Image

വിഴിഞ്ഞം പദ്ധതി: പിണറായിയും ഉമ്മന്‍ചാണ്ടിയും അദാനിക്കും ദാസിവൃത്തി ചെയ്തു: പി.സി.ജോര്‍ജ്(അഭിമുഖം ഭാഗം-2 : ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 12 September, 2017
വിഴിഞ്ഞം പദ്ധതി: പിണറായിയും ഉമ്മന്‍ചാണ്ടിയും അദാനിക്കും ദാസിവൃത്തി ചെയ്തു: പി.സി.ജോര്‍ജ്(അഭിമുഖം ഭാഗം-2 : ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: വിഴിഞ്ഞം പദ്ധതിയില്‍ വന്‍ക്രമക്കേടു നടന്നിട്ടുണ്ടെന്നും അതിനെതിരെ പ്രതികരിക്കാന്‍ ഇടതുപക്ഷത്തു നിന്നോ വലതുപക്ഷത്തു നിന്നോ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും പി.സി.ജോര്‍ജ് എംഎല്‍എ. ന്യൂയോര്‍ക്കില്‍ ഇ-മലയാളിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയാന്‍ വിഷമമുണ്ട്. എതിര്‍ക്കാന്‍ ഞാന്‍ മാത്രം. ഭരണ- പ്രതിപക്ഷത്തു നിന്നു യാതൊരു പിന്തുണയുമില്ലാതെ താന്‍ മാത്രമാണ് ഈ പദ്ധതിക്കെതിരെ ശക്തിയുക്തം പ്രതികരിച്ചത്. ഒരു പിന്തുണയും മേല്‍ക്കാതെ വന്നതിനെ തുടര്‍ന്ന് തന്റെ ശബ്ദം ദുര്‍ബലമായി പോവുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ പിന്തുണക്കാരനായ വ്യവസായ പ്രമുഖന്റെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് വര്‍ഷത്തിന്റെ പാട്ടക്കരാറിന് വെറും 6000 കോടിരൂപക്കാണ് ഈ പദ്ധതി അടിച്ചുമാറ്റിയത്. പദ്ധതി ഏറ്റെടുക്കുന്ന സമയത്ത് 2800 കോടിരൂപയായിരുന്നു അടങ്കല്‍ തുക. പിന്നീടത് 4000 കോടിയായി. ഇപ്പോള്‍ 6000 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു.

ലോകത്ത് വിഴിഞ്ഞം പദ്ധതിപോലെ മറ്റൊരു പദ്ധതിയില്ല. 100 ശതമാനം പ്രകൃതിദത്തമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഏക തുറമുഖം. അമേരിക്കയില്‍ പോലുമുണ്ടാകില്ല ഇത്തരമൊരു തുറമുഖം. മൈലുകള്‍ വിസ്തീര്‍ണ്ണത്തില്‍ നൂറുകണക്കിനു മീറ്റര്‍ താഴ്ചയില്‍ ആഴമുള്ള തുറമുഖം. ഒരിക്കല്‍ പോലും ട്രഡ്ജിംഗ് വേണ്ടാത്ത ഏക തുറമുഖം. കൊച്ചിതുറമുഖം എന്തിനേറെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തുറമുഖങ്ങള്‍ ദിവസേന മണല്‍ വാരി ട്രഡ്ജിംഗ് നടത്തിയാലെ തുറമുഖത്ത് കപ്പലുകള്‍ അടുക്കാന്‍ കഴിയും. വിഴിഞ്ഞത്ത് പ്രകൃതിദത്തമായ ഒരു അനുഗ്രഹമാണ് ഈ തുറമുഖത്ത് ആഴം ഏറെയാണ്. മൈലുകള്‍ വിസ്തീര്‍ണ്ണത്തില്‍. മദര്‍ഷിപ്പുകള്‍ അടുക്കാന്‍ ഒന്നും ചെയ്‌തേണ്ടതില്ല. അത്തരമൊരു തുറമുഖമാണ് അദാനിഗ്രൂപ്പിനു വേണ്ടി കേരള സര്‍ക്കാര്‍ അടിയറവുവെച്ചിരിക്കുന്നത്. അവിടെ സ്ഥലവും കൂടി കൊടിത്തിരിക്കുകയാണ്. അവിടെ കെട്ടിടം പണിയാം, ഹോട്ടല്‍പണിയാം എന്തുവേണമെങ്കിലും ചെയ്യാം. ആ പ്രദേശം മുഴുവന്‍ തീറ് അദാനിക്കു കൊടുത്തു. 16-ാം കൊല്ലമാണ് ഒരു ശതമാനമെങ്കിലും കേരളത്തിനു ലഭിക്കുന്നത്. ബില്‍ഡ് ഓപ്പറേറ്റ്(- ട്രാന്‍സ്ഫര്‍ (ബി.ഒ.ടി) അടിസ്ഥാനത്തില്‍ കൊടുത്തിരിക്കുന്ന കരാര്‍ പ്രകാരം 40 വര്‍ഷത്തിനു ശേഷമെ 26 ശതമാനം വരുമാനം കേരളത്തിനു ലഭിക്കുകയുള്ളൂ. അപ്പോള്‍ ആരു ജീവിച്ചിരിപ്പുണ്ടാകും. ആ കരാര്‍ തന്നെ നിലനില്‍ക്കുമെന്നാര്‍ക്കറിയാം. ആദാനി മുതലാളിക്ക് പിണറായിയും ഉമ്മന്‍ചാണ്ടിയും കൂടി ദാസ്യവൃത്തി ചെയ്തതിന്റെ ഫലമാണീ കരാറെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

നരേന്ദ്രമോദി ആസാധ്യം കഴിവുള്ള പൊറിഞ്ഞവനാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ നല്ല ദിശാബോധത്തോടെ തന്നെയാണ് നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നതെന്നും പി.സി.ജോര്‍ജ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി എന്ന നിലയില്‍ നല്ല ദിശാബോധത്തോടെ തന്നെയാണ് നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നതെന്നും പി.സി.ജോര്‍ജ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി എന്നാല്‍ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് മാത്രം ഭരണചക്രം തിരിക്കേണ്ട ആളല്ലാ അങ്ങനെ ഒരു ചക്രം തന്നെയില്ല. അദ്ദേഹം ലോകം മുഴുവന്‍ വിമാനയാത്ര നടത്തുകയാണ് എന്നാണ് എല്ലാവരും പറയുന്നത്. എന്താണ് അതില്‍ തെറ്റ്? വിമാനത്തില്‍ ഇരുന്നു കൊണ്ടുതന്നെ ഭരണചക്രം തിരിക്കാവുന്നതല്ലെ. അദ്ദേഹം എവിടെയെല്ലാം പോയിട്ടുണ്ടോ അവിടെല്ലാം നല്ല രീതിയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കണ്ടകാര്യം എടുത്തുപറയേണ്ടതാണ്. പാക്കിസ്ഥാനും ചൈനയും കുറെകാലങ്ങളായി ഇന്ത്യയുടെ അതിര്‍ത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മികച്ച നയതന്ത്രബന്ധം കൊണ്ടുമാത്രമാണ് പാക്കിസ്ഥാന് അടുത്തിടെ അമേരിക്ക ശാന്തമായ ഭാഷയില്‍ താക്കീത് നല്‍കിയത്. അതോടെ അതിര്‍ത്തിയിലെ സംഘര്‍ഷം തീര്‍ന്നുവല്ലോ. ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രമ്പിനെ താന്‍ അഭിനന്ദിക്കുന്നതായും പി.സി. പറഞ്ഞു.

താന്‍ ഇത്രയും പറയുമ്പോള്‍ തന്നെ ഒരു ബി.ജെ.പി.ക്കാരനായി ചിത്രീകരിക്കാന്‍ പലരും നോക്കും. മോദിയെ ഇത്രയേറെ ബഹുമാനിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ക്ഷണിക്കുകയാണെങ്കില്‍ തരക്കേടില്ലാത്ത ഒരു വകുപ്പ് ലഭിച്ചാല്‍ ക്ഷണം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് താന്‍ ഒരു കാരണവശാലും ആ പണിക്ക് ഇല്ലേഇല്ലെന്ന് അദ്ദേഹം ആണയിട്ടു പറഞ്ഞു.

താനൊരു മോദിഭക്തനൊന്നുമല്ലെന്നു പറഞ്ഞ അദ്ദേഹം മോദിയുടെ നോട്ടുപിന്‍വലിക്കല്‍ നടപടിയെ നിശതമായി വിമര്‍ശിച്ചു. മോദി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കള്ളപ്പണം പിടിക്കുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച നോട്ടുപിന്‍വലിക്കലിലൂടെ വാക്കുപാലിക്കാന്‍ മോഡിക്കു കഴിഞ്ഞില്ല. നോട്ടു പിന്‍വലിക്കല്‍ നടപടിയിലും ദുരൂഹതയുണ്ട്. ഉത്തര്‍പ്രദേശിലെ പൊതുതെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥികളെ പാപ്പരാക്കാന്‍ വേണ്ടി ചെയ്ത നടപടിയായ ഇതിനെ കാണാന്‍ കഴിയൂ. മായാവതി ഉള്‍പ്പെടെയുള്ളവരുടെ പക്കലുണ്ടായിരുന്ന കള്ളപ്പണം ഒറ്റയടിക്ക് ആവിയായി പോയി. പകരം ഉത്തര്‍പ്രദേശ് ബി.ജെ.പി. ആസ്ഥാനത്തേക്ക് കോടിക്കണക്കിനു രൂപയുടെ പുതിയ നോട്ടുകള്‍ എത്തിച്ചും കൊടുത്തു.

അല്‍ഫോന്‍സ് കണ്ണന്താനത്തിന് അര്‍ഹതപ്പെട്ട അംഗീകാരമാണ് ലഭിച്ചതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. കണ്ണന്താനത്തെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ആക്കാമെന്ന് മോഹിപ്പിച്ച് ഒരിക്കല്‍ പറ്റിച്ചതാണ്. അദ്ദേഹം വളരെ കഴിവുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കഴിവുകള്‍ക്കനുസൃതമായിട്ടുള്ള അംഗീകാരം തന്നെയാണ് ബി.ജെ.പി. സര്‍ക്കാര്‍ നല്‍കിയത്. രണ്ട് സുപ്രധാന വകുപ്പുകള്‍, അതിലൊന്നിന് സ്വതന്ത്ര ചുമതല ഐ.ടി.വകുപ്പ്, ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരു റിസ്‌ക്ക് തന്നെയാണ് ഐ.ടി. വകുപ്പില്‍ അല്‍ഫോണ്‍സിനെ കാത്തിരിക്കുന്നത്. അമേരിക്കയുടെ പുതിത കുടിയേറ്റ-സാമ്പത്തിക നയങ്ങള്‍ അല്‍ഫോസിന് ഐ.ടി.വകുപ്പില്‍ വന്‍ വെല്ലുവിളികളെ നേരിടേണ്ടിവരും. കേരളത്തിനു വേണ്ടി കണ്ണന്താനം പല പദ്ധതികളും നല്‍കുമെന്നാണ് പ്രതീക്ഷ-ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് താന്‍ നീട്ടിപ്പിടിച്ചൊരു കത്തയച്ചിരുന്നുവെന്ന പറഞ്ഞ പി.സി.ജോര്‍ജിനോട് അങ്ങനെ ഒരു കത്തയയ്ക്കാന്‍ താങ്കള്‍ക്കെന്ത് അര്‍ഹതയാണുള്ളതെന്ന് ചോദിച്ചപ്പോള്‍ ഒരു പൊതു പ്രവര്‍ത്തകനോട് നെറികേടുകാട്ടിയപ്പോള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ കത്തെഴുതാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു മറുപടി. പക്ഷേ തന്റെ കത്തിനു മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു എം.പി.യെപ്പോലും സംഭാവന ചെയ്യാത്തതില്‍ കാര്യമില്ല. ബി.ജെ.പി.യുടെ കുപ്പായം ഇട്ട് എത്ര കാലമായി അദ്ദേഹം കാത്തിരിക്കുന്നു. അതിന് അദ്ദേഹത്തിന് എന്തുകൊണ്ടും അര്‍ഹതയുണ്ട്. പി.സി.കൂട്ടിച്ചേര്‍ത്തു.
മോദി ക്രിസ്തുവിനു തുല്ല്യമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവനയെക്കുറിച്ചു ചൂണ്ടിക്കാട്ടിയപ്പോള്‍ ആ പ്രസ്താവന കാണാതെ താന്‍ പ്രതികരിക്കില്ലെന്നു പറഞ്ഞ അദ്ദേഹം ഒരു പക്ഷേ അല്‍ഫോന്‍സിന്റെ യേശുക്രിസ്തുവായിരിക്കും മോഡിയെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളികള്‍ അഹങ്കാരികളാണെന്ന് അഭിമുഖത്തിന്റെ ആരംഭത്തില്‍ പറഞ്ഞ പി.സി. ജോര്‍ജ് അമേരിക്കന്‍ മലയാളികളെ വാനോളം പുകഴത്തി.
(അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍)

വിഴിഞ്ഞം പദ്ധതി: പിണറായിയും ഉമ്മന്‍ചാണ്ടിയും അദാനിക്കും ദാസിവൃത്തി ചെയ്തു: പി.സി.ജോര്‍ജ്(അഭിമുഖം ഭാഗം-2 : ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക