും എല്ലാ മലയാളികളുടെയും മനസില്‍. കൊല്ലത്തിലൊരിക്കല്‍ പഴവും പപ്പടവും പായസവും കൂട്ടിയുള്ള ഊണ് പണ്ട് ലഭിച്ചിരുന്നത് ഓണത്തിന് മാത്രമാണ്. കാളന്‍, ഓലന്‍, എരിശ്ശേരി, അവിയല്‍, സാമ്പാര്‍, കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്, പപ്പടം, ഉപ്പേരി, ശര്‍ക്കരവരട്ടി, നേന്ത്രക്കായ ഉപ്പേരി, പഴം, പാലട, പ്രഥമന്‍,പച്ചമോരും എന്നിങ്ങനെ ഇല നിറയെ വിഭവങ്ങള്‍.ഉത്രാട ദിനത്തില്‍ അടുക്കളയില്‍ നിന്നുയരുന്ന വെളിച്ചെണ്ണ മണം പരക്കുമ്പോള്‍ സദ്യക്കുള്ള ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയായതായി ഊഞ്ഞാല്‍ ചുവട്ടില്‍ ഊഴം കാത്ത് നില്‍ക്കുന്ന കുട്ടികള്‍ പോലും അറിയും.

ഓണത്തിന്റെ താളമാണ് ഊഞ്ഞാല്‍. ഊഞ്ഞാലിടാത്ത വീട്ടില്‍ ഓണമെത്തില്ലെന്ന് പറയുമായിരുന്നു. കൈകൊട്ടിക്കളിയും തിരുവാതിരകളിയും കിളിത്തട്ടുമൊക്കെയായി ഒരു കൂട്ടായ്മ ആണും പെണ്ണും നിലനിര്‍ത്തിയിരുന്നു.പണ്ട് ഓരോ ഗ്രാമവും നഗരവും ഓണത്തിന് ഒത്തുകൂടിയിരുന്നു. ഒരുമയുടെ ഒരു പെരുമ ഓണത്തിനുണ്ട്. തിരക്കിനിടയില്‍ ഈ ഓണവും നാടിന്റെ ഒരുമയ്ക്കായി മാറിയാലേ യഥാര്‍ത്ഥ ഓണമാകൂ.

ജാതിമത വ്യത്യാസങ്ങില്ലാതെ ഒത്തൊരുമിച്ച് മലയാളി ആഘോഷിക്കുന്ന മറ്റൊരു ഉത്സവവുമില്ല. മറ്റെല്ലാ ആചാരങ്ങളില്‍ നിന്നും വിഭിന്നമായ് മലയാളിയുടെ മാവേലി വരുന്നത് ക്ഷേത്രങ്ങളിലേക്കല്ല. ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവിലേക്കാണ്. അഭ്യസിച്ച കലകളും കൂട്ടിച്ചേര്‍ത്തുവെച്ച ധനവും കൊണ്ട് തങ്ങളാല്‍ കഴിയും വിധം ഓണത്തെ മനോഹരമാക്കുന്നു. അങ്ങനെ നാടും നഗരവും ഓണത്തിമര്‍പ്പിലാകുന്നു.

എന്നാലിന്ന് കേരളത്തേക്കാള്‍ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളാണ്. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മലയാളികള്‍ ഓണത്തിനായി ഒത്തുകൂടുന്നു. ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഒത്തൊരുമിച്ച് സദ്യ കഴിക്കുന്നു. അങ്ങനെ ഓണം കേരളക്കരയില്‍ നിന്ന് ലോകത്തിന്റെ നിറുകയിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളില്‍, ആഘോഷങ്ങളില്‍ നാട്ടിലേക്കാളേറെ മനോഹാരിതയാര്‍ജ്ജിക്കുന്നു. അമേരിക്കയിലെ കാര്യമെടുത്താല്‍ ഒരു മാസം മുഴുവനും പലപല അസോസിയേഷനുകള്‍ ഓണം ആഘോഷിക്കുകയാണ് . ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും എണ്ണപ്പെടുന്നുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക