Image

കലയുടെ "പൂമരം' ഒരുക്കി എം ബി എന്‍ ഫൗണ്ടേഷന്‍

Published on 08 September, 2017
കലയുടെ "പൂമരം' ഒരുക്കി എം ബി എന്‍ ഫൗണ്ടേഷന്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ മലയാളികളെ സംഗീതത്തിന്റെയും,ചിരിയുടെയും ലോകത്തേക്ക് കൊണ്ടു പോകുവാന്‍ വൈക്കം വിജയലക്ഷ്മിയും സംഘവും "പൂമരം' ഷോയുമായി എത്തുന്നു. കലാമൂല്യമുള്ള ഈ പരിപാടി ന്യൂജേഴ്‌സിയിലെ മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് എം ബി എന്‍ ഫൗണ്ടേഷന്‍. സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ മാധവന്‍ ബി നായര്‍ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എന്‍ ഫൗണ്ടേഷന്‍. "പ്രോമോട്ടിങ് സ്കില്‍സ്,സപ്പോര്‍ട്ടിങ് ഹെല്‍ത്" എന്ന ആശയവുമായി ആരംഭിച്ച എം ബി എന്‍ ഫൗണ്ടേഷന്റെയും ന്യൂജേഴ്‌സിയിലെ മലയാളി സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (MANJ), കേരളാ കള്‍ച്ചറല്‍ ഫോറം (KCF),നോര്‍ത്ത് അമേരിക്കന്‍ മലയാളിസ് ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (NAMAM) എന്നിവയുടെ പിന്തുണയോടും കൂടിയാണ് പൂമരം ഷോ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചിനു വൂഡ്ബ്രിഡ്ജ് മിഡില്‍ സ്കൂളില്‍ (525 ബാരന്‍ അവന്യു) വൈകിട്ട് നാലുമണിക്ക് നടക്കുന്ന പരിപാടി വ്യത്യസ്തകള്‍ നിറഞ്ഞതാകും.

വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളര്‍ന്നത്.1981 ഒക്ടോബര്‍ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതല്‍ തന്നെ വിജയലക്ഷ്മി സംഗീതത്തില്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തില്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ട്യൂണുകള്‍ കേട്ട് പാട്ടുകളിലെ രാഗങ്ങള്‍ കണ്ടെത്താനും സ്വന്തമായി പാട്ടുകള്‍ ട്യൂണ്‍ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഇക്കാലയളവില്‍ “ഗായത്രി വീണ” എന്ന സംഗീത ഉപകരണത്തില്‍ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്ക്കരിച്ച് ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. “ഗായത്രി വീണ” കൊണ്ട് നിരവധി സംഗീതക്കച്ചേരികള്‍ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോല്‍സവം,സൂര്യ ഫെസ്റ്റിവല്‍ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.വിജയലക്ഷ്മി വിജിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട് തന്നെ സംഗീതാസ്വദകരുടെ ഹൃദയം കവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ “സെല്ലുലോയി”ഡിലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനം മലയാളക്കരയാകെ അലയടിച്ചു. ആ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവര്‍ കുറവായിരിക്കും. ആദ്യ പാട്ടിനു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ സമിതിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മാത്രമല്ല,വിജയലക്ഷ്മിയുടെ വേറിട്ട ആലാപന ശൈലി പരക്കെ അംഗീകരിക്കപ്പെട്ടു. അതോടെ കൂടുതല്‍ അവസരങ്ങളും കൈവന്നു. കാഴ്ച നല്‍കുന്ന ഞരമ്പുകള്‍ ചുരുങ്ങിയതാണ് വിജയലക്ഷമിയ്ക്ക് കാഴ്ചയില്ലാതിരിക്കാന്‍ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള സംവിധാനം അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. ‘ബയോണിക് ഐ’ എന്ന ഈ സംവിധാനം വിജയലക്ഷ്മിക്കു ഗുണപ്രദമാകുമോ എന്നും പൂമരം സംഘം അന്വേഷിക്കുന്നുണ്ട്.

വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ എത്തുന്ന പരിപാടി എന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ പുല്ലാംകുഴലില്‍ വിസ്മയം തീര്‍ക്കുന്ന ചേര്‍ത്തല രാഗേഷും, ബിനോയിയും അടങ്ങുന്ന സംഗീത സംഘം ഒരുക്കുന്ന നാദവിസ്മയം ന്യൂജേഴ്‌സി മലയാളികള്‍ക്ക് നവ്യാനുഭവം ആയിരിക്കും. ഇവര്‍ മൂവരും ഗായത്രി വീണയും, പുല്ലാങ്കുഴലും, കീബോര്‍ഡും, വയലിനും കോര്‍ത്തിണക്കി ഒരുക്കുന്ന സംഗീത പ്രപഞ്ചം കാണാന്‍ പോകുന്ന പൂമരകാഴ്ച തന്നെയാകും.

അനുശ്രീ, റേയ്ജന്‍ രാജന്‍ , രൂപശ്രീ , സജ്‌ന നജാം , ശ്രുതി തമ്പി ഷാജു തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഉണ്ടായിരിക്കും. സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് സജ്‌ന നജാം ആണ് കൊറിയോഗ്രാഫര്‍. അബിയും , അനൂപ് ചന്ദ്രനും ,ആക്ഷന്‍ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകളും പുതുമ നിറഞ്ഞതാകും. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ ഫ്യൂഷന്‍ ബാന്‍ഡും ഒപ്പമുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാധവന്‍ ബി നായര്‍, ചെയര്‍മാന്‍, 732 718 7355, വിനീത നായര്‍, പി ര്‍ ഒ, 732 874 3168
കലയുടെ "പൂമരം' ഒരുക്കി എം ബി എന്‍ ഫൗണ്ടേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക