Image

അമേരിക്കന്‍ മലയാളികളെ സന്ദര്‍ശിച്ച് പി.സി. 'മാവേലി' തിരികെ മടങ്ങി.

ഷോളി കുമ്പിളുവേലി Published on 14 September, 2017
അമേരിക്കന്‍ മലയാളികളെ സന്ദര്‍ശിച്ച് പി.സി. 'മാവേലി' തിരികെ മടങ്ങി.
ഓണത്തിന് മാവേലി തന്റെ പ്രജകളെ കേരളത്തില്‍ സന്ദര്‍ശിച്ചുവെങ്കില്‍, അമേരിക്കന്‍ മലയാളികളെ ഈ ഓണത്തിന് സന്ദര്‍ശിച്ചത് സാക്ഷാല്‍ പി.സി.ജോര്‍ജ് എന്ന ജനകീയ നേതാവാണ്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഓടി നടന്ന് സാധിക്കുന്നത്ര ഓണാഘോഷങ്ങളില്‍ പങ്കെടുക്കുകയും, 'പ്രജകളുടെ' ക്ഷേമാഐശ്വര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പി.സി. പങ്കെടുത്ത എല്ലാ ഓണാഘോഷങ്ങളിലും നല്ല ജനതിരിക്കുണ്ടായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ സ്വത സിദ്ധമായ നാടന്‍ ശൈലിയിലുള്ള സംഭാഷണമാണ്. ഏതു ചോദ്യത്തിനും ഉത്തരമുണ്ട്; പക്ഷേ അത് തന്റേതായ ന്യായാ-അന്യായങ്ങളില്‍ അധിഷ്ഠിതമാണെന്നും മാത്രം! യോഗം തുടങ്ങും മുമ്പേ പറയും, 'നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചോദിക്കാം; ഞാന്‍ പ്രകോപിതനാകില്ല. അതുപോലെ ഞാന്‍ പറയുമ്പോള്‍ നിങ്ങളും പ്രകോപിതരാകരുത്'!
ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ നടത്തിയ പ്രസ് കോണ്‍ഫ്രന്‍സില്‍, കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ ചുറ്റിപ്പറ്റിയുള്ള രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങളെപ്പറ്റിയും പി.സി. വിശദമായി സംസാരിച്ചു.

പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, ഗുഗിള്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ കാര്യങ്ങളെപ്പറ്റിയും അറിവുള്ളത് ജോര്‍ജ് സാറിനാണല്ലോ' എന്നു പറഞ്ഞു 'തോണ്ടി' യപ്പോഴും 'പൂഞ്ഞാര്‍ ആശാന്‍' പതറിയില്ല. അതും ഒരു അലങ്കാരം മാത്രമായി എടുത്തുള്ളൂ.
എന്നാല്‍ പീഢനം, ഇര, വനിതാ കമ്മീഷന്‍, എ.ഡി.ജി.പി. സന്ധ്യ തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മട്ട് മാറും. ദിലീപിന്റെ കാര്യത്തില്‍ മാത്രമല്ല, തിരുവനന്തപുരത്തെ 'പരമ സാധുവായ' സ്വാമിയുടെ ജനനേന്ദ്രിയം പോയതിലും എ.ഡി.ജി.പി. സന്ധ്യക്ക് പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു!! സന്ധ്യയൊന്നും നല്ല പോലീസല്ല! പി.സി. കണ്ടിട്ടുള്ള ഏറ്റം നല്ല പോലീസ്, ജയറാം പടിക്കലാണ്. അങ്ങനെ അല്ലല്ലോ ഞങ്ങള്‍ കേട്ടിട്ടുള്ളത് എന്നു തിരിച്ചു പറഞ്ഞാലൊന്നും പി.സി. കുലുങ്ങുകയില്ല.

പി.സി.യുടെ അഭിപ്രായത്തില്‍, 'സ്ത്രീ പീഢനം' എന്നു പറയണമെങ്കില്‍, അത്യാവശ്യം നിര്‍ഭയക്കു ഡല്‍ഹിയില്‍ സംഭവിച്ചതു പോലെയെങ്കിലും ഉണ്ടാകണം. മൂന്നു നാലു ദിവസം ആശുപത്രിയില്‍ കിടക്കണം പിന്നീട് മരിക്കണം! അത്രയെങ്കിലും വേണം.
കൊച്ചിയില്‍ നടിക്കുണ്ടായത് പീഢനമൊന്നുമല്ല. 'എന്തോന്ന് ഇര, പിറ്റേദിവസം പണിക്കു പോകുന്നവരാണോ ഇര.' ജോര്‍ജേട്ടന്‍ തന്റെ വാദം നിരത്തി. ഇര പുറത്തിറങ്ങാന്‍ പാടില്ലേ എന്നു ചോദിച്ചാല്‍, 'പുറത്തിറങ്ങിയാല്‍ മാത്രം പോര, അവള്‍ തലയും കുത്തി ചാടട്ടേ, എനിക്കെന്താ ഛേദം'. ഇതാണ് ഉത്തരം.

'ഇങ്ങനെ ഒക്കെപ്പറഞ്ഞാല്‍ വനിതാ കമ്മീഷന്‍ കേസ് എടുക്കില്ലേ' എന്നു ചോദിച്ചാല്‍ തീര്‍ന്നു! 'ഇങ്ങോട്ടു വരട്ടെ, ഞാനങ്ങു പേടിച്ചു പോകും' പിണറായിയുടെ പോലീസിനെ ഒന്നും ജോര്‍ജിന് ഭയമില്ല. പിണറായി വിജയന്റെ ഭരണത്തെപ്പറ്റിയും പൂഞ്ഞാര്‍ മെമ്പര്‍ക്ക് വലിയ മതിപ്പില്ല. നാട്ടില്‍ മുഴുവന്‍ പനിയും, വിലക്കയറ്റവും കൊണ്ട് ജനം പൊറുതി മുട്ടുകയാണ്.

പ്രതിപക്ഷത്തെപ്പറ്റിയും മെമ്പര്‍ക്ക് അത്ര അഭിപ്രായമില്ല. 'ചെന്നിത്തല നിയമ സഭയില്‍ കുഴപ്പമില്ല: പക്ഷേ, പുറത്ത് അങ്ങനെയല്ല.' ഉമ്മന്‍ ചാണ്ടിയാണ് ബി.ജെ.പി.യെ നേരിടാന്‍ കൂടുതല്‍ നല്ലത്. പി.സി.തന്റെ അഭിപ്രായം പറഞ്ഞു. കേട്ടാല്‍ കോണ്‍ഗ്രസിനു നല്ലത്!!

കേരളാ കോണ്‍ഗ്രസിനെപ്പറ്റി, പ്രത്യേകിച്ച് മാണിയെപ്പറ്റി ചോദിച്ചാല്‍ അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടുപോകും. 'അടുത്ത തെരഞ്ഞെടുപ്പോടെ മാണിയും, മാണിയുടെ മകനും തീരും.'
ജനപക്ഷത്തിന്റെ ഭാവിയെപ്പറ്റിയും ജോര്‍ജേട്ടന് നല്ല ശുഭാപ്തി വിശ്വാസമാണ്. 'ഞങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തും' കേരളാ കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തില്‍ മകന്‍ 'ഷോണ്‍ ജോര്‍ജാണ്' മാന്യനും മിടുക്കനും...! മകന്‍ ഇലക്ഷനില്‍ മത്സരിക്കുന്നതിന് എതിരല്ല, പക്ഷേ ജയിച്ചാല്‍ 'എന്റെ വീട്ടില്‍ താമസിക്കരുത്' വേറെ വീടെടുത്ത് താമസിച്ചോണം' അത്ര മാത്രം ചെയ്താല്‍ മതി!! ഒരു വീട്ടില്‍ രണ്ട് അധികാര സ്ഥാനങ്ങള്‍ പാടില്ല!! ഇതാണ് സാക്ഷാല്‍ പി.സി.ജോര്‍ജ്.

ഇക്കൊല്ലം അമേരിക്കന്‍ മലയാളികളുടെ ഓണത്തിന്റെ പ്രധാന ആകര്‍ഷണം പി.സി. ജോര്‍ജ് ആയിരുന്നു. എല്ലാ സംഘടനകള്‍ക്കും മുഖ്യാതിഥിയായി പി.സി.ജോര്‍ജിനെ മാത്രം മതി. കഴിഞ്ഞവര്‍ഷം വളരെ ശുഷ്‌കിച്ചു നടന്ന പല സംഘടനകളുടെ ഓണാഘോഷങ്ങളും പി.സി. ജോര്‍ജു കാരണം ജന നിബിഢമായിരുന്നു. സംഘാടകര്‍ക്ക് ആശ്വാസം!! ഓണം വന്‍വിജയം!! അമേരിക്കന്‍ മലയാളികളുടെ ഇക്കൊല്ലത്തെ ഓണം അവിസ്മരണീയമാക്കി ജോര്‍ജ് ഇന്നലെ രാത്രി നാട്ടിലേക്ക് മടങ്ങി; എ.ഡി.ജി.പി. സന്ധ്യ ജാഗ്രതെ!!


അമേരിക്കന്‍ മലയാളികളെ സന്ദര്‍ശിച്ച് പി.സി. 'മാവേലി' തിരികെ മടങ്ങി.അമേരിക്കന്‍ മലയാളികളെ സന്ദര്‍ശിച്ച് പി.സി. 'മാവേലി' തിരികെ മടങ്ങി.അമേരിക്കന്‍ മലയാളികളെ സന്ദര്‍ശിച്ച് പി.സി. 'മാവേലി' തിരികെ മടങ്ങി.അമേരിക്കന്‍ മലയാളികളെ സന്ദര്‍ശിച്ച് പി.സി. 'മാവേലി' തിരികെ മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക