Image

അമേരിക്കയില്‍ ഉയര്‍ന്ന വരുമാനമുള്ള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്

പി.പി.ചെറിയാന്‍ Published on 21 September, 2017
അമേരിക്കയില്‍ ഉയര്‍ന്ന വരുമാനമുള്ള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്
ന്യൂയോര്‍ക്ക്: ഉയര്‍ന്ന വരുമാനമുള്ള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് സെപ്റ്റംബര്‍  ആദ്യവാരം പ്യു സെന്റര്‍  (Pew) നടത്തിയ ഗവേഷണ സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ കുടുംബത്തിന്റെ ശരാശരി വാര്‍ഷിക വരുമാനം 53,000 ഡോളറാണെങ്കില്‍ ഏഷ്യന്‍ രാജ്യത്തില്‍ നിന്നുള്ളവരുടെ വരുമാനം 73,000 ഡോളറാണ്. എന്നാല്‍ ഇന്ത്യന്‍ അമേരിക്കന്‍ കുടുംബാംഗങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനം 100,000 ഡോളറാണെന്നാണ് സര്‍വ്വേയില്‍ വ്യക്തമായി സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ വംശജരാണ് ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍  25 വയസിന് മുകളിലുള്ള 50 ശതമാനത്തിന് ഒരു ബിരുദമോ അതിലധികമോ വിദ്യാഭ്യാസ യോഗ്യത  ഉണ്ടെങ്കില്‍ അമേരിക്കയില്‍ 25 വയസ്സിനു മുകളിലുള്ള 30 ശതമാനം പേര്‍ക്ക് മാത്രമാണ് ബിരുദമെങ്കിലുമുള്ളത്. ഇന്ത്യന്‍ വശംജരില്‍ 72 ശതമാനം പേര്‍ക്ക് ബിരുദമോ അതിലുയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടെന്നു കണക്കാക്കിയിരിക്കുന്നു.

2000-2015 കാലഘട്ടത്തില്‍ ഏഷ്യന്‍ വംശജരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. 11.9 മില്യണില്‍ നിന്നും 20 മില്യണായി ഏഷ്യന്‍ വംശജര്‍ വര്‍ധിച്ചതായും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയിലും ഉയര്‍ന്ന തസ്തികകളിലും ഇന്ത്യന്‍ ആധിപത്യമാണ് നിലനില്‍ക്കുന്നതെന്നും സര്‍വ്വേ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക