Image

അന്വേഷിച്ചു കണ്ടെത്തിയില്ല ( ചെറു കഥ: റീനി മമ്പലം)

Published on 18 September, 2017
അന്വേഷിച്ചു കണ്ടെത്തിയില്ല ( ചെറു കഥ: റീനി മമ്പലം)
എബി പെട്ടിയിലേക്ക് നോക്കി, അതില്‍ “23 ആന്‍ഡ് മി” എന്നെഴുതിയിരിക്കുന്നു. മനുഷ്യശരീരത്തിലുള്ള 23 ക്രോമസോമിനെയാണു ഉദ്ദേശിച്ചിരിക്കുന്നത്. പെട്ടിയിലുള്ള നിര്‍ദ്ദേശപ്രകാരം ഉമിനീര്‍ സാമ്പിള്‍ ശ്രദ്ധാപൂര്‍വ്വം എടുത്ത് പെട്ടിയില്‍വെച്ചു. മകന്‍ അയച്ചുകൊടുത്ത പിറന്നാള്‍ സമ്മാനമാണ്. സാമ്പിള്‍ വിശകലനം ചെയ്ത് കമ്പനി തന്റെ ജനിതകവിവരം അറിയിക്കും. മകന്റെ സുഹൃത്തുക്കള്‍ പലരും അമേരിക്കന്‍ കുട്ടികളാണ്. അവരില്‍ പലരും ഈ ടെസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ പൂര്‍വ്വികര്‍ എവിടെനിന്നാണ് വന്നതെന്ന് അറിയുവാന്‍ സാധിക്കും. അമേരിക്ക പലവിധ സംസ്കാരങ്ങളുടെ മെല്‍റ്റിങ്ങ് പോട്ടാണല്ലോ! എബിക്ക് അറിഞ്ഞിട്ട് ഒന്നും നേടുവാനില്ല, വെറുതെ ഒരു രസം.

അയാള്‍ കണ്ണാടിയില്‍ തന്റെ മുടിയിലേക്കും പൂച്ചക്കണ്ണുകളിലേക്കും നോക്കി. ചുവപ്പ് കലര്‍ന്ന ചെമ്പന്‍ മുടി. താന്‍ നൂറുശതമാനം കേരളീയനല്ലെന്നും തന്റെ രക്തത്തില്‍ എവിടെയൊ കലര്‍പ്പുണ്ടെന്നും ഭാര്യ കളിയാക്കാറുണ്ടെന്ന് എബി ഓര്‍മ്മിച്ചു. അതോര്‍ത്തപ്പോള്‍ കണ്ണാടിയിലെ രൂപം മന്ദഹസിച്ചു. പ്രകൃതിയുടെ ഇന്ദ്രജാലം അറിയാത്തവരാല്‍താന്‍ പരിഹസിക്കപ്പെട്ടു കാണും.

“എന്താ ബേര്‍ത്ത്‌ഡേ ആയിക്കൊണ്ട് നേരത്തെ ഓഫീസില്‍ പോകുവാന്‍ തയ്യാറാവുന്നത്?”ഭാര്യ ആനിയുടെ ചോദ്യമാണ്.

“ഓഫീസില്‍ പോവുന്നതിനു മുമ്പായി പോസ്റ്റ് ഓഫീസ് വരെ പോവണം“

അധികം ചോദ്യം ചെയ്യാതെ ആനി പോയി. മകന്റെ പാക്കേജ് വന്ന വിവരം അവള്‍ക്കും അറിയാവുന്നതാണല്ലോ!

സഹപ്രവത്തകരില്‍ ചിലര്‍ എബിക്ക് പിറന്നാള്‍ ആശംസിച്ചു. പക്ഷെ തിരക്കു മുഴുവന്‍ പുതിയതായി ചേര്‍ന്ന പെണ്‍കുട്ടിയുടെ സമീപമാണ്. അവരുമായി പരിചയപ്പെടുന്നതിനും ‘ഹലോ’ പറയാനുമുള്ള തിരക്കിലാണ് പലരും. എബി പുതിയ കുട്ടിയെ നോക്കി. പുതുതായി കോളജ് പാസായ ഇന്ത്യന്‍ കുട്ടിയാണ്. മകന്റെ പ്രായം കാണും. . ആളൊഴിയട്ടെ, അപ്പോള്‍ പരിചയപ്പെടാം. എബി ചിന്തിച്ചു.

സമയം ഉച്ചയായി. എബി പെണ്‍കുട്ടി ഇരുന്ന ഭാഗത്തേക്ക് നോക്കി. ഇപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു. പരിചയപ്പെടുവാന്‍ ഇതു തന്നെ അവസരം. ലഞ്ച് സമയവും അടുത്തിരിക്കുന്നു. എബി സീറ്റില്‍ നിന്നെണീറ്റു.

പരിചയപ്പെട്ടു. പേര് റിയ. അവളുടെ ആദ്യത്തെ ജോലിയാണ്. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതും ഇതാദ്യമായാണ്.എബി അത്രയും കാര്യങ്ങള്‍ അവളില്‍നിന്ന് മനസ്സിലാക്കി.

”ഇന്ന് ആദ്യ ദിവസമല്ലേ? ലഞ്ചിന് കൂടെ വരുന്നോ? റെസ്‌റ്റോറണ്ടും കടകളും കാണിച്ച് തരികയും ചെയ്യാം“

”ഞാനിന്ന് ലഞ്ച് കൊണ്ടുവന്നല്ലോ, വേറൊരിക്കലാവാം“ റിയ പറഞ്ഞു.”ആദ്യത്തെ ദിവസമല്ലേ, ഒന്നും നിശ്ചയമുണ്ടായിരുന്നില്ല!


അടുത്ത കുറെ ദിവസങ്ങള്‍ എബിക്ക് ലഞ്ച് സമയം പല തിരക്കുകളായിരുന്നു. കുറെ കാര്യങ്ങള്‍ ചെയ്യുവാന്‍ ആനി പറഞ്ഞേല്‍പ്പിച്ചിരുന്നു. സ്വതന്ത്രനായ ദിവസം ലഞ്ചിനു റിയയെ കൂടെ വരുന്നതിന് ക്ഷണിച്ചു. കമ്പനി വിശേഷങ്ങളും വീട്ടു വിശേഷങ്ങളും കൈമാറി. ആനി ഫ്രീ ആവുമ്പോള്‍ ഊണിന് വീട്ടിലേക്ക് വിളിക്കാമെന്ന് പറഞ്ഞു. റിയയയുടെ മാതാപിതാക്കളെക്കുറിച്ച് അന്വേഷിച്ചു. റിയ മനസ്സ് തുറന്നു. താന്‍ അനാഥയാണെന്നും മലയാളി സ്ത്രീയില്‍ ജനിച്ചതാണെന്നും വളരെ ചെറുപ്പത്തില്‍, പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ ദത്തെടുത്തതാണെന്നും റിയ പറഞ്ഞു. അവളുടെ അനാഥത്വം അയാളില്‍ അനുകമ്പയും വാല്‍സല്യവും ജനിപ്പിച്ചു.

ദിവസങ്ങള്‍ ഓടിമറഞ്ഞു, പന്തയത്തില്‍ ഓടുന്ന കുതിരകളെപ്പോലെ. ഒരുദിവസം കമ്പനിയില്‍ നിന്ന് റിപ്പോര്‍ട്ട് ഈമെയിലില്‍ വന്നത് ആകാംഷപൂര്‍വ്വം വായിച്ചു ഭാര്യ തന്നെ കളിയാക്കാറുള്ള പോലെ താന്‍ സങ്കരവര്‍ഗം ഒന്നുമല്ല. തന്റെ രക്ത്തത്തില്‍ കലര്‍പ്പില്ല.

ജനിതകവിവരണത്തില്‍ സാമ്യം ഉള്ളവര്‍ ഉണ്ടെങ്കില്‍ അയാളെ അറിയിക്കാം എന്ന് ഈമെയിലില്‍ പറഞ്ഞിരുന്നു. അതിനുശേഷം അയാള്‍ അതിനെക്കുറിച്ച് മറന്നു, അടുത്ത ഈമെയില്‍ കിട്ടുന്ന വരെ.

തന്റെ ജനിതകവുമായി പൊരുത്തമുള്ള ഒരാളെ കണ്ടെത്തിയെന്നും തനിക്ക് സമ്മതമെങ്കില്‍ അവര്‍ അയാളുമായി ബന്ധപ്പെടുവാന്‍ ശ്രമിക്കും എന്നറിയിച്ചിരിക്കുന്നു. അയാള്‍ക്ക് സമ്മതമായിരുന്നു. ആരെയും ഉപദ്രവിക്കാത്ത സംഗതിയല്ലേ?

“ഈ വീക്കെന്റില്‍ റിയയെ ഇങ്ങോട്ടു ഊണിന് വിളിച്ചാലോ, നമുക്ക് പരിപാടി ഒന്നുമില്ലല്ലൊ”ഒരു ദിവസം ആനി റിയെക്കുറിച്ച് സംസാരിച്ചു.

“നല്ല കാര്യം” എബി തലയാട്ടി. “വീട്ടില്‍ നിന്ന് ആദ്യമായി മാറിനില്‍ക്കുകയല്ലേ?”

റിയ വന്നു. ആനി വചാലയായി. ആനി ഇതുപോലെ സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു പെണ്‍കുട്ടി ഇല്ലാത്തതിന്റെ അഭാവം എബിയും അറിഞ്ഞു. അതിനുശേഷം റിയ എബിയുടെ വീട്ടില്‍ കൂടെക്കൂടെ വന്നു.

സൂര്യന്‍ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കയും ചെയ്തു, എല്ലാം പതിവുപോലെ.

ഒരുദിവസം എബിക്ക് ഒരു ഈമെയില്‍ കിട്ടി, ഒരു പെണ്‍കുട്ടിയുടേതാണ്.


“എന്റെ പേര്‍ സൂസന്‍. ജനിതക റിപ്പോര്‍ട്ടനുസരിച്ച് നമ്മുടെയിടയില്‍ ഒരുപാടു കാര്യങ്ങള്‍ പൊതുവായിട്ടുണ്ട്. ഒരു പക്ഷെ നമ്മള്‍ ഫസ്റ്റ് കസിന്‍സ് ആകാന്‍ സാധ്യതയുണ്ട്. ഞാന്‍ കേരളത്തില്‍ പിറന്നതാണ്. അവിഹിത ബന്ധത്തില്‍ പിറന്നതിനാലാവണം അമ്മ എന്നെ ഉപേക്ഷിച്ചു. കുട്ടികള്‍ ഇല്ലാത്തൊരു അമേരിക്കന്‍ ദമ്പതികള്‍ എന്നെ ദത്തെടുത്തു. അവരുടെ മകളായി ഞാന്‍ വളര്‍ന്നു. സ്വന്തത്തില്‍ പെട്ടവരെ കാണണമെന്നിപ്പോള്‍ തോന്നുന്നു. ഈമെയില്‍ അയക്കുന്നതിനു മുന്‍പായിത്തന്നെ ഞാന്‍ നിങ്ങളുടെ പ്രോഫൈല്‍ നോക്കിയിരുന്നു. നാം അമേരിക്കയില്‍ അടുത്തടുത്ത പട്ടണത്തിലാണു താമസം. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ നമുക്ക് തമ്മില്‍ കാണാം ഇവിടെ ഏതെങ്കിലും ഹോട്ടലില്‍ വെച്ചാകാം”

എബി ഈമെയില്‍ ആവര്‍ത്തിച്ചു വായിച്ചു. വിവരം ഭാര്യയോട് പറഞ്ഞു. “എന്തു കൊണ്ട് കാണുവാന്‍ മടിക്കണം” എന്നായിരുന്നു അവളുടെ ചോദ്യം. മകനെ അറിയിച്ചപ്പോള്‍ അവനും സമ്മതം തന്നെ. എബിക്ക് സന്തോഷം തോന്നി.

“അങ്ങനെ പ്രതീക്ഷിക്കാതെ ഒരു പെങ്ങളെ കിട്ടുമല്ലോ” ഭാര്യ പറഞ്ഞു.

ഒട്ടും വൈകിച്ചില്ല തമ്മില്‍ കാണുന്നതില്‍ സന്തോഷമേയുള്ളുവെന്നറിയിച്ചു.

തന്റെ ബന്ധത്തില്‍ ഉള്ളവരാരും തന്നെ അവിഹിത ഗര്‍ഭം ധരിച്ചതായി എബിക്ക് അറിവില്ല. അതും പോരാഞ്ഞ് നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ച് ചോദിച്ചു. അവര്‍ക്കും ഒന്നുമറിയില്ല. എബി ഇതൊന്നും സൂസനുള്ള ഏമെയിലില്‍ സൂചിപ്പിച്ചില്ല. ഒരാളുടെ വിശ്വാസം എന്തിന് തകര്‍ക്കുന്നു. സൂസനുമായുള്ള കൂടിക്കാഴ്ച ആലോചിച്ചപ്പോള്‍ എബിക്കു സന്തോഷം തിരയടിച്ചു. അവള്‍ ബന്ധത്തില്‍ ഉള്ളവളെങ്കില്‍ നന്ന്. തനിക്ക് സ്വന്തക്കാരെന്നു പറയുവാന്‍ ഈ രാജ്യത്ത് ആരുമില്ല. സുഹൃത്തുക്കള്‍ വിശേഷ ദിവസങ്ങളില്‍ സ്വന്തക്കാരെ സന്ദര്‍ശിക്കുമ്പോള്‍ അസൂയ തോന്നാറുണ്ട്. വളര്‍ന്നത് ആണ്‍കുട്ടികള്‍ക്കൊപ്പമാണ്. ഒരുകുട്ടിയുള്ളതും ആണ്‍കുട്ടി. എബി ആശകള്‍ വാരിക്കൂട്ടി, ഒരു കുന്നോളം.

അന്ന് രാത്രി എബി ഒരു സ്വപ്നം കണ്ടു. എബി ജനിതക കോവണി കയറുകയായിരുന്നു. റിയ മുകളില്‍ നില്‍ക്കുകയാണ്. അവള്‍ ചോദിക്കുന്നു “നിങ്ങളാണോ ഞാന്‍ അന്വേഷിക്കുന്ന സഹോദരന്‍?” അയാള്‍ ഉറക്കത്തില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഭാര്യ വിളിച്ചുണര്‍ത്തി. അയാളെ വിയര്‍ക്കുന്നുണ്ടായിരുന്നു.

കുറെ ദിവസം റിയെ ഓഫീസില്‍ കണ്ടില്ല. അമ്മയ്ക്ക് സുഖമില്ലന്നും കാണുവാന്‍ പോയിരിക്കയാണെന്നും ആരോ പറഞ്ഞു. തിരികെയെത്തിയപ്പോള്‍ സുഖമില്ലാത്തയാളെ കാണുവാന്‍ പോയ റിയയുടെ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം കണ്ടു. അപ്പോഴാണ് എബിയുടെ സംശയം തലപൊക്കിയത്. റിയ ആയിരിക്കുമോ താനുമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുന്നത്? സ്വന്തം പേരും ടൗണിന്റെ പേരും ഈമെയിലില്‍ മാറ്റിപ്പറയാമല്ലോ!

റിയയെ ലഞ്ചിന് കൂടെക്കൂടുവാന്‍ ക്ഷണിച്ചു. മുഖത്തെ സന്തോഷത്തിന്റെ കാര്യമെന്തെന്ന് ആരാഞ്ഞു. റിയ പറയുവാന്‍ വിസമ്മതിച്ചു, പുറകാലെ അറിഞ്ഞുകൊള്ളും എന്നു പറഞ്ഞു. എബിയുടെ സംശയം ഇരട്ടിക്കയായിരുന്നു.

ഒരു കൂടിക്കാഴ്ച്ചക്ക് സമ്മതിച്ചതില്‍ എബിക്ക് നന്ദി പറഞ്ഞുകൊണ്ട് സൂസന്റെ ഈമെയില്‍ കിട്ടി. അതില്‍ അവളുടെ പട്ടണത്തിലെ ഒരു റസ്‌റ്റോറന്റിന്റെ പേരു കൊടുത്തിരിക്കുന്നു.“ഓഫീസിലെ തിരക്ക് ഒന്നു കഴിഞ്ഞോട്ടെ. തന്നെയുമല്ല എന്റെ വളര്‍ത്തഛനും അമ്മയ്ക്കും ഞാന്‍ ബന്ധുക്കളെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞുകൂടാ, അവരുമായി ഇതിനെക്കുറിച്ച് സംസാരിച്ചിട്ട് തമ്മില്‍ കാണുന്ന തീയതി അറിയിക്കാം. അപ്പോള്‍ നിങ്ങള്‍ ഭാര്യയെയും കൂട്ടി വരു. കാണാമല്ലോ”

പിന്നിട് റിയയേ ഓഫീസില്‍ വെച്ച് കണ്ടപ്പോഴൊക്കെ അവളുടെ സന്തോഷം ഏറുന്നു എന്ന് എബിക്ക് തോന്നി. തന്നെ ഇടക്കിടക്ക് സൂക്ഷിച്ച് നോക്കുന്നുണ്ടെന്നും തോന്നി “കൊച്ചു കള്ളീ” മനസില്‍ പറഞ്ഞു. രഹസ്യങ്ങള്‍ സൂക്ഷിച്ച് വെക്കുവാനുള്ള അവളുടെ കഴിവ് അസാമാന്യം തന്നെ.

ദിവസങ്ങള്‍ കടന്നുപോയി, കലണ്ടറിന്റെ ഒരു പേജ് മറിഞ്ഞു. സൂസന്റെ മറുപടി കിട്ടിയില്ല. ഒരു പക്ഷെ അവളുടെ മനസ് മാറിക്കാണും. അവളുടെ വളര്‍ത്തഛനും അമ്മയും അവരുട ബന്ധം ശിഥിലമാവുമെന്ന് ഭയന്ന് വേരുകള്‍ അന്വേഷിച്ച് ആഴങ്ങളിലേക്ക് പോവേണ്ട എന്ന് വിലക്കിക്കാണും. ആനി സൂസനെ കാണുന്ന വിവരം പല കൂട്ടുകാരോടും പറഞ്ഞു. ഓരാഴച കഴിഞ്ഞിട്ടും ഈമെയില്‍ ഒന്നും കാണാതിരുന്നപ്പോള്‍ എബിയുടെ ക്ഷമ നശിച്ചു.

അയാള്‍ ഈമെയില്‍ അയച്ചത് മടങ്ങിയെത്തി. സൂസന്‍ തനിക്ക് പിടിതരാതെവണ്ണം ഈമെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുന്നു. അയാളുടെ ആശകള്‍ നീര്‍ക്കുമിളകളായി പൊട്ടി. സൂസനെ അന്വേഷിച്ച് പട്ടണത്തില്‍ മറ്റുള്ളവരോട് തിരക്കിയാലും അവര്‍ക്ക് അറിയില്ലായിരിക്കും. അവളുടെ ദത്തുമാതാപിതാക്കള്‍ ദൂരെ ഏതോ പട്ടണത്തിലാണ് താമസമെന്ന് ഈമെയിലില്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. അടുത്ത് തന്നെ കയ്യെത്തും ദൂരത്ത് തനിക്ക് പിടി തരാതെവണ്ണം സൂസന്‍ താമസിക്കുന്നു. ആ ചിന്ത മനസ്സിനെ കൊത്തിപ്പറിച്ചു..

ക്രിസ്മസ്സ് വന്നു. റിയ വീട്ടില്‍ പോയി.

തിരികെവന്ന ദിവസ്സം ഓഫീസിലെ പെണ്‍വിഭാഗം റിയയുടെ ചുറ്റും നില്‍ക്കുന്നതു കണ്ടു. എബിയെ കണ്ടതോടെ അയാളുടെ നേര്‍ക്ക് നടന്നടുത്തു. “സൂസന്‍ നീ എവിടെയായിരുന്നു?” റിയ അടുത്തുവന്നപ്പോള്‍ എബി സൂസനാണെന്നഭാവത്തില്‍ ചോദിച്ചു. അവളുടെ വിരലിലെ വജ്രമോതിരം തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ എന്‍ഗേജ്ഡ് ആയിരിക്കുന്നു. കഴിഞ്ഞ തവണ അമ്മയെ കാണുവാന്‍ വീട്ടില്‍ പോയപ്പോഴെ അയാള്‍ താമസിയാതെ പ്രൊപ്പോസ് ചെയ്‌തേക്കുമെന്ന് സൂചന കിട്ടിയിരുന്നു. മോതിരത്തിന്റെ രസീത് അയാളുടെ പോക്കറ്റില്‍ അവള്‍ കണ്ടു. സന്തോഷം അടക്കിവെച്ച് സഹപ്രവര്‍ത്തകരോട് ഒന്നും പറഞ്ഞില്ല. അയാള്‍ മനസ് മാറ്റിയേക്കുമോ എന്ന ശങ്ക ആയിരുന്നു.

താന്‍ എന്‍ഗേജ്ഡ് ആയ വിവരം അറിയട്ടെ എന്ന് വിചാരിച്ച് റിയ മോതിരവിരല്‍ എബിയുടെ നേരെ വീശി. തനിക്ക് എതിരെ നില്‍ക്കുന്നയാളില്‍ റിയയെ കാണുവാന്‍ എബി ശ്രമിച്ചു. “ക്ഷമിക്കണം വേറെ ആരോ എന്ന് അല്‍പസമയത്തേക്ക് ചിന്തിച്ചുപോയി.” എബി ജാള്യത മറച്ചുവെച്ച് പറഞ്ഞു.

റീനി മമ്പലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക