Image

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്ത്‌ ദിലീപ്‌ ജയിലിലേക്ക്‌ മടങ്ങി

Published on 06 September, 2017
അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്ത്‌ ദിലീപ്‌ ജയിലിലേക്ക്‌ മടങ്ങി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്‌ അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്തുതിരികെ ജയിലിലേക്ക്‌ മടങ്ങി. ദിലീപിന്‌ അനുവദിച്ചിരുന്ന സമയം അവസാനിക്കുന്നതിനും പത്ത്‌ മിനിറ്റ്‌ മുന്നെയാണ്‌ പൊലീസ്‌ സംഘം ദിലീപുമായി ജയിലിലേക്ക്‌ മടങ്ങിയത്‌.

 ആലുവ ഡിവൈഎസ്‌പിയുടെ മേല്‍നോട്ടത്തിലുളള വലിയ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെയാണ്‌ ജയിലിന്‌ ഒന്നരകിലോമീറ്റര്‍ മാത്രമുളള വീട്ടിലേക്ക്‌ ദിലീപ്‌ എത്തിയത്‌.
ശ്രാദ്ധചടങ്ങുകളില്‍ അനിയനൊപ്പം പങ്കെടുക്കുകയും ബലിയിടുകയും ചെയ്‌തു ദിലീപ്‌.


സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്‌ ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്‌, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ്‌ സ്വയം വഹിക്കണം എന്നീ ഉപാധികളോടെയാണ്‌ ജാമ്യം ലഭിക്കാതെ തന്നെ ദിലീപ്‌ പുറത്തിറങ്ങിയത്‌. 

ദിലീപ്‌ സഞ്ചരിച്ച പോലീസ്‌ വാഹനം മാത്രമാണ്‌ വീടിന്‍റെ ഗേറ്റിനുള്ളിലേക്ക്‌ കടത്തിവിട്ടത്‌. ദിലീപ്‌ വീട്ടിലെത്തിയ ഉടന്‍ തന്നെ ശ്രാദ്ധ ചടങ്ങുകള്‍ ആരംഭിച്ചു. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍, മകള്‍ മീനാക്ഷി, ദിലീപിന്‍റെ അമ്മ, കാവ്യയുടെ ബന്ധുക്കള്‍ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ദിലീപിന്‌ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്‌. 

നടന്‍റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ്‌ നിയോഗിച്ചത്‌. അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും ദിലീപിന്‍റെ വസതിയിലെത്തിയില്ല.
ചടങ്ങുകള്‍ക്ക്‌ ശേഷം ദിലീപ്‌ വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ചു. മധുരവിതരണവും വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ കണ്ണീരോടെയാണ്‌ ഭാര്യയും അമ്മയും ദിലീപിനെ യാത്രഅയച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക