Image

സോപാധിക ജാമ്യമെന്ന ആവശ്യവുമായി ദിലീപ് ; അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

Published on 14 September, 2017
സോപാധിക ജാമ്യമെന്ന ആവശ്യവുമായി ദിലീപ് ; അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. റിമാന്‍ഡിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയത് താനാണെന്ന് ആരോപിക്കുക മാത്രമാണ് പ്രോസിക്യൂഷന്‍ ചെയ്തിരിക്കുന്നത്. ഇതിന് ആവശ്യമായ തെളിവുകള്‍ ഒന്നും ഹാജരാക്കിയിട്ടില്ല. നടിയെ ആക്രമിച്ച് നഗ്‌നചിത്രം എടുക്കാന്‍ പറഞ്ഞുവെന്ന് മാത്രമാണ് കേസ്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രണ്ട് മാസമായി ജയിലില്‍ കഴിയുന്ന തനിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിക്കും.

ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനോ, തെളിവ് നശിപ്പിക്കാനോ ശ്രമിക്കില്ല. അന്വേഷണവുമായി സഹകരിക്കാമെന്നും ദിലീപ് വ്യക്തമാക്കി. അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയപ്പോള്‍ വ്യവസ്ഥകള്‍ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് തയ്യാറാകുന്നത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്നു വ്യാഴാഴ്ച രാവിലെ ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക