Image

ഉപതിരഞ്ഞെടുപ്പ് പോരിനൊരുങ്ങി വേങ്ങരയും മണ്ഡല വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 13 September, 2017
 ഉപതിരഞ്ഞെടുപ്പ് പോരിനൊരുങ്ങി വേങ്ങരയും മണ്ഡല വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)
കേരളത്തില്‍ മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കേളികൊട്ടുണരുന്നു. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വന്ന വേങ്ങരയില്‍ ഒക്‌ടോബര്‍ 11-ാം തീയതി ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച പുറത്തിറക്കും. ഒക്ടോബര്‍ 15 ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. കേരളത്തോടൊപ്പം പഞ്ചാബിലും ഇതേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ചതിന് ശേഷം അകത്തളങ്ങളില്‍ ഒതുങ്ങി നിന്ന ചര്‍ച്ചയായിരുന്നു വേങ്ങര മണ്ഡലത്തിലെ കാര്യങ്ങള്‍. തിരഞ്ഞെടുപ്പ പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയത്തിന്റെ സജീവ ശ്രദ്ധ ഇനി വേങ്ങരയിലേക്ക് കേന്ദ്രീകരിക്കുകയാണ്.

കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്ന് ജനവിധി തേടുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ''മലപ്പുറത്തെ തിരഞ്ഞെടുപ്പ് ഫലം ഇടത് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാവും...'' എന്നാണ്. പക്ഷേ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പിണറായി വെട്ടിലായി. ഇ അഹമ്മദ് എം.പി മരണപ്പെട്ടതിനെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭാ സീറ്റിന്റെ പരിധിയിലുള്ള കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ സീറ്റുകള്‍ എല്ലാം നേടി മുസ്ലീം ലീഗ് തങ്ങളുടെ കോട്ട നിലിര്‍ത്തി. മലപ്പുറം ജില്ലയിലെ 16 നിയമസഭാ സീറ്റുകളില്‍ നാലെണ്ണം നേടാനായത് ഇടത് മുന്നണിക്ക് അല്‍പം ആശ്വാസം നല്‍കുകയും ചെയ്തു.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചതും വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിന് വഴിയൊരുക്കുമെന്ന് ഇടതുമുന്നണി കരുതുന്നു.  2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുപക്ഷത്തിന് വലിയ തോതില്‍ വോട്ടു വര്‍ധനവുണ്ടായിട്ടും വേങ്ങരയില്‍ 38,057 വോട്ടുകളുടെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ നിന്ന് കിട്ടിയ ലീഡ് 40,529 ആയി വീണ്ടും ഉയര്‍ന്നു. ഈ ഭൂരിപക്ഷം നിലനിര്‍ത്തുകയെന്നത് മുസ്ലിംലീഗിന് അഭിമാനപ്രശ്‌നമാണ്.

വേങ്ങര അസംബ്ലി നിയോജകമണ്ഡലം നിലവില്‍വന്നത് 2011ലാണ്. തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 38237 വോട്ടുകള്‍ക്ക് ഐ.എന്‍.എല്ലിലെ കെ.പി ഇസ്്മായിലിനെ തോല്‍പ്പിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ പി.പി ബഷീറിനെ 38057 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. അതേസമയം മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുസ്ലിം ലീഗിന്റെ അധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് നടത്തിയ സര്‍വേയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെയാണ് അധികപേരും നിര്‍ദേശിച്ചത്. ലീഗ് സെക്രട്ടറി കെ.എന്‍.എ ഖാദറിനായിരുന്നു രണ്ടാം സ്ഥാനം. യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനുമായ പി.കെ അസ്്‌ലു എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നു.

അബ്ദുര്‍റഹിമാന്‍ രണ്ടത്താണിയുടെ പേരും നിര്‍ദേശിക്കപ്പെട്ടിരുന്നു. സര്‍വേയുടെ അടിസ്ഥാനത്തില്‍ ലീഗ് നേതാക്കള്‍ മൂന്നു ദിവസം മുമ്പ് കോഴിക്കോട്ട് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. കെ.പി.എ മജീദിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗ് ഇത്തരം സര്‍വേ പാര്‍ട്ടിക്കകത്ത് നടത്താറുണ്ട്. തുടര്‍ന്ന് സര്‍വേയുടെ ഫലം അനുസരിച്ചാണ് അന്തിമ തീരുമാനം എടുക്കുക. തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ഇടതുപക്ഷം ഇതുവരെ മനസു തുറന്നിട്ടില്ല. സി.പി.എം ജില്ലാ സെക്രേട്ടറിയറ്റും എല്‍.ഡി.എഫ് ഏകോപനസമിതിയും വരുംദിവസങ്ങളില്‍ യോഗം ചേരും. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എം.ബി ഫൈസലിനെ വേങ്ങരയിലും രംഗത്തിറക്കാനാണ് എല്‍.ഡി.എഫിന്റെ ആലോചന. കുഞ്ഞാലിക്കുട്ടി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഇടതു കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. നവാഗത രാഷ്ട്രീയ പാര്‍ട്ടികളായ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയും മല്‍സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മണ്ഡലത്തില്‍ കാര്യമായ വേരുകളില്ലാത്ത ബി.ജെ.പിയും ഒരുകൈ നോക്കാന്‍ രംഗത്തുണ്ടാവും.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍  കമ്മീഷന്‍ പുതുതായി പരിചയപ്പെടുത്തുന്ന വി.വി. പാറ്റ് വോട്ടിങ് മെഷീനായിരിക്കും ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറില്‍ നിന്ന് വോട്ടിംഗ് മെഷീനിലേക്കുള്ള മാറ്റം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏറെ എളുപ്പമാക്കിയെങ്കിലും മെഷീന്റെ സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. സമീപ കാലത്ത് നടന്ന യു.പി തിരഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടുള്ള ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നു. വി.വി പാറ്റ് വോട്ടിഗ് മെഷീന്റെ പ്രത്യേകത ഇങ്ങനെ...വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രൈയല്‍ മെഷീന്‍ വോട്ടര്‍മാര്‍ക്ക് അവര്‍ ചെയ്ത വോട്ടിന്റെ രേഖ നല്‍കുന്നു. വോട്ട് ചെയ്ത് കഴിഞ്ഞ ഉടന്‍ തന്നെ ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു, ചിഹ്നം, ക്രമ നമ്പര്‍ എന്നിവ പ്രിന്റ് ചെയ്ത് പ്രിന്ററിന്റെ സ്‌ക്രീനില്‍ വോട്ട് ചെയ്ത ആള്‍ക്ക് ഏഴ് സെക്കന്‍ഡ് കാണാം. അതിന്‌ശേഷം സ്ലിപ് കട്ടായി പ്രിന്ററിന്റെ ട്രേയില്‍ ശേഖരിക്കപ്പെടാനും സംവിധാനമുണ്ട്.
***
ഇനി അല്‍പം വേങ്ങര വിശേഷങ്ങള്‍.....മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ചെമ്മാട്, മലപ്പുറം, കോട്ടക്കല്‍ എന്നി പ്രദേശങ്ങള്‍ക്ക് മധ്യത്തിലുള്ള പട്ടണമാണ് വേങ്ങര. വേങ്ങര പഞ്ചായത്ത് അടങ്ങിയ ഏരിയ ആണ് ഇത്. 'വേഗത്തിന്റെ കര' എന്ന അര്‍ത്ഥത്തിലാണ് വേങ്ങര എന്ന സ്ഥലപ്പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ചയാണ് ഇവിടെ ചന്ത നടക്കുന്നത്. മലപ്പുറത്തു നിന്നും വരുന്ന റോഡ് വേങ്ങര വഴി കൂരിയാട് കക്കാട് ദേശീയപാത 17 ലൂടെ കടന്ന് മമ്പുറം ചെമ്മാട് വഴി അറബിക്കടലിന്റെ സമീപമായ പരപ്പനങ്ങാടിയില്‍ അവസാനിക്കുന്നു. കോഴിക്കോട്ട് നിന്നും വേങ്ങരയിലേക്ക് ബസ് സര്‍വ്വീസുകള്‍ ഉണ്ട്. അത് നാഷണല്‍ ഹൈവേയിലൂടെ വന്ന് ചെമ്മാട് വഴി വേങ്ങര എത്തും. അതുപോലെ കൊളപ്പുറം കുന്നുംപുറം, അച്ചനമ്പലം, ചേറൂര്‍ വഴിയും വേങ്ങരയിലില്‍ എത്താറുണ്ട്. തിരൂരില്‍ നിന്നും വേങ്ങരയിലേക്ക് പുറപ്പെടുന്ന ബസുകള്‍ എടരിക്കോട് കോട്ടക്കല്‍ വഴി വേങ്ങര എത്തും. പറപ്പൂര്‍ പാലം ഇവിടെ അടുത്താണ്. കൂടുതല്‍ പേരും ഗള്‍ഫ് പണം ആശ്രയിച്ച് കഴിയുന്നവരാണ്. ആദ്യ കാല ഗള്‍ഫ് കുടിയേറ്റങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നാണ് വേങ്ങര.

പ്രശസ്തമായ ഊരകം മല ഇവിടെയാണ്. പണ്ട് പാകിസ്താന്‍ പൗരന്മാര്‍ ഇതിനു മുകളില്‍ ഒളിവില്‍ താമസിച്ചതായി പറയപ്പെടുന്നു. വന്യജീവികളില്‍ ഇന്നവശേഷിക്കുന്ന ഏകവര്‍ഗ്ഗമായ കുരങ്ങുകളെ ഊരകം മലയില്‍ ഇപ്പോഴും അപൂര്‍വ്വമായി കാണാം. ''മലമടക്കുകള്‍ക്കകത്ത് കിടന്ന ഊര്'' ആയതുകൊണ്ടാവാം ഇവിടം 'ഊരകം' ആയതെന്ന് അനുമാനിക്കാം. ഊരകം മല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകള്‍, തോടുകള്‍, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങള്‍ ഇന്നും അറിയപ്പെടുന്നത്. ഉയര്‍ന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് വേങ്ങര. വേങ്ങരയിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറേക്കൊഴുകുന്നു. ഊരകം കുന്നിലെ സമുദ്ര നിരപ്പില്‍ നിന്നും 2000 അടി മുകളില്‍ സ്ഥിതിചെയ്യുന്ന 1500 വര്‍ഷം പഴക്കമുള്ള ജൈന ക്ഷേത്രം ചരിത്രപരമായി വളരെ പ്രധാനപെട്ടതാണ്.

 ഉപതിരഞ്ഞെടുപ്പ് പോരിനൊരുങ്ങി വേങ്ങരയും മണ്ഡല വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക