Image

നിന്റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്റെ അന്ത്യചുംബനം

Published on 07 September, 2017
നിന്റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്റെ അന്ത്യചുംബനം
ഭയം എഴുത്തിന്റെ കൈക്ക് പിടിയ്ക്കുന്ന കാലമാണിതെന്ന് എഴുത്തുകാരി ഇന്ദു മേനോന്‍. 

ഇന്ദു മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

ഭയം എഴുത്തിന്റെ കൈക്ക് പിടിയ്ക്കുന്ന കാലമാണിത്. ഭീതിയുടേയും ഭീഷണിയുടേയും വിദൂര സാധ്യതകള്‍ എഴുത്തിനെ നിയന്ത്രിക്കുകയും അതിന്റെ സത്യസന്ധതയേയും ഗുണത്തേയും ബാധിക്കുകയും ചെയ്യുന്ന കാലം.
പൊതുവേ സെന്സിറ്റിവും സാമാന്യം ശാരീരികവുമായ് ദുര്‍ബലവുമായ ആര്‍ട്ടിസ്റ്റിന്റെ എഴുത്തില്‍ കഴുത്തില്‍ ഭയം പിടിമുറുക്കുന്നു... ഭീരുക്കളായ നാമില്‍ പലരും ഫാഷിസ്റ്റ് ബ്ലാസ്ഫെമിയുടെ ഏറ്റവും വിദൂരമായ സാധ്യതകള്‍ പോലും ഒഴിവാക്കുന്നു.

ബ്ലാസ്ഫെമിയെന്നാല്‍ നിന്ദയാണു. ദൈവമായ് കരുതുന്ന, ദൈവമാക്കപ്പെട്ട എന്തിന്റെയും നിന്ദ. അത് ഭരണാധികാരിയെ നിന്ദിക്കലാവാം നിലനില്‍ക്കുന്ന സമൂഹത്തിന്റെ അധീശത്വത്തെ, ദൈവമായ് ഒരു സംഘം വാഴിത്തി വെക്കുന്ന എന്തിനെയും നിന്ദിക്കലാവാം. എങ്കില്‍ ബ്ലാസ്ഫെമിയുടെ വക്താവായ എഴുത്തുകാരനു സ്വന്തം കഴുത്തിനെ പ്രതി ഭയന്നേ പറ്റൂ. 

എഴുതുന്നവ മാത്രമല്ല പറയുന്നവയ്ക്ക് കാണുന്നവയ്ക്ക് ആശങ്കപ്പെടുന്നവയ്ക്ക്, ഭാവിയില്‍ ഉച്ചരിക്കാന്‍ സാധ്യതയുള്ള ഓരോ വാചകത്തിലും വരാവുന്ന ബ്ലാസ്ഫെമിയുടെ സാധ്യതകള്‍ നാം ഒഴിവാക്കേണ്ടി വരുന്ന കാലമാണിത്. നിലവിലുള്ള ഒരു ബിംബങ്ങളും എഴുത്തുകാരനു ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. സമൂഹത്തില്‍ ഉപയുക്തപ്പെടുത്തുന്ന പ്രതിരോധത്തിന്റെയും പ്രതിഷേധങ്ങളുടെയും എല്ലാ ബിംബങ്ങളിലും ഇമേജെറിയിലും ബ്ലാസ്ഫെമിയുടെ ഘടകങ്ങളുണ്ടെന്ന് ആരോപിക്കപ്പെടും.
അവര്‍ക്കായ് നാമുച്ചരിക്കാത്ത ഓരോ വാക്കും അവര്‍ക്കായ് നാം കുനിക്കാത്ത ഓരോ ശിരസ്സും അവര്‍ക്കായ് നാം വളയ്ക്കാത്ത ഓരോ നട്ടെല്ലും തകര്‍ക്കപ്പെടും... തൊണ്ടക്കുഴിയില്‍ നീറുന്ന ബുള്ളെറ്റ്, തലച്ചോറില്‍ തുളയിട്ട് കടന്നുപോകുന്ന ബുള്ളെറ്റ്, ഹൃദയാറകളെ തകര്‍ക്കുന്ന ബുള്ളെറ്റ്. 

എഴുത്ത് അതിന്റെ തീമുനയില്‍ ചുരുക്കപ്പെടുകയാണു. കൊലയാളിയായ നീരാളിയെപ്പോലെ നമ്മുടെ വായടച്ച്, ചെവിയടച്ച്, കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് അമര്‍ത്തി നമ്മെ വലിച്ചൂറ്റി ചണ്ടിയും ശുഷ്‌കവുമാക്കുന്നു. പ്രതിഷേധം പോയിട്ട് ആത്മാവിഷ്‌കാരത്തിനു കെല്‍പ്പില്ലാതാകുന്നു. ഭീരുവായ് പേനകുത്തിയൊടിക്കുമ്പോള്‍ അവര്‍ ചോദിയ്ക്കുന്നു

' സഹോദരി നിന്റെ കൂടി നാവല്ലായിരുന്നോ ഞാന്‍? നിനക്കും കുഞ്ഞുങ്ങള്‍ക്കും പകരമല്ലേ ഞാന്‍?'
ലജ്ജയോടെ തലകുമ്പിട്ട് പിന്തിരിഞ്ഞ് പോകുമ്പോള്‍, മെലിഞ്ഞ ഒരുടലില്‍ നിസ്സഹായമായ് ഉണങ്ങിപ്പോയ ചോരയുടെ തീത്തിളക്കം. എന്റെ നട്ടെല്ലിനെയും കത്തിക്കുന്നു. തുളവീണ മസ്തിഷ്‌കസുഷിരങ്ങള്‍
കാലിഡോസ്‌കോപ്പിലെന്ന വണ്ണം രഹസ്യ കാഴ്ചയെ തിളക്കുന്നു. കടലോളം വന്യമായ ശബ്ദം സിരകളെ ഉണര്‍ത്തുന്നു. നീയെന്നെ തിരികെ വിളിക്കുന്നു... സഹോദരീ നീ പ്രാണനില്‍ ധൈര്യം പകരുന്നു. നീ പഠിപ്പിക്കുന്നു.

എഴുത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണു.
എന്റെ എത്ര മാമ്പഴക്കാലങ്ങള്‍ തീര്‍ന്നാലും
എത്ര കുപ്പിച്ചില്ലുകള്‍ വിതറിയാലും
ഏതു ശൂലം കൊണ്ടെന്റെ ഭ്രൂണത്തെ കുത്തിയെടുത്ത് ചുട്ട് പുഴുങ്ങിയവര്‍ തിന്നാലും,
ഏത് വാള്‍കൊണ്ടെന്റെ ഗളച്ഛേദം നടത്തിയാലും
എല്ലാ അറപ്പിക്കുന്ന കാവിനിറത്തിനും മീതെ എന്റെ കറുപ്പ്, എന്റെ രക്തപ്പശപ്പ്, എന്റെ വാക്ക് തീപ്പര്‍വ്വതം പോലെ പൊട്ടിച്ചിതറി പടരുമെന്ന്...
പ്രിയപ്പെട്ടവളെ നിന്റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്റെ അന്ത്യചുംബനം. നിനക്കെന്റെ വാക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക