Image

ഡെമോക്രാറ്റുകള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, നേടാന്‍ 'ഡാക' (ഏബ്രഹാം തോമസ്)

Published on 19 September, 2017
ഡെമോക്രാറ്റുകള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, നേടാന്‍  'ഡാക' (ഏബ്രഹാം തോമസ്)
വാഷിങ്ടന്‍: അധികാരത്തിലെത്തി ആദ്യ ഏഴു മാസങ്ങളില്‍ വലിയ പ്രാധാന്യം നല്‍കാതിരുന്ന ഡെമോക്രാറ്റുകളോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുപ്പം കാണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് നിരീക്ഷകര്‍ സജീവമായി ചര്‍ച്ച ചെയ്യുന്നു. ഒരു പക്ഷേ വളരെ താല്‍പര്യത്തോടെ അഫോഡബിള്‍ കെയര്‍ (ഒബാമ കെയര്‍) റദ്ദാക്കുവാന്‍ നടത്തിയ ശ്രമത്തിന് ചില റിപ്പബ്ലിക്കന്‍ നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്നത് എതിര്‍പക്ഷത്തും സൗഹൃദത്തിന് ശ്രമിക്കണം എന്ന് ട്രംപിന് തോന്നാന്‍ കാരണമായിട്ടുണ്ടാവണം.

ഡിഫേര്‍ഡ് ആക്ഷന്‍ എഗെന്‍സ്റ്റ് ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡാക) എക്‌സിക്യൂട്ടീവിന്റെ അധികാരപരിധിക്ക് അപ്പുറമുള്ള ഓര്‍ഡറായി ട്രംപ് എപ്പോഴും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഈ നിലപാടില്‍ മാറ്റം വരുത്തുന്നതായാണ് ട്രംപിന്റെ കഴിഞ്ഞ കുറെ ദിവസങ്ങളിലെ പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്. ഡാക മൂലം പ്രയോജനം ലഭിക്കുന്ന സുന്ദര ജീവിതം സ്വപ്നം കാണുന്ന (ഡ്രീമേഴ്‌സ്) വരെ കുറിച്ച് മനുഷ്യത്വപരമായി ചിന്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് എട്ടു ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരായ കുട്ടികളില്‍ പ്രത്യാശ ഉളവാക്കി. അനധികൃത കുടിയേറ്റക്കാര്‍ ബലാല്‍സംഗവും മറ്റ് കുറ്റകൃത്യങ്ങളും ചെയ്യുന്നവരാണ് എന്ന് വിധിയെഴുതിയ ട്രംപിലെ മനംമാറ്റം ശ്രദ്ധേയമായി. എന്നാല്‍ തുടര്‍ന്ന് ഇവര്‍ക്ക് പൗരത്വം നല്‍കാനാവില്ല. അതിര്‍ത്തിയില്‍ മതില്‍ പണിയുക തന്നെ ചെയ്യും എന്ന പ്രഖ്യാപനങ്ങള്‍ വലിയ ആശ്വാസം നല്‍കുന്നവ ആയിരുന്നില്ല.

ഇപ്പോള്‍ പെട്ടെന്ന് തങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത് സെനറ്റിലെ ന്യൂനപക്ഷ നേതാവ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ചാള്‍സ് ഷൂമറിനെയും കലിഫോര്‍ണിയാ യില്‍ നിന്നുള്ള ജനപ്രതിനിധിയും പ്രതിനിധി സഭയിലെ മൈനോരിറ്റി ലീഡറായ നാന്‍സി പെലോസിയെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. ട്രംപുമായി അഭിപ്രായ ഐക്യത്തിലെത്തുവാന്‍ കഴിഞ്ഞാല്‍ അത് വലിയനേട്ടം ആയിരിക്കുമെന്ന് ഇവര്‍ കരുതുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസിലും വൈറ്റ് ഹൗസിലും അധികാരത്തിലിരുന്ന വര്‍ഷങ്ങളില്‍ പോലും കൈവരിക്കാന്‍ കഴിയാതിരുന്ന നേട്ടമാണിത്. ട്രംപുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാലും തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നിവര്‍ പറഞ്ഞു. എന്തിനെങ്കിലും മുന്നോട്ടിറങ്ങാതെ ഒന്നും നേടാനാവില്ല, ഷൂമര്‍ പറയുന്നു. ഒരു നല്ല കാര്യം നടക്കൂമെന്ന് കരുതുന്നു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

ഷൂമറും പെലോസിയും പ്രസിഡന്റിന്റെ ഉപദേശകരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആഴ്ചകള്‍ക്കുള്ളില്‍ ഡാക നിയമമാക്കിയെടുക്കുവാന്‍ ശ്രമം ഉണ്ടാവുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ചില ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഒരു ആശങ്കയുണ്ട്. ഒരു ഡീല്‍ മേക്കറായി അറിയപ്പെടുന്ന പ്രസിഡന്റ് പകരം എന്തൊക്കെ നേടിയെടുക്കും എന്നറിയില്ല എന്നിവര്‍ പറയുന്നു. പ്രസിഡന്റിന് കൂടുതല്‍ അധികാരം, കുടിയേറ്റ നിയമം കൂടുതല്‍ ശക്തമായി നടപ്പാക്കുവാന്‍ കൂടുതല്‍ ഫണ്ടിംഗ്, അതിര്‍ത്തിയില്‍ കൂടുതല്‍ ഏജന്റുമാരും കൂടുതല്‍ സാങ്കേതിക വിദ്യകളും -ട്രംപിന്റെ ഡിമാന്റുകള്‍ വര്‍ധിച്ചേക്കും.

സ്ഥിരമായ ഒരു ഡ്രീം ആക്ടിന്റെ വില നാടുകടത്തലിന് പുതിയ സേന നിയമം അനുസരിക്കുന്ന കുടിയേറ്റക്കാരില്‍ പോലും ഭീതി ജനിപ്പിക്കുകയും പൗരസ്വാതന്ത്ര്യത്തിന് വെല്ലുവിളിയാവുകയും ചെയ്യുന്ന നടപടികള്‍ ഉണ്ടാവുമോ എന്നും ചിലര്‍ ഭയക്കുന്നു.

സംഗതി എന്തായാലും വാഷിങ്ടന്‍ രാഷ്ട്രീയത്തില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഷൂമറോ, പെലോസിയോ, പ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാനോ (റിപ്പബ്ലിക്കന്‍ ഡിസ്‌കോന്‍സില്‍), കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററും ഭൂരിപക്ഷ നേതാവുമായ മിച്ച് മക്കൊണ്ണലോ പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് സംഭവിച്ചത്.

ഒരേ ഒരു വോട്ടിന്റെ കുറവിന് ഒബാമ കെയര്‍ റദ്ദാക്കുവാന്‍ കഴിഞ്ഞില്ല എന്ന പരാജയം മറക്കുവാന്‍ ട്രംപിന് ഡെമോക്രാറ്റുകളുടെ സഹായത്തോടുകൂടി യാണെങ്കിലും അജന്‍ഡയിലെ അടുത്ത ഇനം നടപ്പാക്കിയേ മതിയാകൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക