Image

പത്താം ക്ലാസ് കഷ്ടിച്ച് കരകയറിയ അല്‍ഫോന്‍സ് എങ്ങനെ ഐ.എ.എസുകാരനായി. അതുവരെയുള്ള ജീവിതം എങ്ങനെ... ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Published on 09 September, 2017
പത്താം ക്ലാസ് കഷ്ടിച്ച് കരകയറിയ അല്‍ഫോന്‍സ്  എങ്ങനെ ഐ.എ.എസുകാരനായി. അതുവരെയുള്ള ജീവിതം എങ്ങനെ... ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പത്താം ക്ലാസ് കഷ്ടിച്ച് കരകയറിയ അല്‍ഫോന്‍സ് കണ്ണന്താനം ഐ.എ.എസുകാരനാകുന്നത് വരെയുള്ള അജ്ഞാത വാസം എവിടെയായിരുന്നുവെന്ന് തുറന്നുകാട്ടി സത്യദീപം എഡിറ്റര്‍ ഷിജു അച്ചാണ്ടിയുടെ േഫസ്ബുക്ക് പോസ്റ്റ്. അല്‍ഫോണ്‍സിനെ മേഘാലയയുടെ ചുമതലയുള്ള മന്ത്രിയാക്കിയതിന്റെ കാരണവും ഈ പോസ്റ്റില്‍ പറയാതെ പറയുന്നു.

പോസ്റ്റ് വായിക്കാം.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ജീവിതം ഒരു അത്ഭുതകഥയാണെന്നാണ് അദ്ദേഹത്തിന്‍റെ വെബ്സൈറ്റ് തന്നെ വിശേഷിപ്പിക്കുന്നത്. പത്താം ക്ലാസ് 42 ശതമാനം മാര്‍ക്കു നേടി കടന്നു കൂടിയ അദ്ദേഹം മണിമലയാറിന്‍റെ തീരത്ത് ചിന്താവിഷ്ടനായിരുന്നുവെന്നും ലോകത്തെ മാറ്റാനാണ് നീ ജനിച്ചിരിക്കുന്നതെന്ന ഉള്‍വിളി കേട്ട് രൂപാന്തരം സംഭവിച്ചുവെന്നും സൈറ്റില്‍ പറയുന്നു. ശേഷം ഐ എ എസ് ഓഫീസറായി വരികയാണ്. പത്താം ക്ലാസില്‍ നിന്ന് ഐ എ എസ് വരെ എങ്ങിനെ എത്തി എന്നതിന്‍റെ വിശദാംശങ്ങളില്ല.

അല്‍ഫോണ്‍സ് തന്നെ മുമ്പു പറയാറുള്ളതും മിക്കവര്‍ക്കും അറിയാവുന്നതുമാണ് അത്. ഇപ്പോള്‍ അപ്രസക്തം എന്നു കരുതുന്നതുകൊണ്ടു പറയാത്തതാകാം.

പത്താം ക്ലാസ് ജയിച്ച ശേഷം അദ്ദേഹം കത്തോലിക്കാ പുരോഹിതനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നു. നോര്‍ത്തീസ്റ്റിലെ ഇംഫാല്‍-കൊഹിമ രൂപതയില്‍ മിഷണറിയാകാനാണു പുറപ്പെട്ടത്.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ ക്രൈസ്റ്റ് കിംഗ് കോളേജ് എന്ന സെമിനാരിയില്‍ ഫിലോസഫി പഠനം പൂര്‍ത്തിയാക്കി. യൂണിവേഴ്സിറ്റി ബിരുദം ലഭിക്കുന്ന ഘട്ടമാണത്. തുടര്‍ന്ന് ഒരു വര്‍ഷം റീജന്‍സി എന്ന പ്രയോഗിക പരിശീലനം. റീജന്‍സിയ്ക്കു ശേഷമാണ് കണ്ണന്താനം വൈദികപരിശീലനം ഉപേക്ഷിക്കുന്നത്. 
ഇതിനകം ചുരുങ്ങിയത് 6 വര്‍ഷമെങ്കിലും അദ്ദേഹം സെമിനാരി പഠനത്തില്‍ ചിലവഴിച്ചിട്ടുണ്ട്.

റീജന്‍സിയ്ക്കു ശേഷം മുന്നു വര്‍ഷം തിയോളജി പഠനം കൂടി കഴിയുമ്പോഴാണ് സാധാരണ ഗതിയില്‍ പൗരോഹിത്യം നല്‍കുന്നത്.

ഷില്ലോംഗില്‍ നിന്നു ദല്‍ഹിയിലെത്തിയ കണ്ണന്താനം അവിടെ പഠിച്ചു ബിരുദാനന്തരബിരുദവും തുടര്‍ന്ന് ഐ എ എസും നേടി.

കഠിനമായ മാര്‍ഗങ്ങളിലൂടെയാണ് താന്‍ ഇംഗ്ലീഷ് പഠിച്ചതെന്ന് കണ്ണന്താനം വെബ്സൈറ്റില്‍ പറയുന്നുണ്ട്. സെമിനാരി പഠനത്തെയാണോ അതുകൊണ്ടുദ്ദേശിക്കുന്നത് എന്നറിയില്ല. 
പത്താം ക്ലാസിനു ശേഷം സെമിനാരിയില്‍ ചേര്‍ന്ന് ഒന്നോ രണ്ടോ വര്‍ഷം പഠിച്ചവര്‍ പോലും പിന്നീട് അക്കാദമിക് രംഗത്തും ജീവിതത്തിലും ഉയര്‍ന്ന നിലയിലെത്തിയതിന്‍റെ നിരവധി അനുഭവങ്ങളുണ്ട്. ഇംഗ്ലീഷ് മെച്ചപ്പെടാനായി മനപൂര്‍വം രണ്ടു വര്‍ഷം സെമിനാരിയില്‍ പോകുന്നവരുണ്ടെന്നും കേട്ടിട്ടുണ്ട്. അതൊക്കെ നല്ലതാണെന്നും കൂടുതല്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ ഇപ്രകാരം ചെയ്യണമെന്നുമാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. അതിരിക്കട്ടെ.

കണ്ണന്താനത്തിന്‍റെ ഒരു സഹോദരന്‍ വൈദികനാണ്. ഫാ.ജോര്‍ജ് കണ്ണന്താനം. ക്ലരീഷ്യന്‍ മിഷണറി ഫാദേഴ്സ് എന്ന സന്യാസസമൂഹത്തിലെ അംഗമായ അദ്ദേഹം കര്‍ണാടകയിലെ വളരെ ശക്തനായ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്. സുമനഹള്ളിയിലെ കുഷ്ഠരോഗസാനട്ടോറിയത്തിനുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍, നടത്തിയ പോരാട്ടങ്ങള്‍ വലിയ മാധ്യമശ്രദ്ധ നേടിയിട്ടുള്ളതാണ്. 
ഭൂകമ്പദുരിതം നേരിട്ട നേപ്പാളില്‍ ബാംഗ്ലൂരില്‍ നിന്നുള്ള സഹായങ്ങളുമായി അദ്ദേഹത്തിന്‍റെ സംഘമെത്തി. 450 താത്കാലിക ഭവനങ്ങള്‍, 90 സ്ഥിരം വീടുകള്‍, രണ്ടു സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ നേപ്പാളില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു. വരുന്ന ഒക്ടോബറില്‍ അന്ധദിനത്തില്‍ കര്‍ണാടകത്തില്‍ 100 സ്ഥലങ്ങളിലാണ് അദ്ദേഹത്തിന്‍റെ സംഘാടകത്വത്തില്‍ ബ്ലൈന്‍ഡ് വാക് നടക്കാന്‍ പോകുന്നത്. വേറെയും ഒരുപാടു കാര്യങ്ങളുണ്ട്. അപാരമായ ഊര്‍ജമുള്ള സാമൂഹ്യസേവകന്‍, അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു സംഘാടകന്‍. ചേട്ടനെ പോലെ മറ്റൊരു വ്യക്തിയാണ്, പ്രസ്ഥാനമാണ് അനുജന്‍ ഫാ.കണ്ണന്താനം സി എം എഫ്. അതുമിരിക്കട്ടെ.

കണ്ണന്താനത്തിന്‍റെ നോര്‍ത്തീസ്റ്റ് പശ്ചാത്തലം പറയാനാണു വന്നത്. നോര്‍ത്തീസ്റ്റിലെ വിവിധ സംസ്ഥാനങ്ങളിലെ കത്തോലിക്കാ പുരോഹിതര്‍ പഠിക്കുന്ന സ്ഥാപനമാണ് ഷില്ലോംഗിലെ ക്രൈസ്റ്റ് കിംഗ് കോളേജ്. അവിടെ കണ്ണന്താനത്തിന്‍റെ സഹപാഠികളും സമകാലികരുമായിരുന്ന പലരും ഇന്ന് അവിടെ മെത്രാന്മാരും വൈദികരും ഒക്കെയാണ്. മേഘാലയ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനവുമാണ്. ഷില്ലോംഗ് ആര്‍ച്ചുബിഷപ് ഡൊമിനിക് ജാല എന്ന ഗോത്രവര്‍ഗക്കാരന്‍ കണ്ണന്താനത്തെ കോളേജ് കാലത്തു തന്നെ അറിയുന്നയാളാണ്. അങ്ങിനെ പലരും.
(ആര്‍ച്ചുബിഷപ് ജാല നല്ല രാഷ്ട്രീയബോധമുള്ള പക്വമതിയായ ഒരു ആത്മീയനേതാവാണ്. ആര്‍ക്കും കെണിയില്‍ വീഴ്ത്താന്‍ എളുപ്പമല്ല. അതു വേറെ കാര്യം.)

ഇപ്പോള്‍ മേഘാലയ സംസ്ഥാന തിരഞ്ഞെടുപ്പിന്‍റെ ചുമതല ബി ജെ പി കേന്ദ്രനേതൃത്വം കണ്ണന്താനത്തെ ഏല്‍പിച്ചിരിക്കുകയാണല്ലോ. അതു കണ്ണന്താനത്തിന്‍റെ ഈ നോര്‍ത്തീസ്റ്റ് കണക്ഷന്‍സ് അറിഞ്ഞുകൊണ്ടു തന്നെയാവണം. കേരളത്തിനോ കാഞ്ഞിരപ്പള്ളിക്കാര്‍ക്കോ വേണ്ടി മാത്രമായി. ഒരു മന്ത്രിയെ തരികയായിരുന്നില്ല മോദിയും ഷാ ജിയും. അതുകൊണ്ട് ബി ജെ പി യുടെ കേരള നേതാക്കള്‍ കുണ്ഠിതപ്പെടുകയും വേണ്ട. ഹിന്ദി തന്നെ നേരെ ചൊവ്വെ അറിയാത്ത നിങ്ങള്‍ കൂട്ടിയാല്‍ കൂടുന്ന കാര്യങ്ങളല്ല കണ്ണന്താനം മോദിയ്ക്കു വേണ്ടി ചെയ്യാന്‍ പോകുന്നത്. തള്ളിന് ചില ഉള്ളുകളുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക