Image

ഗൗരി ലങ്കേഷ് (1962-) കൊല തുടരുന്നു, നിര്‍ദ്ദാക്ഷിണ്യം (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 08 September, 2017
ഗൗരി ലങ്കേഷ് (1962-) കൊല തുടരുന്നു, നിര്‍ദ്ദാക്ഷിണ്യം (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഗൗരി ലങ്കേഷ് എന്ന വലതുപക്ഷ- ഹിന്ദുത്വ വിരുദ്ധ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകക്ക്  മരണം ഇല്ല. അതുകൊണ്ടാണ് ഞാന്‍ ശീര്‍ഷകത്തില്‍ ജനന വര്‍ഷം മാത്രം കുറിച്ചത്. അവരെ സെപ്തംബര്‍ അഞ്ചാം തീയതി (ചൊവ്വാഴ്ച) അക്രമികള്‍ ബാഗ്ലൂരുള്ള അവരുടെ വസതിയില്‍ വെടിവെച്ച് കൊല ചെയ്തുവെങ്കിലും അവരുടെ ചിതയില്‍ നിന്നും ഒരായിരം ഗൗരി ലങ്കേഷ്മാര്‍ ഇന്‍ഡ്യന്‍ മാധ്യമരംഗത്ത് ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന അവസ്ഥയാണ് ഈ ദിവസങ്ങളില്‍ ഇന്‍ഡ്യ ഒട്ടാകെ കണ്ടത്.

ഞാന്‍ ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ(ഐ.പി.സി.എന്‍.എ.) ഏഴാമത് ദൈ്വവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം ചിക്കാഗോയില്‍ നിന്നും മടങ്ങി ഇന്‍ഡ്യയിലെത്തുമ്പോള്‍ കേട്ട ഏറ്റവും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു അത്. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ പുനസംഘടന മൂന്നാം പ്രാവശ്യം നടത്തിയത് ദേശീയ ശ്രദ്ധയില്‍ ഉണ്ടായിരുന്നുവെങ്കിലും ഗൗരിലങ്കേഷിന്റെ ഹത്യ ദേശീയ തലത്തില്‍ ഞെട്ടല്‍ ഉളവാക്കി.

കാരണം, അത് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം ആയി സമൂഹം കണ്ടു. മാധ്യമ പ്രവര്‍ത്തകര്‍ കണ്ട ഗൗരി ഇടതുപക്ഷക്കാരി ആയ, ഒരു മാധ്യമ പ്രവര്‍ത്തക ആയിരുന്നു. ഒരു സന്ദര്‍ഭത്തില്‍ നക്‌സലൈറ്റ് ആയും ചിത്രീകരിക്കപ്പെട്ടിരുന്നു. പക്ഷേ, അവര്‍ നക്‌സലൈറ്റുകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരുവാന്‍ ശ്രമിച്ച വ്യക്തി ആയിരുന്നു. അതുപോലെ ആദിവാസികള്‍ക്കും അശരണര്‍ക്കും മറ്റ് ചൂഷിത വര്‍ഗ്ഗത്തിനും വേണ്ടി തൂലിക ചലിപ്പിച്ച മാധ്യമപ്രവര്‍ത്തക ആയിരുന്നു. സ്ത്രീ ശാക്തീകരണവും, സര്‍വ്വദേശീയ വിദ്യാഭ്യാസവും, മതനിരപേക്ഷതയും, മതരാഷ്ട്രീയവും അവരുടെ വിഷയങ്ങള്‍ ആയിരുന്നു. പ്രത്യുത ഗൗരിയുടെ 'ഗൗരിലങ്കേഷ് പത്രിക' എന്ന പ്രസിദ്ധീകരണം മനുസ്മൃതിയെയും, ആര്‍.എസ്.എസ്., ബി.ജെ.പി. സംഘപരിവാറിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. അതിനാല്‍ ഗൗരിയുടെ ഘാതകര്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ ആയിരിക്കാമെന്ന് ഒരു നിഗമനം ഉണ്ട്. അല്ല അത് നക്‌സലൈറ്റുകള്‍ ആയിരിക്കാമെന്നും വാദിക്കുന്നവരും ഉണ്ട്. കാരണം ഗൗരി നക്‌സലൈറ്റുകളുടെ മാനസാന്തരത്തിനായി പ്രവര്‍ത്തിക്കുകയും ഒട്ടേറെപേരെ ആ ചിന്താസരണിയില്‍ നിന്നും വിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പകകൊണ്ട് നക്‌സലൈറ്റുകള്‍ ഗൗരിയുടെ കഥ കഴിച്ചത് ആയിരിക്കാമെന്നാണ് ഇവരുടെ അഭിപ്രായം. അതല്ല ചില വ്യക്തി വൈരാഗ്യങ്ങളും ഇതിന് പിന്നില്‍ ഉണ്ടാകാമെന്നും സമര്‍ത്ഥിക്കുന്നവരും ഉണ്ട്. ഏതായാലും ഗൗരി ലങ്കേഷ് എന്ന ആ നല്ല, ധിക്ഷണാശാലിയായ, നട്ടെല്ലുള്ള, ആദര്‍ശശാലിയായ ആ വനിതാ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു.

ആരാണ് ഗൗരിയുടെ കൊലപാതകികള്‍? ഹിന്ദുത്വ തീവ്രവാദികളോ? നക്‌സലൈറ്റുകളോ? അതോ കുടുംബപകയോ?

ഗൗരിയെപ്പോലെ വിഗ്രഹഭജ്ജകരും നിരീശ്വരവാദികളും തീവ്രഹിന്ദുത്വ വിരോധികളുമായ മറ്റു പലരെയും കഴിഞ്ഞ വര്‍ഷങ്ങളായി അക്രമികള്‍ വക വരുത്തിയിട്ടുണ്ട്. ഇതിലൊന്നാണ് നരേന്ദ്ര ദാബോല്‍ക്കര്‍(68). അദ്ദേഹത്തെ വധിച്ചത് 2013, ഓഗസ്റ്റ് 20ന് ആയിരുന്നു. ഗൗരിയെ വധിച്ചതുപോലെ തന്നെ ഘാതകര്‍ മോട്ടോര്‍ സൈക്കിളിലെത്തി പോയിന്റ് ബ്ലാങ്കില്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ദാബോല്‍ക്കര്‍ നിരീശ്വരവാദിയും, സാമൂഹ്യപ്രവര്‍ത്തകനും, അന്ധവിശ്വാസങ്ങള്‍ക്കും, ബഌക്ക് മാജിക്കിനും മറ്റ് ദുരാചാരങ്ങള്‍ക്കും എതിരെ കുരിശുയുദ്ധം നടത്തുന്ന വ്യക്തിയും ആയിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടത് പൂനയിലുള്ള(മഹാരാഷ്ട്ര) സ്വവസതിയില്‍ നിന്നും ഒരു പ്രഭാത നടപ്പിന് ഇറങ്ങുമ്പോള്‍ ആയിരുന്നു. ഈ ഹത്യ സംബന്ധിച്ച് സി.ബി.ഐ. അറസ്റ്റ് ചെയ്ത വ്യക്തികള്‍ക്ക് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുമായി ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്നു. മറ്റു ചില പ്രതികള്‍ക്ക് 2009-ലെ ഗോവ സ്‌ഫോടനവുമായി ബന്ധം ഉണ്ടെന്നും സി.ബി. വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ ഒരു പ്രതി ഗോവിന്ദ് പന്‍സാരെ(82) കൊലക്കേസിലെ പ്രതിയുടെ സുഹൃത്ത് ആണെന്നും അന്വേഷണ ഏജന്‍സി സ്ഥാപിക്കുന്നു.

ഗോവിന്ദ് പന്‍സാരെ ഒരു നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ്്കാരനും ആയിരുന്നു. അദ്ദേഹം കൊല ചെയ്യപ്പെട്ടത് 2015 ഫെബ്രുവരി 16 ന് ആയിരുന്നു. അപ്പോഴേക്കും മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയിരുന്നു. ദൈബോല്‍ക്കര്‍ വധിക്കപ്പെടുമ്പോള്‍ മോഡി അധികാരത്തില്‍ എത്തിയിരുന്നില്ല. പക്ഷേ, മഹാരാഷ്ട്ര ബി.ജെ.പി.യുടെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു. പന്‍സാരെ കൊല്ലപ്പെടുമ്പോള്‍ കേന്ദ്രവും മഹാരാഷ്ട്രയും ബി.ജെ.പി.യുടെ സംഘപരിവാറിന്റെ ഭരണത്തിനു കീഴില്‍ ആയിരുന്നു. ഗൗരിയുടെ വധത്തിലെത്തുന്നതുപോലെ ഘാതകര്‍ മോട്ടോര്‍ സൈക്കിളിലെത്തി പോയിന്റ് ബഌങ്കില്‍ വെടിവെയ്്ക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയതവര്‍ ഹിന്ദു സനാതന്‍ സന്‍സ്ഥയുടെ അംഗങ്ങള്‍ ആയിരുന്നു. ഇതില്‍ ചിലര്‍ ദാബോള്‍ക്കര്‍ വധത്തിലും പ്രതികള്‍ ആയിരുന്നു.
മറ്റൊരു സ്വതന്ത്രചിന്തകനും നിരീശ്വരവാദിയും ആയ എം.എം.കല്‍ബുര്‍ഗി(76) കൊലചെയ്യപ്പെട്ടത് 2015, ഓഗസ്റ്റ് 30ന് ആയിരുന്നു. അദ്ദേഹത്തെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഘാതകസംഘം വിദ്യാര്‍ത്ഥികളായി നടിച്ച് വീടിനുള്ളില്‍ പ്രവേശിച്ച് പോയിന്റ് ബഌങ്കില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. നിരീശ്വരവാദിയും വിഗ്രഹാരാധനയെ നിഷേധിച്ചവനും വൈദിക ആചാരാനുഷ്ഠാനങ്ങളെ നിരാകരിച്ചവനും ആയ കല്‍ബുര്‍ഗി ഹംബി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു. വിരുദ്ധ ജാതി വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ച പന്‍സാരയെ പോലെ കര്‍ബുര്‍ഗിയും സാദാചാര ഗുണ്ടകളുടെ നോട്ടപുള്ളി ആയിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സംസ്ഥാന ഭരണം കോണ്‍ഗ്രസിന്റെ കീഴിലാണ്. ഗൗരിയുടെ വധം സംസ്ഥാനത്തെ രണ്ടാമത്തെ വധം ആണ് ഈ ഇനത്തില്‍. മഹാരാഷ്ട്രയിലെയും കര്‍ണ്ണാടകത്തിലെയും ദാബോല്‍ക്കര്‍-പന്‍സാരെ- കല്‍ബുര്‍ഗി വധങ്ങളില്‍ ഇതുവരെ ശിക്ഷ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധാര്‍ഹം ആണ്.

ഗൗരിയുടെ വധവും ദാബോല്‍ക്കര്‍-പന്‍സാരെ-കല്‍ബുര്‍ഗി കൊലകളില്‍ സംശയിക്കപ്പെട്ടതു പോലെ വലതുപക്ഷ തീവ്രവാദ ഹിന്ദുത്വയുടെ ഗൂഢാലോചനയുടെ ഫലം ആണോ? ഈ സംശയം ബലപ്പെടുവാന്‍ കാരണം ഗൗരിയുടെ വലതുപക്ഷ തീവ്രഹിന്ദുത്വ വിരുദ്ധ നിലപാടും എഴുത്തും ആണ്. അതുപോലെ തന്നെ വധരീതിയും ഒന്നു തന്നെ- മോട്ടോര്‍ സൈക്കിള്‍ ഘാതകര്‍, പോയിന്റ് ബ്ലാങ്ക് ഷൂട്ടിംങ്ങ്.

ഗൗരി നക്‌സലൈറ്റുകളുടെ കീഴടങ്ങലിനായി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്നത് സത്യം ആണ്. ഗൗരി കീഴടങ്ങിയ നക്‌സലൈറ്റുകള്‍ക്കൊപ്പം നിന്നെടുത്ത വീഡിയോകള്‍ വൈറല്‍ ആവുകയും ഉണ്ടായി സോഷ്യല്‍ മീഡിയയില്‍. ഇതില്‍ കീഴടങ്ങാത്ത നക്‌സലുകള്‍ അസന്തുഷ്ടരും ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാര്യം നക്‌സലുകള്‍ ഗൗരിയെ നേരിട്ടുകണ്ട് ബോധിപ്പിച്ചതും ആണ്. അവര്‍ ആകുമോ ഈ കൊലക്ക് പിന്നില്‍?

ഗൗരിയുടെ പ്രസിദ്ധീകരണം കര്‍ണ്ണാടകത്തിലെ ഖനി-ഭൂമി മാഫിയയെ എക്‌സ്‌പോസ് ചെയ്തുകൊണ്ട് റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. ഇനി ഇവര്‍ ആയിരിക്കുമോ ഈ വധത്തിന്റെ പിറകില്‍? നക്‌സലുകളോ ഖനി-ഭൂമി മാഫിയയോ ആകാമായിരിക്കാം ഇതിനു പിന്നില്‍. അല്ലെങ്കില്‍ അവര്‍ അല്ലായിരിക്കാം. അത് കണ്ടെത്തേണ്ട ചുമതല പ്രത്യേക അന്വേഷണ വിഭാഗത്തിന്റേതാണ്. ഗൗരി ഒരു ഇടതുപക്ഷ-നക്‌സല്‍ സഹായാത്രിക ആയിരുന്ന എന്ന വസ്തുത കണക്കിലെടുത്താല്‍ നക്‌സലുകള്‍ അവരെ കൊല്ലുവാനുള്ള സാദ്ധ്യത ചുരുക്കമാണ്. നക്‌സലുകള്‍ സാധാരണ കൊല്ലുന്നത് പോലീസിന് രഹസ്യ വിവരങ്ങള്‍ കൈമാറുന്നവരെയാണ്- പോലീസ് ഇന്‍ഫോര്‍മേഴ്‌സ്.
ഗൗരിയും സഹോദരനും തമ്മില്‍ പത്രത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തെറ്റിയിരുന്നുവെന്ന് ഒരു വാര്‍ത്താ പ്രചാരത്തില്‍ ഉണ്ട്. 2000-ല്‍ അച്ഛന്‍ ലങ്കേഷ് മരിച്ചപ്പോള്‍ അതുകൊണ്ടാണ് ഗൗരി പുതിയ പത്രമായ ഗൗരി ലങ്കേഷ് പത്രിക തുടങ്ങിയതെന്നും ലങ്കേഷ് പത്രികയോട് വിടപറഞ്ഞതെന്നും പറയപ്പെടുന്നു. പക്ഷേ, അത് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ് എന്ന് ഓര്‍മ്മിക്കണം. ഇതിനിടെ ഇവര്‍ തമ്മില്‍ പിണക്കമോ, തര്‍ക്കമോ, പൊട്ടിത്തെറിയോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഇതെല്ലാം പോലീസ് കണ്ടെത്തട്ടെ. പക്ഷെ, ജനകീയ കോടതിയില്‍ ഈ ഘാതകര്‍ പ്രമാദമായ ഒരു തെറ്റാണ് ചെയ്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം. സത്യത്തിന്റെ വായ്മൂടിക്കെട്ടുവാനുള്ള ഒരു കുത്സിത ബീഭത്സ ശ്രമം ആണ്. അത് ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ അനുവദനീയം അല്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ ലിസ്റ്റില്‍ ഇന്‍ഡ്യയുടെ സ്ഥാനം 180-ല്‍ 136 ആണ്(റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോഡേഴ്‌സ്). ഭൂട്ടാനും(84), നേപ്പാളും(100) ഇന്‍ഡ്യയേക്കാള്‍ ഭേദം ആണ്. ഇന്‍ഡ്യക്ക് തൊട്ടടുത്തുള്ളത് ജിഹാദികളുടെയും താലിബാന്റെയും വിഹാരകേന്ദ്രം ആയ പാക്കിസ്ഥാന്‍ ആണ്. ഇന്‍ഡ്യയും ഈ ഇനം വലതുപക്ഷ തീവ്രവാദ മത രാഷ്ട്രീയത്തിലേക്ക് തരം താഴുകയാണോ? ഇന്‍ഡ്യയും മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മറ്റ് ഏകാധിപത്യ-മതാധിപത്യ രാഷ്ട്രത്തേക്കാള്‍ ഒട്ടും ഭിന്നമല്ല കണക്കുകളുടെ അടിസ്ഥാനത്തില്‍. റഷ്യയും ടര്‍ക്കിയും ഇറാനും എല്ലാം മാധ്യമ അടിച്ചമര്‍ത്തലിന്റെ കാര്യത്തില്‍ മത്സരിച്ച് മുന്നിട്ടു നില്‍ക്കുന്നത് മനസിലാക്കാം. പക്ഷേ, ഇന്‍ഡ്യ? ഗൗരി? റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോഡേഴ്‌സ് എന്ന അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 2015-ല്‍ ലോകത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏറ്റവും ആപല്‍ക്കരമായ രാജ്യങ്ങളില്‍ ഒന്നായി ഇന്‍ഡ്യ മാറിയത്രെ. ഇന്റര്‍ നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണ്ണലിസ്റ്റ്‌സിന്റെ കണക്കുപ്രകാരം 8 മാധ്യമപ്രവര്‍ത്തകര്‍ ഇന്‍ഡ്യയില്‍ കൊലചെയ്യപ്പെട്ടു 2016-ല്‍.

സമരകലുഷിതമായ മത വിദ്വേഷം നിറഞ്ഞ ഇറാക്ക് ആണ് ഈ ലിസ്റ്റില്‍ മുമ്പില്‍. ഇന്‍ഡ്യ എട്ടാം സ്ഥാനത്താണ്. കണക്കുപ്രകാരം 1992 നും 2017നും ഇടയില്‍ ഇന്‍ഡ്യയില്‍ 40 മാധ്യമപ്രവര്‍ത്തകരെ വ്യക്തമായ കാരണങ്ങളാല്‍ നിഗ്രഹിക്കുകയുണ്ടായി. 27 മാധ്യമപ്രവര്‍ത്തകരെ അജ്ഞാതമായ കാരണങ്ങളാലും കൊന്നൊടുക്കി. രാഷ്ട്രീയക്കാരും ഖനി-ഭൂമി മാഫിയയും വ്യവസായികളും ഭരണത്തിന്റെ ശൃംഖലയിലെ മറ്റ് കണ്ണികളും ഇതിന്റെ പിന്നിലുള്ളതായി വിലയിരുത്തപ്പെടുന്നു. സര്‍വ്വോപരി വലതുപക്ഷ തീവ്രവാദ മതരാഷ്ട്രീയവും അത് ഊട്ടി വളര്‍ത്തുന്ന അസഹിഷ്ണുതയും ഇതിന്റെ പിന്നില്‍ ശക്തമായിട്ടുണ്ട്.

ഗൗരി ലങ്കേഷ് നട്ടെല്ലുള്ള, പ്രതിജ്ഞാബദ്ധതയുള്ള, പ്രതിബദ്ധതയുള്ള ഒരു മാധ്യമപ്രവര്‍ത്തക ആയിരുന്നു. അവര്‍ക്ക് മരണം ഇല്ല. ടൈംസ് ഓഫ് ഇന്‍ഡ്യയുടെ വാഷിംങ്ങ്ടണ്‍ പ്രതിനിധിയും ഗൗരിയുടെ മുന്‍ ഭര്‍ത്താവും ചിദാനന്ദ് രാജ്ഘട്ടയുടെ My friend and First Love, Gaui Lankesh was the epitome of amazing Grace' എന്ന അനുസ്മരണകുറിപ്പ് ഹൃദയസ്പൃക്കാണ്.
മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള മത-രാഷ്ട്രീയ-മാഫിയ ഭീകരുടെ ആക്രമണം ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒടുവിലത്തെ സംഭവമായ ഗൗരിയുടെ വധത്തില്‍ പ്രധാനമന്ത്രി മോഡി ശക്തമായ ഇടപെടല്‍ നടത്തണം. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വ്യവസ്ഥാപിത ഭരണത്തിലുള്ള വിശ്വാസം വീണ്ടെടുക്കണം.


ഗൗരി ലങ്കേഷ് (1962-) കൊല തുടരുന്നു, നിര്‍ദ്ദാക്ഷിണ്യം (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക