Image

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം മോദി സര്‍ക്കാരിന്റെ ശ്രമ ഫലമായാണെന്ന് കുമ്മനം

Published on 12 September, 2017
ഫാദര്‍ ടോം ഉഴുന്നാലിലിന്റെ  മോചനം മോദി സര്‍ക്കാരിന്റെ ശ്രമ ഫലമായാണെന്ന് കുമ്മനം
 ഫാദര്‍ ടോം ഉഴുന്നാലിലിന്റെ  മോചനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളുടെ ഫലമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇസ്ലാമിക ഭീകര വാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതില്‍ ഉള്ള സന്തോഷത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടൊപ്പം ബി.ജെ.പി പങ്കു ചേരുന്നു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രത്യേകിച്ച് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദര്‍ ഉഴുന്നാലിന്റെ മോചനം. മലയാളികളുടെയും ഭാരത സര്‍ക്കാരിന്റെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് സന്ദര്‍ഭോചിതമായി ഇടപെട്ട ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് അഭിനന്ദാര്‍ഹമാണ്. എത്രയും വേഗം അദ്ദേഹത്തെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായും വിദേശകാര്യമന്ത്രാലയവുമായി നിരവധി തവണ ബന്ധപ്പെട്ടുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ആശങ്കയില്‍ പങ്കുചേരുകയും അവരുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഡല്‍ഹിയില്‍ നേരിട്ടെത്തി സുഷമ സ്വരാജിനോട് ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച സുഷമ സ്വരാജിനും കേന്ദ്ര സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക