Image

എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ മോഷ്ടിച്ചതെങ്ങനെ?

ഷിബു ഗോപാലകൃഷ്ണന്‍ Published on 15 September, 2017
എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ മോഷ്ടിച്ചതെങ്ങനെ?
എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീര്‍ത്തേ..

എന്റമ്മേ എന്ന വാക്കിന് സിനിമയില്‍ നമ്മള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇന്നസെന്റിനോടാണ്. അദ്ധേഹത്തിന്റെ ലോകപ്രശസ്തമായ പല സിനിമാ ഡയലോഗുകളുടെയും ആരംഭത്തില്‍ നമ്മള്‍ ഇത് പലതവണ കേട്ടിട്ടുണ്ട്.

 പിന്നീട് വന്ന മിമിക്രി കാസറ്റുകളിലും മിമിക്‌സ്പരേഡ് വേദികളിലും ഇന്നസെന്റിന്റെ ശബ്ദം പിന്നെയും പിന്നെയും അതാവര്‍ത്തിച്ചു രസിപ്പിച്ചിട്ടുണ്ട്. നമ്മള്‍ കൈയടിച്ചിട്ടുണ്ട്. അങ്ങനെ എന്റമ്മേ വിളിച്ചു വിളിച്ചു പുള്ളി അമ്മയുടെ പ്രസിഡന്റ് വരെ ആയി എന്നുള്ളത് പില്‍ക്കാല ചരിത്രവും വര്‍ത്തമാനവും. എന്തിനധികം ചാലക്കുടി എംപി വരെയായി. പിന്നെയുമുണ്ട് ഉദാഹരണങ്ങള്‍, കേന്ദ്രമന്ത്രിപദം ഏറ്റെടുക്കാന്‍ നിന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രിയതമ നല്‍കിയ ബൈറ്റ് ആരംഭിക്കുന്നത് എന്റമ്മേയിലാണ്. എന്നിട്ടെന്തായി? എന്താവാന്‍? സംഗതി സൂപ്പര്‍ ഡ്യൂപ്പര്‍ വൈറല്‍ ഹിറ്റ്. ഹിറ്റോടു ഹിറ്റ്. ഇവിടെയും ഗാനരചയിതാവിനു പിഴച്ചില്ല. എന്റമ്മേയില്‍ പിടിച്ചങ്ങു കേറി. എന്നിട്ടോ? പടം താഴെ വീണിട്ടും, പാട്ടു വീണില്ല.

അപ്പനും അമ്മയും തമ്മിലുള്ള കുടുംബപ്രശ്‌നമാണല്ലോ ഈ പാട്ടിന്റെ പ്രധാന പ്രമേയം. വീട്ടിലെ നാലുചുമരിനുള്ളില്‍ നാലാളറിയാതെ തീരേണ്ട പ്രശ്നമാണ് പിള്ളേര് എടുത്തു അലക്കി ഒരു വഴിക്കാക്കിയിരിക്കുന്നത്. ആദ്യ വരികള്‍ തന്നെ ശ്രദ്ധിക്കുക, അതൊരു ആരോപണമോ സംശയമോ അല്ല, ഏതാണ്ട് അന്വേഷണം പൂര്‍ത്തിയായ ഒരു മോഷണക്കേസിന്റെ കുറ്റപത്രം വായിക്കുന്നത് പോലെ അത്രയധികം തറപ്പിച്ചും ഉത്തമ ബോധ്യത്തോടെയുമാണ് തുടങ്ങുന്നത്.

'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീര്‍ത്തേ..'

ജിമ്മിക്കി കമ്മല്‍ ചിലപ്പോള്‍ കളഞ്ഞുപോയതാവാം. അമ്മ അപ്പനെ പതിവുപോലെ തെറ്റിദ്ധരിച്ചതാവാം. അതുപോലെ ബ്രാണ്ടിക്കുപ്പി അമ്മ ആയിരിക്കില്ല അടിച്ചു തീര്‍ത്തത്. വേറെ ഏതെങ്കിലും കുടുംബസ്‌നേഹി ആവാം ആ കടുംകൈ ചെയ്തത്. നല്ല ഉദ്ദേശത്തില്‍ ചെയ്തതാവാം. എന്നാല്‍ അത്തരം സംശയങ്ങളുടെയോ സാധ്യതകളുടെയോ യാതൊരുവിധ ആനുകൂല്യവും കവിയോ അതുപാടുന്ന പിള്ളേരോ അപ്പനുമമ്മയ്ക്കും നല്‍കുന്നില്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. കാളപെറ്റെന്ന് കേള്‍ക്കുന്‌പോള്‍ കയറെടുക്കുന്നവരാണ് നവമാധ്യമങ്ങളും നവതലമുറയും എന്നു ചിലര്‍ അലമുറയിടുന്നതെത്ര ശരി.

എന്റെ കമ്മല്‍ കളഞ്ഞുപോയേ എന്നുകരുതി സങ്കടപ്പെട്ടിരിക്കുന്ന ഒരു സ്ത്രീസങ്കല്പമല്ല കവിക്കുള്ളത്. കല്ലിനു കല്ല്, പല്ലിനു പല്ല് എന്നൊക്കെ പറയുന്നതു പോലെ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്ന ഒരമ്മയാണ്. സ്വര്‍ണം കൊണ്ടുപോയതിനു പകരം അതേനിറത്തിലുള്ള അപ്പന്റെ ബ്രാണ്ടി കൊണ്ടാണ് പകരം ചോദിക്കുന്നത്. 

ജിമ്മിക്കി തിരിച്ചു കിട്ടാനുള്ള ഒരു സാധ്യതയെങ്കിലും അവശേഷിക്കുന്‌പോള്‍ അടിച്ചുതീര്‍ത്ത ബ്രാണ്ടിക്കുപ്പിയിലെ തങ്കം ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല എന്നുള്ളിടത്തു അത് സമാനതകളില്ലാത്തൊരു പ്രതികാരമാകുന്നു.
പുതുതലമുറയ്ക്ക് എല്ലാം ആഘോഷമാണ്. കരഞ്ഞു കണ്ണീരുകുടിച്ചിരിക്കാന്‍ അവരെ കിട്ടില്ല. അവര്‍ എന്തുകൊണ്ട് സീരിയല്‍ കാണുന്നില്ല എന്നതും ഇവിടെ സ്മരിച്ചേക്കുക. സ്വന്തം അപ്പനുമമ്മയും അടികൂടിയാല്‍ പോലും അവര്‍ ആടിപ്പാടുക ചെയ്യും. പറ്റിയാല്‍ ഡബ്മാഷോ ഫ്ളാഷ്മോബോ നടത്തി ആര്‍മാദിക്കും. അതിനെ കൃത്യമായി വരിച്ചിടുന്നുണ്ട് കവി തുടര്‍ന്ന് വരുന്ന വരികളില്‍.

'ഇവിടൊരു ചാകരയും വേലകളീം ഒത്തുവന്നപോല്‍
ചിലരുടെ തോര്‍ത്തുകീറി പോയകാര്യം ഓര്‍ത്തുപോകവേ'
തീര്‍ന്നില്ല, ഇനിയൊരു ഒത്തുതീര്‍പ്പിനുള്ള സാധ്യത പോലും തള്ളിക്കളഞ്ഞുകൊണ്ടു അവരെ വീണ്ടും തമ്മിലടിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. അപ്പന്‍ സംഗതി കോംപ്രമൈസ് ചെയ്യാന്‍ പുതിയ കമ്മലുമായി വന്നിട്ടുണ്ടാവണം. അപ്പോഴുള്ള പിള്ളേരുടെ ഡയലോഗ് കേള്‍ക്കുക.

'അലകടല്‍ കാറ്റിനു നീ കാതുകുത്താന്‍ പാടുപെടേണ്ട
സദാചാര സേനാപതിവീരാ പടു കാമലോലുപാ..'
അലകടല്‍കാറ്റു പോലെ ധീരയും സ്വതന്ത്രയുമാണ് വിശാലാവതിയാണ് എന്റമ്മ എന്നൊക്കെ പക്ഷം പിടിക്കുന്നുണ്ട്. പിള്ളേരുടെ സ്ഥാപിതതാല്പര്യം സംരക്ഷിക്കാന്‍ ഇവിടെ കവി വല്ലാതെ പാടുപെടുകയാണ്. പിള്ളേര് കലക്കവെള്ളത്തില്‍ ചെമ്മീന്‍ പിടിക്കാന്‍ നോക്കുകയാണ്.

'ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം
പിന്നേം ചാടിയാല്‍ ചട്ടിയോളം'

അമ്മയാണോ ബ്രാണ്ടി അടിച്ചത് എന്നറിയാന്‍ മറ്റുവഴികളില്ലാതെ ഊതാന്‍ പറഞ്ഞ അപ്പനോടുള്ള പിള്ളേരുടെ മറുപടി നോക്കുക.

'ചുമ്മാ ഊതാന്‍ നോക്കാതെ
തായം കളിയ്ക്കാന്‍ നിക്കാതെ'

അവര്‍ സാഹചര്യത്തെ പരമാവധി മുതലെടുക്കുകയാണ്. നിസഹായനായി നില്‍ക്കുന്ന ആ അപ്പന്റെ മുഖം ആരെയും സങ്കടപ്പെടുത്തുന്നതാണ്. അങ്ങനെ നമ്മള്‍ സങ്കടപ്പെട്ടിരിക്കുന്‌പോഴാണ് ചരിത്രദൗത്യം നിര്‍വഹിച്ചുകൊണ്ടുള്ള ആ വരികള്‍ കടന്നു വരുന്നത്.

ലലല്ലാ ലാലലല്ല ലാ.. ലലല്ലാ ലാലലല്ല ലാ
ലലല്ലാ ലാലലല്ല ലാ.. ലലല്ലാ ലാലലല്ല ലാ
ലാലാ..ലാലാ..ലാ..ലാ..ലാ..ലാ..

ഈ വരികള്‍ക്ക് മീതെ ലാലേട്ടന്‍ സൈക്കിളില്‍ ഈ സിനിമയിലേക്ക് കടന്നു വരികയാണ്. സ്വന്തം പേരില്‍ തീര്‍ത്ത വരികളുടെ അകന്പടിയോടു കൂടി ലാലേട്ടന്‍. ഇങ്ങനെയൊരു രംഗപ്രവേശം സിനിമാചരിത്രത്തില്‍ ഇതാദ്യമായിരിക്കണം. കൈയ്യടിക്കെടാ

നോട്ട് ദി പയിന്റ്: ഈ പാട്ടിനു ചുവടു വച്ചുകൊണ്ടിരിക്കുന്ന ലോകത്തെന്പാടുമുള്ള എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയ്ക്ക്. ജിമ്മിക്കി കമ്മല്‍ ഇട്ടു കളിക്കുന്നതൊക്കെ കൊള്ളാം. താഴെ വീണുപോകാതെ നോക്കണം. കളഞ്ഞുപോയിട്ടു പിന്നെ അടിച്ചോണ്ടു പോയി എന്നു പറയരുത്/പാടരുത്.
എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ മോഷ്ടിച്ചതെങ്ങനെ? എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ മോഷ്ടിച്ചതെങ്ങനെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക