Image

തകര്‍ന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കി നാട്ടിലേയ്ക്ക്

Published on 09 September, 2017
തകര്‍ന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കി നാട്ടിലേയ്ക്ക്
ദമ്മാം: ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്തെത്തുകയും, എന്നാല്‍ സാഹചര്യങ്ങള്‍ മൂലം ദുരിതത്തിലാകുകയും ചെയ്ത രണ്ടു ഇന്ത്യന്‍ വനിതകള്‍, നവയുഗം സാംസ്‌കാരികവേദിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം സ്വദേശിനിയായ ജോഷ്‌ന, ബ്യുട്ടീഷന്‍ കോഴ്‌സ് പാസ്സായ ശേഷം നാട്ടിലെ ഒരു ബ്യുട്ടിപാര്‍ലറില്‍ ജോലി ചെയ്തു വരികയായിരുന്നു. ദമ്മാമിലെ ഒരു ബ്യുട്ടിപാര്‍ലറില്‍ നല്ല ശമ്പളമുള്ള ഒരു ജോലി നല്‍കാം എന്നു പറഞ്ഞു ഒരു ട്രാവല്‍ ഏജന്റ് നല്‍കിയ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ജോഷ്ന സൗദി അറേബ്യയില്‍, നാല് മാസങ്ങള്‍ക്ക് മുന്‍പ് പ്രവാസിയായി എത്തിയത്. എന്നാല്‍ ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലി ചെയ്യാനാണ് തന്നെ കൊണ്ടുവന്നത് എന്ന് ഇവിടെ എത്തിയ ശേഷമാണ് ജോഷ്ന മനസ്സിലാക്കിയത്. ആ വലിയ വീട്ടില്‍ പരിചയമില്ലാത്ത വീട്ടുജോലികള്‍ രാപകല്‍ ചെയ്ത് തളര്‍ന്നപ്പോള്‍, ഒരു മാസത്തിനു ശേഷം ആരുമറിയാതെ പുറത്ത് കടന്ന ജോഷ്‌ന, ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ഡെസ്‌ക്കില്‍ അഭയം തേടുകയായിരുന്നു. അവിടെ നിന്നും വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ സൗദി പോലീസിന്റെ സഹായത്തോടെ ജോഷ്നയെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

ഹൈദരാബാദ് സ്വദേശിനിയായ മാര്‍ത്തമ്മ, നാട്ടിലെ ഒരു ട്രാവല്‍ ഏജന്റ് വഴി, കുവൈറ്റില്‍ ആണ് വീട്ടുജോലിയ്ക്കായി എത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ അവരെ സൗദിയിലേക്ക് കടത്തി, ദമ്മാമില്‍ വെച്ച് മറ്റൊരു സ്വദേശിയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ മാര്‍ത്തമ്മ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസ്സി ഹെല്‍പ്‌ഡെസ്‌ക്കില്‍ അഭയം തേടുകയും, അവിടെ നിന്ന് വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെടുകയുമായിരുന്നു.

മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി രണ്ടുപേര്‍ക്കും ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. ഉടുതുണി അല്ലാതെ മറ്റൊന്നും കൈയ്യില്‍ ഇല്ലാതിരുന്ന മാര്‍ത്തമ്മയ്ക്ക് സാമൂഹ്യപ്രവര്‍ത്തകനായ മാത്യു എബ്രഹാം വസ്ത്രങ്ങളും മറ്റ് അത്യാവശ്യസാധനങ്ങളും വാങ്ങി നല്‍കി. വനിതാ അഭയകേന്ദ്രം വഴി സൗദി ഗവണ്മെന്റ് തന്നെ ഇരുവര്‍ക്കും വിമാനടിക്കറ്റ് നല്‍കി. നിയമനടപടികളിലും മറ്റും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, ഷാജി മതിലകം, എംബസ്സി വോളന്റീര്‍ ടീം തലവന്‍ പ്രൊ: മിര്‍സ ബൈഗ്, സാമൂഹ്യപ്രവര്‍ത്തകരായ എബ്രഹാം വലിയകാല, നാസ് വക്കം എന്നിവര്‍ സഹായിച്ചു.

എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, രണ്ടു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, ജോഷ്നയും, മാര്‍ത്തമ്മയും നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ജോഷ്നയും മാര്‍ത്തമ്മയും യാത്രാരേഖകളുമായി എയര്‍പോര്‍ട്ടില്‍.
തകര്‍ന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കി നാട്ടിലേയ്ക്ക് തകര്‍ന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കി നാട്ടിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക