Image

കൊടിയ പീഡനങ്ങളുടെ സഹന സാക്ഷ്യമായി ഉഴുന്നാലിലച്ചന്‍

എ.എസ് ശ്രീകുമാര്‍ Published on 13 September, 2017
കൊടിയ പീഡനങ്ങളുടെ സഹന സാക്ഷ്യമായി ഉഴുന്നാലിലച്ചന്‍
ഒടുവില്‍ സന്തോഷാധിക്യത്തോടെ ലോകം ആ കാഴ്ച കണ്ടു. ഇന്നലെ (സെപ്റ്റംബര്‍-12). ഉച്ചയോടെ ഒമാന്റെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനം മസ്‌കറ്റിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത് ടെര്‍മിനലിനടുത്തെത്തി നില്‍ക്കുന്നു. ചെറു വിമാനത്തിന്റെ വാതില്‍ തുറക്കപ്പെട്ടു. അതില്‍ നിന്നും അതീവ ക്ഷീണിതനായ ഒരു വൃദ്ധരൂപം കണക്കെ സ്റ്റെപ്പ് ഇറങ്ങി ഒരാള്‍ പതിയെ വേച്ചുവേച്ച് നടന്നുവന്നു. നരച്ച് നീണ്ട് വളര്‍ന്ന താടിയും മുടിയും. ഇടയ്ക്ക് തല അല്‍പ്പമൊന്നുയര്‍ത്തി പുഞ്ചിരിച്ചു. ഒമാന്റെ പരമ്പരാഗത വസ്ത്രം ധരിച്ചുവന്ന ആ മെലിഞ്ഞ മനുഷ്യനാണ് ഫാ. ടോം ഉഴുന്നാലില്‍. അല്ല, രോഗീ പരിചരണത്തിന് ജീവിതം ഉഴിഞ്ഞുവച്ച് ഏവര്‍ക്കും പ്രിയങ്കരനായിത്തീര്‍ന്ന ഉഴുന്നാലിലച്ചന്‍. നാട്ടില്‍ നിന്ന് പോകുമ്പോള്‍ നല്ല ആരോഗ്യവാനായിരുന്നു അദ്ദേഹമെന്നോര്‍ക്കുക. ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയുകയില്ല.

പിതൃശൂന്യരായ യമനിലെ മുസ്ലീം ഭീകരര്‍ തട്ടിക്കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ച് ജീവച്ഛവമാക്കിയ ഫാ. ടോം ഉഴുന്നാലില്‍ വിമാനത്താവളത്തില്‍ നിന്നും നേരേ പോയത് മസ്‌കറ്റിലെ കൊട്ടാരത്തിലേയ്ക്കാണ്. അവിടെ സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രത്തിനു മുന്നില്‍ നന്ദി ചെല്ലുന്ന മനസുമായി ഉഴുന്നലിലച്ചന്‍ നില്‍ക്കുന്ന സീനും നമ്മള്‍ കണ്ടു. കാരണം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഇടപെടലാണ് അച്ചന്റെ മോചനത്തിന് വഴിയൊരുക്കിയത്. കൊട്ടാരത്തില്‍ വച്ച് ദൈവത്തിനും ഒമാന്‍ സുല്‍ത്താനും നന്ദി പറഞ്ഞ ഫാ. ടോം, സുല്‍ത്താന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു. തന്റെ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും, സുരക്ഷിത മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഫാ. ടോം ഉഴുന്നാലില്‍ ഇപ്പോള്‍ വത്തിക്കാനിലെ സലേഷ്യന്‍ സഭയുടെ ആസ്ഥാനത്ത് വിശ്രമത്തിലാണ്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ നാട്ടിലെത്തുകയുള്ളൂ. താനുള്‍പ്പെടുന്ന സലേഷ്യന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഏഞ്ചല്‍ ആര്‍തിമെ ഫെര്‍ണാണ്ടസിനെയും ഫാ. ടോം സന്ദര്‍ശിക്കും. കടുത്ത ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചേക്കും എന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

മരണത്തെ മുഖാമുഖം കണ്ട 18 മാസത്തെ, കൃത്യമായി പറഞ്ഞാല്‍ 557 ദിവസത്തെ ഭീകരമായ തടവ് ജീവിതത്തില്‍ നിന്നാണ് ഉഴുന്നാലിലച്ചന് മോചനം സാധ്യമായത്. പുറം ലോകത്ത് എന്തു സംഭവിക്കുന്നു എന്നറിയാതെയാണ് ഉഴുന്നാലച്ചന്‍ കൊടും ഭീകരരുടെ തടവറയില്‍ കഴിഞ്ഞത്. ആ സമയത്ത് അദ്ദേഹം ജീവനോടെ ഉണ്ടോ എന്നു പോലും സംശയും ഉയര്‍ന്നു. ഒടുവില്‍ ആ ആശ്വാസ വാര്‍ത്ത എത്തിച്ചത് യെമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീല്‍ അല്‍മെഖ്‌ലാഫി ആയിരുന്നു. കഴിഞ്ഞ ജൂണ്‍ 11ന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അച്ചന്‍ ജീവനോടെ ഉണ്ടെന്ന വിവരം അദ്ദേഹം ഇന്ത്യയ്ക്ക് കൈമാറി. വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഫാ. ടോമിനെ മോചിപ്പിച്ചത്. മോചനം സാധ്യമാക്കാന്‍ വത്തിക്കാനും കേന്ദ്ര സര്‍ക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയും കഴിഞ്ഞ 18 മാസമായി ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും അറിയാതെ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായി തടവറയില്‍ കഴിയുകയായിരുന്നു അച്ചന്‍. പീഡനങ്ങള്‍ക്കൊടുവില്‍ പുറം ലോകം കാണാമെന്ന പ്രതീക്ഷ നശിച്ചപ്പോള്‍ ഒരു വേള സ്വന്തം സഭയെ പോലും തള്ളി പറഞ്ഞ് അദ്ദേഹം വീഡിയോ ഇറക്കി. പക്ഷേ, ഭീകരര്‍ അച്ചനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് സഭയ്‌ക്കെതിരെ സംസാരിപ്പിച്ചതെന്ന് വ്യക്തം.

ഏതായാലും അച്ചനെ ജീവനോടെ കണ്ടവരും മോചന വാര്‍ത്ത കേട്ടവരുമെല്ലാം ആനന്ദക്കണ്ണീര്‍ പൊഴിക്കുകയായിരുന്നു. ഒരു കോടി രൂപ റാന്‍സം നല്‍കിയാണ് ഉഴുന്നാലിലച്ചനെ മോചിപ്പിച്ചതെന്ന് കേള്‍ക്കുന്നു. തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം തികച്ചും ശ്രമകരമാണ്. നയതന്ത്ര തലത്തില്‍ മാത്രം സാധ്യമാകാത്ത ഇത്തരം മോചിപ്പിക്കലുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരോ ബന്ധപ്പെട്ട ഏജന്‍സികളോ വെളിപ്പെടുത്താന്‍ സാധ്യതയില്ല. ഫാ. ഉഴുന്നലിലിനെ തട്ടിക്കൊണ്ടു പോയവരുടെ ഐഡന്റിറ്റിയോ അവരുടെ മോഡസ് ഓപ്പറാണ്ടിയോ ഒന്നും പുറം ലോകമറിയുന്നത് അവര്‍ക്ക് താത്പര്യമുള്ള കാര്യമല്ല. ആ നിലയ്ക്ക് ചരിത്രപരമായ ഈ മോചനത്തിന് ശ്രമിച്ച എല്ലാവരോടും നന്ദി പറയാം. ആതേസമയം, ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഇത്തരം ദുരന്ത മുഖത്ത് എപ്രകാരം ചെന്നുപെടുന്നുവെന്നത് ഗൗരവതരമായി ചിന്തിക്കേണ്ട വിഷയവുമാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനായിരുന്നു ലോകജനതയെ നടുക്കിയ ആ സംഭവം ഉണ്ടായത്. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഏഡനില്‍ നടത്തിയിരുന്ന വൃദ്ധ സദനത്തിലാണ് ഭീകരര്‍ സംഹാര താണ്ഡവമാടിയത്. ആക്രമണം നടക്കുമ്പോള്‍ ഐ.എസ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലയായിരുന്നു തെക്കന്‍ യെമന്‍. വൃദ്ധ സദനത്തിന്റെ അടുത്തുള്ള സ്ഥലത്ത് സലേഷ്യന്‍ സഭയുടെ ഫോ. ജോര്‍ജ് മുട്ടത്ത്പറമ്പിലും ഉണ്ടായിരുന്നു. അദ്ദേഹമിപ്പോള്‍ സഭയുടെ ബംഗളുരു പ്രോവിന്‍സിലെ റെക്ടറാണ്. തീവ്രവാദി ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട സിസ്റ്റര്‍ സാലി, സംഭവം നടന്ന് തീവ്രവാദികള്‍ മടങ്ങിപ്പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഫോ. ജോര്‍ജ് മുട്ടത്ത്പറമ്പിലിനെ വിളിച്ച് ഹൃദയഭേദകമായ ഈ വിവരം പറയുകയായിരുന്നു. സിസ്റ്റര്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി. അത് ഇപ്രകാരം...

അക്രമം നടക്കുമ്പോള്‍ വൃദ്ധ സദനത്തിന്റെ പുറത്ത് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. ഒരു കാറിലാണ് ഭീകരര്‍ എത്തിയത്. രണ്ടു പേര്‍ കെട്ടിടത്തിന് മുന്നില്‍ കാവല്‍ നിന്നു. മറ്റ് രണ്ടുപേര്‍ തോക്കുമായി അകത്ത് കയറി. രണ്ട് സെക്യൂരിറ്റിക്കാരെയും ജീവനക്കാരെയും വെടിവെച്ചിട്ടു. നാല് സിസ്റ്റര്‍മാരുടെ ജീവനും അവരെടുത്തു. അക്രമികളുടെ വെടിയൊച്ച കേട്ടപ്പോള്‍ സിസ്റ്റര്‍ സാലി സ്റ്റോര്‍ റൂമിലായിരുന്നു. ഉടന്‍ തന്നെ മറ്റ് സിസ്റ്റര്‍മാര്‍ സിസ്റ്റര്‍ സാലിയോട് ഒളിച്ചോളാനും രക്ഷപെട്ടോളാനും അലറിവിളിച്ച് പറഞ്ഞു. സിസ്റ്റര്‍ സാലി സ്റ്റോര്‍ മുറിയുടെ വാതിലിനു പിന്നില്‍ പതുങ്ങി നിന്നു. പിന്നീട് കൊലയാളി മൂന്നുവട്ടം മുറിയില്‍ കയറി ആളുകളുണ്ടോയെന്ന് പരിശോധിച്ചു. പക്ഷേ വാതിലിന് പിന്നിലേയ്ക്ക് നോക്കിയില്ല. അതിനാല്‍ സിസ്റ്റര്‍ സാലി അത്ഭുതകരമായി രക്ഷപെട്ടു. നാല് സിസ്റ്റര്‍മാരടക്കം 16 പേര്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

ഭീകരര്‍ പോയതോടെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ സിസ്റ്റര്‍ക്ക് ഫാ. ടോമിനെ കാണാന്‍ സാധിച്ചില്ല. എങ്കിലും കൊട്ടിടത്തില്‍ തന്നെ ഇരുന്നു. വൈകുന്നേരം ദൃക് സാക്ഷികള്‍ പറയുമ്പോഴാണ് കാപാലികര്‍ ഫാ. ടോമിനെ, തല മൂടി കൈകള്‍ പിന്നോട്ടാക്കി കെട്ടിവച്ച് കാറില്‍ കയറ്റി കൊണ്ടുപോയ വിവരമറിയുന്നത്. അച്ചനെ തട്ടിക്കൊണ്ടുപോയവര്‍ ആരാണെന്ന് അന്നും ഇന്നും തങ്ങള്‍ക്കറിയില്ലെന്ന് ഫാ. ജോര്‍ജ് മുട്ടത്തുപറമ്പില്‍ പറയുന്നു. മോചന ദ്രവ്യത്തിന് വേണ്ടിയാണ് ഉഴുന്നാലിലച്ചനെ അവര്‍ ജീവനോടെ കൊണ്ടുപോയത്. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിനു ശേഷം അധികം താമസിയാതെ ഫാ. ജോര്‍ജും സിസ്റ്റര്‍ സാലിയും യമനില്‍ നിന്ന് രക്ഷപെടുകയായിരുന്നു.

ഉഴുന്നാലിലച്ചന്റെ മോചനത്തോടെ ഓര്‍ത്തഡോക്‌സ് സഭയും പ്രതീക്ഷയിലാവുകയാണ്. സിറിയന്‍ വിമതരെന്നു സംശയിക്കുന്ന സായുധസംഘം സായുധസംഘം 2013ല്‍ തട്ടിക്കൊണ്ടുപോയ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു ബിഷപ്പുമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആലപ്പോ ആര്‍ച്ച് ബിഷപ് ഇബ്രാഹിം യൂഹാനോന്‍ മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആലപ്പോ ബിഷപ് പൗലോസ് യാസാജ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. മലങ്കര സഭാതര്‍ക്ക പരിഹാരത്തിനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് ഇബ്രാഹിം യൂഹാനോന്‍ മാര്‍ ഗ്രിഗോറിയോസ് രണ്ടുവട്ടം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാ പാത്രിയര്‍ക്കീസ് ജോണ്‍ യാസാജിന്റെ സഹോദരനാണ് ബിഷപ് പൗലോസ് യാസാജ്. തടവിലാക്കപ്പെട്ട ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ വിഭാഗങ്ങളിലെ രണ്ടു വൈദികരുടെ മോചനത്തിനായി വിമതരുമായി ചര്‍ച്ച നടത്തി മടങ്ങുംവഴിയാണു ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയത്. 
കൊടിയ പീഡനങ്ങളുടെ സഹന സാക്ഷ്യമായി ഉഴുന്നാലിലച്ചന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക