Image

കുടിയേറ്റത്തിന്റെ കണ്ണുനീര്‍ (പകല്‍ക്കിനാവ്- 68: ജോര്‍ജ് തുമ്പയില്‍)

Published on 11 September, 2017
കുടിയേറ്റത്തിന്റെ കണ്ണുനീര്‍ (പകല്‍ക്കിനാവ്- 68: ജോര്‍ജ് തുമ്പയില്‍)
അഭയാര്‍ത്ഥികള്‍ എന്നും ലോകത്തിന്റെ പ്രശ്‌നമാണ്. അതിനേക്കാള്‍ ഭയാനകമാണ് കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പക്ഷം. അദ്ദേഹത്തിനു പണ്ടു മുതല്‍ക്കേ കുടിയേറ്റക്കാര്‍ എന്നു കേള്‍ക്കുന്നതു തന്നെ ചതുര്‍ത്ഥിയാണ്. മെക്‌സിക്കോയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ പിടികൂടാന്‍ അത്യാധുനിക ഉപകരണങ്ങളാണ് ബോര്‍ഡറില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പുറമേ അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തിയില്‍ ഭീമന്‍ മതില്‍ക്കെട്ടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഇതുവരെ പണി തുടങ്ങിയിട്ടില്ലെങ്കിലും, മുള്ളു വേലിയും സിസിടിവി ക്യാമറകളും ഡ്രോണുകളും അടക്കം വന്‍ സുരക്ഷ സന്നാഹങ്ങള്‍ ഇവിടെയുണ്ട്. എന്നിട്ടും കുടിയേറ്റക്കാര്‍ അമേരിക്കന്‍ മണ്ണിലേക്ക് നുഴഞ്ഞു കയറി വരുന്നു. ഇതിനെയെല്ലാം തുരത്താന്‍ ഒറ്റ വഴിയാണ് ഇനി ട്രംപിന്റെ മുന്നിലുള്ളത്. ഇനി വരാനിരിക്കുന്നതും മുന്‍പ് വന്നിട്ടുള്ളതുമായ സകലമാന അനധികൃത കുടിയേറ്റക്കാരെയും കൈയോടെ പൊക്കിയെടുത്തും അതാതു രാജ്യങ്ങളിലേക്ക് മടക്കുക. പ്രത്യേകിച്ച് മെക്‌സിക്കോ, നിക്കരാഗ്വേ, പെറു, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയിടത്തു നിന്നുള്ളവരെയാണ് ലക്ഷ്യമിടുന്നത്. അതിനിടയില്‍ ഇന്ത്യക്കാരും പെടുന്നു എന്നതാണ് ഇപ്പോഴത്തെ നമ്മുടെ പ്രശ്‌നം. ഇതില്‍ മലയാളികളും ഉണ്ട്.

കുട്ടികളായിരിക്കേ യുഎസിലേക്കു രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ തൊഴില്‍ വീസയില്‍ രാജ്യത്തു തുടരാന്‍ നേരത്തെ അനുവദിച്ചിരുന്നു. ഇതിനു നിയമ പരിരക്ഷയും ഉണ്ടായിരുന്നു. ട്രംപിന് മുന്നേ ഒബാമ വന്നപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കിയ ഈ ഇളവാണ് ഇപ്പോള്‍ ട്രംപ് എടുത്തു കളയുന്നത്. ഇതോടെ എണ്ണായിരത്തോളം ഇന്ത്യന്‍ വംശജര്‍ അടക്കം എട്ടു ലക്ഷത്തോളം കുടിയേറ്റക്കാര്‍ നാടുകടത്തല്‍ ഭീഷണിയിലാണ്. ഇതു ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരു കാര്യം ഉറപ്പിക്കാം. ഇതു മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണെന്നത് പകല്‍ പോലെ വ്യക്തം. അമേരിക്കന്‍ മണ്ണില്‍ യാതൊരു ആനുകൂല്യങ്ങളുമില്ലാതെയാണ് ഇപ്പോള്‍ ഈ കുടിയേറ്റക്കാര്‍ കഴിയുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാതെ, ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതെ, എന്തിന് വീടോ, കാറോ പോലും സ്വന്തമായില്ലാതെ ഏതു നിമിഷവും പോലീസിന്റെ കൈകളില്‍ പെടുമോയെന്ന ഭീതിയില്‍ ജീവിതം തള്ളിനീക്കുന്ന ഇവരെ ശ്വാസം വിടാന്‍ അനുവദിക്കുകയാണ് ഒബാമ ചെയ്തത്. ഇനി അതില്‍ ട്രംപിന്റെ വാള്‍ കുത്തിയിറക്കുന്നത് ഇവരുടെ ഹൃദയത്തിലേക്കായിരിക്കും എന്നത് പറയാതെ വയ്യ. കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്കൊപ്പം രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുട്ടികള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ വീസയില്‍ തുടരാന്‍ അനുമതി നല്‍കുന്ന നിയമം ഇല്ലാതാക്കുന്നതിനോടു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളും ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവ അടക്കം വന്‍കിട കമ്പനി മേധാവികളും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ഡാകാ തുടരാന്‍ ട്രംപിനെ പ്രേരിപ്പിക്കുമെന്നു കരുതാന്‍ വയ്യ.

എന്തായാലും ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കി ഡമോക്രാറ്റുകള്‍ ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ രംഗത്തെത്തി എന്നതു ആശ്വാസം. എന്നാല്‍ അതൊന്നും കണ്ട് ട്രംപ് അടങ്ങില്ലെന്ന് ഉറപ്പാണ്. കാരണം, കുടിയേറ്റക്കാരെ തുരത്തുക എന്ന പ്ലാന്‍ ഓഫ് ആക്ഷനുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് ഇനി അതു പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയെ ചൂണ്ടിക്കാട്ടി കാടടച്ചു വയ്ക്കുന്ന ഈ വെടിക്കു പക്ഷേ നിന്നു കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരും പ്രത്യേകിച്ച് ചില മലയാളികളും ഒക്കെയാണെന്നത് വലിയൊരു ദൗര്‍ഭാഗ്യകരം തന്നെ. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ അറൈവല്‍ (ഡാകാ) നിയമത്തിന് അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ചു വരെയാണു നിലവില്‍ കാലാവധി ഉള്ളത്. അതു കഴിഞ്ഞാല്‍ പിന്നെ നിയമം തുടരാതെ റദ്ദാക്കാനാണു യുഎസ് കോണ്‍ഗ്രസിനോടു ട്രംപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡാകാ നല്‍കിയ മാനുഷിക പരിരക്ഷയുടെ പിന്‍ബലത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഇരുട്ടടിയാണ് ഇപ്പോഴത്തെ ഈ വാര്‍ത്ത. അവര്‍ അമേരിക്കന്‍ മണ്ണിനോടു വിട പറഞ്ഞാല്‍ പിന്നെ, ഇവിടേക്ക് വരാനുമാവില്ല. 2012-ല്‍ ബറാക് ഒബാമയുടെ ഉത്തരവുപ്രകാരം നിലവില്‍ വന്ന ഡാകാ പ്രകാരം 787,000 പേര്‍ക്കാണു യുഎസില്‍ തൊഴില്‍വീസ ലഭിച്ചത്. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 7881 പേരുമുണ്ട്. ഡാകാ നിയമപ്രകാരം ഇളവിന് അര്‍ഹരായ, രേഖകളില്ലാത്ത 19 ലക്ഷം കുടിയേറ്റക്കാരില്‍ 14,000 ഇന്ത്യക്കാര്‍ വേറെയുമുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പുതുക്കാവുന്ന വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന ഡാകാ നിയമത്തിനു കീഴില്‍ പുതിയ അപേക്ഷ ഇനി സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റില്ലാതെ, ജീവിതം ഒരുവിധത്തില്‍ കരുപിടിപ്പിച്ചു കൊണ്ടു വന്നവര്‍ക്ക് മുന്നില്‍ ഇനി അനിശ്ചിതത്വത്തിന്റെ നാളുകളാണുള്ളത്.

കാര്യം ഇങ്ങനെയാണെങ്കിലും ട്രംപിന്റെ ഈ നിലപാടിനോടു സ്വന്തം പാര്‍ട്ടിയില്‍ നിന്നു മാത്രമാല്ല, കുടുംബത്തില്‍ നിന്നു പോലും എതിര്‍പ്പുണ്ട്. ട്രംപിന്റെ ഉപദേശകര്‍ കൂടിയായ മകള്‍ ഇവാന്‍ക ട്രംപും മരുമകന്‍ ജറീദ് കുഷ്‌നറും ഡാകാ തുടരണമെന്ന നിലപാടുകാരാണ്. ഇവര്‍ ഇക്കാര്യം പരസ്യമായി പറയുന്നുമുണ്ട്. കുടിയേറ്റക്കാരായ ജീവനക്കാര്‍ ഏറ്റവും കൂടുതലുള്ളത് ആപ്പിള്‍, മൈക്രോസോഫ്റ്റ് കമ്പനികളിലാണ്. സ്വാഭാവികമായും അവരും ഡാകാ പിന്‍വലിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. തൊഴില്‍ നിയമത്തില്‍ കര്‍ശന നിലപാടുകള്‍ തുടര്‍ന്നാല്‍ ഈ കമ്പനികള്‍ക്കൊക്കെയും ഉണ്ടാകുന്ന മനുഷ്യവിഭവ ശേഷിയുടെ കുറവ് നികത്തുന്നത് വലിയൊരു പ്രതിസന്ധിയായി മാറിയേക്കാം. അതു കൊണ്ടു തന്നെ ഡാകാ അവകാശങ്ങള്‍ക്കായി നിയമ പോരാട്ടം നടത്തുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക് വ്യക്തമാക്കുന്നു. നിയമം തുടരണമെന്നാവശ്യപ്പെട്ടു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്, ഫെയ്‌സ് ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്, ഗൂഗിള്‍ സിഇഒ ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. ഇതൊക്കെയും ശുഭകരമായ വാര്‍ത്തകളാണ്. എന്നാല്‍, ട്രംപിന്റെ കാര്യത്തില്‍ ഇത്തരം നിലപാടുകള്‍ക്കൊക്കെ വലിയ ആയുസ്സില്ലെന്നു തന്നെ കാണാം. വരാനിരിക്കുന്ന ആറു മാസത്തിനുള്ളില്‍ ഇത്തരക്കാര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ തയ്യാറാവുന്നതിലാണ് കാര്യം. അവരുടെ പുനരധിവാസം ഒരു പ്രശ്‌നമാകാതെ പരിഹരിക്കാനെങ്കിലും ട്രംപ് ഭരണകൂടം തയാറായിരുന്നുവെങ്കില്‍ എന്നു ആശിച്ചു പോവുന്നു.
Join WhatsApp News
Fr, Vattoly 2017-09-12 20:33:21

President Obama’s Immigration plan on D,A.C.A. and D.A.P.A. was trashed by U.S. Supreme Court on   June 23, 2016, effectively ending what Mr. Obama had hoped would become one of his central legacies. United States is a nation of laws; One person, even a president, cannot unilaterally change the law. An illegal is not an immigrant and they have no status in this country . They are ALIEN as per Immigration and Nationality Act. It doesn’t matter they are from India, Pakistan, Mexico, Guatemala, illegal is illegal. They have to go back along with their Anchor Babies. 

Love 2017-09-12 22:25:42
നാസി വൈറ്റ് സൂപ്പർമസിസ്റ്കൾ യഹൂദന്മാരും, കറമ്പറും, മെക്സിക്കൻ അമേരിക്ക വിട്ടുപോകണം എന്ന് പറഞ്ഞു ഷാർലറ്റ്സ് വില്ലിൽ ബഹളം വച്ച്. ഞങ്ങളുടെ നാട്ടുകാരൻ ഒരു വെളുമ്പനും അവിടെ വന്നിരുന്നു. എന്നാൽ ഹാർവി സൃഷിട്ടിച്ച വെള്ളപ്പൊക്കത്തിൽ അവനെ രക്ഷിക്കാൻ ചെന്നപ്പോൾ കറുമ്പൻ കണ്ടത് ഒരു കോൺഫെഡറേറ്റ് ഫ്‌ളാഗ്‌മായി ബോട്ടിൽ കേറാൻ തുടങ്ങിയ വെളുമ്പനെയാണ് . നിനക്ക് നിന്നെ രക്ഷിക്കണോ അതോ നിന്റ കോൺഫെഡറേറ്റ് ഫ്‌ളാഗ് രക്ഷിക്കണോ എന്ന് ചോദിച്ചപ്പോൾ വെളുമ്പൻ കറുമ്പന്റെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട്, ഹെൽ വിത്ത് കോൺഫെഡറേറ്റ് ഫ്ലാഗ് യു സേവ് മെയ് ലൈഫ് മാൻ എന്ന് പറയുകയുണ്ടായി.  ഹ്യുസ്റ്റണിലെ വെള്ളപ്പൊക്കത്തിൽ നിന്ന് പല വെളുത്തവരെയും രക്ഷപ്പെടുത്തിയത് ഇല്ലീഗലായി അമേരിക്കയിൽ വന്നവരായിരുന്നു .  മലയാളികൾ പലരും ഡാലസിലേക്ക് കടന്നു കളഞ്ഞു . മനുഷ്യനു സഹായം എവിടെ നിന്ന് വരുന്നു എന്ന് പറയാൻ സാധിക്കില്ല . അതുകൊണ്ട് ഫാദർ വട്ട് -അതികം ഓലി ഇടണ്ട . ഹോംലാൻഡ് സെക്യൂരിറ്റി പൊക്കിയെന്നിരിക്കും .  
truth and justice 2017-09-14 13:10:27
I join with Mr Trump policies everything by law and constitution.The country has a written law and should abide by all citizens in this country. Illegals have no stand no where and if u go o india the same.Mr Modi will kick them out all illegals. Let us hope the citizens of this country should be law abiding citizens.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക