Image

ദിലീപിന് എതിരെ ശബ്ദിച്ചിരുന്നവരെല്ലാം നിശബ്ദരാകുന്നുവോ?

Published on 11 September, 2017
ദിലീപിന് എതിരെ ശബ്ദിച്ചിരുന്നവരെല്ലാം നിശബ്ദരാകുന്നുവോ?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് രണ്ട് മാസത്തോളമാകുന്നു. ദിലീപിന് എതിരെ ശബ്ദിച്ചിരുന്നവരെല്ലാം നിശബ്ദരാകുകയാണ്. ദിലീപിനെ പുറത്താക്കിയ സിനിമ സംഘടനകള്‍ ദിലീപിന് അനുകൂലമായ നിലപാടിലേക്ക് നീങ്ങുകയാണ്. തുടക്കം മുതല്‍ ദിലീപിനെതിരെ ശക്തമായി രംഗത്തുള്ള വ്യക്തിയാണ് വിനയന്‍. ദിലീപിന്റെ അറസ്റ്റോടെ പ്രതിരോധത്തിലായ രാമലീല എന്ന ചിത്രത്തിന് വേണ്ടി വിനയന്‍ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം എപ്പോള്‍ റിലീസ് ചെയ്യണമെന്ന് ആശങ്കയില്‍ അണിയറ പ്രവര്‍ത്തകര്‍ നില്‍ക്കുമ്പോഴാണ് ശക്തമായ പിന്തുണയുമായി വിനയന്‍ രംഗത്തെത്തിയിരിക്കുന്നത്. രാമലീല റിലീസ് ചെയ്യണം എന്ന് തന്നെയാണ് വിനയന്‍ പറയുന്നത്.

അതിനിടെ ദിലീപിനെ തുടക്കത്തില്‍ പിന്തുണച്ച താരസംഘടന അമ്മ പിന്നീട് ദിലീപിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയും നിലപാട് മാറ്റിയത്. എന്നാല്‍ ദിലീപിനെ അനുകൂലിച്ച് കൂടുതല്‍ താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. സേവ് ദിലീപ് ഫോറം' എന്ന വിധത്തില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്. അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നാണ് ചില താരങ്ങള്‍ നിലപാടെടുക്കുന്നത്. മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു. പുറത്താക്കിയതിലൂടെ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. അമ്മ ഭാരവാഹികള്‍ വരെ ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണിപ്പോള്‍.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടിയേയും പള്‍സര്‍ സുനിയേയും ദിലീപിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും നേരില്‍ കണ്ട്് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയതായി സൂചനയുണ്ട് . ഇതുവരെ ദിലീപിനെ ജയിലില്‍ കാണാന്‍ എത്താതിരുന്ന താരങ്ങളെ, അടുത്തടുത്ത ദിവസങ്ങളിലായി ജയിലിലേക്ക് എത്തിക്കുന്നതു ഈ പദ്ധ്വതിയുടെ ഭാഗമായാണെന്നു സൂചന . അറസ്റ്റിലായ ദിലീപിനെ പുറത്തിറക്കാന്‍ അരയും തലയും മുറുക്കി സിനിമാക്കാരും രംഗത്തിറങ്ങുന്നു. കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി താരത്തെ കണ്ടതിന് പിന്നാലെ സിനിമാക്കാര്‍ മുഴുവനായി ആലുവ സെന്‍ട്രല്‍ ജയിലിലേക്ക് ഒഴുകുകയാണ്.

ആദ്യം ദിലീപിനെതിരെ വിമര്‍ശനം ഉന്നയിച്ച ജയറാം പോലും എല്ലാം മറന്ന് താരത്ത കാണാനെത്തി. ജാമ്യം കിട്ടാതെ ജയിലില്‍ തന്നെ താരം കഴിയുന്ന അവസ്ഥ തുടര്‍ന്നതോടെയാണ് സിനിമാക്കാര്‍ ദിലീപിന് വേണ്ടി ഒരുമിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ഉത്രാടനാളിലാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.

ഇതിനിടെ ദിലീപ് മൂന്നാം തവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെയാണ് താരം വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ടു പോകുന്നത്. പ്രധാനമായുള്ളത് ഹൈക്കോടതിയിലെ ബെഞ്ച് മാറ്റമാകും. ദിലീപിന്റെ ജാമ്യാപേക്ഷ രണ്ട് തവണ പരിഗണിച്ചത് ജ്സ്റ്റിസ് സുനില്‍ തോമസ് ആയിരുന്നു.

സഹായം കിട്ടാന്‍ തന്റെ സമ്പത്ത് നന്നായി ചിലവിടുകയാണ് നടന്‍. ഹൈക്കോടതിയില്‍ വരെ അതാണ് നടക്കുന്നത്. എന്നാല്‍ ഇതിനകം വിധി പറഞ്ഞ ജഡ്ജിക്ക് ഇതെല്ലാം നന്നായി ബോധ്യപ്പെട്ടത്രേ. അതുകൊണ്ട് തന്നെ എല്ലാ ജാമ്യ ഹരജിയും അദ്ദേഹം ചവറ്റുകുട്ടയില്‍ തള്ളി. ഇനി കാണാന്‍ പോകുന്നത് വിധി പറയുന്ന ജഡ്ജിയേ തന്നെ മാറ്റി കൊണ്ടാണ് എന്ന് ചിന്തിക്കുന്നവരും ഉണ്ട്

പൊതുവേ സോഫ്റ്ററ്റായി ഈ വിഷയത്തേ കാണുന്ന അനുകൂല ജഡ്ജിമാരിലേക്ക് എത്തിക്കുക. കര്‍ക്കശക്കാരനായ ജസ്റ്റിസിന് പകരം കുറച്ചു കൂടി അനുകൂലമായ ആളിലേക്ക് ജാമ്യ ഹരജി എത്തിക്കുക. മറിച്ച് നേരത്തെ പരിഗണിച്ച ജസ്റ്റിസ് എന്ന നിലയില്‍ സുനില്‍ തോമസ് തന്നെ കേസ് പരിഗണിച്ചാല്‍ ദിലീപിന്റെ കാര്യത്തില്‍ അധികം പ്രതീക്ഷകള്‍ക്ക് വകയില്ല.

ജസ്റ്റീസ് സുനില്‍ തോമസിനെ ഒന്ന് അട്ടിമറിക്കുക. ജാമ്യ ഹരജി പരിഗണിക്കുന്ന ബഞ്ച് മാറ്റുക. അതിനു ചീഫ് ജസ്റ്റീസും രജിസ്ട്രാറും വിചാരിക്കണം. ആ വഴിക്ക് നീക്കങ്ങള്‍ നടത്താനാണ് ഇപ്പോള്‍ നീക്കം.
ഓണാവധി കഴിഞ്ഞ് ഈ മാസം പന്ത്രണ്ടിനു തന്നെ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ നേതൃത്വത്തിലാണ് ജാമ്യഹര്‍ജി വീണ്ടും തയ്യാറാക്കുന്നത്.

കഴിഞ്ഞ ദിവസം സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഇതുവരെ തനിക്കൊപ്പമാണെന്ന് നടി കരുതിയ താരങ്ങള്‍ പോലും അടുത്ത ദിവസങ്ങളിലായി ജയില്‍ സന്ദര്‍ശനം നടത്തുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കാര്യങ്ങള്‍ പിടിവിട്ടതോടെ അഭ്യുദയ കാംക്ഷികളായ എല്ലാവരും ദിലീപിനെ ഉപദേശിക്കാന്‍ തുടങ്ങി . നേരത്തെ പള്‍സറിനെ സെറ്റില്‍ ചെയ്തിരുന്നെകില്‍ ഇത്ര് അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് പലരും ജനപ്രിയ നടനു ഉപദേശം നല്‍കി .

ഇനിയും അവസരം ഉണ്ടെന്ന നിയമ വിദഗ്ധരുടെ ഉപദേശത്തെ തുടര്‍ന്ന് കേസ് രാജിയാക്കാന്‍ ശ്രമം തുടങ്ങി . ആദ്യപടിയായി ഇടനിലക്കാര്‍ വഴി കാവ്യ നടിയുമായി സംസാരിച്ചു എല്ലാത്തിനും ക്ഷമ ചോദിച്ചതായും തന്നെയും ഭര്‍ത്താവിനെയും കേസില്‍ നിന്ന് രക്ഷപെടുത്തണമെന്നു അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട് .

നടിയെ ഇമോഷനല്‍ ലെവലില്‍ സ്വാധീനിക്കാനും പള്‍സര്‍ സുനിയെ പണം എറിഞ്ഞ് സ്വാധീനിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

55 ദിവസത്തെ ജയില്‍ വാസത്തോടെ നടന്‍ അനുഭവിച്ച വേദനകള്‍ തന്നെ വലിയ ശിക്ഷയാണെന്നും , എല്ലാവരും ഒരേ തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണെന്നും, ആയതിനാല്‍ നടന്റെ തെറ്റ് പൊറുക്കണമെന്നും ഇനിയും കടും പിടിത്തം സ്വീകരിച്ചാല്‍ സിനിമ മേഖല നടിക്കെതിരാകുമെന്ന രീതിയില്‍ ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് ആണ് നടത്തുന്നത് .

മുഖ്യപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ദിലീപിനെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ പോലീസ് കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാവ്യയുമായും കുടുംബവുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ കല്യാണത്തിന് പള്‍സര്‍ സുനി സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യയുടെ നിലപാടിനെ പൊളിച്ചടുക്കാന്‍ ഈ ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കും.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പോലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു.

ഈ മാസം തന്നെ കുറ്റപത്രം നല്‍കാനിരിക്കെ, നടിയെ സ്വാധീനിക്കുന്നതിനായി കാവ്യ തന്നെ കാലുപിടിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ഈ നീക്കത്തെ പൊലീസ് സൂക്ഷമമായാണ് നിരീക്ഷിക്കുന്നത്.
കൃത്യമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയാണ് നടിയെ ആക്രമിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് പൊലീസ് വ്രുത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടിയെ ദിലീപിന്റെ സിനിമ സുഹൃത്തുക്കളും ഒരു ബന്ധുവും നേരില്‍ ഒന്നില്‍ തവണ കണ്ടതായും പൊലീസിന് വിവരമുണ്ട്. നടി ഇതുവരെ തന്നെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്നു മൊഴി നല്‍കിയിട്ടുമില്ല.

ഈ സാഹചര്യത്തില്‍, തന്നെ ആക്രമിച്ചത് പള്‍സര്‍ സുനി തന്നെ ആണോ എന്ന് വ്യക്തമല്ലെന്നും, ഇരുട്ടത്ത് തനിക്ക് ആരേയും മനസ്സിലായിട്ടില്ലെന്നും, നടിയെക്കൊണ്ട് കേസിന്റെ ട്രയല്‍ നടക്കുമ്പോള്‍ പറയിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പീഡനം നടന്ന് ഏറ്റവും അടുത്ത ദിവസം നടി അങ്കമാലി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിക്ക് വിരുദ്ധമാകും ഇത്.

എന്നാല്‍ ഇമോഷണല്‍ സെറ്റില്‍മെന്റില്‍ നടി ഭാഗികമായെങ്കിലും വീണുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ദിലീപ് ഇതുവരെ അനുഭവിച്ചത് മതിയെന്ന വികാരം നടിയില്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. നേരത്തെ നല്‍കാമെന്ന് പറഞ്ഞ പണം നല്‍കാത്തതിനാലാണ് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം കാവ്യയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പള്‍സറിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് കേസന്വേഷണം നടന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. അതിനാല്‍ പള്‍സര്‍ സുനിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യം പള്‍സറുമായി വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കാത്തതാണ് ഇപ്പോഴുള്ള തടസ്സം. എന്നാല്‍ പണം നല്‍കി, പൊലീസിനെ വെട്ടിച്ച് കേസ് എങ്ങനെ ഒത്തുതീര്‍ക്കുമെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ദിലീപിന്റെ സോഹോദരന്‍ അടക്കമുള്ളയാളുകള്‍ ഒത്തുതീര്‍പ്പിനായി ഇടപെടുന്നുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ച് വരുന്നത്.
ദിലീപിന് എതിരെ ശബ്ദിച്ചിരുന്നവരെല്ലാം നിശബ്ദരാകുന്നുവോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക