Image

വെളിപാടിന്റെ പുസ്തകത്തിലെ കഥ

Published on 15 September, 2017
 വെളിപാടിന്റെ പുസ്തകത്തിലെ കഥ
മോഹന്‍ലാലും ലാല്‍ജോസും ഒരുമിക്കുന്ന ചിത്രം എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് അല്‍പം പ്രതീക്ഷ കൂടിപ്പോവുക സാധാരണമാണ്. ഛോട്ടാ  മുംബൈക്കു ശേഷം മോഹന്‍ലാലിനു വേണ്ടി ബെന്നി പി.നായരമ്പലം തിരക്കഥ എഴുതുനേന ചിത്രം എന്നു കൂടി കേള്‍ക്കുമ്പോള്‍ അതിരട്ടിയാകും. പക്ഷേ വെളിപാടിന്റെ പുസ്തകം എന്നചി്ര്രതം കാണുന്ന പ്രേക്ഷകന് അത് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്.

ആഴി പൂന്തുറ എന്ന കടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു കാമ്പസ് പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്.. കോളേജിന്റെ പ്രിന്‍സിപ്പല്‍(ശിവജി) വൈസ് പ്രിന്‍സിപ്പല്‍ പ്രേംരാജുമാണ്.(സലിംകുമാര്‍). കടപ്പുറത്തു നിന്നും കാമ്പസില്‍ എത്തി പഠിക്കുന്ന  കുട്ടികളും ടൗണില്‍ നിന്നു വരുന്ന കുട്ടികളും തമ്മില്‍ സംഘര്‍ഷം സ്ഥിരമാണ്. കോളേജിലെ ബയോളജി ലക്ചര്‍ മേരിയും ഫിസിക്‌സ് ലക്ചര്‍ അനുവുമാണ്. സംഘര്‍ഷങ്ങളുടെ നില്‍ക്കുന്ന കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രേംരാജിന്റെ അസാന്‍മാര്‍ഗിക പ്രവര്‍വത്തനങ്ങള്‍ കണ്ടു പിടിച്ച പ്രിന്‍സിപ്പല്‍ അയാളെ സസ്‌പെന്ഡ് ചെയ്യുകയും പകരം വൈസ് പ്രിന്‍സിപ്പലായി മൈക്കിള്‍ ഇടിക്കുള(മോഹന്‍ലാല്‍)യേയും നിയമിക്കുന്നു.

ഇവിടെ നിന്നും കഥ അല്‍പം അസ്വാഭാവികതയിലേക്ക് വഴുതി വീഴുകയാണ്. വൈസ് പ്രിന്‍സിപ്പലായി എത്തുന്ന മോഹന്‍ലാലിന്റെ ഇടിക്കുള സൈക്കിളില്‍ കോളേജിലെത്തുമ്പോള്‍ കയര്‍ വലിച്ചുകെട്ടി വീഴിക്കാനൊരുങ്ങുകയാണ് ചില കുട്ടികള്‍. എന്നാള്‍ ഒരു തികഞ്ഞ അഭ്യാസിയെ കണക്ക് സൈക്കിളില്‍ നിന്നിറങ്ങാതെ തന്നെ അയാള്‍ ആ കയര്‍ മറികടക്കുന്നു. അവിടെ ലാല്‍ എന്ന നടന്റെ പ്രതാപകാല സിനിമകളിലെ പോലെ '' ഇടിക്കുള വീഴില്ല, വീഴ്ത്തിയാണ് ശീലം'' എന്നൊരു പഞ്ച് ഡയലോഗും കാച്ചുന്നുണ്ട്. അതുകേട്ട് കൈയ്യടിക്കുന്ന കാണികള്‍ കുറച്ചുണ്ട് എന്നു പറയാമെങ്കിലും പഴയതുപോലെ അത്രയ്ക്കങ്ങ് ഏശുന്നില്ല.

ഇതിനിടെ കോളേജിലെ ആണ്‍കുട്ടികള്‍ക്ക് ഒരു ഹോസ്റ്റല്‍ വേണമെന്നും അതിനുള്ള തുക കണ്ടെത്തണം എന്നുമുള്ള ആവശ്യം ഉയരുകയാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും പലവിധ ആലോചനകളും നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. ഒടുവിലാണ് കാമ്പസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രം അഭിനയിക്കുകയും  കഥയും തിരക്കഥയും സംവിധാനവുമെല്ലാം വിദ്യാര്‍ത്ഥിതള്‍ തന്നെ നിര്‍വഹിക്കുകയും ചെയ്യുന്ന ലോകത്തെ തന്നെ ആദ്യസിനിമയെടുക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിക്കുന്നു. അതിനായി അവര്‍ തിരഞ്ഞെടുക്കുന്നത് കോളേജിന്റെ സ്ഥലം കൈയ്യേറിയവരില്‍ നിന്നും അത് തിരിച്ചുപിടിച്ച് കോളേജ് മാനേജ്‌മെന്റിനു കൈമാറിയ വിശ്വന്‍ എന്ന ഗുണ്ടയുടെ കഥയാണ്. അയാളെ കൊന്ന മാത്തന്‍ എന്നയാലുടേയും കാക്ക രമേശന്‍ എന്ന സുഹൃത്തിന്റെയുമൊക്കെ കഥയാണ് കുട്ടികള്‍ സിനിമയാക്കുന്നത്. വിശ്വനായി എത്തുന്ന ഇടിക്കുള കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തില്‍ അതുവരെ കേട്ടതില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയുന്ന സത്യങ്ങളുടെയും വിശ്വന്റെയും അയാളുടെ കുഞ്ഞിന്റെയും യഥാര്‍ത്ഥ കൊലയാളി ആരാണെന്നു തന്റെ കഥാപാത്രത്തിലൂടെ തെളിയിക്കുകയുമാണ്.

പതിവു പോലെ ഈ ചിത്രത്തിലും ലാല്‍ തന്റെ കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തി. ഫാദര്‍ ഇടിക്കുളയില്‍ നിന്നും ഗുണ്ടയും പാര്‍ട്ടി നേതാവുമായ വിശ്വനിലേക്കുള്ള ലാലിന്റെ മാറ്റം അപാരമാണ്. രണ്ടു ഗെറ്റപ്പിലും ലാല്‍ കസറി. വിശ്വനായി മാറുന്ന രംഗങ്ങളില്‍ വൈദഗ്ധ്യമുള്ള ഒരു നടനു മാത്രം അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ആ രംഗങ്ങള്‍ മനോഹരമാക്കുകയും ചെയ്തു. പ്രത്യേകിച്ചും ആക്ഷന്‍ രംഗങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ വിശ്വന്റെ ചില മാനറിസങ്ങള്‍ പ്രകടിപ്പിക്കുന്ന രംഗങ്ങള്‍. കഥാപാത്രം വിട്ടൊഴിയാത്ത  നടന്റെ അവസ്ഥ.

വിശ്വനായെത്തിയ അനൂപും മാത്തനെ അവതരിപ്പിച്ച സിദ്ദിഖും കൈയ്യടി നേടുന്നുണ്ട്. സലിംകുമാറിന്റെ നര്‍മരംഗങ്ങള്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പോന്നതാണ്. സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം കോമഡിരംഗങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്. നായികയായെത്തിയ അന്ന രേഷ്മ പ്രിയങ്ക എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീത പുലര്‍ത്തി. കടപ്പുറത്തെ പയ്യനായി എത്തുന്ന നടന്റെ വേഷം ഒരു കാമ്പസിനു ചേര്‍ന്നതാണോ എന്നു സംശയമാണ്. ഇന്ന് തീരെ പാവപ്പെട്ട കുട്ടികള്‍ പോലും ഇമ്മാതിരി ബനിയനും ഷര്‍ട്ടുമിട്ട് കാമ്പസില്‍ പോകുമോ എന്നു സംശയമാണ്.  ചെമ്പന്‍ വിനോദ് അലന്‍സിയര്‍ അരുണ്‍ കുര്യന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി.

ഏതായാലും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ അത്യാവശ്യം കണ്ടാസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഈ ചിത്രം കണ്ടിരിക്കുമ്പോള്‍ ലാല്‍ ജോസ് തന്നെ സംവിധാനം ചെയ്ത ക്‌ളാസ്‌മേറ്റ് എന്ന ചിത്രത്തെ കുറിച്ച് ഓര്‍മിക്കാതിരുന്നാല്‍ നന്ന്. കാരണം നിരശപ്പെടേണ്ടി വരില്ല.


 വെളിപാടിന്റെ പുസ്തകത്തിലെ കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക