Image

ശ്രീവല്‍സം ഗ്രൂപ്പ്‌ മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ്‌ മരിച്ച നിലയില്‍

Published on 08 September, 2017
ശ്രീവല്‍സം ഗ്രൂപ്പ്‌ മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ്‌ മരിച്ച നിലയില്‍

ഹരിപ്പാട്‌: വിവാദ വ്യവസായി എംകെആര്‍ പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പ്‌ മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ്‌ കൃഷ്‌ണനെ ഇന്ന്‌ രാവിലെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട്‌ സ്വദേശി കൃഷ്‌ണനാണ്‌ മരിച്ചത്‌.   പോലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുത്തു. 

 ഹരിപ്പാട്ടെ വീട്ടിലാണ്‌ കൃഷ്‌ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അതേസമയം രാധാമണിയെ കാണാനില്ലാത്തത്‌ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. ഇതിനിടെ ഇവര്‍ എറണാകുളത്തുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ജീവിക്കാന്‍ നിവൃത്തിയില്ലെന്ന്‌ കൃഷ്‌ണന്‍ കഴിഞ്ഞ ദിവസം ഭാര്യ മാതാവിനെ വിളിച്ച്‌ പറഞ്ഞിരുന്നുവെന്നാണ്‌ വിവരം. ഇരുവരും തമ്മില്‍ വാക്ക്‌ തര്‍ക്കമുണ്ടായിരുന്നുവെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌.

ശ്രീവത്സം പിള്ളയുടെ അനധികൃത സ്വത്ത്‌ സമ്പാദനവുമായി ബന്ധപ്പെട്ട്‌ രാധാമണിയുടെയും കൃഷ്‌ണന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ സംഭവം. 

പിള്ളയ്‌ക്ക്‌ ആയിരം കോടി രൂപയില്‍ അധികം വരുന്ന അനധികൃത സ്വത്തുണ്ടെന്ന്‌ ആദായ നികുതി വകുപ്പ്‌ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ രാധാമണിക്കും ഭര്‍ത്താവിനും അറിയാമെന്നും വിവരം ലഭിച്ചിരുന്നു. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ കൃഷ്‌ണനെ മരിച്ച നിലയില്‍ കണ്ടെത്തിയതും രാധാമണിയെ കാണാതായിരിക്കുന്നതും.

നാഗാലാന്‍ഡ്‌ പോലീസില്‍ കോണ്‍സ്റ്റബിളായിരുന്ന എംകെആര്‍ പിള്ള സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ എഎസ്‌പിയായിരുന്നു. ഇന്ന്‌ നാഗാലാന്‍ഡ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും പിള്ള സര്‍ എന്നറിയപ്പെടുന്ന രാജേന്ദ്രന്‍ എന്ന കോണ്‍സ്റ്റബിളിന്റെ ആസ്‌തി സമീപകാലത്ത്‌ ഏറെ ചര്‍ച്ചയാകുകയും ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തുകയും ചെയ്‌തിരുന്നു.

എംകെആര്‍ പിള്ളയുടെയും മക്കളുടെയും അനധികൃത സ്വത്ത്‌ സമ്പാദനത്തെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ആദായ നികുതി വകുപ്പ്‌ ജൂണ്‍ മാസം സ്ഥാപനങ്ങളില്‍ റെയ്‌ഡ്‌ നടത്തിയത്‌. നൂറ്‌ കോടി രൂപയുടെ സ്വത്തുക്കള്‍ റെയ്‌ഡില്‍ പിടിച്ചെടുത്തുവെന്നാണ്‌ ഔദ്യോഗിക വിവരം. 

എന്നാല്‍ ഇത്‌ കേരളത്തില്‍ നിന്ന്‌ മാത്രം പിടിച്ചെടുത്തതാണ്‌. കര്‍ണാടക, നാഗാലാന്‍ഡ്‌, ഡല്‍ഹി എന്നിവിടങ്ങളിലും ഇവര്‍ക്ക്‌ സ്ഥാപനങ്ങളും ആസ്‌തിയുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക