Image

സേവന പാതയില്‍ ആത്മ നിര്‍വൃതിയോടെ സന്നദ്ധ പ്രവര്‍ത്തകര്‍ മടങ്ങി

Published on 04 September, 2017
സേവന പാതയില്‍ ആത്മ നിര്‍വൃതിയോടെ സന്നദ്ധ പ്രവര്‍ത്തകര്‍ മടങ്ങി
മിന: നാലു ദിവസത്തെ നിതാന്തമായ സന്നദ്ധ പ്രവര്‍ത്തനത്തിനുശേഷം നിറഞ്ഞ മനസുമായി ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളണ്ടിയര്‍മാര്‍ മിനയോടു വിട പറഞ്ഞു. പ്രയാസങ്ങള്‍ ഒന്നുമില്ലാത്ത ഹജ്ജ് ദിനങ്ങളില്‍ ഹാജിമാരെ അവരുടെ തന്പുകളില്‍ എത്തിക്കാനും, ജംറയില്‍ കല്ലെറിയാനും പ്രവര്‍ത്തകര്‍ സദാ സന്നദ്ധനായിരുന്നു. മിനായിലെ ആശുപത്രികളിലും വളണ്ടിയര്‍മാര്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ വന്ന വിവിധ വളണ്ടിയര്‍ സംഘങ്ങളുമായി സഹകരിച്ചായിരുന്നു വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 

മിനായിലെ നാലാം ദിവസം അസിസിയാ കേന്ദ്രമാക്കി പ്രവര്‍ത്തകര്‍ വാഹനങ്ങളും വീല്‍ ചെയറുകളുമായി രംഗത്തിറങ്ങിയത് മിനായില്‍ നിന്നും അസീസിയിലെ തങ്ങളുടെ റൂമുകളിലേക്ക് എളുപ്പത്തില്‍ എത്തി ചേരാന്‍ സഹായകമായി. 

വിവിധ രാഷ്ട്രീയ, മത, സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ ഒരൊറ്റ മനസുമായി പ്രവര്‍ത്തിക്കുകയും സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിനും ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ക്യാന്പ് സാക്ഷ്യം വഹിച്ചു. 

വരും വര്‍ഷങ്ങളിലും കൂടുതല്‍ സജീവമായി പ്രവര്‍ത്തന പാതയില്‍ ഉണ്ടാവണമെന്ന ദൃഡ മനസ്സോടെയാണ് വളണ്ടിയര്‍മാര്‍ ക്യാന്പില്‍ നിന്നും വിട പറഞ്ഞത്. അവസാന ദിവസമായ ഇന്നലെ ക്യാന്പില്‍ അവലോകന യോഗവും സര്‍ഗ്ഗ സംഗമവും സംഘടിപ്പിച്ചു. റസാഖ് മാസ്റ്റര്‍ മന്പുറം, മുസ്തഫ കെ.ടി പെരുവള്ളൂര്‍, റഷീദ് ഓയൂര്‍, എം എ ആര്‍ എന്നിവര്‍ ഗാനമാലപിച്ചു. മൂസ കൊന്പന്‍ സ്വന്തമായി രചിച്ച കവിത ആലപിച്ചത് ഏറെ ശ്രദ്ധേയമായി. ക്യാന്പ് അവലോകന യോഗത്തില്‍ മുന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം നേതാക്കളെ അനുസ്മരിച്ചു ചെയര്‍മാന് ചെന്പന്‍ അബ്ബാസ് സംസാരിച്ചു.

വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹമീദ് പന്തല്ലൂര്‍, സെക്രട്ടറിമാരായ അബ്ദുല്‍ റഹീം ഒതുക്കുങ്ങല്‍, വിജാസ് ഫൈസി എന്നിവര്‍ സംസാരിച്ചു. ക്യാന്പ് പ്രവര്‍ത്തനങ്ങള്‍ക്കു ക്യാന്പ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ തേഞ്ഞിപ്പലം, മൊയ്തീന്‍ കാളികാവ്, ഹാഷിം കോഴിക്കോട്, നസീര്‍ ബാബു കുണ്ടന്‍ ചിന, ജാഫര്‍ മുല്ല പള്ളി , യഹിയ വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: കെ.ടി. മൂസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക