Image

മെര്‍ക്കലിനു വീണ്ടും തക്കാളിയേറ്

Published on 10 September, 2017
മെര്‍ക്കലിനു വീണ്ടും തക്കാളിയേറ്
 
ബെര്‍ലിന്‍: മൂന്നു ദിവസത്തിനിടെ രണ്ടാം ദിവസവും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു നേരേ തക്കാളിയേറ്. ആദ്യ തവണ കോട്ടില്‍ തക്കാളി തെറിച്ചെങ്കില്‍ ഇക്കുറി കാറിലാണ് പതിച്ചത്.

വോള്‍ഗാസ്റ്റ് ഇവന്റ് ഹാളില്‍ പ്രസംഗത്തിനെത്തുന്‌പോഴാണ് സംഭവം. 150 ഓളം വരുന്ന തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ മെര്‍ക്കലിന്റെ കാറിനു നേരേ കൂക്കിവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് ആരോ തക്കാളി എറിഞ്ഞത്. 

ചിലര്‍ കൂകിവിളിച്ചു. അതു ജര്‍മനിയുടെ ശബ്ദമല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത് സംഭവത്തെക്കുറിച്ച് മെര്‍ക്കല്‍ പ്രതികരിച്ചത്. നേരത്തെ മെര്‍ക്കല്‍ സാക്‌സണില്‍ നടത്തിയ പ്രസംഗവും വലതുപക്ഷക്കാര്‍ ബഹളത്തില്‍ മുക്കാന്‍ ശ്രമിച്ചിരുന്നു.എഎഫ്ഡി, എന്‍പിഡി പ്രവര്‍ത്തകരാണ് നിരന്തരം ശല്യമുണ്ടാക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

തക്കായിയേറ് മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും മെര്‍ക്കലിന്റെ മതിപ്പ് രാജ്യത്ത് 38 ശതമാനത്തില്‍ നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്ത് ഇപ്പോള്‍ ആരാണ്, ഏതുപാര്‍ട്ടിയാണ് എത്തുകയെന്നു പ്രവചനം അസാധ്യമാണ്. ഇതിനായി സോഷ്യല്‍ ഡമോക്രാറ്റുകളും വിദേശി വിരോധ പാര്‍ട്ടിയായ എഎഫ്ഡിയും തമ്മില്‍ മല്‍സരിക്കുകയാണ്. ഇതിനിടെ മെര്‍ക്കലിന്റെ ഭാവി സഖ്യകക്ഷിയാകാന്‍ ഉദ്ദേശിക്കുന്ന ഫ്രീ ഡമോക്രാറ്റുകള്‍ അഭയാര്‍ഥികള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. അഭയാര്‍ഥികള്‍ രാജ്യം വിട്ടുപോകണം എന്നാണ് അവരുടെ മുന്നറിയിപ്പ്. 

എന്തായാലും സെപ്റ്റംബര്‍ 24 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മെര്‍ക്കലും പാര്‍ട്ടിയും ഒപ്പം സഖ്യകക്ഷിയായി ഫ്രീ ലിബറലുകളും ഒരുവട്ടം കൂടി അധികാരത്തില്‍ എത്തുമെന്നു തീര്‍ച്ചയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക