Image

62ാം വയസ്സില്‍ അമ്മയായ ഭവാനിയമ്മ അന്തരിച്ചു

Published on 11 September, 2017
62ാം വയസ്സില്‍ അമ്മയായ ഭവാനിയമ്മ അന്തരിച്ചു

വയനാട്‌:അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മൂവാറ്റുപുഴ കാവുംകര സ്വദേശിനി ഭവാനിയമ്മ (76) അന്തരിച്ചു. 

തിങ്കളാഴ്‌ച പുലര്‍ച്ചെ വിംസ്‌ ആശുപത്രിയിലായിരുന്നു റിട്ടള അധ്യാപികയായ ഭവാനിയമ്മയുടെ അന്ത്യം. വാര്‍ധക്യകാലത്ത്‌ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിനു ജന്മം നല്‍കുകയും ആ കുഞ്ഞ്‌  രണ്ടാം വയസ്സില്‍ ബക്കറ്റില്‍ വീണ്‌ മരിക്കുകയും  ചെയ്‌തതോടെ അനാഥയായ ടീച്ചറുടെ ജീവിത കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

തിരുവനന്തപുരം സമദ്‌ ആശുപത്രിയില്‍ ഐവിഎഫ്‌ രീതി വഴി ഭവാനിയമ്മ ഗര്‍ഭം ധരിച്ചത്‌. 2004 ഏപ്രില്‍ 14നാണ്‌ ഭവാനിയമ്മ ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. വീട്ടുമുറ്റത്ത്‌ വെള്ളം നിറച്ചുവെച്ച പാത്രത്തില്‍ വീണ്‌  രണ്ടാം വയസ്സില്‍ കണ്ണനെന്ന ആ കുഞ്ഞു മരിച്ചു. 

തുടര്‍ന്ന്‌ കുറച്ചുകാലമായി ഭവാനിയമ്മ വയനാട്ടിലായിരുന്നു താമസം.പക്ഷാഘാതം ബാധിച്ച ഭവാനിയമ്മ അവസാന നാളുകളില്‍ വയനാട്‌ പിണങ്ങോടിലെ പീസ്‌ വില്ലേജില്‍ അന്തേവാസിയായി കഴിയുകയായിരുന്നു . 

മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എല്‍പി സ്‌കൂള്‍ അധ്യാപികയായിരുന്ന ഭവാനിയമ്മപതിനെട്ടാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ സ്‌നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട വൈവാഹിക ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായില്ല.

തുടര്‍ന്ന്‌ ആദ്യഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭവാനിഅമ്മ വീണ്ടും വിവാഹിതയായിരുന്നു. ഈ ബന്ധത്തിലും അവര്‍ക്കു കുട്ടികളുണ്ടായില്ല. ഭവാനി അമ്മ മുന്‍കയ്യെടുത്തു രണ്ടാം ഭര്‍ത്താവിനെക്കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിച്ചു. 

ആ ബന്ധത്തില്‍ ഉണ്ടായ കുട്ടിയെ കാണാന്‍ അനുവാദം കിട്ടാതായതോടെയാണു സ്വന്തമായി ഒരു കുട്ടി ഉണ്ടാവണം എന്ന ആഗ്രഹത്തില്‍ കണ്ണന്‌ ജന്‍മം നലകിയത്‌.

മൂവാറ്റുപുഴ സ്വദേശിനിയായ ഭവാനി ടീച്ചര്‍ മാനന്തവാടിയില്‍ സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കുഴഞ്ഞുവീണത്‌. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിരുന്നു.

വയോജന വേദിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സാച്ചെലവുകളും മറ്റും നടത്തിയിരുന്നത്‌. ടീച്ചറുടെ ദയനീയാവസ്ഥ മൂവാറ്റുപുഴയിലുള്ള ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക