Image

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്‌ പൂര്‍ത്തിയായി

Published on 17 September, 2017
നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്‌ പൂര്‍ത്തിയായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ആലുവ പോലീസ് ക്ലബിലെത്തിയ നാദിര്‍ഷയെ നാലര മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുര്‍ന്നായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുന്പാകെ ഹാജരായത്.

വെള്ളിയാഴ്ച നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബില്‍ എത്തിയിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു അന്വേഷണസംഘം ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചിരുന്നു.

നേരത്തെ, നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിക്കുന്ന വേളയിലാണു ചോദ്യംചെയ്യലിനു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

താനും ദിലീപും നിരപരാധികളാണെന്നും ചോദ്യം ചെയ്യലിന് ഹാജരായശേഷം നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമില്ല. തന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയെന്ന സുനിയുടെ മൊഴി തെറ്റാണെന്ന് പൊലീസിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും നാദിര്‍ഷ അവകാശപ്പെട്ടു.

നാദിര്‍ഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ ഏപ്രില്‍ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ റിമാന്‍ഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ കുടുക്കിയതാണെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ഹര്‍ജിയിലുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി. സന്ധ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി പോലീസ് മേധാവി. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മനോവീര്യം തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ബി. സന്ധ്യക്കുള്ളത് മേല്‍നോട്ടച്ചുമതല മാത്രമാണ്. ഗംഗേശാനന്ദ കേസ് അന്വേഷണ സംഘത്തില്‍ സന്ധ്യയില്ലെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിരപരാധിയായ ഒരാളെയും പൊലീസ് കേസില്‍ പ്രതിയാക്കില്ല. കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ സമ്മതിക്കുകയുമില്ല. തെളിവുകളും വസ്തുകളും മാത്രമാണ് കേസന്വേഷണത്തില്‍ പൊലീസ് പരിഗണിക്കുന്നത്.

നിയമപരമായും ശാസ്ത്രീയമായും അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പൊതു വേദികളില്‍ ഉന്നയിക്കുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുടുക്കിയതാണെന്നും എഡിജിപി ബി.സന്ധ്യ ഉള്‍പ്പെട്ട മൂന്നംഗ സംഘമാണെന്ന് കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ് എംഎല്‍എ ആരോപിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക