Image

ഒരു രാജ്യം ഒരു നികുതി ; ജി.എസ്.ടിയുടെ പേരില്‍ നടക്കുന്ന കൊള്ളവില (ജോയ് ഇട്ടന്‍)

ജോയ് ഇട്ടന്‍ Published on 15 September, 2017
ഒരു രാജ്യം ഒരു നികുതി ; ജി.എസ്.ടിയുടെ പേരില്‍ നടക്കുന്ന കൊള്ളവില  (ജോയ് ഇട്ടന്‍)
ഒരു രാജ്യം ഒരു നികുതി എന്ന സുന്ദര വചനവുമായി നമ്മുടെ ജന്മനാട് കൊണ്ടുവന്ന ജി എസ് ടി ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ വലയ്ക്കുന്ന ചെയുന്നത്.  ഇപ്പോള്‍  അവശ്യസാധനങ്ങളുടെ വില അതിരൂക്ഷമാം വിധം വര്‍ധിച്ചിരിക്കുകയാണ് എന്നാണു നാട്ടില്‍ നിന്നും ലഭിക്കുന്ന വിവരം.മുന്നൊരുക്കമില്ലാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ നികുതി പരിഷ്‌കരണം പൊതുജനങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

 കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ 16 വര്‍ഷം ജി.എസ്.ടിയെ സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നത് ഇതിനുവേണ്ടിയായിരുന്നുവോ എന്ന് സത്യത്തില്‍ ചിന്തിച്ചു പോകുന്നു.. ജി.എസ്.ടി (ചരക്കുസേവന നികുതി) വരുന്നതോടെ സാധനങ്ങളുടെ വില കുതിച്ചുകയറുമെന്ന് നേരത്തേ തന്നെ  വിമര്‍ശനം ഉണ്ടായിരുന്നു.അത് യാഥാര്‍ഥ്യമായിരിക്കുന്നു.
 കോഴിവില ഇന്നുമുതല്‍ 85 രൂപയില്‍ കൂടുതല്‍ വാങ്ങിയാല്‍ കേസെടുക്കുമെന്നും തടവും പിഴയും അടക്കമുള്ള ശിക്ഷണനടപടികള്‍ക്ക് വിധേയമാക്കുമെന്നും ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്കിന്റെ ഭീഷണിയൊന്നും കോഴിക്കച്ചവടക്കാരുടെ മനസ്സ് ഓണമായിട്ട് ഇളകിയില്ല എന്ന  മാത്രമല്ല അത് കൂടുകയും ചെയുന്നു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതുപോലെ മൂന്ന് മാസത്തേക്കെങ്കിലും ജി.എസ്.ടി മരവിപ്പിക്കേണ്ടിയിരിക്കുന്നു.
>
> കേന്ദ്ര സര്‍ക്കാരിന്റെ നികുതി സമ്പ്രദായം വ്യാപാരി സമൂഹത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് അവരുടെ സംഘടനാ നേതാക്കള്‍ പറയുന്നത്. ആഘാതം പൊതുജനങ്ങളുടെ ചുമലിലേക്ക് ഇറക്കിവയ്ക്കുകയാണിവര്‍ ഇപ്പോള്‍. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നഗരങ്ങളിലും പട്ടണങ്ങളിലും കൂലിവേല ചെയ്യുന്ന സാധാരണക്കാരിലധികവും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്്. കിട്ടുന്ന കൂലിയില്‍ പകുതിയും ഹോട്ടലില്‍ ഒടുക്കേണ്ട ഗതികേടിലാണവര്‍ ഇപ്പോള്‍. ഇതെല്ലാം നിയന്ത്രിക്കേണ്ട സര്‍ക്കാരാവട്ടെ പ്രഖ്യാപനങ്ങളും ഭീഷണികളും പുറപ്പെടുവിക്കുന്നുവെന്നല്ലാതെ ക്രിയാത്കമായി വിപണിയില്‍ ഇടപെടുന്നുമില്ല.

 ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കും വിധം   പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജി.എസ്.ടി അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ക്ക് പാരതന്ത്ര്യമായിട്ടാണ് അനുഭവപ്പെടുന്നത്.ഇത്തരമൊരു നികുതി സമ്പ്രദായം നടപ്പിലാക്കും മുമ്പ് ഉണ്ടാകേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു എന്ന് ഇപ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് മനസിലായി.

 സാധന വിലയുടെ ക്രമാതീതമായ വര്‍ധന ഈ അനാസ്ഥയുടെ ഫലവും കൂടിയാണ്. പൊതു നികുതി ഭാരം മൂന്നിലൊന്നായി കുറയുമെന്ന സര്‍ക്കാരിന്റെ വാദം പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാകുമ്പോള്‍ മാത്രമേ അവര്‍ക്കതിന്റെ പ്രയോജനം ലഭ്യമാകൂ. ഉല്‍പാദകര്‍ നികുതിയിളവ് ലഭിക്കാനായി വില കുറച്ചിട്ടുണ്ടെങ്കിലും വ്യാപാരികള്‍ കുറയ്ക്കുന്നില്ല. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വിലകൂട്ടുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരും വ്യാപാരികളും പരസ്പരം പഴി ചാരുമ്പോള്‍ സ്തംഭിച്ചുനില്‍ക്കുകയാണ് സാധാരണക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ഇടപെട്ടില്ലെങ്കില്‍ നാട്ടിലെത്തുന്ന പ്രവാസികളുടെ കാര്യവും അനിശിതാവസ്ഥയില്‍ ആകും .

ഒരു രാജ്യം ഒരു നികുതി ; ജി.എസ്.ടിയുടെ പേരില്‍ നടക്കുന്ന കൊള്ളവില  (ജോയ് ഇട്ടന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക