Image

വെള്ളാപ്പള്ളി ഇടഞ്ഞ് ഇടത്തോട്ട്, മകന്‍ തുഷാറിന് കോണ്‍ഗ്രസ് മുന്നണി പഥ്യം(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 21 September, 2017
വെള്ളാപ്പള്ളി ഇടഞ്ഞ് ഇടത്തോട്ട്, മകന്‍ തുഷാറിന് കോണ്‍ഗ്രസ് മുന്നണി പഥ്യം(എ.എസ് ശ്രീകുമാര്‍)
'സേവ് കേരള, ബില്‍ഡ് കേരള' എന്ന മുദ്രാവാക്യത്തോടെ 2015 ഡിസംബര്‍ അഞ്ചാം തീയതി രൂപീകരിക്കപ്പെട്ട് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പാര്‍ട്ടിയായ 'ഭാരത് ധര്‍മ ജന സേന' എന്ന ബി.ഡി.ജെ.എസിന് ഒരുപാട് മോഹങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളുടേത് മതേതര പാര്‍ട്ടിയാണ് എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടപ്പോള്‍ അല്‍പ്പം കൂടി കടന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ പറഞ്ഞത് തങ്ങളുടെ പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തുമെന്നാണ്. ''ഇത് അതിമോഹമല്ലേ മോനേ നടേശാ...'' എന്ന് പലരും പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പറഞ്ഞത് ഇപ്പോള്‍ അക്ഷരം പ്രതി ശരിയാവുകയാണ്.

''ആര്‍.എസ്.എസ് എല്ലാക്കാലവും ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന് എതിരായിരുന്നു. ദളിതനെയും പിന്നാക്കക്കാരെയും അടിച്ചമര്‍ത്തുന്നതും സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കാത്തതുമായ മനുസ്മൃതിയെയാണ് ആര്‍.എസ്.എസ് പിന്‍തുടരുന്നത്. ശ്രീനാരായണ ദര്‍ശനങ്ങള്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി ചിലര്‍ അടിയറവെക്കുകയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന ഇത്തരക്കാര്‍ക്കും അവരോടൊപ്പം പോകുന്നവര്‍ക്കും വോട്ടുകൊടുക്കണമോയെന്ന് കേരളീയ ജനത ചിന്തിക്കണം...'' ഇതായിരുന്നു കാരാട്ടിന്റെ ശാപ വാക്കുകള്‍. ഇന്ന് ശ്രീനാരായണ ഗുരു സമാധി ആചരിക്കുമ്പോള്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി കൂടാരത്തിലെ പൊറുതി വല്ലാണ്ട് മടുത്തിരിക്കുന്നു.

ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയില്‍നിന്ന് പുറത്തുവരാന്‍ ബി.ഡി.ജെ.എസ് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ  വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലായിരുന്നു നിര്‍ണായക കൂടിക്കാഴ്ച. ബി.ഡി.ജെ.എസ് ഇടത്തേക്ക് വരികയാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വെള്ളാപ്പള്ളി സൂചിപ്പിച്ചു. ''ബി.ജെ.പി നേതൃത്വത്തില്‍ എന്‍.ഡി.എ കേരളത്തില്‍ ഒരുകാലത്തും അധികാരത്തില്‍ വരാന്‍ പോകുന്നില്ല. കേരളത്തില്‍ എന്‍.ഡി.എ ഇല്ല. ഞാന്‍ മനസുകൊണ്ട് ഇടതുപക്ഷമാണ്. പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയാകും. വെള്ളാപ്പള്ളി വ്യക്തമാക്കി. ആരും കൂടെ വേണ്ടെന്നാണ് ബി.ജെ.പിയുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. പിണറായി വിജയന്‍ ഇഷ്ടമുള്ള നേതാവാണ്. ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിട്ടില്ല. എല്‍.ഡി.എഫും യു.ഡി.എഫും ഇടം നല്‍കാത്തതിനാലാണ് എന്‍.ഡി.എ മുന്നണിയിലേക്ക് പോയത്...''വെള്ളാപ്പള്ളി പറഞ്ഞു.

എന്‍.ഡി.എയില്‍ നിന്ന് ബി.ഡി.ജെ.എസ് പുറത്തു പോകുന്നെന്ന സൂചനയുമായി ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന 'ജനരക്ഷാ യാത്ര'യില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിരുന്നു. ബി.ജെ.പിയുമായി യാതൊരു സഹകരണവും വേണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം. എന്‍.ഡി.എയുടെ പരിപാടിയായല്ല ജനരക്ഷാ യാത്ര നടത്തുന്നതെന്നും ബി.ജെ.പി സ്വന്തം നിലയ്ക്ക് നടത്തുന്നതാണെന്നും സഹകരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ കേരള എന്‍.ഡി.എ ഘടകത്തിലെ അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വരികയാണ്.

ഈ പടലപ്പിണക്കം ആശയപരമല്ല മറിച്ച് ചില സ്ഥാനനാനങ്ങളെ ചൊല്ലിയാണ് എന്നറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതില്ല. എന്‍.ഡി.എ മുന്നണിയില്‍ നിന്നും കാര്യമായ 'പ്രയോജനം' ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനാണ് വെള്ളപ്പള്ളി തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ വീണ് വെള്ളാപ്പള്ളി നടശേന്‍ രൂപം നല്‍കിയ പാര്‍ട്ടി ഇപ്പോള്‍ പറഞ്ഞ ഒരു വാക്കും പാലിക്കാത്ത ബി.ജെ.പിയോടുള്ള വിയോജിപ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. എന്തായിരുന്നു ആ മോഹന വാഗാദാനങ്ങള്‍...തുഷാറിന് രാജ്യസഭാംഗത്വം. അതുവഴി കേന്ദ്ര മന്ത്രി സ്ഥാനവും. പിന്നെ ചില കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും അധ്യക്ഷ പദം. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര്. എസ്.എന്‍.ഡി.പിക്ക് നല്‍കിയ ഈ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ബി.ഡി.ജെ.എസിനെ അപമാനിക്കാനാണെന്നാണ് തുഷാറിന്റെ പരാമര്‍ശം. എല്ലാവര്‍ക്കും മോഡി എല്ലാം നല്‍കി. പക്ഷേ ബി.ഡി.ജെ.എസിന് മാത്രം ഒന്നും നല്‍കിയില്ലെന്നതാണ് പരാതി.

എന്തെങ്കിലും സ്ഥാനം ബി.ഡി.ജെ.എസിന് കിട്ടുവാനായി പല തവണ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഡല്‍ഹിക്ക് വണ്ടികയറിയെങ്കിലും ഒരു സ്ഥാനവും നല്‍കുവാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായില്ല. മോഡിയോടൊപ്പം നിന്ന് പടമെടുത്തത് മാത്രം മിച്ചം. പല തവണ വെള്ളാപ്പള്ളി പ്രതിഷേധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വി മുരളീധരന്‍ ഒഴികെയുള്ള സംസ്ഥാന ബി.ജെ.പി നേതാക്കന്‍മാര്‍ക്കൊന്നും ബി.ഡി.ജെ.എസിനോട് യാതൊരു താല്പര്യമില്ലെന്നതും ശ്രദ്ധേയമാണ്. ബി.ഡി.ജെ.എസ്സും ബി.ജെ.പിയും ചേര്‍ന്നാണ് കഴിഞ്ഞ തവണ കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഘടകകക്ഷിയാണെന്ന് കുമ്മനം രാജശേഖരനും തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായാണ് അന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ഒരുപോലെ പിണക്കിയാണ് വെള്ളാപ്പള്ളി പാര്‍ട്ടി രൂപീകരിച്ചതും എന്‍.ഡി.എയ്ക്ക് ഒപ്പം പോയതും. അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു ദേശീയ മുന്നണി, ആ പേരില്‍ തന്നെ കേരളത്തില്‍ മത്സരിക്കാനിറങ്ങി. കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായി ബി.ഡി.ജെ.എസ് മാറും എന്നായിരുന്നു വെള്ളാപ്പള്ളിയുടേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും പ്രതീക്ഷകള്‍. ബി.ജെ.പിയും അതേ പ്രതീക്ഷയോടെയാണ് ബി.ഡി.ജെഎ.സിനെ സ്വീകരിച്ചത്. എന്നാല്‍ ബി.ജെ.പി പ്രതീക്ഷിച്ച ഓളം സൃഷ്ടിക്കാന്‍ ബി.ഡി.ജെ.എസിന് കഴിഞ്ഞില്ലെന്നു മാത്രമല്ല മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കനത്ത തോല്‍വി ഏറ്റു വാങ്ങുകയും ചെയ്തു.

അതേസമയം ഇടതുമുന്നണിയില്‍ നിന്ന് ഉറപ്പ് ലഭിച്ചാലുടന്‍ ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു ബി.ഡി.ജെ.എസിന് തടസ്സമായി നിലനിന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലൂടെ ഇരുവരുടെയും ഇടയിലുള്ള പിണക്കം തീര്‍ന്നതായാണ് സൂചന. പക്ഷേ, പുതിയ മുന്നണി ബാന്ധവം സംബന്ധിച്ച് അഛനും മകനും തമ്മില്‍ ഉടക്കാണത്രേ. ഇടത് മുന്നണിയില്‍ ചേരാനുള്ള വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ താതാപര്യമാണെന്നാണ് തുഷാര്‍ പറയുന്നത്.

കഴിഞ്ഞ സെപ്റ്റബറിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുറത്തു വന്നിരുന്നു. ബി.ജെ.പി.ക്കും ബി.ഡി.ജെ.എസിനും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് അന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നതോടെ തുഷാര്‍ അച്ഛനെതിരെ രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. ബി.ജെ.പിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ബി.ഡി.ജെ.എസ് ഗൗരവമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയെ തുഷാര്‍ തുറന്നെതിര്‍ത്തു. ബി.ജെ.പിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമല്ല. സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പാര്‍ട്ടിക്കാര്യത്തില്‍ വെള്ളാപ്പള്ളി ഇടപെടേണ്ടെന്ന ധ്വനിയും തുഷാറിന്റെ വാക്കുകളിലുണ്ടായിരുന്നു.  ഇപ്പോഴും തുഷാര്‍ പരസ്യമായി ബിജെപി. നേതൃത്വത്തെ തള്ളിപ്പറയാന്‍ തയാറായിട്ടില്ല. പക്ഷേ ബി.ജെ.പിയുടെ യോഗങ്ങളും പരിപാടികളും തുഷാര്‍ ബഹിഷ്‌കരിക്കുന്നുമുണ്ട്. എന്‍.ഡി.എ വിടാന്‍ തുഷാറും തീരുമാനിച്ചതിന്റെ സൂചനയാണ് ഇത്.

ഇരുവരും ഇപ്പോഴും രണ്ടു തട്ടിലാണത്രേ. തന്റെ പാര്‍ട്ടിയെ യു.ഡി.എഫില്‍ എത്തിക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് താല്‍പ്പര്യം. എന്നാല്‍ വെള്ളപ്പള്ളി നടേശന്‍ ഉള്‍പ്പെടെ എസ്.എന്‍.ഡി.പിയില്‍ ഭൂരിഭാഗത്തിനും ഇടതിനോടാണ് താല്‍പ്പര്യം. ബി.ഡി.ജെ.എസില്‍ മറ്റ് പല സമുദായ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് തുഷാറുമൊത്ത് വലതു പക്ഷത്ത് പോകാനാണ് ഇഷ്ടം. ഇതോടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നത്. ഇതിനിടെ ബി.ഡി.ജെ.എസിലെ ഒരു വിഭാഗം ബിജെപിയില്‍ ഉറച്ചു നില്‍ക്കുമെന്നും സൂചനയുണ്ട്. ബി.ജെ.പി ബന്ധം വിട്ടാല്‍ ഇടതു മുന്നണിയില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഇതിനിടെയാണ് നാടകീയ നീക്കവുമായി യു.ഡി.എഫ് എത്തിയത്. തുഷാറിനെ സ്വാധീനിക്കാന്‍ ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തുവന്നു. അര്‍ഹിച്ച അംഗീകാരം ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തിട്ടുമുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രണ്ടു ചേരിയിലാണ്. രമേശ് ചെന്നിത്തല ബി.ഡി.ജെ.എസിനെ എതിര്‍ക്കും. ആ എതിര്‍പ്പിന് കാരണവുമുണ്ട്. ബി.ഡി.ജെ.എസിനെ കൂട്ടിയാല്‍ എന്‍.എസ്.എസുമായി പതിറ്റാണ്ടുകളായി തുടരുന്ന ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന ആശങ്കയാണ് ചെന്നിത്തലയ്ക്കുള്ളത്. വെള്ളാപ്പള്ളി ഇടത്തേക്ക് തിരിഞ്ഞാല്‍ എന്തു സമ്മര്‍ദമുണ്ടായാലും തുഷാറിനെ ഒപ്പം നിര്‍ത്തണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. യു.ഡി.എഫ്. വിപുലീകരിക്കണമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ പ്രധാന നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണു ബി.ഡി.ജെ.എസിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് രംഗത്തുള്ളത്. ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസം മുപ്പതിനകം പരിഹാരമുണ്ടായില്ലെങ്കില്‍ മുന്നണിബന്ധം വിടുന്നത് ഉള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്കു പോകുമെന്നു ബി.ജെ.പി നേതൃത്വത്തെ ബി.ഡി.ജെ.എസ്. നേതാക്കള്‍ ധരിപ്പിച്ചിട്ടുണ്ട്.

വെള്ളാപ്പള്ളി ഇടഞ്ഞ് ഇടത്തോട്ട്, മകന്‍ തുഷാറിന് കോണ്‍ഗ്രസ് മുന്നണി പഥ്യം(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക