Image

ആഡംബരഭ്രമം ഇല്ലാത്ത നരേന്ദ്ര മോഡി (ജോയ് ഇട്ടന്‍)

Published on 05 September, 2017
ആഡംബരഭ്രമം ഇല്ലാത്ത നരേന്ദ്ര മോഡി (ജോയ് ഇട്ടന്‍)
ഉടന്‍ വിദേശയാത്രയ്ക്ക് പുറപ്പെടുന്ന നമ്മുടെ പ്രധാനമന്ത്രി സഹമന്ത്രിമാരോട് ആഡംബരഭ്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.സത്യത്തില്‍ ചിരിയാണ് വരുന്നത്.ഒട്ടും ആഡംബരഭ്രമം ഇല്ലാത്ത മോഡി തണ്ടിന്റെ കൂട്ടാളികളോട് പറഞ്ഞ കാര്യം കൊള്ളാം. ഓരോ വിദേശപര്യടനവേളയിലും സ്വന്തം കോട്ടുനിറയെ നരേന്ദ്രമോദിയെന്നു ആലേഖനം ചെയ്തു കോടികള്‍ ധൂര്‍ത്തടിച്ച പ്രധാനമന്ത്രി സഹമന്ത്രിമാരോട് അവരുടെ ആഡംബരഭ്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതു വലിയ കോമഡി തന്നെ.മന്ത്രിസഭയുടെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രമുള്ളപ്പോഴാണോ പ്രധാനമന്ത്രിക്ക് ആഡംബരവിരുദ്ധ ബോധോദയമുണ്ടായത്. മന്ത്രിമാരുടെ ആഡംബരഭ്രമം ഈ വൈകിയവേളയിലാണു പ്രധാനമന്ത്രിയെ അലോസരപ്പെടുത്തിയത് നിര്‍ദേശം നല്‍കിയ ഉടനെ അതു മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു പോവുകയും ചെയ്തു!

സഹമന്ത്രിമാരുടെ ആഡംബരഭ്രമം പ്രധാനമന്ത്രിയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ദേശം നല്‍കുന്നതിനുപകരം നടപ്പിലാക്കുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്. നേരത്തെയും പ്രധാനമന്ത്രിയില്‍നിന്നു സമാനമായ പ്രസ്താവനകളും നിര്‍ദേശങ്ങളും വന്നതാണ്. വാക്കുകളല്ല, അക്രമം തടയലും അതിനു ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കലുമാണു വേണ്ടത്. രാജ്യസ്‌നേഹികള്‍ ആഗ്രഹിക്കുന്നത് അതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബി.ജെ.പി അവരുടെ തുറുപ്പുശീട്ടായ നരേന്ദ്രമോദിയെ പ്രചാരണരംഗത്തിറക്കിയിരിക്കുന്നതാണ് ഇത്തരം വാക്കുകളിലൂടെ നാം കാണുന്നത്. മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കരുതെന്നും പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും മന്ത്രിമാരുടെ സ്റ്റാഫ് പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ താമസിച്ചാല്‍ മതിയെന്നുമാണു നിര്‍ദേശിച്ചിരിക്കുന്നത്.

പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിലാണു പ്രധാനമന്ത്രിക്കു നീരസം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ ചുളുവിലയ്ക്കു കോര്‍പറേറ്റുകള്‍ക്കു വിറ്റഴിക്കുന്നതില്‍ ‘മനസ്താപ’മില്ല. അഴിമതിരഹിത ഭരണമെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ പാടുപെടുകയാണു ബി.ജെ.പി. 2013ല്‍ പാസാക്കിയ ലോക്പാല്‍ ബില്‍ എന്തുകൊണ്ടാണു ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാത്തത്. അണ്ണാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ ലോക്പാല്‍ മുദ്രാവാക്യത്തിന്റെ ഗുണഭോക്താക്കളായിരുന്നില്ലേ ബി.ജെ.പി സര്‍ക്കാര്‍. എന്നിട്ടെന്തുകൊണ്ട് ആ നിയമം നടപ്പാക്കുന്നില്ല. നോട്ടുനിരോധനത്തിന്റെ പിന്നിലെ രഹസ്യം ഇന്നും ദുരൂഹമായിത്തുടരുകയാണ്. പ്രധാനമന്ത്രിയെ മറ്റു മന്ത്രിമാര്‍ പേടിക്കുന്നത് അഴിമതിയോടുള്ള വെറുപ്പുകൊണ്ടായിരിക്കണമെന്നില്ല.

എല്ലാ അധികാരവും അദ്ദേഹത്തില്‍ കേന്ദ്രീകരിച്ചതുകൊണ്ടാണ്. അധികാരത്തോടുള്ള ഭയമാണത്, നരേന്ദ്രമോദിയെന്ന വ്യക്തിയോടുള്ള സ്‌നേഹവും ബഹുമാനവുമല്ല. ബി.ജെ.പി നേതാക്കളും ആഡംബരപ്രിയരായിരിക്കാം. അത് അവസാനിപ്പിക്കേണ്ടതു തന്നെയാണ്.

പക്ഷേ, ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണേണ്ടതല്ലേ. അവശ്യസാധനങ്ങളുടെ കുതിച്ചുയരുന്ന വില നിയന്ത്രിക്കാനോ ജി.എസ്.ടി എന്ന മാരകപ്രഹരം ജനതയ്ക്കു നല്‍കാതിരിക്കാനോ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്ന കര്‍ഷകന് ആശ്വാസം നല്‍കാനോ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണത്തിനിടയില്‍ ബി.ജെ.പി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരം ബാലിശമായ വാക്കുകള്‍ ആര് ചെവിക്കൊള്ളാന്‍ ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക