Image

ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാ പൊളിറ്റിക്കല്‍ ഡിബേറ്റ്

ജോജോ കോട്ടൂര്‍ Published on 14 September, 2017
ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാ പൊളിറ്റിക്കല്‍ ഡിബേറ്റ്
ഫിലഡെല്‍ഫിയ: സ്വദേശത്തും വിദേശത്തും കഴിയുന്ന മലയാളികള്‍ തങ്ങളുടെ ജന്മനാട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെയും പ്രശ്‌നങ്ങളുടെയും കാരണങ്ങള്‍ ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ അവലോകനം ചെയ്യപ്പെട്ട കലാ പൊളിറ്റിക്കല്‍ ഡിബേറ്റില്‍, ജനങ്ങളുടെ ആശങ്കകള്‍ ക്രിയാത്മക ആശയങ്ങള്‍ക്കു വഴി തുറക്കുന്നതിന് ഫിലഡെല്‍ഫിയായിലെ മലയാളീ സമൂഹം സാക്ഷ്യം വഹിച്ചു. കലാ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലി പാര്‍ട്ടി പാലസില്‍ നടന്ന രണ്ടാമത് 'കലാ' പൊളിറ്റിക്കല്‍ ഡിബേറ്റില്‍ മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ. കോര്‍ഡിനേറ്റര്‍ ആയിരുന്നു. മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനും പെന്‍സില്‍വാനിയാ യൂണിവേഴ്‌സിറ്റി അദ്ധ്യാപകനുമായ ഡോ. ജയിംസ് കുറിച്ചി ചര്‍ച്ച നയിച്ചു.
കലാ ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി. ജോയിന്റ് സെക്രട്ടരി അലക്‌സ് ജോണ്‍ പേട്രിയോട്ടിക് ഡേ(Sept, 11)സന്ദേശം നല്‍കി. പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി സ്വാഗതം ആശംസിച്ചു. ജിബി തോമസ്( ഫോമാ), തമ്പി ചാക്കോ(ഫൊക്കാനാ), അനു സകറിയ(മാപ്പ്), രാജു വര്‍ഗീസ്(സൗത്ത് ജേഴ്‌സി മലയാളീ അസോസിയേഷന്‍) , റോഷിന്‍ പ്ലാമൂട്ടില്‍(ഓര്‍മ്മ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സമീപകാലത്ത് ജനജീവിതം ദുസഹമാക്കിയ പകര്‍ച്ചവ്യാധികളുടെ മൂലകാരണമായ മാലിന്യപ്രശ്‌നം സുദീര്‍ഘമായി ചര്‍ച്ചചെയ്യപ്പെട്ടു. മാലിന്യനിര്‍മ്മാര്‍ജനത്തിനായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വിദേശമലയാളി സംഘടനകള്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്നത് ആശാവഹവും അഭിനന്ദനാര്‍ഹവുമാണെന്ന് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. മൂല്യബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കൂടി മാത്രമേ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താനാകൂ എന്ന് അദ്ദേഹം പറഞ്ഞു.

കറന്‍സി നിരോധനം രാജ്യവളര്‍ച്ചയെ പിന്നോട്ടടിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, കൃത്യമായ പരിഹാരം കാണാനാകാതെ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വാണിജ്യ വ്യവസായ മേഖല ഇപ്പോഴുണ്ടായിരിക്കുന്ന മാന്ദ്യത്തില്‍ നിന്നു കരകയറുവാന്‍ കാലമേറെയെടുക്കുമെന്ന് സാമ്പത്തീക വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും സഹകരണത്തോടെ റബ്ബര്‍ ഉല്‍പാദനമേഖലകളില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് റബ്ബറിന്റെ വിലയിടിവ് തടയുവാന്‍ ഇനിയുള്ള മാര്‍ഗ്ഗം എന്ന നിര്‍ദ്ദശം ഏറെ സ്വാഗതം ചെയ്യപ്പെട്ടു.

നഴ്‌സുമാരുടെ മിനിമം ശമ്പളം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ സ്വകാര്യമേഖല തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും നഴ്‌സുമാരുടെ ജോലി ഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന പരാതി ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. നഴ്‌സസ്- രോഗി അനുപാതം കാലോചിതമായി പരിഷ്‌കരിക്കുമാറ്, നിയമനിര്‍മ്മാണം നടത്തുന്നതിന് മുന്‍കൈ എടുക്കണമെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ പിസിജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചു. പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴിലവസരം ലഭിക്കുന്നതിന് നിയമം സഹായകമാകുമെന്ന് അവര്‍ അവകാശപ്പെട്ടു.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സമീപകാലത്തുണ്ടായിരിക്കുന്ന മൂല്യശോഷണവും കൂട്ടത്തോല്‍വിയും വിദ്യാര്‍ത്ഥികളെ മാത്രമല്ല രക്ഷിതാക്കളെയും അസ്വസ്ഥരാക്കുകയും കടഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന പരാതിയും ഉയര്‍ന്നുവന്നു. സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും അക്കാഡമിക് രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മോണിട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ആരോഗ്യമേഖലയിലെ ചൂഷണത്തിനറുതി വരുത്തുവാനും ചികിത്സതേടിയെടുത്തുന്ന രോഗികള്‍ക്ക് മാന്യതയും പൗരാവകാശവും ഉറപ്പുവരുത്തുവാനുമായി പേഷ്യന്റ് കെയര്‍ ആക്ടിനു രൂപം കൊടുക്കുവാനും മുന്നിട്ടിറങ്ങണമെന്ന് സംവാദകര്‍ അഭ്യര്‍ത്ഥിച്ചു.
പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുക്കള്‍ക്ക് നിയമ പരിരക്ഷനല്‍കുന്നതിന് എല്ലാ സഹായവും പി.സി.ജോര്‍ജ് എം.എല്‍.എ. വാഗ്ദാനം ചെയ്തു. ഹര്‍ത്താലില്‍പ്പെട്ട് പ്രവാസികള്‍ക്ക് യാത്രാതടസ്സം ഉണ്ടായാല്‍ തന്നെ എത്രയും പെട്ടെന്ന് ഫോണില്‍ ബന്ധപ്പെടുക എന്ന് പി.സി. ജോര്‍ജ് തുറന്നടിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെ കാര്യങ്ങള്‍ പഠിക്കുകയും, സാമൂഹ്യപ്രവര്‍ത്തകന്റെ പ്രതിബദ്ധതയോടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും, നേതാവിന്റെ ആര്‍ജവത്തോടെ അപഗ്രഥിക്കുകയും ജനപ്രതിനിധിയുടെ ഉത്തരവാദിത്തത്തോടെ പരിഹാരങ്ങള്‍ ആരായുകയും ചെയ്യുന്ന വ്യത്യസ്ഥനായ പി.സി.ജോര്‍ജ്ജിനെയാണ് ഫിലഡെല്‍ഫിയയില്‍ കാണുവാന്‍ കഴിഞ്ഞത്.
വിവാദവിഷയങ്ങളോടു മുഖം തിരിച്ച്, സൗഹൃദം പുതുക്കുവാന്‍ എത്തിയ സുഹൃത്തുക്കളുടെയും മുന്‍ സഹപ്രവര്‍ത്തകരുടെയും മദ്ധ്യേ കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും തോളത്തുതട്ടിയുമുള്ള അദ്ദേഹത്തിന്റെ കുശലാന്വേഷണശൈലി കാണികളില്‍ കൗതുകമുണര്‍ത്തി. ട്രഷറര്‍ ബിജു സഖറിയായുടെ കൃതജ്ഞതാ പ്രകാശനത്തിനുശേഷം നാടന്‍ വിഭവങ്ങളടങ്ങിയ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാ പൊളിറ്റിക്കല്‍ ഡിബേറ്റ്ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാ പൊളിറ്റിക്കല്‍ ഡിബേറ്റ്ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാ പൊളിറ്റിക്കല്‍ ഡിബേറ്റ്ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാ പൊളിറ്റിക്കല്‍ ഡിബേറ്റ്ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കലാ പൊളിറ്റിക്കല്‍ ഡിബേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക