Image

കൊടുങ്കാറ്റുകള്‍ ഇരമ്പുന്നു.......? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 11 September, 2017
കൊടുങ്കാറ്റുകള്‍ ഇരമ്പുന്നു.......? (ലേഖനം: ജയന്‍ വര്‍ഗീസ്)
മാമലകള്‍ക്കപ്പുറത്ത്
മരതകപ്പട്ടുടുത്തു
മലയാളമെന്നൊരു നാടുണ്ട്!

മകരക്കുളിരും, മാംപൂമണവും നിറഞ്ഞുനിന്ന്, മണ്ണില്‍ നിന്ന് ശുദ്ധജലവും, മനസ്സില്‍ നിന്ന് ശുദ്ധസ്‌നേഹവും കിനിഞ്ഞിരുന്ന നമ്മുടെ നാട്; പടിഞ്ഞാറന്‍ അധിനിവേശത്തിന്റെ അമൂര്‍ത്ത നുകത്തിനടിയില്‍ സ്വന്തം കഴുത്തുകള്‍ പിണച്ചുകൊടുത്ത ഭരണവര്‍ഗ്ഗ വഞ്ചകന്മ്മാരുടെയും, സാംസ്കാരിക ഷണ്ഡന്‍മ്മാരുടെയും കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തന ഫലമായി, സാമൂഹ്യ വളര്‍ച്ചയുടെ കൂന്പുകള്‍ അടഞ്ഞു, ധാര്‍മ്മിക സാംസ്കാരിക തലങ്ങളില്‍ നപുംസക വേഷം കെട്ടിയാടുന്ന മൂന്ന് കോടിയിലധികം വരുന്ന ആള്‍ക്കൂട്ടങ്ങളുടെ നാടായിരിക്കുന്നു ഇന്ന് കേരളം !

സാമൂഹ്യാവസ്ഥയുടെ സ്വച്ഛശീതളിമയിന്മേല്‍ ഇരമ്പുന്ന ഈ കൊടുങ്കാറ്റുകളെ ആരും കാണുന്നില്ല. കണ്ടവര്‍ തന്നെ കണ്ടതായി നടിക്കുന്നില്ലാ. കണ്ടതായി നടിച്ചുപോയാല്‍, വാടക ഗുണ്ടകളുടെ കൊലക്കത്തികളില്‍ കഴുത്ത് ചേര്‍ത്തു കൊടുക്കുവാനുള്ള മടികൊണ്ട് ആരും പ്രതികരിക്കുന്നില്ല. ഇനി, പ്രതികരിക്കുന്നവരെ കീഴ്‌പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ പല രൂപത്തിലും, ഭാവത്തിലും തേടിയെത്തുന്‌പോള്‍, കൊലക്കത്തി മുതല്‍ കോഴപ്പണം വരെയുള്ള ഓഫറുകളില്‍ നിന്ന് കോഴപ്പണം തന്നെ പോക്കറ്റുകളിലൊതുക്കി പലരും മുങ്ങുന്നു!

ധാര്‍മ്മിക അപചയങ്ങളുടെ ആധുനിക നാമമായ ' അടിപൊളി ' യുടെ ആമ്മേന്‍ പാടലുകാരായി അധഃപതിച്ചുകൊണ്ട്, മത രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ മഹാരഥന്മാര്‍ സ്വയം ഷണ്ഡത്വം ഏറ്റുവാങ്ങി തല്‍സ്ഥാനങ്ങളില്‍ വിലസുകയാണ്.

ജനങ്ങള്‍ക്ക് നേരിട്ട് മദ്യം വില്‍ക്കുന്ന ലോകത്തിലെ ഒരേയൊരു ഗവര്‍മെന്റാണ് കേരളത്തിലേത്. ആളോഹരി കള്ളുകുടിയില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചെടുത്ത വീരന്മാരുടെ നാടാണ് കേരളം? ഈ കള്ളും, വെള്ളിത്തിര സ്വര്‍ണ്ണത്തിര സെക്‌സ്‌ബോംബുകളുടെ തള്ളും കൂടിയാവുന്‌പോള്‍, ആഴ്‌വാരി തംപ്രാക്കള്‍ മുതല്‍ അടിമപ്പുലയന്‍ വരെ പീഠനക്കേസുകളില്‍ കുടുങ്ങി മുഖത്ത് മുണ്ടിട്ട് ചൂളി നില്‍ക്കുന്നു!

അദ്ധ്വാനിക്കുവാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പാടത്തും, പറന്പിലും പണിയെടുക്കുന്നവനെ ജനം പുച്ഛിക്കുകയാണ്.എല്ലാവര്‍ക്കും വേണ്ടത് വൈറ്റ് കോളര്‍ ഉദ്യോഗമാണ്. അത് സാധിക്കാത്തവര്‍ സ്വയം വൈറ്റ് കോളര്‍ അണിഞ്ഞു എളുപ്പത്തില്‍ 'ബ്രോക്കര്‍' ആവുകയാണ്. സമൂഹത്തില്‍ ഇറങ്ങുന്ന പണത്തിന്റെ പത്തില്‍ ഒന്നെങ്കിലും ഈ ബ്രോക്കര്‍മാരുടെ പോക്കറ്റില്‍ വീഴുന്നു. പെണ്ണുകെട്ടു മുതല്‍ പേറടിയന്തിരം വരെ ബ്രോക്കര്‍മാരുടെ നിയന്ത്രണത്തില്‍ നടക്കുന്നു. രാഷ്ട്രീയത്തോടും, മതത്തോടും, സാംസ്കാരിക രംഗത്തോടും ഒട്ടി നിന്നുകൊണ്ടും ചിലര്‍ ബ്രോക്കറേജ് പിരിച്ചെടുക്കുന്നു. ഈ മേഖലകളില്‍ പണമെറിഞ്ഞു പണം കൊയ്യുന്നത് മദ്യ സ്വര്‍ണ്ണ മാഫിയകളാണ്. കേരളത്തിലെ കുഗ്രാമങ്ങളില്‍പ്പോലും തങ്ങളുടെ സ്റ്റാര്‍ബാറുകള്‍ സ്ഥാപിച്ചുകൊണ്ട് കടന്നുകയറിക്കൊണ്ടിരിക്കുന്നൂ മദ്യലോബികള്‍. അവരെ അനുകരിച്ചു കേരളം കീഴടക്കുകയാണ് സ്വര്‍ണ്ണ മാഫിയകളും. പഞ്ചായത്തു തല പട്ടണങ്ങളില്‍ പോലും ഇന്ന് വന്‍കിട സ്വര്‍ണ്ണ വ്യാപാരികളുടെ കൂറ്റന്‍ ഷോറൂമുകള്‍ കടന്നു കയറുകയാണ്. കുടുംബ നാഥയുടെ ശവം മറവു ചെയ്യാന്‍ ഇടം കിട്ടാതെ സ്വന്തം കുടിലിന്റെ അടുക്കള പൊളിച്ചു ശവമടക്കേണ്ടി വരുന്ന സാധുക്കളുടെ കൂടി നാടായ കേരളത്തിലാണ് ഇത്തരം സ്വര്‍ണ്ണ മധ്യ മാമാങ്കങ്ങള്‍ അരങ്ങേറുന്നത് എന്നറിയുന്‌പോളാണ്, സത്യത്തിന്റെ മുഖം എത്ര വികൃതമാണ് എന്ന് നാം മനസിലാക്കുന്നത്?!

മദ്യമാഫിയകള്‍ രാഷ്ട്രീയത്തെയും, മതത്തെയും നിയന്ത്രിക്കുന്‌പോള്‍, സ്വര്‍ണ്ണ മാഫിയകള്‍ സാംസ്കാരിക രംഗത്തെ നിയന്ത്രിക്കുന്നു.പരസ്യങ്ങള്‍ക്ക് അവര്‍ വലിച്ചെറിയുന്ന കോടികള്‍ക്കായി ചാനലുകള്‍ അവരുടെ കാലുനക്കുകയാണ്. സിനിമാ സീരിയല്‍ രംഗങ്ങളിലെ ഖലാഹാരന്മ്മാരും, ഖലാഹാരികളും സ്വര്‍ണ്ണ മാഫിയകളുടെ വാലാട്ടിപ്പട്ടികളായി തരം താഴുകയാണ്. അണിഞ്ഞാസ്വദിക്കാനും, അവസാനം പണയം വയ്ക്കാനും കൂട്ടിക്കൊടുപ്പുകാരാവുകയാണ്. അതിലൂടെ അടിപൊളിയുടെ ത്രിശങ്കു സ്വാര്‍ഗ്ഗത്തിലെത്തിക്കുകയാണ്....അവസാനം ആത്മഹത്യ ചെയ്യിക്കുകയാണ്?

സ്വാമി വിവേകാനന്ദനെക്കൊണ്ട് ' ഭ്രാന്താലയം' എന്ന് വിളിപ്പിക്കാന്‍ പാകത്തിന് ഒരിക്കല്‍ അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും കൂത്തരങ്ങായിരുന്നു കേരളം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിപ്പുറം ഈ അവസ്ഥ പാടേ മാറി. പല അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും നാം പടിയിറക്കി വിട്ടു. ധാര്‍മ്മികവും, മാനവീകവുമായ അടിത്തറയില്‍ നാം ഒരു സാമൂഹ്യക്രമം കെട്ടിപ്പൊക്കി. ഈ സാമൂഹ്യ ക്രമത്തില്‍ പച്ചയണിഞ്ഞു നിന്ന നമ്മുടെ നാടിനെയോര്‍ത്തിട്ടാണ്, ' മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്തു, മലയാളമെന്നൊരു നാടുണ്ട്.' എന്ന് നാം അഭിമാനത്തോടെ മൂളിയിരുന്നത്. ഈ സാമൂഹ്യക്രമം കെട്ടിപ്പൊക്കുന്നതില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, ആദര്‍ശ ധീരരായ സാംസ്കാരിക പ്രവര്‍ത്തകരും വഹിച്ച വലിയ പങ്ക് ചരിത്രത്തിന്റെ താളുകളില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ടവയാണ്!

ഇന്ന് ഞെട്ടലോടെ നാം തിരിച്ചറിയുകയാണ്, ഇതെല്ലാം തിരിച്ചൊഴുകുകയാണ്. സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു സമൂഹത്തെ ആര്‍ക്കും, ഒന്നിനും അടിമകളാക്കാനാവില്ലാ എന്ന തിരിച്ചറിവില്‍, മദ്യ സ്വര്‍ണ്ണ മാഫിയകള്‍ തന്നെയാവണം ഈ തിരിച്ചൊഴുകലിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.അന്ധവിശ്വാസപരവും, അബദ്ധജടിലവുമായ യക്ഷിക്കഥകളില്‍ െ്രെകസ്തവ തത്വദര്‍ശനം കുത്തിത്തിരുകി, പവിത്രമായ െ്രെകസ്തവ ദര്‍ശനത്തെ വരെ ആക്ഷേപിക്കുകയാണ് ചാനലുകള്‍. കടമറ്റത്തു കത്തനാരും, കള്ളിയങ്കാട്ടു നീലിയും അരങ്ങു നിറഞ്ഞാടുന്ന മിനിസ്ക്രീനുകള്‍ക്ക് കിട്ടുന്ന ജനപ്രീതി, തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന കേരളീയ സാമൂഹ്യാവസ്ഥയുടെ വന്‍ ദുരന്തത്തിലേക്കുള്ള വിരല്‍ ചൂണ്ടലാണ്. സ്വപ്‌നങ്ങള്‍ പൂട്ടിയ അശ്വ രഥങ്ങളുടെ കുളന്പടിയില്‍ ലോകം അടുത്ത നൂറ്റാണ്ടിലേക്കു കുത്തിക്കുന്‌പോള്‍, കള്ളിയങ്കാട്ടു നീലിക്ക് ചുണ്ണാന്പു ചുമക്കുന്ന ചണ്ണകോമരങ്ങളായി തരം താഴുകയാണ് സന്പൂര്‍ണ്ണ സാക്ഷരരായ നമ്മള്‍ കേരളീയര്‍?

ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന മിക്ക സീരിയലുകളുടെയും അവസ്ഥ ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. അവിഹിത ഗര്‍ഭത്തില്‍ അധിഷ്ഠിതമായ ഒരു കഥാതന്തുവാണ് മിക്ക സീരിയലുകളും പിന്തുടരുന്നത്. നിത്യ ഗര്‍ഭം പേറി കരഞ്ഞു തളരുന്ന ചുണ്ണാന്പു നായികമാരോടുള്ള സഹതാപത്തില്‍ കേരളം കരഞ്ഞുറങ്ങുകയാണ്. അവിഹിത ഗര്‍ഭത്തിന്റെ ആളെ കണ്ടെത്തുന്‌പോഴേക്കും എപ്പിസോഡുകള്‍ ഇരുനൂറും, മുന്നൂറും പിന്നിട്ടു കഴിയും.ഇടക്കുള്ള കരച്ചിലിനും, പിഴിച്ചിലിനും ഇടക്ക് സ്വര്‍ണ്ണ മാഫിയകള്‍ തങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു.

അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉന്നത കലാസൃഷ്ടിയായ ' ചെമ്മീന്‍' വിരചിച്ചെടുത്ത മലയാള സിനിമക്ക് എന്ത് പറ്റി? ഈ പതിറ്റാണ്ടുകള്‍ക്കിടയില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടായില്ല എന്ന് ഇവിടെ അര്ഥമാക്കുന്നില്ല. എങ്കിലും, ഈ കാലഘട്ടത്തില്‍ പിറന്നു വീണതിലധികവും വെറും ചാപിള്ളകളായിരുന്നു. പ്രതികൂലങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള കഴിവും, കരുത്തും മനുഷ്യനേകുന്നതാവണം യഥാര്‍ത്ഥ കലയും, സാഹിത്യവും. എങ്കില്‍, ആത്മഹത്യാ മുനന്പിലേക്കു കുതിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പ്രചോദന കേന്ദ്രം ഈ ചാപിള്ള സിനിമകള്‍ ആയിരുന്നില്ലേ എന്ന് ന്യായമായും സംശയിക്കണം?

ആദര്‍ശങ്ങളെ അപ്പത്തിനുള്ള ഉപാധിയാക്കുകയാണ് രാഷ്ട്രീയക്കാര്‍.അവരുടെ കാലുനക്കിക്കൊണ്ട് ആനുകൂല്യങ്ങള്‍ അടിച്ചെടുത്ത് വിശ്വാസത്തെ വോട്ടാക്കി മാറ്റുകയാണ് മതങ്ങള്‍. ഒരു വലിയ കൂട്ടം കോമാളികളുടെ കുരങ്ങുകളിയാണ് ഭരണം. കുന്നുകൂടുന്ന പൊതുസ്വത്ത് തന്ത്രപൂര്‍വം എങ്ങിനെ സ്വന്തം പോക്കറ്റിലാക്കാം എന്നുള്ള കാസര്‍ത്തു കളി മാത്രമാണ് ഇവരുടെ പ്രകടനങ്ങള്‍.

ഒരു മാറ്റം അനിവാര്യമാണ്. എങ്കിലും അതത്ര എളുപ്പമല്ല. അനേകര്‍ അടിപൊളിയുടെ നുകത്തിനടിയില്‍ സ്വന്തം കഴുത്തുകള്‍ പിണച്ചു കഴിഞ്ഞു.അറവു ശാലകളുടെ അരികിലേക്കാണ് തങ്ങള്‍ ആട്ടിത്തെളിക്കപ്പെടുന്നതെന്ന് ഇവര്‍ പോലുമറിയുന്നില്ല.ഇവരുടെ തിരിച്ചുപോക്ക് യജമാനവര്‍ഗ്ഗം തടയുക തന്നെ ചെയ്യും.അതിനുള്ള അവരുടെ ആയുധങ്ങള്‍ തോക്കും, ലാത്തിയും, ബോംബുമല്ല; ബുദ്ധിയാണ്. ബൗദ്ധികമായ അധിനിവേശമാണ്.അതിനുള്ള ഏജന്‍സികളെ അവര്‍ വിലകൊടുത്ത് വാങ്ങിക്കഴിഞ്ഞു. പത്രങ്ങളും, റേഡിയോയും, ടെലിവിഷനും. ചാനലുകളും. എല്ലാറ്റിനുമുപരി സിനിമയും. ഇവരുടെ കാലുനക്കികളായ മാധ്യമ പ്രഭൃതികളും, പേനയുന്തുകാരും, ഖലാഹാരന്മ്മാരും, ഖലാഹാരികളും അവര്‍ക്കു വേണ്ടി കുരക്കുന്നു. തങ്ങളുടെ നായകര്‍ കുരക്കുന്‌പോള്‍ പൊതുജനം എങ്ങിനെ മിണ്ടാതിരിക്കും? അവരും കുരക്കുന്നു!

ഈ കുര കേരളത്തില്‍ സൃഷ്ടിച്ച സാമൂഹ്യ വിപത്തുകള്‍ വളരെയാണ്. നാടിന്റെ നായകര്‍ മുഖ്യ പ്രതികളാവുന്ന സ്ത്രീ പീഠനങ്ങള്‍, സ്വയം ദൈവങ്ങള്‍ ചമഞ്ഞുകൊണ്ട് കോടികള്‍ കൊയ്തു വിലസുന്ന വെറും പച്ച മനുഷ്യര്‍, പണമെറിഞ്ഞു പണം കൊയ്യുന്ന ഉന്നത വിദ്യാഭ്യാസ രംഗം, ആരെക്കൊന്നും പണമുണ്ടാക്കിയാല്‍ കരഗതമാവുന്ന ഉയര്‍ന്ന സാമൂഹ്യ മാന്യത, മൂന്നു വയസുകാരി മുതല്‍ മുത്തശ്ശി വരെ നേരിടേണ്ടി വരുന്ന ലൈംഗികാക്രമണ ഭീഷണി, വന്‍ വാഗ്ദാനങ്ങളുടെ വലയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കുന്ന സാധാരണ പൊതുജനം.
സംശയിക്കേണ്ട, കഴിഞ്ഞ നൂറ്റാണ്ടു ചവിട്ടിത്താഴ്ത്തിയ ഫ്യൂഡലിസം അതിശക്തമായി പുനര്‍ജനിച്ചു കഴിഞ്ഞു!

മാറ്റം ഒരു സ്വപ്നമാണ്. മാറ്റത്തിന്റെ ഈ കാറ്റ് വിതക്കാന്‍ ആര്‍ക്ക് കഴിയും? യജമാന വര്‍ഗ്ഗം ചുഴറ്റിയെറിഞ്ഞ ദാരിദ്ര്യരേഖയുടെ മിന്നല്പിണറിന്നടിയില്‍ വരാനിരിക്കുന്ന മാറ്റത്തിന്റെ രഥചക്ര 'രവ ' കാരം കാതോര്‍ത്ത് കാത്തിരിക്കുകയാണ് ജനകോടികള്‍!

ധാര്‍മ്മിക അപചയങ്ങളുടെ പുത്തന്‍ കൊടുങ്കാറ്റുകള്‍ ഇരന്പുന്നു. 'നാടൊടുന്‌പോള്‍ നടുവേ' എന്ന് പറഞ്ഞിരുന്നാല്‍ ഈ കാറ്റ് നമ്മളെയും ചുഴറ്റിയെറിയും. ഒറ്റക്ക് നില്‍ക്കുവാനുള്ള ആത്മബലം നാം നേടിയെടുത്തേ തീരൂ. ഒഴുക്കിനെതിരേ നീന്തുവാന്‍ വലിയ പ്രയാസമാണ്. എങ്കിലും നമുക്ക് ശ്രമിക്കാം, കഠിനമായി ശ്രമിക്കാം. വെളിച്ചം കാത്തിരിക്കുന്നുണ്ട്. നാം മനസുവച്ചാല്‍ നമുക്കും വെളിച്ചം ഏറ്റുവാങ്ങാവുന്നതേയുള്ളു, ആശംസകള്‍!
Join WhatsApp News
Ninan Mathullah 2017-09-11 23:05:44
Faceless 'vyajan' writing comment is also has a role in destroying our culture. We are encouraging others to throw mud from the dark and allow them to shape public opinions. Now propaganda against P.C. George is the latest 'vikruthikal' of these mentally disturbed group. Is this a destructive mentality that finds pleasure in seeing a person and his future destroyed.
ഏലിയൻ 2017-09-11 23:43:13
വ്യാജന്മാർ സത്യം വിളിച്ചു പറയുന്നവരാണ് .വൃത്തികെട്ട   മത രാഷ്ട്രീയ കൂട്ടുകെട്ട് തകർക്കാൻ അവതരിച്ചവർ .  മൂല്യചുതിയേറ്റു നശിക്കുന്ന സംസ്കാരത്തിന്റെ കാവലക്കാർ.  മാത്തുള്ള ഏലിയൻസിനെ കണ്ടിട്ടില്ലേ ? അതെ അവർത്തന്നെയാണ് വ്യാജന്മാർ .  അവരുമായി ഒരു യുദ്ധത്തിന് പോകാതിരിക്കുന്ന്താണ് നല്ലത്. ഒരു കാല ഘട്ടത്തിൽ ഇവിടെ സ്വന്ത പേര് വച്ചെഴുതിയവർ ആയിരുന്നു കൂടുതലും എന്നാൽ ഇന്ന് വ്യാജന്മാരുടെ വിഹാരരംഗമായി മാറിയിരിക്കുന്നു .  സ്കെടുൽ കാസ്റ്റെന്ന പേരാണ് യോജിച്ചത്. ഞങ്ങളോടൊപ്പം നിലക്ക് മാത്തുള്ളെ. നിങ്ങളുടെ ഉള്ളിൽ സമാധാനം വരും .  പി .സി .ജോർജ്ജ് . പാവം .  പഞ്ചപാവം. എടുത്ത് ഒക്കത്ത് വച്ച് നടന്നോ. ആർക്കു വേണം ഇവന്മാരെ .  
വിദ്യാധരൻ 2017-09-12 11:01:39
ഇവിടെ കൊടുങ്കാറ്റടിച്ചിടട്ടെ
ഇടിയും മഴയും പെയ്തിടട്ടെ
പുരയാകെ തീയിൽ എരിഞ്ഞിടുമ്പോൾ
വാഴവെട്ടെന്ന് കേട്ടിട്ടില്ലേ?
ഞങ്ങൾ പണിയും മദ്യശാല
നാടാകെ മദ്യത്തിൽ മുങ്ങിടട്ടെ
അമ്പലം പള്ളികൾ സ്‌കൂളുകളും
ബെവറേജ്‌ കള്ള് ഷാപ്പുകളും
ഒന്നായി തീരട്ടതിവേഗമങ്ങ്
തുടങ്ങട്ടെ കുട്ടികൾ സ്‌കൂളിൽതന്നെ
ലഹരിയിൻ കഞ്ചാവിൻ ബാലപാഠം 
ഉറങ്ങട്ടെ പാവങ്ങൾ ലഹരിമോന്തി 
റോഡിൻ നടുവിൽ  ശാന്തമായി
കേരളം ഒന്നായി ഉറങ്ങിടുമ്പോൾ
മാറ്റണം ഖജനാവ് അടിച്ചുശീഘ്രം
മണൽമാന്തി മരംവെട്ടി നാട്ടിലെല്ലാം
പടുകൂറ്റൻ വിമാനം ഇറക്കിടേണം
ഇനി നാട്ടിൽ ഒരിഞ്ചു ഭൂമിപോലും
വെറുതെ തരിശായി കിടന്നുകൂടാ
അവിടുക്കെ റിസോർട്ടുയർന്നിടേണം
അവിടെ ടൂറിസ്റ്റുകൾ നൃത്തമാടും
പണമുള്ള സിനിമാക്കാർ നാട്ടിലെല്ലാം
പണിയട്ടെ സുഖവാസ കേന്ദ്രമെങ്ങും
പുറംമ്പോക്കവർക്കായി പതിച്ചു നൽകി
അയവു വരുത്തുക നിയമമെല്ലാം
പീഡനം ചെയ്യാത്ത ഭക്തന്മാരെ
എറിയുക ആദ്യത്തെ കല്ലുനിങ്ങൾ?
അതു പറയുമ്പോൾ നിങ്ങളെന്തെ
നേരേ തിരിഞ്ഞു നടന്നിടുന്നെ?
നിങ്ങടെ വീടിന്റെ പിൻവശങ്ങൾ
കുത്തിക്കുഴിക്കിൽ നാറ്റം പൊന്തിവരും
പറയണ്ട പണ്ടത്തെ കഥകളൊക്കെ
ഉറങ്ങുന്നോർ ശാന്തമായുറങ്ങിടട്ടെ
അതുകൊണ്ടു ഒന്നായി നിന്നു  നമ്മൾ  
നമ്മുടെ നാട് സ്വർഗ്ഗമാക്കാം
ഉറങ്ങട്ടെ പാവങ്ങൾ ലഹരിമോന്തി 
റോഡിൻ നടുവിൽ  ശാന്തമായി
ഉണരുമ്പോൾ കാണട്ടെയാ സോദരങ്ങൾ
അവർക്കായി നാം തീർത്ത ദേവലോകം
ഈ പുത്തൻ സംസ്കാരം പരത്തിടാനായ-
വിടുണ്ട് ഞങ്ങടെ പ്രചാരകന്മാർ
ഗർജ്ജിക്കുന്നവർ സിംഹതുല്യം
ഒറ്റയാനെപ്പോലെ കറങ്ങിടുന്നു
നാറികൾ കള്ളന്മാർ പീഡകന്മാർ
അവർക്കായി എന്നെന്നും നിങ്ങളെല്ലാം
പരവതാനി വിരിച്ച ചരിത്രമുണ്ട്
എന്തായാലും നമ്മൾ ഒന്ന് തന്നെ
സ്വർഗ്ഗരാജ്യത്ത് ജീവിക്കേണ്ടോർ
ഭൂമിയിൽ ദൈവം തിരഞ്ഞെടുത്ത
നാടല്ലേ കേരളം നാട്ടുകാരെ?
അവിടെ ദൈവവും ഒത്തുനമ്മൾ
പരസ്പരം പീഡിപ്പിച്ചു കഴിഞ്ഞുകൂടാം

വായനക്കാരൻ 2017-09-12 14:53:22
ജയൻ വറുഗീസിന്റെ ലേഖനവും വിദ്യാധരന്റെ പ്രതികരണ കവിതയും കൂടിയപ്പോൾ ഹാർവിയും ഇർമയും ചേർന്നതുപോലെയുണ്ട്. മാറ്റപ്പെടുമോ എന്ന് സംശയിച്ച ലോൿത്തിലെ പല വ്യവസ്ഥിന്തികളും മാറ്റി മറിക്കപ്പെട്ടിട്ടുള്ളത് തൂലിക തുമ്പുകളാലാണ്. രണ്ടുപേർക്കും അഭിനന്ധനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക