Image

പ്രളയം തകര്‍ത്തു; പ്രണയം തളിര്‍ത്തു (ജോര്‍ജ് തുമ്പയില്‍)

Published on 06 September, 2017
പ്രളയം തകര്‍ത്തു; പ്രണയം തളിര്‍ത്തു (ജോര്‍ജ് തുമ്പയില്‍)
പ്രളയത്തിന്റെ മഹാമാരി പെയ്‌തൊഴിയാതെ നിന്നപ്പോള്‍ പ്രണയിനിയെ സ്വന്തമാക്കാന്‍ പ്രതികൂല കാലാവസ്ഥയിലും വീടു വിട്ടിറങ്ങിയ ഈ യുവാവിന്റെ കഥയ്ക്ക് ഒരു സിനിമാ ടച്ചുണ്ട്. കേട്ടിരിക്കുമ്പോള്‍ ആരിലും സാഹസികതയുടെ കോള്‍മയിര്‍ കൊള്ളുന്ന അനുഭൂതിയുണ്ട്, പ്രാണപ്രേയസിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പുറപ്പെട്ട ഈ പ്രതിശ്രുത വരന്റെ യാത്രയില്‍. ഇത് ഹൂസ്റ്റണില്‍ നിന്നുള്ള വാര്‍ത്ത. ചുഴലി കൊടുങ്കാറ്റ് ഹൂസ്റ്റണ്‍ നിവാസികളെ ദുരിതക്കടിലിലാഴ്ത്തിയ കൊടുംഭീകരതയ്ക്കിടയില്‍ നിന്നാണ് ഹൃദ്യമായ ഈ വാര്‍ത്തയുടെ പിറവി. ഹാര്‍വി കൊടുങ്കാറ്റ് വിഘാതങ്ങള്‍ സൃഷ്ടിച്ചിട്ടും മനസ്സാന്നിധ്യത്തിനു മുന്നില്‍ പ്രകൃതി പോലും വഴിമാറി കൊടുത്ത ഈ കഥയ്ക്ക് രണ്ടു മനസ്സുകളെ ഒന്നിപ്പിച്ചതിന്റെ ക്രെഡിറ്റും അവകാശപ്പെടാം.

കഥ ഇങ്ങനെ. കൂടല്‍ ഒറ്റപ്ലാക്കല്‍ കുടുംബാംഗവും മിസ്സൂറി സിറ്റിയില്‍ താമസിക്കുന്ന കോശി വറുഗീസിന്റെയും പരേതയായ അമ്മിണി വറുഗീസിന്റെയും മകന്‍ ഡോ. റോയി വറുഗീസും ന്യൂയോര്‍ക്ക് വാലി കോട്ടേജില്‍ താമസിക്കുന്ന തൃശൂര്‍ പാണച്ചേരി പരേതനായ സാമുവല്‍ പാണച്ചേരിയുടെയും തങ്കമ്മ സാമുവലിന്റെയും മകള്‍ ജേമി (ഏമി റോസ് പാണച്ചേരി) യുടെയും വിവാഹം ന്യൂജേഴ്‌സിയില്‍ വച്ച് നടത്താന്‍ കഴിഞ്ഞ വര്‍ഷമേ തീരുമാനിച്ചു ഉറപ്പിച്ചതാണ്. ദിവസവും തീരുമാനിച്ചു. സെപ്തംബര്‍ 2 ശനിയാഴ്ച. റിഡ്ജ് വുഡിലുള്ള വെസ്റ്റ്‌സൈഡ് പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച് റോയിയും ജേമിയും കുടുംബാംഗങ്ങളും നന്നെന്നു കണ്ട് അഡ്വാന്‍സും കൊടുത്തു ഉറപ്പിക്കുകയും ചെയ്തു. റിസപ്ഷന്‍ നോര്‍ത്ത് ഹാല്‍ഡിനോണിലെ ദി ടൈറ്റ്‌സ് ബാങ്ക്വറ്റ് ഹാളില്‍ ഉറപ്പിച്ചു. പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും പറഞ്ഞ് രണ്ട് ഗഡു അഡ്വാന്‍സും നല്‍കി. ഇതിനിടയില്‍ നടക്കേണ്ടതായ ബ്രൈഡല്‍ ഷവറും മന്ത്രകോടി എടുക്കലും മിന്നെടുക്കലും വജ്രാഭരണങ്ങളൊക്കെ വാങ്ങുകയും ചെയ്തു. ഹൂസ്റ്റണില്‍ നിന്നും വരേണ്ട അറുപതോളം പേര്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. കല്യാണ തീയതി അടുത്തപ്പോഴേയ്ക്കും വധുവിന്റെ വീടായ വാലി കോട്ടേജില്‍ തകൃതിയായ ഒരുക്കങ്ങും തുടങ്ങി.

ഓഗസ്റ്റ് 30, 31 ബുധന്‍, വ്യാഴം ദിവസങ്ങളിലായി 
ഹൂസ്റ്റണില്‍ നിന്നുള്ള ചെറു സംഘങ്ങള്‍ പല ഫ്‌ളൈറ്റുകളിലായി ലഗ്വാര്‍സിയിലും ജെ.എഫ്.കെയിലും ഇങ്ങെത്തുന്നതിനും കാര്‍ റെന്റ് ചെയ്യുന്നതിനും ബാങ്ക്വറ്റ് ഹാളിനടുത്തു തന്നെ ബുക്ക് ചെയ്ത ഹോട്ടലില്‍ എത്തിച്ചേരുന്നതിനുമൊക്കെ പ്ലാനും പദ്ധതിയും തയ്യാറാക്കി. ഹൂസ്റ്റണില്‍ നിന്നുള്ള പ്രതിശ്രുത വരന്റെ പാര്‍ട്ടിയുടെ വരവ് പ്രമാണിച്ച് മധുരം വെപ്പിന്റെയും ഡ്രെസ് റിഹേഴ്‌സലിന്റെയും ഫൈനല്‍ ടച്ചുകളും റെഡി. വെഡ്ഡിങ് പ്ലാനര്‍ ആയ ഡേവീസിന്റെ സേവനവും തയ്യാര്‍.

സ്ഥലം 
ഹൂസ്റ്റണ്‍. ഓഗസ്റ്റ് 24, 25. കല്യാണം കലക്കുന്ന  റോളില്‍ അപ്പോഴാണ് ഹാര്‍വിയുടെ രംഗപ്രവേശം. 26, 27, 28- അനിശ്ചിതത്വത്തിന്റെ നീണ്ട വിനാഴികകള്‍. ഓഗസ്റ്റ് 29-ന് ചുറ്റും നിന്നും കേള്‍ക്കുന്നത് ദുരിതങ്ങളുടെ കഥകള്‍. തുള്ളിക്കൊരു കുടം പോലെ പേമാരി. ഇരുനൂറു കിലോമീറ്ററിനു മുകളില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റ്. കണ്ണടച്ചു തുറക്കും മുന്നേ നിരത്തുകളൊക്കെയും വെള്ളത്തിനടിയിലായി. പലരും ഒറ്റപ്പെട്ട അവസ്ഥ. ആര്‍ക്കും എവിടേക്കും പോകാനോ വരാനോ കഴിയാത്ത അവസ്ഥ. വീടുകളുടെ താഴത്തെ നിലകളിലാകെ വെള്ളം കയറിയതോടെ പലരും ഷെല്‍റ്ററുകളിലേക്ക് മാറുന്ന കാഴ്ചകള്‍. മഴ മാറുന്ന ലക്ഷണമില്ല. ഡാമുകള്‍ തുറക്കുമെന്ന സന്ദേശം. എവിടെയും വെള്ളം മാത്രം. കൊടുങ്കാറ്റും പേമാരിയും വലച്ച ദുരിതക്കടലിന്റെ വിലാപങ്ങള്‍ കൊണ്ട് ഹൂസ്റ്റന്റെ മുഖം കറുത്തു. ദിവസങ്ങളായി കറന്റ് ഇല്ല. വാഹനങ്ങള്‍ ഇല്ല. ഇന്റര്‍നെറ്റ്, ടിവി, മൊബൈല്‍ ഫോണുകള്‍ എല്ലാം നിശ്ചലം. ഹൂസ്റ്റണ്‍ ഹൈവേകളില്‍ വെള്ളം പത്തടിക്ക് മുകളില്‍. വെള്ളത്തിന്റെ വരവ് കുറയുന്നതേയില്ല. വീടിനു പുറത്തേക്ക് നോക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജീവന്‍ രക്ഷിക്കാനുള്ള അവസ്ഥയില്‍ സമ്പാദ്യങ്ങളൊക്കെയും ഉപേക്ഷിച്ച് പലരും സുഹൃത്തുക്കളുടെ വീടുകളിലേക്ക് അഭയം പ്രാപിക്കാനൊരുങ്ങുമ്പോള്‍ പ്രതിശ്രുത വരന്‍ റോയി വര്‍ഗ്ഗീസിന്റെ മനസ്സില്‍ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. വധു ജേയ്മിക്കു കൊടുത്ത വാക്ക് പാലിക്കണം. അതിനു ഹൂസ്റ്റണ്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയാലും എങ്ങനെയും ന്യൂയോര്‍ക്കില്‍ എത്തിയേ തീരൂ. പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. പല വഴികളും ആലോചിച്ചു. നിലയില്ലാ കയത്തില്‍ നിന്ന് ഒരു പിടിവള്ളി പോലും കിട്ടാനില്ലാത്ത അവസ്ഥ. എല്ലാ ഒരുക്കങ്ങളും അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്ക.

ഓഗസ്റ്റ് 30 ബുധനാഴ്ച. ഹൂസ്റ്റണില്‍ നിന്നു വിമാനം കയറേണ്ട റോയി വറുഗീസ് നിസ്സഹായനായി. പ്രകൃതിയെ പഴിച്ച്, കിട്ടിയ സന്ദര്‍ശങ്ങളില്‍ ഫോണ്‍ ഓണ്‍ ആയ മുഹൂര്‍ത്തങ്ങളില്‍  ജേയ്മിയെ വിളിച്ച് ധൈര്യം പകരുകയും എങ്ങനെയെങ്കിലും ന്യൂയോര്‍ക്കില്‍ എത്തുമെന്നു ഉറപ്പും കൊടുത്തു. അപ്പോഴും എങ്ങനെയെന്ന് റോയിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ദൈവത്തെ മാത്രം മനസ്സില്‍ വിചാരിച്ചു. ഒടുവില്‍ നിശ്ചയിച്ചുറപ്പിച്ചു. എന്തു വന്നാലും എങ്ങനെയും എയര്‍പോര്‍ട്ടില്‍ എത്തുക. ഇനി വൈകാനാവില്ല.

31 വ്യാഴാഴ്ച രാവിലെ റോയിയും മാതാപിതാക്കളും രണ്ട് സഹോദരികളും ഒരു സഹോദരി ഭര്‍ത്താവും ചേര്‍ന്ന് സിയാന പ്ലാന്റേഷനില്‍ നിന്നും രണ്ടും കല്‍പ്പിച്ച് സുഹൃത്തിന്റെ ഒരു വലിയ എസ്‌യുവിയില്‍ ഹൂസ്റ്റണിലെ പ്രളയ വെള്ളത്തെ വകഞ്ഞു മാറ്റി പ്രണയസങ്കല്‍പ്പങ്ങളുടെ ലോകത്ത് ഒരു പുത്തന്‍ ഭാഷ്യം രചിച്ചു സാഹസികമായി ഡാളസിലേക്ക് വണ്ടിയോടിച്ചു. അതു വെറുമൊരു യാത്രയായിരുന്നില്ല. ജീവന്മരണ യാത്രയായിരുന്നു. ചുറ്റും കഴുത്തറ്റം വെള്ളത്തില്‍ പലപ്പോഴും വണ്ടി പുതഞ്ഞു പോയേക്കുമെന്ന ഭയം മാറ്റി വച്ചുള്ള യാത്ര. ദൈവം മാത്രം തുണയായുള്ള ഒരു പുറപ്പാട്. ആ യാത്ര ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്കായിരുന്നുവെന്ന് റോയി ഉറപ്പിച്ചിരുന്നു. എങ്ങനെയൊക്കെയോ ഡാളസില്‍ എത്തുകയും ബുക്ക്‌ചെയ്യുകയും റീബുക്ക് ചെയ്യുകയും, റീ-റീ ബുക്ക് ചെയ്യുകയും ചെയ്ത ടിക്കറ്റിന്റെ ബലത്തില്‍ ലഗ്വാര്‍ഡിയയിലേക്ക് ഫ്‌ളൈറ്റില്‍ കയറുകയും ചെയ്തു. വിമാനം ടര്‍മാക് വിട്ട സമയത്ത് റോയിയുടെ മൊബൈലില്‍ നിന്നും ജേയ്മിക്ക് ലഭിച്ച സന്ദേശം ഒരു കുടുംബത്തിനു മുഴുവന്‍ ആഹ്ലാദം പകരുന്നതായിരുന്നു. പിന്നെയെല്ലാം ധൃതഗതിയിലായിരുന്നു. വീടിനു പിറകില്‍ പന്തല്‍ ഉയര്‍ന്നു. അത്യാവശ്യം ഡെക്കറേഷനും മേശയും കസേരയും റെഡി. ഹോള്‍ഡിലായിരുന്ന കേറ്ററിങ് കമ്പനിക്കും സന്തോഷം. കാര്യങ്ങള്‍ വിശദീകരിച്ചതോടെ ദി ടൈറ്റ്‌സ് ബാങ്ക്വറ്റ്‌സ് ഹാള്‍ അധികൃതര്‍ പ്രതിഫലം വെട്ടിച്ചുരുക്കി അവരുടെ പിന്തുണയും വാഗ്ദാനം ചെയ്തു.

വൈകുന്നേരം മധുരം വെപ്പിന് ഇരട്ടിമധുരം. വെള്ളിയാഴ്ച ഡ്രസ് റിഹേഴ്‌സലിന് ജേയ്മിയും റോയിയും കണ്ടു മുട്ടിയത് ഹാര്‍വി പകര്‍ന്ന വിഹ്വലതകളെയെല്ലാം മറി കടന്ന ആഹ്ലാദാരവങ്ങളോടെയാണ്. പിറ്റേന്ന് സെപ്തംബര്‍ 2 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പ്രാര്‍ത്ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ റോയി, ജേയ്മിക്ക് താലിചാര്‍ത്തിയപ്പോള്‍ അതു കണ്ട് നിര്‍വൃതിയടയാന്‍ ഹൂസ്റ്റണിലെ അമ്പതില്‍പരം ബന്ധുമിത്രാദികള്‍ക്കു സാധിക്കാതെ പോയല്ലോ എന്ന മനസ്താപം മാത്രം ബാക്കി-എല്ലാവരിലും. അതൊഴിച്ചാല്‍ ഒരു ശുഭപര്യന്താവസാനിയായ കഥയായി, ഈ ഹാര്‍വി കല്യാണം.
പ്രളയം തകര്‍ത്തു; പ്രണയം തളിര്‍ത്തു (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Varghese Thomas 2017-09-07 07:13:13
Nice.  Happy ending story.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക