Image

തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതു പിണറായി: അല്‍ഫോണ്‍സ് കണ്ണന്താനം

Published on 06 September, 2017
തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതു പിണറായി: അല്‍ഫോണ്‍സ് കണ്ണന്താനം
ദില്ലി: പിണറായി വിജയന്‍ മുഖ്യമന്ത്രിയാവാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തനിക്ക് ഏറെ കടപ്പാടുള്ള നേതാവാണ് പിണറായി വിജയനെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണെന്നും കണ്ണന്താനം പറഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചത് പിണറായി ആവശ്യപ്പെട്ടിട്ടാണ്. അതിന് ഒരു പെട്ടിയോ സ്യൂട്ട്കേസോ ചുമക്കേണ്ടി വന്നിട്ടില്ലെന്നും പണരാഷ്ട്രീയത്തെ വിമര്‍ശിച്ച് കണ്ണന്താനം പറഞ്ഞു. പണ്ട് ആലപ്പുഴയില്‍ വച്ച് പിണറായിയെ കണ്ടകാര്യവും കണ്ണന്താനം അനുസ്മരിച്ചു.

കേന്ദ്രത്തില്‍ കേരളത്തിന്റെ അംബാസിഡറാകാമെന്ന നിര്‍ദേശവും അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രിക്ക് മുമ്പാകെ വച്ചു. അതില്‍ സന്തോഷമേയുളളുവെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

ദില്ലി കേരളാ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ വികസനപദ്ധതികളും ഇരുവരും വിലയിരുത്തി. ഗവി-വാഗമണ്‍-തേക്കടി ഇക്കോ സര്‍ക്യൂട്ട്, ശബരിമല-എരുമേലി-പമ്പ-സന്നിധാനം ആത്മീയ സര്‍ക്യൂട്ട്, ശ്രീ പത്മനാഭ-ആറന്‍മുള-ശബരിമല സര്‍ക്യൂട്ട്, മലനാട്-മലബാര്‍ ക്രൂസ് സര്‍ക്യൂട്ട്, അതിരപ്പിളളി-മലയാറ്റൂര്‍-കാലടി-കോടനാട് സര്‍ക്യൂട്ട്, നിള ഗ്രാമീണ ടൂറിസം പദ്ധതി, കേരള തീരദേശ സര്‍ക്യൂട്ട്, ഹൈവേ ടോയിലറ്റ് പദ്ധതി തുടങ്ങി പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഈ പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ വേണ്ടത് ചെയ്യുമെന്നും കൂടിക്കാഴ്ചയില്‍ തീരുമാനമായി. പിണറായി വിജയന്‍ മുന്നോട്ട് വച്ച മുഴുപ്പിലങ്ങാട് ടൂറിസം പദ്ധതിയ്ക്ക് കേന്ദ്രമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയ്ക്ക് കണ്ണന്താനം ഉറപ്പും നല്‍കി.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക