Image

വെള്ളി മേഘങ്ങള്‍ കറുത്തപ്പോള്‍ (കവിത: ഡോ.ആനി പോള്‍)

Published on 10 September, 2017
വെള്ളി മേഘങ്ങള്‍ കറുത്തപ്പോള്‍ (കവിത: ഡോ.ആനി പോള്‍)
(ഈ കവിത 9/11നു ഒരു വര്ഷം തികയുന്ന ആണ്ടിന് എഴുതിയതാണ്)

അമേരിക്ക തന്നഭിമാനമാം
അംബരചുംബികളാം ബിംബങ്ങള്‍
വെള്ളിമേഘങ്ങളെ നോക്കി
ചിരിച്ചു നിന്നു

അന്നൊരു സുപ്രഭാതത്തില്‍
അസൂയയുടെ അമ്പുകള്‍!
വജ്രങ്ങള്‍ പോലെ തിളങ്ങുമാ
സൗധങ്ങള്‍ നടുങ്ങി വിറച്ചു

ലോകം നടുങ്ങി, ലോകര്‍ നടുങ്ങി
സ്വപ്നങ്ങള്‍ തകര്‍ന്നു
ജീവിതങ്ങള്‍ തകര്‍ന്നു
എല്ലാം വെറും പുകയായ് മാറി

വെള്ളി മേഘങ്ങള്‍ കാര്‍മേഘങ്ങളായ്
ചിരിച്ചുനിന്നൊരാ സൗധങ്ങള്‍
ദുഃഖത്തിന്‍ നിഴലായ്
മണ്ണോടു മണ്ണായ്

ജീവിച്ചു കൊതിതീരുംമുമ്പേ
സ്‌നേഹിച്ചുകൊതിതീരും മുമ്പേ
സേവിച്ചു കൊതിതീരുംമുമ്പേ
അവസാനിച്ചതെത്ര ജീവിതം!

ആ മണ്ണില്‍
അമ്മിഞ്ഞപ്പാലിന്റെ മണം
സ്‌നേഹത്തിന്റെ, ലാളനയുടെ രുചി
ദുഃഖത്തിന്റെ, വേദനയുടെ നിഴല്‍

ഇന്ന് ഒരു വര്‍ഷം !
ജാലകവാതില്‍ക്കലെത്ര കണ്ണുകള്‍
സ്വന്തം പ്രിയര്‍ക്കായ്
വഴി നോക്കിയിരിക്കുന്നു

സ്വന്തം അമ്മയുടെ, അച്ഛന്റെ
മകന്റെ, മകളുടെ, സോദരന്റെ
സോദരിയുടെ, ഭാര്യയുടെ
ഭര്‍ത്താവിന്റെ വരവിനായ്

ദുഃഖ സാഗരത്തിലാണ്ടു
മൂകമായ് കരയുമീലോകത്തെ
സ്വാന്തനത്തിന്‍ കരങ്ങള്‍ നീട്ടി
ആശ്വസിപ്പിച്ചീടാന്‍ നമുക്കു ദൈവം

ലോകത്തില്‍ സ്‌നേഹത്തിനായ്
സാഹോദര്യത്തിനായ്,
സമാധാനത്തിനായ് പ്രാര്‍ത്ഥിക്കാം
നമക്ക് തീര്‍ക്കാം വീണ്ടുമാസൗധങ്ങള്‍!
Join WhatsApp News
Joseph Padannamakkel 2017-09-10 22:29:38
'അമേരിക്ക' എന്ന ഈ പുണ്യ ഭൂമിയെ നമിച്ചുകൊണ്ട് ഓരോ അമേരിക്കനും ട്രിബുട്ട് (Tribute) നൽകേണ്ട ദിനമാണ് സെപ്റ്റംബർ പതിനൊന്ന്. അത് ഭീകരതയ്ക്കെതിരായ ഒരു പ്രതിജ്ഞ കൂടിയാണ്. 

ഭീതിയുടെ ആ ദിനത്തിൽ 'ട്വിൻ ഗോപുരങ്ങൾ' കത്തിയെരിയുന്ന പുകകൾ മൻഹാട്ടനിൽ നിന്നും ഇന്നേ ദിവസം പൊങ്ങുന്നത് കണ്ടതും ഞാൻ ഓർമ്മിക്കുന്നു. അമേരിക്ക ഒന്നാകെ അന്നു ദുഃഖിതയായിരുന്നു. വെളുത്ത ആകാശത്തിൽ കാർമേഘങ്ങൾ കട്ടകൂടി കറുത്ത ആകാശമായ അന്നത്തെ കറുത്ത ദിനത്തിൽ ഭൂമിയിൽ വീണത് ആയിരക്കണക്കിനു ജീവനുകളുടെ ചുവന്ന രക്തമായിരുന്നു.

ട്വിൻ ടവ്വർ താഴെ വീണപ്പോൾ അമേരിക്ക കരഞ്ഞു. രാജ്യം തകർക്കാൻ ബിൻ ലാദൻ ശ്രമിച്ചു. അമേരിക്കയെന്ന സ്വപ്നഭൂമിയുടെ സ്വാതന്ത്ര്യത്തിനു യാതൊരു കോട്ടവും വരാതെ അവളിന്നും സ്വതന്ത്രയായി ഭൂമുഖത്തെ ഏറ്റവും വലിയ ശക്തിയായി തന്നെ നിലകൊള്ളുന്നു.

വാസ്തവത്തിൽ കുടിയേറ്റക്കാരായ നാമെല്ലാം അനുഗ്രഹീതരാണ്. നമ്മെ പോറ്റിയത് നമുക്കു ജന്മം തന്ന ഇന്ത്യയെന്ന പെറ്റമ്മയല്ല, അമേരിക്കയെന്ന പോറ്റമ്മയാണ്. നമ്മുടെ മക്കൾ വളർന്നതും ഈ നാടിന്റെ ചോറുണ്ടാണ്. എന്നിട്ടും പെറ്റമ്മയെ പോറ്റമ്മയുടെ മക്കൾ നോക്കിക്കൊണ്ടിരുന്നു. സമ്പൽ സമൃദ്ധിയേറിയ ഈ രാജ്യത്തിന്റെ സൗഭാഗ്യത്തിൽ നമ്മുടെ മക്കളും വളർന്നു. അവർക്ക് നല്ല വിദ്യാഭ്യാസവും ലഭിച്ചു. ഒരു പക്ഷെ മഹാഭാരതത്തിലെ ഉണ്ട ചോറിനോട് നന്ദി കാണിച്ച കർണ്ണന്റെ കുറായിരിക്കാം ഈ രാജ്യത്തോട് നമുക്കുമുള്ളത്!  

ഓരോ കുടിയേറ്റക്കാരനും ചിന്തിക്കേണ്ട ഒരു നിമിഷമാണ് സെപ്റ്റംബർ പതിനൊന്ന്. അമേരിക്ക പ്രകൃതി അനുഗ്രഹിച്ച ഒരു നാടാണ്. ലോകം മുഴുവനും തീറ്റാനുള്ള പ്രകൃതിശേഷി ഈ രാജ്യത്തിനുണ്ട്. ലോകത്തിന്റെ നിലനിൽപ്പിനും അമേരിക്ക ജീവിച്ചേ മതിയാവൂ!

ഡോ.ആനിപോളിന്റെ വികാരപരമായ ഈ സുന്ദര കവിതയെ അഭിനന്ദിക്കുന്നു. തുടർന്നും എഴുതുക!   

Aney Paul 2017-09-11 16:09:31

Thank you very much for your appreciation. We cannot forget that tragedy taking many lives. May God bless those who lost their loved ones . God Bless America !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക