Image

ഫോമാ കണ്‍വന്‍ഷനു കൗണ്ട് ഡൗണ്‍ തുടങ്ങി; സംത്രുപ്തിയോടെ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ

Published on 13 September, 2017
ഫോമാ കണ്‍വന്‍ഷനു കൗണ്ട് ഡൗണ്‍ തുടങ്ങി; സംത്രുപ്തിയോടെ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ
ഫോമ ചിക്കാഗോ കണ്‍വന്‍ഷനു കൗണ്ട് ഡൗണ്‍ തുടങ്ങുമ്പോള്‍ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയോടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ. നേരത്തെ പ്രഖ്യാപിച്ച പരിപാടികള്‍ മിക്കതും നടപ്പാക്കി. പുതിയ കര്‍മപരിപാടികള്‍ക്ക് രൂപംകൊടുക്കുകയും അവയുടെ ചുമതല വികേന്ദ്രീകരിച്ച് നല്‍കുകയും ചെയ്തു. ഇതേവരെ ഒരു ബാധ്യതകളും വരുത്തിയിട്ടില്ല. എന്നല്ല പരുമലയില്‍ നടത്തിയ ഹൃദ്രോഗ ക്യാമ്പില്‍ തുടര്‍ ചികിത്സ വേണ്ടിവരുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള തുക നാട്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.

ഏതൊരാള്‍ക്കും ഫോമാ നേതൃത്വത്തിലേക്ക് പേടിക്കാതെ കടന്നുവരാമെന്നു തെളിയിക്കുകയാണ് തന്റെ പ്രവര്‍ത്തനത്തിലൂടെ- ബെന്നി പറഞ്ഞു. ഇതുവരെ അതു വിജയിച്ചു.

അടുത്ത ജൂലൈയില്‍ ചിക്കാഗോ ഷോംബര്‍ഗിലെ റിനൈന്‍സണ്‍സ് ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഏര്‍ലി ബുക്കിംഗ് നവംബര്‍ 30 വരെയാണ്. ഫാമിലിക്ക് 999 ഡോളര്‍ മാത്രം. അതുകഴിഞ്ഞാല്‍ 250 ഡോളര്‍ കൂടും. ഏര്‍ലി ബുക്കിംഗുകൊണ്ട് ഫോമയ്ക്ക് ഒരു പെനി പോലും കിട്ടില്ലെങ്കിലും ജനങ്ങളുടെ പ്രാതിനിധ്യം നേരത്തെ അറിയാനും, ജനങ്ങള്‍ക്ക് ഉപകരിക്കുമെന്നതിനാലും പ്രധാന്യം നല്‍കുന്നു.

അടുത്ത മാസം (ഒക്ടോബര്‍) 21-ന് ന്യൂയോര്‍ക്കിലെ എംപയര്‍ റീജിയന്‍ ഹോസ്റ്റ് ചെയ്യുന്ന ജനറല്‍ ബോഡിയുണ്ട്. ഭരണഘടനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട. അടുത്ത ഇലക്ഷന്‍ മുതല്‍ അംഗ സംഘടനകളുടെ പ്രതിനിധികളുടെ എണ്ണം അഞ്ചില്‍ നിന്നു ഏഴാകും.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പഠിക്കാന്‍ ഫോമ വഴി അവസരമൊരുക്കുന്ന പദ്ധതിക്ക് രൂപംകൊടുത്തു വരികയാണ്. ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റിയുമായി ഉണ്ടാക്കിയ കരാര്‍ പോലെ ഇതും വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഗ്രാന്റ് കാനിയനില്‍ നിന്ന് 15 ശതമാനം ഡിസ്‌കൗണ്ടോടെ മൂവായിരത്തില്‍പ്പരം പേരാണ് നഴ്സിംഗില്‍ ബിരുദം നേടിയത്.

വിദേശത്തുനിന്ന് ഇവിടെ വന്ന് പഠിക്കുന്നവര്‍ ഫീസ് മൂന്നിരട്ടി നല്‍കണം. എന്നാല്‍ ഒരു യൂണിവേഴ്സിറ്റി സ്വദേശി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ തയാറായി വന്നിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായും വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി സംസാരിക്കുകയും അവര്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ കോഴ്സുകളില്‍ ചേരാനാവും. ഈ പദ്ധതി നടപ്പായാല്‍ അതു വലിയ നേട്ടമാകും.

ഇതുവരെ 65-ല്‍പ്പരം ഫാമിലി രജിസ്ട്രേഷനുകള്‍ ലഭിച്ചു. 350 ഫാമിലി രജിസ്ട്രേഷന്‍ ലഭിച്ചാല്‍ കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടത്താനാകും. ഫാമിലി രജിസ്ട്രേഷനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ചിക്കാഗോയിലുള്ളവരും ഹോട്ടലില്‍ താമസിച്ച് മൂന്നുദിവസത്തെ പരിപാടികളില്‍ പൂര്‍ണ്ണമായി പങ്കുചേരണമെന്നാണ് ആഗ്രഹിക്കുന്നത്. റിനൈന്‍സണ്‍സ് ഹോട്ടലില്‍ 500 മുറികള്‍ ആണുള്ളത്. സമീപത്തു തന്നെ എംബസി സ്യൂട്ട്സ്, ഡബിള്‍ ട്രീ എന്നിവയുമുണ്ട്. ആളുകള്‍ എത്ര വന്നാലും പ്രശ്നമില്ല.

സമ്മേളനം നടക്കുന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ 4000 പേര്‍ക്ക് ബാങ്ക്വറ്റ് ശൈലിയില്‍ ഇരിക്കാം. തീയറ്റര്‍ രീതിയില്‍ 5000 പേര്‍ക്കും.

ഡിട്രോയിറ്റിലും ഫ്ളോറിഡയിലും പോയി നേരിട്ട് കുടുംബങ്ങളെ കണ്‍വന്‍ഷിലേക്ക് ക്ഷണിക്കുകയായിരുന്നു. ആരും 'നോ' പറഞ്ഞില്ല. ഫ്ളോറിഡയില്‍ 'ഇര്‍മ' കാരണം ഉദ്ദേശിച്ചത്ര വീടുകളില്‍ പോകാനായില്ല.

കേരളീയ ഭക്ഷണം നല്‍കാന്‍ രണ്ടുപേര്‍ക്ക് ഇതിനകം ഹോട്ടല്‍ അനുമതി നല്‍കിക്കഴിഞ്ഞു. 35 ഡോളര്‍ വരും ഒരു മീല്‍സിനു. അതില്‍ 24 ഡോളര്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലിനു പോകും.

കണ്‍വന്‍ഷന്‍ സെന്ററിനു 95000 ഡോളര്‍ ചാര്‍ജുണ്ടെങ്കിലും മുറികള്‍ ബുക്ക് ചെയ്യുന്നതിനാല്‍ നല്ലൊരു തുക ഡിസ്‌കൗണ്ട് ലഭിച്ചു.

ഹോട്ടലിനു 10 വര്‍ഷം പഴക്കമേയുള്ളൂ. 1500 കാറുകള്‍ക്ക് സൗജന്യമായി പാര്‍ക്ക് ചെയ്യാം. ഒഹയര്‍ വിമാനത്താവളത്തില്‍ നിന്ന് 15 മൈല്‍ അകലമേയുള്ളൂ.

കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ രാവിലെ എട്ടര മുതല്‍ രാത്രി 11.15 വരെയാണ്. അതില്‍ കൂടില്ല. 12 കഴിഞ്ഞ് തുടരാന്‍ സിറ്റി അനുവദിക്കുകയുമില്ല.

ആദ്യദിവസം അമേരിക്കയില്‍ നിന്നുള്ള കലാകാരന്മാരുടെ മികച്ച പരിപാടികള്‍. തുടര്‍ന്നുള്ള മറ്റു രണ്ട് രാത്രികളില്‍ നാട്ടില്‍ നിന്നുള്ള പ്രോഗ്രാമുകള്‍.

ചിരിയരങ്ങ് പോലെ പ്രധാന പരിപാടികള്‍ നടക്കുമ്പോള്‍ മറ്റു പ്രോഗ്രാമുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. മൂന്നു സ്റ്റേജുകളുണ്ട്. രണ്ട് എണ്ണത്തില്‍ യൂത്ത് ഫെസ്റ്റിവല്‍. ബാസ്‌കറ്റ് ബോള്‍ സമീപത്തെ ജിമ്മില്‍ നടക്കും. വോളിബോള്‍ മത്സരത്തിന്റെ കാര്യവും ആലോചിക്കും.

പ്രാദേശിക-പ്രൊഫഷണല്‍ സംഘടനകള്‍ക്ക് ഒത്തുകൂടാനുള്ള അവസരമൊരുക്കുന്നു എന്നതാണ് മറ്റൊരു പുതുമ. ഇലക്ഷനിലേക്ക് ശ്രദ്ധപോകാതിരിക്കാന്‍ പരമാവധി ശ്രമിക്കും. ഇക്കാര്യം ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്യും.

ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ആഹ്ലാദം പകരുന്നത് ജനാഭിമുഖ്യ യജ്ഞമായിരുന്നു. മിക്ക റീജിയനുകളിലും അതു നടത്തി. ടെലിഫോണിലൂടെയെങ്കിലും ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും കഴിഞ്ഞു. ഭാരവാഹികള്‍ക്ക് ജനങ്ങളുമായി ബന്ധമില്ല എന്ന അവസ്ഥ മാറി. ജോമോന്‍ കളപ്പുരയ്ക്കലാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. തന്റെ മനസ്സില്‍ തോന്നിയ ഒരു ആശയമാണ്. അത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു.

ഇത്തരം ചര്‍ച്ചയിലാണ് ഒരു സീനിയര്‍ സിറ്റിസണ്‍ ഫോറം വേണമെന്ന നിര്‍ദേശം വന്നത്. തുടര്‍ന്ന് ജെ. മാത്യൂസ് ചെയര്‍മാനായി ഫോറം രൂപീകരിച്ചു. ചിക്കാഗോയില്‍ നിന്നു അപ്പച്ചന്‍ നെല്ലുവേലില്‍, ഫ്ളോറിഡയില്‍ നിന്ന് ഔസേഫ് വര്‍ക്കി, അറ്റ്ലാന്റയില്‍ നിന്ന് ജോര്‍ജ് മേലേത്ത്, ന്യൂയോര്‍ക്കില്‍ നിന്നു വര്‍ഗീസ് ചുങ്കത്തില്‍, പ്രോഫ. അമ്മിണി എന്നിവരാണ് അംഗങ്ങള്‍. ചാപ്റ്ററുകളും രൂപീകരിക്കും.

റീജിയന്‍ തലത്തില്‍ യൂത്ത് ഫെസ്റ്റിവലുകള്‍ നടന്നുവരികയാണ്. ന്യൂയോര്‍ക്കില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് പുതിയൊരു തുടക്കമായി.

കേരളത്തിലെ കണ്‍വന്‍ഷന്‍ ഉദ്ദേശിച്ചതിലും വിജയമായി. പരുമലയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പലര്‍ക്കായി അഞ്ചുലക്ഷം രൂപ കൊടുത്തു.

ഓരോ പ്രവര്‍ത്തനവും വിജയത്തിലെത്തിച്ചശേഷം മാത്രം പുറത്തറിയിക്കുക എന്ന ശൈലിയാണ് തങ്ങള്‍ പിന്തുടരുന്നത്.

യുവജനതയെ മുന്നിലേക്ക് കൊണ്ടുവരാനും വനിതകളെ മുഖ്യധാരയിലേക്കു നയിക്കാനും കഴിഞ്ഞു എന്നത് വലിയ നേട്ടമായി കരുതുന്നു.

വിവിധ പരിപാടികളുമായി സ്ഥിരം യാത്രയൊക്കെയാണെങ്കിലും കുടുംബാംഗങ്ങള്‍ക്ക് അലോരസമൊന്നുമില്ല. അവരുടെ പൂര്‍ണ പിന്തുണയാണ് തന്റെ കരുത്ത്.

എക്സിക്യൂട്ടിവിലുള്ള ഞങ്ങള്‍ ആറുപേരും ആറു ശരീരവും ഒരു മനസ്സും എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഏറ്റവും നിരാശ തന്നത് തെരഞ്ഞെടുപ്പിലൂടെ വന്ന പലരും യാതൊന്നും ചെയ്യാതിരിക്കുന്നതു കാണുമ്പോഴാണ്. പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലാത്തവരും സമയമില്ലാത്തവരും സ്ഥാനങ്ങള്‍ ഏറ്റെടുക്കരുത്.

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവസരത്തിനൊത്തുയരുന്നു എന്നതിന്റെ തെളിവാണ് ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നടപടികള്‍. സാമ്പത്തിക സഹായം നല്കാന്‍ തുക സമാഹരിക്കുകയും ചെയ്തു.

ഫ്ളോറിഡയില്‍ 'ഇര്‍മ'യുടെ പശ്ചാത്തലത്തില്‍ മയാമി, ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഓര്‍ലാന്റോ, ടാമ്പ എന്നിവടങ്ങളില്‍ കമ്മിറ്റി രൂപീകരിക്കുകയും എല്ലാവരുമായി ടെലി കോണ്‍ഫറന്‍സിലുടെ ബന്ധപ്പെടുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ ഇതേവരെ എല്ലാം മംഗളമായി നടക്കുന്നു. അതു തുടരുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷ.
ഫോമാ കണ്‍വന്‍ഷനു കൗണ്ട് ഡൗണ്‍ തുടങ്ങി; സംത്രുപ്തിയോടെ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ഫോമാ കണ്‍വന്‍ഷനു കൗണ്ട് ഡൗണ്‍ തുടങ്ങി; സംത്രുപ്തിയോടെ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക