Image

തിരുവോണം മിഴി തുറന്നു ...

അനില്‍ കെ പെണ്ണുക്കര Published on 04 September, 2017
തിരുവോണം മിഴി തുറന്നു ...
തിരുവോണം മിഴിതുറന്നു. ഇന്ന് മലയാളിക്ക് ജന്മനാട്ടില്‍ ഓണം പാതി വഴിയില്‍ നില്‍ക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കു തിരുവോണം മിഴിതുറക്കുകയാണ് . സമ്പല്‍സമൃദ്ധമായ ഒരു ഗതകാലപ്രൗഢിയുടെ സ്മരണയിലാണ് തിരുവോണാഘോഷങ്ങള്‍ നടക്കുന്നത് . കള്ളവും ചതിയും പൊളിവചനങ്ങളും ഒട്ടുമില്ലാതിരുന്ന ഒരു സാമ്രാജ്യാധിപന്റെ സ്നേഹത്തിന്റെ ത്യാഗത്തിന്റെയും സത്യസന്ധമായ നീതി നിര്‍വഹണത്തിന്റെയും തിളക്കം അതിനു്. 'മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്നതാണ് ആ ഭരണകാലത്തിനറെ കാലാതിവര്‍ത്തിയായ പ്രശസ്തിയുടെ പുനര്‍ജ്ജനി.

ഓണത്തെക്കുറിച്ച് പ്രചുരപ്രചാരം നേടിയ ഐതിഹ്യമാണ് മഹാബലിയുടെ കഥ. ദേവന്മാരെ പോലും അസൂയപ്പെടുത്തികൊണ്ടായിരുന്നു ബലി ചക്രവര്‍ത്തി പ്രജാപരിപാലനം നടത്തിയിരുന്നത്. ആ വിധം കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ തങ്ങള്‍ക്ക് രാജ്യം നഷ്ടപ്പെടുമെന്ന് ആശങ്കപൂണ്ട ദേവന്മാര്‍ മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അവരുടെ പ്രാര്‍ത്ഥന പ്രകാരം മഹാവിഷ്ണു വാമനരൂപത്തില്‍ (ത്രിവിക്രമന്‍) ബലിയെ സമീപിക്കുകയും ദാനശീലം എന്ന അദ്ദേഹത്തിന്റെ ഗുണാതിരേകത്തെ ചൂഷണം ചെയ്തുകൊണ്ട് രാജ്യം കൈവശപ്പെടുത്തുകയും ചെയ്യുന്നു.

മൂന്നടിമണ്ണ് ചോദിച്ച വാമനന്‍, ബലി അത് സന്തോഷപൂര്‍വം നല്‍കാന്‍ തയ്യാറായപ്പോള്‍, തന്റെ രണ്ടു ചുവടുവെപ്പുകൊണ്ട് ഭൂവനത്രയും തന്നെ അളന്നെടുത്തുവെന്നും മൂന്നാമത്തെ അടിവയ്ക്കുവാന്‍, ഈശ്വര മഹത്വം മനസ്സിലാക്കിയ ബലി, തന്റെ ശിരസ്സു കാണിച്ചു കൊടുത്തുവെന്നുമാണ് കഥ. ബലിയുടെ സത്യസന്ധതയിലും ത്യാഗമനോഭാവത്തിലും അതിലുപരി നിര്‍വ്യാജ ഭക്തിയിലും സംപ്രീതനായ വാമനരൂപിയായ മഹാവിഷ്ണു അദ്ദേഹത്തെ സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ സുതലമെന്ന ഉല്‍ക്കൃഷ്ടമണ്ഡലവും പിന്നീട് എട്ടാമത്തെ മന്വന്തരത്തില്‍ ഇന്ദ്രപദവിയും നല്‍കി അനുഗ്രഹിക്കുന്നു.

ഭൂമി ചോദിച്ചു കൊണ്ട് വാമന രൂപത്തില്‍ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണുവാണെന്ന സത്യം ധരിപ്പിച്ച് ദാനകര്‍മത്തില്‍ നിന്ന് പിന്‍തിരിയാന്‍ ശുക്രാചാര്യര്‍ നിര്‍ബന്ധിച്ചെങ്കിലും സത്യവ്രതനായ മഹാബലി അതിനു തയ്യാറാവുന്നില്ല. അഭ്യര്‍ത്ഥനയുമായി വന്നിട്ടുള്ളത് ഭഗവാനാണെങ്കില്‍ സര്‍വസ്വവും സമര്‍പ്പിക്കുന്നതിന് തനിക്ക് സന്തോഷമേ ഉള്ളൂ എന്നതായിരുന്നു ബലി ചക്രവര്‍ത്തിയുടെ മനോഭാവം.

വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ വന്നു കാണാനുള്ള അനുവാദം നല്‍കണമെന്ന് മഹാബലി അഭ്യര്‍ത്ഥിച്ചപ്പോള്‍ ആ ആഗ്രഹം സഫലമാകുമെന്ന് വാമനരൂപിയായി മഹാവിഷ്ണു അനുഗ്രഹിക്കുകയും ചെയ്തു. മഹാബലിയെ വാമനന്‍ അനുഗ്രഹിച്ച ആ ദിനം തിരുവോണനാള്‍ ആയിരുന്നുവെന്നും ഓണാഘോഷത്തിന്റെ പ്രാധാന്യത്തിനും നിദാനം ആ സംഭവമാണെന്നും വിശ്വസിക്കപ്പെടുന്നു. ബലിയുടെ വരവിനെ സ്വീകരിക്കുന്നതിനാണ് ഗൃഹാങ്കണങ്ങളില്‍ പൂക്കളം ഒരുക്കുന്നു. കടല്‍ കടന്ന് ഇന്ന് അമേരിക്കന്‍ മണ്ണിനെയും സുഗന്ധപൂരിതമാക്കുന്നു

തെക്കെക്കര വടക്കെക്കര കണ്ണാന്തളില്‍
മുറ്റത്തൊരു തുമ്പവിരിഞ്ഞു
തുമ്പകൊമ്പേറി തോണി തുഴഞ്ഞു
ഉണ്ണിക്ക് കൊട്ടാനും പാടാനും
തുടിയും തുടിക്കോലും വെള്ളാട്ടുമക്കളും
കൂടെപ്പിറന്നു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ....

ഓണാഘോഷങ്ങള്‍ മുന്‍പേ തുടങ്ങിയെങ്കിലും ഓണ സദ്യയോടെ ഇന്ന് മുതല്‍ ഓണം ഇവിടെയും കൂടുതല്‍ സജീവമാകുകയാണ് . മലയാളികളെ, എവിടെയിരുന്നാലും കുട്ടിക്കെട്ടുന്ന അദൃശ്യമായ, മണ്ണിന്റെ മണമുള്ള ദിവ്യമായ കരുത്തുള്ള 
ഓണം.   വിശ്വാസവും എന്തുമാകട്ടെ, അതു പകര്‍ന്നുനല്‍കുന്ന സമത്വവും സാഹോദര്യവും ആത്മബന്ധത്തിന്റെ ശക്തിയും ശക്തവും സുഖകരവുമാണ്!
എല്ലാ മാന്യ വായനക്കാര്‍ക്കും
Eeമലയാളിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 
തിരുവോണം മിഴി തുറന്നു ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക