Image

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മഞ്ജിമ

സുനീഷ് ബാബു Published on 22 September, 2017
 പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മഞ്ജിമ
ഇങ്ങനെയാണ് അവള്‍ ആദ്യമായി മലയാള സിനിമയിലേക്കു കടന്നു വന്നത്.

പ്രേക്ഷകര്‍ നോക്കിയിരിക്കേ,  അവള്‍  തിളങ്ങുന്ന ചില്ലുഗ്‌ളാസില്‍ വോഡ്ക പകര്‍ന്ന് നേരെ തൊണ്ടയിലേക്ക്. അതും ഒന്നല്ല, പടപടാന്ന് മൂന്നു തവണ. ഇതാരെന്ന് അമ്പരന്ന് നോക്കുമ്പോള്‍ നല്ല അസല്‍ ടോംബോയ് സ്റ്റൈലില്‍ ജീന്‍സും  ഷര്‍ട്ടും ധരിച്ച് ഒരു കിടിലന്‍ പെണ്ണ്. പിന്നീടവള്‍ പോക്കറ്റില്‍ നിന്നും  മാള്‍ബറോ സിഗററ്റ് ചുണ്ടില്‍ തിരുകി അലസമായി പുകയൂതി വിടുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടുപോയി. അവിടെയും തീരുന്നില്ല പെണ്ണിന്റെ ഹീറോയിസങ്ങളും പ്രേക്ഷകന്റെ അമ്പരപ്പും. മദ്യപിച്ച് ബോധമില്ലാതെ വെളുപ്പാന്‍ കാലത്ത് വന്നിട്ട് ഗേറ്റ് തുറക്കാതെ ഒരഭ്യാസിയെ കണക്ക് അവള്‍ മതില്‍ ചാടിക്കടന്ന് വീട്ടിലേക്ക് പോകുമ്പോള്‍ സിനിമ കണ്ട ന്യൂജെന്‍ പിള്ളേരും കുടുംബസദസുകളും ഒരുമിച്ച് മൂക്കത്ത് വിരല്‍ വച്ചു പോയി. ദൈവമേ..

ഏതാ ഈ പെണ്‍കുട്ടി? മലയാളിയാണോ? എന്താ ഒരു ധൈര്യം? മലയാള സിനിമയില്‍ ഇന്നോളം ഒരു ഒരു പുതുമുഖ നായികയും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ ഇവളാര്? മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന രംഗങ്ങളില്‍ ഈ മേഖല കുത്തകയാക്കിയ പുരുഷന്‍മാരെ കടത്തിവെട്ടിയ ഒറിജിനാലിറ്റിയുള്ള അഭിനയം. ഹോ. സമ്മതിച്ചു പെണ്ണേ.

ലാല്‍ജോസിന്റെ നീ-നയെന്ന ചിത്രത്തിലെ നായിക മുംബൈക്കാരി ദീപ്തി സതി പ്രേക്ഷക മനസില്‍ ഒരു ലഹരിയായി മാറിയത് പെട്ടെന്നായിരുന്നു. പക്ഷേ എന്തുകൊണ്ടോ പിന്നീട് രണ്ടു വര്‍ഷം ദീപ്തിയെ മലയാള സിനിമയില്‍ കണ്ടതേയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ശ്യാംധര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലൂടെ ദീപ്തി വീണ്ടും മലയാളത്തിലേക്കു വരുന്നത്. കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന തികച്ചും മോഡേണായ പെണ്‍കുട്ടി മഞ്ജിമ എന്ന കഥാപാത്രമായി ദീപ്തി വീണ്ടും തിളങ്ങി. ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുന്ന ദീപ്തി സതി തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ദീപ്തിയുടെ അഭിമുഖത്തിനെത്തിയപ്പോള്‍ മമ്മൂട്ടിയുടെ നായികയാകാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞിരുന്നു. രണ്ടാംവരവില്‍ അതു സാധ്യമായി. എന്തു തോന്നുന്നു?

്യൂഞാന്‍ വളരെ എക്‌സൈറ്റഡാണ്. ശരിക്കും ഡയറക്ടര്‍ ശ്യാംധര്‍ സര്‍ ഈ സിനിമയുടെ കഥ പറഞ്ഞു കേട്ടപ്പോള്‍ തന്നെ എനിക്കു വളരെ ഇഷ്ടമായി. പിന്നെ മമ്മൂട്ടിയാണ് നായകന്‍ എന്നു പറഞ്ഞപ്പോള്‍ പിന്നീടൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഞാന്‍ യേസ് പറയുകയായിരുന്നു. മഞ്ജിമ എന്ന കഥാപാത്രം നന്നായതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഡയറക്ടര്‍ ശ്യാംധര്‍ സാറിനു നല്‍കാം. കാരണം ഓരോ സീനിലും മഞ്ജിമ എങ്ങനെ പെരുമാറണം എന്ന് അദ്ദേഹം വളരെ കൃത്യമായി പറഞ്ഞു തന്നിരുന്നു. 

എങ്ങനെയുണ്ടായിരുന്നു മമ്മൂട്ടിയോടൊപ്പമുള്ള അഭിനയം? ടീമിലുളളവരുടെ സപ്പോര്‍ട്ട് എങ്ങനെ?

ഒരു മെഗാസ്റ്റാറാണെന്നുള്ള ഭാവമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നോട് വളരെ ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറിയത്. ഷൂട്ടിങ്ങിന്റെ സമയത്ത് നമുക്ക് എടുക്കേണ്ട സീന്‍സിനെ കുറിച്ചെല്ലാം വളരെ നന്നായി പറഞ്ഞു തരും. വളരെയധികം സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് അദ്ദേഹം. അതുപോലെ തന്നെയായിരുന്നു ഇന്നസെന്റ് അങ്കിളും ദിലീഷ് പോത്തന്‍ സാറും. സെറ്റില്‍ അവര്‍ വളരെ നല്ല സുഹൃത്തുക്കളെ പോലെയായിരുന്നു. അവര്‍ മാത്രമല്ല. ഡയറക്ടറും ടീമിലുള്ള ബാക്കി എല്ലാവരുമായും നല്ല സൗഹൃദത്തിലാകാന്‍ കഴിഞ്ഞിട്ടുണ്ട്.
മുമ്പത്തേക്കാള്‍ നന്നായി മലയാളം പറയാന്‍ പഠിച്ചല്ലോ?
അതു സത്യമാണ്. നീ-ന ചെയ്യുന്ന സമയത്ത് എനിക്ക് മലയാളം ഒട്ടും വശമില്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അന്ന് ഞാന്‍ ഡയലോഗ് പഠിച്ചത്. ഇപ്പോള്‍ എനിക്ക് അത്യാവശ്യം നന്നായി മലയാളം സംസാരിക്കാന്‍ കഴിയും. പിന്നെ ചില വാക്കുകളുടെ ഉച്ചാരണമാണ് എന്നെ കുഴപ്പിച്ചു കളഞ്ഞത്. ചില വാക്കുകളൊന്നും എന്റെ നാവിന് പെട്ടെന്നു വഴങ്ങില്ല. ഫോര്‍ എക്‌സാമ്പിള്‍, ഈ സിനിമയില്‍ മമ്മൂക്കയോട് '' ഉരുളേണ്ട, മോനേ, രാജകുമാരാ '' എന്നൊരു ഡയലോഗുണ്ട്. ഞാന്‍ എത്ര പറഞ്ഞിട്ടും ഉരുളേണ്ട എന്ന വാക്ക് എനിക്ക് വഴങ്ങുന്നില്ല. ഒടുവില്‍ വളരെ കഷ്ടപ്പെട്ടാണ് ആ വാക്ക് പഠിച്ചത്. അതുപോലെ പഴം എന്നൊക്കെ പറയാനും വലിയ പ്രയാസമായിരുന്നു. ഏതായാലും ഞാനിപ്പോള്‍ പഴയതിനേക്കാളൊക്കെ വളരെ നന്നായി മലയാളം സംസാരിക്കും. എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ട്.

ഈ ചിത്രത്തിലെ മഞ്ജിമ എന്ന കഥാപാത്രത്തെ കുറിച്ച്

കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന തികച്ചും മോഡേണായ ഒരു പെണ്‍കുട്ടി. നീനയിലെ ക്യാരക്ടറിനു നേരെ വിപരീതമാണ് ഇതിലെ മഞ്ജിമ. അത് സിനിമ കാണുമ്പോള്‍ മനസിലാകും.

ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള  ഗാനരംഗത്തില്‍ ദീപ്തി വളരെ സുന്ദരിയായിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥനകളുമായി ആരാധകര്‍ വിളിക്കാറുണ്ടോ?

പുള്ളിക്കാരന്‍ സ്റ്റാറാ -സിനിമ കണ്ടിട്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നു. എന്റെ കഥാപാത്രം ഒരുപാടിഷ്ടമായി എന്നു പറഞ്ഞു. അതു കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും.

യുവനടന്‍മാര്‍ക്കൊപ്പം  അഭിനയിക്കാന്‍ ആഗ്രഹമില്ലേ?
തീര്‍ച്ചയായും. മലയാളത്തില്‍  അവര്‍ക്കുള്ള സ്ഥാനം എന്താണെന്ന് അവരുടെ സിനിമകളുടെ വിജയം കണ്ടാല്‍ മനസിലാകും. അതോടൊപ്പം തന്നെ എനിക്ക് മമ്മൂക്കയുടേയും മോഹന്‍ലാലിന്റെയുമൊക്കെ സിനിമകള്‍ വളരെയിഷ്ടമാണ്. ഇപ്പോഴും അവര്‍ അഭിനയിക്കുന്ന എത്രയെത്ര സിനികള്‍ ഹിറ്റാകുന്നു. മമ്മൂക്കയുടെ മുന്നറിയിപ്പ്, ലാലേട്ടന്റെ ദൃശ്യം ഇതൊക്കെ എത്രയോ നല്ല സിനിമകളാണ്.  ദുല്‍ഖറിന്റെ ഓ.കെ കണ്‍മണി കണ്ടതോടെ ദുല്‍ഖര്‍ എന്റെ കണ്‍മണിയായി മാറിക്കഴിഞ്ഞു. പൃഥിരാജ്,  കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, നിവിന്‍ പോളി ഇവരുടെയൊക്കെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ അതെന്റെ ഭാഗ്യമായി കരുതും.

പുതിയ രണ്ടു ചിത്രങ്ങള്‍ കൂടി ദീപ്തിയുടേതായി വരികയല്ലേ? മലയാളത്തില്‍ സജീവമാകുകയാണ് അല്ലേ?
 
അതേ, ദുല്‍ഖറിനൊപ്പം സോളോ എന്ന ചിത്രത്തിലും പിന്നെ ബിജു മേനോന്‍ നീരജ് മാധവ് അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ലവ കുശ എന്ന ചിത്രത്തിലും ഞാന്‍ നായികയാണ്. മലയാളത്തില്‍ നല്ല നല്ല കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.

സുന്ദരി, നടി, മോഡല്‍ ഒരുപാട് ആരാധകര്‍ കാണുമല്ലോ ഇപ്പോള്‍? 

(ചിരിക്കുന്നു) ഉണ്ട്.  എനിക്ക് ദീപ്തിയെ കല്യാണം കഴിക്കണമെന്നും പറഞ്ഞ്  ~ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്.  ഞാനെന്തു പറയാനാണ്. നീന റിലീസായ ഉടനേയായിരുന്നു അത്.  ഒരുപാട് പെണ്‍കുട്ടികളും വിളിക്കാറുണ്ട്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ഒരുപാട് പ്രണയാഭ്യര്‍ത്ഥനകള്‍ കിട്ടിയിരുന്നു. പക്ഷേ എനിക്ക് അതൊന്നും ഇഷ്ടമായിരുന്നില്ല. ഇന്നോളം ആരേയും പ്രേമിച്ചിട്ടുമില്ല. നീന കണ്ടതിനു ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ എന്നെ പോലെ ഹെയര്‍ സ്റ്റൈല്‍ ആക്കിയിട്ട് എനിക്ക് ഫോട്ടോ വാട്ട്‌സ്ആപ്പില്‍ അയച്ചു തന്നിട്ടുണ്ട്.
 
നീനക്കു ശേഷം രണ്ടു വര്‍ഷം എന്തു ചെയ്തു? മലയാളത്തിലേക്കു വരാന്‍ ഇത്രയും വൈകുമെന്നു വിചാരിച്ചിരുന്നോ?
ഞാന്‍ മോഡലിങ്ങ് ചെയ്തിരുന്നു. കുറേ നല്ല പരസ്യങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടി. പിന്നെ, നീനക്കു ശേഷം ചില സിനിമകളുടെ കഥകള്‍ കേട്ടിരുന്നു. പക്ഷേ ആ പ്രോജക്ടുകളൊന്നും ശരിയായില്ല. നല്ല കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു തന്നെ മലയാളത്തിലേക്കു  തിരിച്ചു വരാനാണ് ഞാന്‍ ആഗ്രഹിച്ചത്. അത് സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഈ സിനിമയുടെ ലൊക്കേഷനില്‍ ചെന്നപ്പോഴെല്ലാം പലരും എന്നെ വേഗം തിരിച്ചറിഞ്ഞു. നീനയിലെ കഥാപാത്രത്തെ അവരാരും മറന്നിട്ടില്ല എന്നല്ലേ അതിന്റെ അര്‍ത്ഥം. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും എന്നെ ആരും മറന്നില്ല. അതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്.

നീനയിപ്പോഴും മലയാള പ്രേക്ഷകരുടെ മനസില്‍ സുഖമുള്ളൊരു ലഹരിയാണ്. എന്തു തോന്നുന്നു?

വളരെ വളരെ വളരെ സന്തോഷം. ആദ്യമായി തന്നെ ഞാന്‍ ലാല്‍ സാറിനോടും പ്രേക്ഷരോടും നന്ദി പറയുന്നു. എനിക്ക് അത്രയും നല്ലൊരു ക്യാരക്ടര്‍ തന്നതിന്. ലാല്‍ ജോസ് സാറിനെ പോലെ ഒരു വലിയ സംവിധായകന്റെ സിനിമയില്‍ നായികയാകാന്‍ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്.

സിനിമ എന്ന ഗ്‌ളാമര്‍ ലോകം, സെലിബ്രിറ്റി സ്റ്റാറ്റസ്, എവിടെ ചെന്നാലും ചുറ്റിനും കൂടുന്ന ആരാധകര്‍.. ഇതൊക്കെ മുമ്പ് സ്വപ്നം കണ്ടിരുന്നോ?

ഏയ്..ഒരിക്കലുമില്ല. ആദ്യം എം.ബി.എ കംപ്‌ളീറ്റ് ചെയ്യണം അതിനു ശേഷം നല്ലൊരു പ്രഫഷന്‍ തിരഞ്ഞെടുക്കുക. കഴിയുമെങ്കില്‍  ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാവുക. അതൊക്കെയായിരുന്നു എന്റെ അംബീഷന്‍സ്. പേരന്റ്‌സിന് എന്നെ ഡോക്ടറോ എന്‍ജിനീയറോ ആക്കണമെന്നായിരുന്നു ആഗ്രഹം. എനിക്കു പക്ഷേ ബിസിനസ് മാനേജ്‌മെന്റിനോടായിരുന്നു താല്‍പര്യം. അങ്ങനെയാണ് ബി.ബി.എയ്ക്ക് ചേര്‍ന്നത്. സിനിമയും അതിലെ നായികാ വേഷവുമെല്ലാം തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. ഇങ്ങനെയൊക്കെ ജീവിതത്തില്‍ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നതേയല്ല. സ്വപ്നതുല്യമായ ഈ നേട്ടത്തില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷവതിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും  സിനിമയില്‍ വന്നതിനു ശേഷമുള്ള ഈ ചേഞ്ച് ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. 

എവിടെയാണ് പഠിച്ചതൊക്കെ? പേരന്റ്‌സ്?

പ്‌ളസ് ടു വരെ കനോസാ കോണ്‍വെന്റ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബി.ബി.എ കംപ്‌ളീറ്റ് ചെയ്തപ്പോഴാണ് നീനയിലേക്ക് വിളിക്കുന്നത്.  അച്ഛന്‍  ബിവ്യേഷ് സതി നൈനിറ്റാളില്‍ പഹാരി ബ്രാഹമീണ്‍ ആണ്. അമ്മ മാധുരി കൊച്ചിയിലെ കാത്തിലിക് ഫാമിലിയില്‍ പെട്ട ആള്‍. ഞാന്‍ ശരിക്കും ഒരു കോക്‌ടെയ്ല്‍(ചിരിക്കുന്നു). അവരുടേത് പ്രണയ വിവാഹമായിരുന്നു. അമ്മ മുംബൈയില്‍  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ ഓഫീസറായിരുന്നു. അച്ഛന്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റും. ഓഫീസ് ആവശ്യങ്ങള്‍ക്കായി അച്ഛന്‍ പലപ്പോഴും അമ്മയുടെ ഓഫീസില്‍ പോകുമായിരുന്നു. ഒരിക്കല്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അമ്മയുടെ ചിരിക്കു നല്ല ഭംഗിയുണ്ടല്ലോ, പരസ്യങ്ങളില്‍ അഭിനയിച്ചു കൂടേയെന്ന് അച്ഛന്‍ ചോദിച്ചു. അങ്ങനെയങ്ങനെ അവര്‍ പ്രണയിച്ചു. പിന്നീട് വിവാഹം കഴിച്ചു. ഞാന്‍ കാണാന്‍ അച്ഛനെ പോലെ തന്നെയാണ്. എനിക്ക് എല്ലാ സ്വാതന്ത്ര്യവും തരുമെങ്കിലും പഠനത്തിന്റെ കാര്യത്തില്‍ അച്ഛന്‍ ഭയങ്കര സ്ട്രിക്ടാണ്. ഒരു വിട്ടുവീഴ്ചയുമില്ല.

ദീപ്തി നല്ലൊരു ക്‌ളാസിക്കല്‍ ഡാന്‍സറാണെന്നു കേട്ടിട്ടുണ്ട്.?

എന്റെ ഞരമ്പിലൂടെയോടുന്ന രക്തത്തില്‍ തന്നെയുണ്ട് പാട്ടിനോടും ഡാന്‍സിനോടുമുള്ള എന്റെ ഇഷ്ടം.മുംബൈയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ കഥക് അഭ്യസിക്കുന്നുണ്ട്. ഏഴു വര്‍ഷമായി ഭരതനാട്യവും. പല സ്ഥാപനങ്ങളിലായിട്ടാണ് പഠിക്കുന്നത്. മുംബൈയിലെ പല ട്രൂപ്പുകള്‍ക്കുമൊപ്പം ഞാന്‍ പ്രോഗ്രാംസ് ചെയ്തിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ പാട്ടുപാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുമായിരുന്നു.  അതുകണ്ടിട്ട് അമ്മയാണ് ആദ്യമെന്നെ ഡാന്‍സ് പഠിപ്പിച്ചത്.  പിന്നീട് ഡാന്‍സ് സ്‌കൂളില്‍ ചേര്‍ത്തു. എനിക്ക് നൃത്തം ചെയ്യാന്‍ വളരെ ഇഷ്ടമാണ്. ഒരു വല്ലാത്ത പാഷന്‍. ശരിക്കും ഒരു പ്രണയം പോലെ തന്നെ.

പിന്നീടെങ്ങനെയാണ് മിസ് കേരളാ മത്സരത്തിലെത്തിയത്?
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റായിരുന്നു മിസ് കേരള കോംപറ്റീഷന്‍. നൃത്തത്തോടും സംഗീതത്തോടുമെല്ലാം എനിക്കുള്ള പാഷന്‍ കണ്ടിട്ട് അമ്മയാണ് എന്നോട് ചോദിച്ചത് നിനക്ക് മിസ് കേരളാ മത്സരത്തിന് അപേക്ഷിച്ചു കൂടേയെന്ന്. ഫേസ് ബുക്കില്‍ വന്ന ഇതിന്റെ ലിങ്ക് കണ്ടിരുന്നു. പിന്നെ അമ്മ തന്നെയാണ് അതിലേക്ക് അപേക്ഷിച്ചതും. അതും അവസാന ദിവസം. അതുവരെ സിനിമയോ മോഡലിംഗോ ഒന്നും എന്റെ മനസില്‍ ഉണ്ടായിരുന്നില്ല.  എന്നെ സെലക്ട് ചെയ്തുവെന്നുള്ള അറിയിപ്പു കിട്ടിയപ്പോള്‍ സത്യത്തില്‍ ഒരുതരം സന്തോഷം കലര്‍ന്ന അമ്പരപ്പായിരുന്നു. കാരണം ഞാനതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. സത്യത്തില്‍ നീനയിലേക്ക് എന്നെ എത്തിച്ചതിന്റെ പിന്നില്‍ മിസ് കേരള മത്സരത്തില്‍ നിന്നു ലഭിച്ച ഒരുപാട് നല്ല അനുഭവങ്ങളുണ്ട്.

മിസ് കേരളയ്ക്കു ശേഷമാണോ മോഡലിംഗ് രംഗത്തേക്ക് വന്നത്?

അതേ. അതിനു ശേഷമാണ് പരസ്യങ്ങള്‍ ചെയ്തു തുടങ്ങിയത്. മിസ് കേരള തന്ന ആത്മവിശ്വാസത്തിന്റെ ബലത്തിലായിരുന്നു ഞാന്‍ മോഡലിംഗിലേക്ക് തിരിഞ്ഞത്. മുംബൈയില്‍ പരസ്യചിത്രങ്ങളിലും റാംപ്‌വോക്കുകളിലും ചില മാഗസിനുകളിലുമെല്ലാം ഞാന്‍ മോഡലായി. ശരിക്കും ഞാന്‍ എന്‍ജോയ് ചെയ്യുന്ന ഒരു ഫീല്‍ഡാണ് മോഡലിംഗ്.

അതിനു ശേഷം മിസ് ഇന്‍ഡ്യാ മത്സരത്തിലും ദീപ്തി പങ്കെടുത്തു?
2014 ലെ ഫെമിനാ മിസ് ഇന്‍ഡ്യാ മത്സരത്തില്‍ ടോപ് ഫൈവില്‍ എത്താന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് ശരിക്കും ഒരു ഭാഗ്യം തന്നെയായിരുന്നു. ഒരു മാസത്തോളം മിസ് ഇന്ത്യയുടെ പ്രാക്ടീസായിരുന്നു. നമ്മുടെ കോണ്‍ഫിഡന്‍സ് ലെവല്‍ കൂട്ടുന്ന വിധത്തിലുള്ള ട്രെയ്‌നിങ്ങാണ് നമുക്ക് കിട്ടുക. നാഷണല്‍ ലെവലില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് മിസ് ഇന്‍ഡ്യാ കോംപറ്റീഷന്‍. അതു കൊണ്ടു തന്നെ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് കിട്ടുന്ന എക്‌സ്‌പോഷര്‍ വളരെ വലുതാണ്. നീന എന്ന ക്യാരക്ടര്‍ ചെയ്യാന്‍ എന്നെ പ്രാപ്തയാക്കിയതില്‍ മിസ് ഇന്‍ഡ്യയില്‍ പങ്കെടുത്തതു വഴി കിട്ടിയ ആത്മവിശ്വാസം ഏറെ സഹായിച്ചിട്ടുണ്ട്.

  മുംബൈയില്‍ വച്ച് മിസ് ബോഡി ബ്യൂട്ടിഫുള്‍ കോംപറ്റീഷനിലും ദീപ്തി പങ്കെടുത്തിരുന്നല്ലോ?
പങ്കെടുത്തിരുന്നു. പക്ഷേ വിന്നറാകാന്‍ കഴിഞ്ഞില്ല.

     അതെന്താ?
എന്നേക്കാള്‍ നല്ല ഭംഗിയുള്ള ശരീരമുള്ള പെണ്‍കുട്ടികള്‍ വേറെ ഉണ്ടായിരുന്നതുകൊണ്ട് (ചിരിക്കുന്നു)

  എങ്ങനെയാണ് നീനയിലേക്കെത്തിയത്”?
കൊച്ചിയിലുള്ള ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജിഭാസ്‌ക്കറും വിജയ്ബാബുവും ഒരേ സമയത്താണ് എന്നെ വിളിക്കുന്നത്. സിനിമ കാണുമെന്നല്ലാതെ അഭിനയിക്കുന്നതിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ലാല്‍ ജോസിന്റെ സിനിമയാണ്, ടൈറ്റില്‍ റോളാണ് എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ആഗ്രഹം തോന്നി. എന്നെക്കാള്‍ കൂടുതല്‍ സന്തോഷം അമ്മയ്ക്കായിരുന്നു. കാരണം അമ്മ ലാല്‍ ജോസ് സാറിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. 'ദീപ്തീ നീ ശരിക്കും ലക്കിയാണെ'ന്ന് അമ്മ പറഞ്ഞു കേട്ടപ്പോള്‍ ഓഡിഷനു പോകാമെന്ന് ഞാന്‍  തീരുമാനിച്ചു. മുംബൈയില്‍ നിന്നുള്‍പ്പെടെ പലയിടത്തു നിന്നും ധാരാളം പെണ്‍കുട്ടികള്‍ ഓഡിഷന് വന്നിട്ടുണ്ടായിരുന്നു. എനിക്ക് ശരിക്കും ടെന്‍ഷനായി. അത് മുഴുവന്‍ എന്റെ മുഖത്തുണ്ടായിരുന്നു. അമ്മ എന്നോട് ധൈര്യമായിരിക്കാന്‍ പറഞ്ഞു. പിന്നെ ടെസ്റ്റിനു വിളിച്ചപ്പോള്‍ ഞാന്‍ എല്ലാ ടെന്‍ഷനും പുറത്തു വച്ചിട്ട് നല്ല കൂളായി കയറി ചെന്നു. പായ്ക്കറ്റില്‍ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചു കാണിക്കാനാണ് ലാല്‍ ജോസ് സാര്‍ ആവശ്യപ്പെട്ടത്. എനിക്ക് യാതൊരു പരിചയവും ഇല്ലാത്ത കാര്യം. എങ്കിലും അറിയാവുന്ന രീതിയില്‍ അത് അഭിനയിച്ചു കാണിച്ചു. അത് ലാല്‍ സാറിനിഷ്ടമായി. അങ്ങനെയാണ് നീനയിലേക്കു വരുന്നത്.

നല്ല ഭംഗിയുള്ള മുടിയായിരുന്നു ദീപ്തിയുടേത്. അത് മുറിക്കണമെന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നിയില്ലേ?
തീര്‍ച്ചയായും. ഓഡിഷനു ശേഷം സെലകട് ആയെന്നുറപ്പു തന്നാല്‍ മുടി മുറിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ ലാല്‍ ജോസ് സാറിനോട് പറഞ്ഞിരുന്നു. അതു കഴിഞ്ഞ് മുടി ക്‌ളിപ്പെടുത്തു കാണിച്ചപ്പോള്‍ ലാല്‍ സാറിന് നല്ല വിഷമം തോന്നി. 'ഇത്രയും നല്ല മുടിയാണല്ലോ ദീപ്തിക്ക്, ഇതു മുറിക്കണ്ട' എന്നു സാര്‍ പറഞ്ഞു. എന്റെ മുടി പെട്ടെന്ന് വളരും അതുകൊണ്ട് സാരമില്ലെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിംഗിനായി റഷ്യയില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു ഹെയര്‍ കട്ടിംഗ് സലൂണിലാണ് എന്റെ മുടി വെട്ടിയത്. ശരിക്കും മുംബൈയിലെ ഒരു സലൂണിലായിരുന്നു എന്റെ മുടി മുറിക്കാന്‍ നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ റഷ്യയില്‍ നിന്നും ഫ്‌ളൈറ്റ് വൈകുന്നതുകൊണ്ട് തിരിച്ച് മുംബൈയിലെത്തി മുടി മുറിച്ചതിനു ശേഷം കൊച്ചിയില്‍ വരുമ്പോള്‍ ഷൂട്ടിംഗ് നിശ്ചയിച്ചിരുന്ന ഡേറ്റ് കഴിയും. അതുകൊണ്ടാണ് റഷ്യയില്‍ തന്നെ മുടി വെട്ടിയത്. ലാല്‍ ജോസ് സാറും ഞാനും ക്യാമറാമാന്‍ ജോമോനും കൂടിയാണ് മുടി വെട്ടാന്‍ പോയത്. അവിടെ ചെന്നപ്പോള്‍ അതിലും രസം. അവിടെയുളള ലേഡി എന്റെ മുടി കണ്ടിട്ട് 'നല്ല ഭംഗിയുള്ള മുടി ഇതു വെട്ടിക്കളയണ്ട' എന്നും പറഞ്ഞ് ഭയങ്കര സെന്റിമെന്റ്‌സ്. പിന്നെ ഞാന്‍ തന്നെ പറഞ്ഞ് സമാധാനിപ്പിച്ചു. ഒടുവില്‍ മൂന്നാലു തരത്തിലുള്ള സ്റ്റൈലുകള്‍ മിക്‌സ് ചെയ്താണ് നീ-നയിലെ ഹെയര്‍ സ്റ്റൈല്‍ ആക്കിയെടുത്തത്. ആ ഹെയര്‍സ്റ്റൈലിനു ശരിക്കും ഒരു പേരില്ല. നീന സ്റ്റൈല്‍ എന്നാണ് ഞാന്‍ വിളിക്കുക. ഹെയര്‍ കട്ടിംഗ് കഴിഞ്ഞ് എന്നെ കണ്ടതും ലാല്‍ ജോസ് സാറിനു ഭയങ്കര സന്തോഷം. ആഹാ ഇതാ എന്റെ നീന എന്നും പറഞ്ഞ്. അന്ന് ഒന്നര മാസത്തെ ഷൂട്ടിംഗിനിടയില്‍   എന്റെ മുടി 11 തവണ കട്ട് ചെയ്യേണ്ടി വന്നു. അത്രയ്ക്ക് ഫാസ്റ്റായിട്ടാണ് എന്റെ മുടി വളര്‍ന്നത്.
 
നീ-നയുടെ സെറ്റില്‍ ഒരുപാട് പേര്‍ നോക്കി നില്‍ക്കുമ്പോഴാണ് മദ്യപിക്കുകയും പുകവലിക്കുകയുമൊക്കെ ചെയ്യുന്ന സീനുകളിലഭിനയിച്ചത്.. എന്തുതോന്നി?

സത്യത്തില്‍ അന്ന് ശരിക്കും ടെന്‍ഷനുണ്ടായിരുന്നു. ഒന്നാമത് എനിക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു മുന്‍ പരിചയവും ഇല്ല. പിന്നെ മലയാള സിനിമയില്‍ ഇന്നോളം ഒരു പുതുമുഖ നായികയും ഇങ്ങനെ മദ്യപിക്കുന്ന സീനിലൂടെ എന്റര്‍ ചെയ്തിട്ടില്ല.  ആദ്യ സീനില്‍ ഒറിജിനാലിറ്റിക്കായി അസല്‍ വോഡ്ക തന്നെയാണ് ഉപയോഗിച്ചത്. വോഡ്ക നാക്കില്‍ തൊടാതെ നേരേ തൊണ്ടയിലേക്കൊഴിക്കുന്ന സീനായിരുന്നു എടുക്കേണ്ടിയിരുന്നത്.  കൃത്യമായി തൊണ്ടയില്‍ തന്നെ വീഴണം. വായ്ക്കുള്ളില്‍ വീണാല്‍ പൊള്ളിപ്പോകും. മുഖം വൃത്തികേടായാല്‍ പിന്നെ ഷൂട്ടിംഗ് തടസപ്പെടും. ഇതൊക്കെയോര്‍ത്തപ്പോള്‍ എങ്ങനെയാകും എന്ന ആധിയായിരുന്നു ഉള്ളില്‍ നിറയെ. എന്നേക്കാള്‍ ടെന്‍ഷന്‍ ലാല്‍ജോസ് സാറിനും ജോമോനുമായിരുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഫസ്റ്റ് ടേക്ക് എടുത്തത്. ആദ്യ ടേക്ക് തന്നെ ഓക്കെ ആയെന്ന് തോന്നിയപ്പോള്‍ ഞാനല്‍പ്പം എക്‌സൈറ്റഡായി പോയി. അതു കാരണം ശരിയായില്ല. പിന്നീട് വീണ്ടും എടുക്കേണ്ടി വന്നു. ബാക്കി എല്ലാ ഷോട്ടും കറക്ടായിരുന്നു.  സിനിമയില്‍ പിന്നീടുള്ള സീനിലെല്ലാം മിനറല്‍ വാട്ടറാണ് കുടിച്ചത്.

  ആദ്യമായി സ്വന്തം മുഖം ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ എന്തു തോന്നി.

എറണാകുളത്തെ പത്മ തിയേറ്ററില്‍ ഞങ്ങള്‍ യൂണിറ്റിലെ മുഴുവന്‍ ആളുകളും ഒരുമിച്ചാണ് നീന കാണാന്‍ പോയത്. എന്റെ ഫസ്റ്റ് സീന്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് ശരിക്കും മനസും കണ്ണും നിറഞ്ഞുപോയി. അപ്പോള്‍ അനുഭവിച്ച സന്തോഷം എത്ര വലുതായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതിലെ ഓരോ സീനും ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അത്രയ്ക്ക് ഞാനും നീനയെ സ്‌നേഹിക്കുന്നു. മുംബൈയില്‍ നിന്ന് എന്റെ ഫ്രണ്ട്‌സ് കേരളത്തില്‍ വന്നിരുന്നു. അവരെല്ലാം നീന കണ്ടു. എല്ലാവര്‍ക്കും വളരെ ഇഷ്ടമായി എന്റെ പെര്‍ഫോമന്‍സ്.  ഇപ്പോള്‍ അവരുടെ മനസില്‍ മഞ്ജിമയാണ്.

മദ്യപാനത്തെ അനുകൂലിക്കുന്നുണ്ടോ?
ഒരിക്കലുമില്ല. മദ്യപിക്കുന്നതും പുകവലിക്കുന്നതുമൊന്നും എനിക്കിഷ്ടമല്ല. ഐ ഹേറ്റ് ഇറ്റ്. പക്ഷേ ഇന്നത്തെ സമൂഹത്തില്‍ ഇതൊരു സാധാരണകാര്യമായി മാറിയിട്ടുണ്ട്. നമ്മള്‍ സ്‌നേഹിക്കുന്നവര്‍ ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ക്ക് അടിമയാവുകയാണെങ്കില്‍ അവരെ കുറ്റപ്പെടുത്താതെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിക്കണം. അവര്‍ അങ്ങനെ ആയിത്തീര്‍ന്നതിന്റെ പിന്നിലെ കാരണം ചോദിച്ചറിയുകയാണ് വേണ്ടത്. മാനസികമായും സാമൂഹ്യമായും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് എനിക്കു തോന്നുന്നത്.

 
നീ-നയില്‍ അഭിനയിക്കാന്‍ എറ്റവും പ്രയാസം തോന്നിയതും ഏറ്റവും ഇഷ്ടപ്പെട്ടതുമായ സീന്‍ ഏതാണ്? 

എല്ലാ രംഗവും പ്രയാസമായിരുന്നു. അതുപോലെ നീനയിലെ എല്ലാ രംഗങ്ങളും എനിക്കിഷ്ടവുമാണ്. ഡയലോഗ് പ്രസന്റേഷനായിരുന്നു എന്നെ സംബന്ധിച്ച് പ്രയാസം. മലയാളം എനിക്കന്ന് കേട്ടാല്‍ നല്ലതുപോലെ മനസിലാകും. തനി മലയാളിയെ പോലെ സംസാരിക്കാന്‍ കഴിയില്ല എന്നേയുള്ളൂ. എല്ലാ വര്‍ഷവും അവധിക്കാലത്ത് അമ്മയുടെ കൊച്ചിയിലെ വീട്ടില്‍ വന്ന് താമസിക്കുമായിരുന്നു ഞാന്‍. അങ്ങനെയും മലയാളം കുറേയൊക്കെ പഠിച്ചിട്ടുണ്ട്. ഡയലോഗുകള്‍ കാണാതെ പറഞ്ഞു പഠിച്ചു സെറ്റില്‍ ചെല്ലുമ്പോള്‍ അന്ന് വേറെ ഏതെങ്കിലും സീനായിരിക്കും ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ ശരിക്കും കഷ്ട്‌പ്പെടും. സെറ്റില്‍ മലയാളം മാത്രമേ സംസാരിക്കാവൂ എന്ന് ലാല്‍ ജോസ് സര്‍ പ്രത്യേകം പറഞ്ഞിരുന്നു. അത് നന്നായി ഗുണം ചെയ്തു. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു പ്രയാസമായി. പക്ഷേ എനിക്കിപ്പോള്‍ നന്നായി മലയാളം പറയാന്‍ കഴിയും. എന്റെ മലയാളം ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. നീനയില്‍ സിരററ്റ് വലിക്കുന്ന സീനിലൊക്കെ ശരിക്കും എഫര്‍ട്ട് എടുത്താണ് ചെയ്തത്. കത്തിക്കാതെ വെറുതേ ചുണ്ടില്‍ വച്ചിരുന്നാല്‍ പോലും വല്ലാത്ത കിക്കാണ് ആ സിഗററ്റിന്. രണ്ടു മൂന്നു തവണ ടേക്കെടുത്ത് കഴിയുമ്പോള്‍ തന്നെ തലയ്ക്ക് എന്തോ പോലെ തോന്നുമായിരുന്നു.

നീനയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു?
സെലക്ടഡായപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലടിച്ചു. മദ്യപിക്കുകയും പുകലിക്കുകയും ചെയ്യുന്നവരെ കുറിച്ച് മനിലാക്കാന്‍ കുറേ ഡോക്യുമെന്ററികളൊക്കെ കണ്ടിരുന്നു. പക്ഷേ ലാല്‍ സാര്‍ എന്നോട് ഒരു തയ്യാറെടുപ്പും കൂടാതെ സെറ്റില്‍ ചെല്ലാനാണ് പറഞ്ഞത്. ഒരു ക്‌ളീന്‍ ബോര്‍ഡ് പോലെയായിരുന്നു എന്റെ മനസ്. നീനക്ക് യാതൊരു മേക്കപ്പുമില്ലെന്നു സാര്‍ പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും കഷ്ടം തോന്നി. സിനിമയില്‍ എന്റെ ക്യാരക്ടര്‍ മുഴുവന്‍ ലാല്‍ ജോസ് സാറിന്റെ മനസിലുണ്ടായിരുന്ന നീന മാത്രമാണ്. സര്‍ പറഞ്ഞത് ഞാന്‍ അഭിനയിക്കുക മാത്രമേ ചെയ്തിട്ടുളളൂ.

കേരളീയ സമൂഹത്തിന്റെ സദാചാരത്തിനു നിരക്കുന്നതല്ല നീനയുടെ സ്വഭാവം. പേരന്റ്‌സ് എങ്ങനെയാണ് സമ്മതിച്ചത്.?

ഞാനും അമ്മയും ലാല്‍ ജോസ് സാറിന്റെ സിനിമകള്‍ മുഴുവന്‍ കണ്ടിട്ടുണ്ട്. സാര്‍ കൊണ്ടു വന്ന നായികമാരെല്ലാം മലയാള സിനിമയില്‍ മുന്‍നിരയിലെത്തിയിട്ടുമുണ്ട്. അതുകൊണ്ട് അമ്മയുടെ ഫുള്‍ സപ്പോര്‍ട്ട് എനിക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു. അച്ഛനോട് പക്ഷേ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സീനുകളുണ്ടെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് കഥ കേട്ടിട്ട് സ്‌ക്രിപ്റ്റ് മുഴുവന്‍ മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ അച്ഛനും സപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടികള്‍ സാധാരണ ബുള്ളറ്റ് ഓടിക്കാറില്ല. പക്ഷേ ആദ്യ സിനിമയില്‍ ദീപ്തി നല്ല് അസലായി സിനിമയില്‍ ബുളളറ്റ് ഓടിച്ചല്ലോ. അതും വിജയിനെ പിന്നിലിരുത്തിക്കൊണ്ട്?
ഞാന്‍ മുംബൈയിലായിരിക്കുമ്പോള്‍ അച്ഛന്റെ ബൈക്ക് ഓടിക്കുമായിരുന്നു. അമ്മ പക്ഷേ ഒരിക്കലും അനുവദിച്ചിട്ടില്ല. നീനയുടെ സെറ്റിലെത്തിയപ്പോഴാണ് ബുള്ളറ്റ് ഓടിക്കണമെന്ന് ലാല്‍ സാര്‍ പറയുന്നത്. അതും ഷൂട്ടിംഗിന്റെ തലേന്ന്. പിന്നെ ഒറ്റ ദിവസം കൊണ്ടാണ് പഠിച്ചത്. വിജയിനു ശരിക്കും പേടിയുണ്ടായിരുന്നു എന്റെ പിന്നിലിരിക്കാന്‍. ദൈവമേ എനിക്കൊരു മോനുണ്ട്. അതുകൊണ്ട് ഞാനെന്റെ ഭാര്യയേയും മോനേയും ഒന്നു വിളിച്ചോട്ടെ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഏതെങ്കിലും തിരക്കില്ലാത്ത റോഡിലൂടെ ഓടിച്ചാല്‍ പോരേ എന്നു ഞാന്‍ ചോദിച്ചെങ്കിലും ലാല്‍ സര്‍ സമ്മതിച്ചില്ല. സീന്‍ ഒറിജിനലാകാന്‍ മെയിന്റോഡിലൂടെ തന്നെ ഓടിക്കണമെന്ന് പറഞ്ഞു. നല്ല തിരക്കുള്ള റോഡില്‍ നാലഞ്ച് സിഗനല്‍ കടന്നു വേണമായിരുന്നു ഓടിക്കാന്‍. ഏതായാലും നല്ല സ്റ്റൈലായി തന്നെ ഓടിക്കാന്‍ കഴിഞ്ഞു. നീനക്കു ശേഷം എനിക്ക് ബൈക്കിനോടുള്ള ക്രെയ്‌സ് കൂടിയിട്ടുണ്ട്.



മുംബൈയില്‍ ഡിസ്‌കോത്തേക്കിലും ഷോപ്പിംഗിനുമൊക്കെ പോകാറുണ്ടോ?

അങ്ങനെ പോകാറില്ല. ആത്മാര്‍ത്ഥതയുള്ള നല്ല സുഹൃത്തുക്കള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് സ്ഥലം പ്രശ്‌നമല്ല. യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.  വ്യത്യസ്തമായ സ്ഥലങ്ങളും കാഴ്ചകളുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഫ്രണ്ട്‌സുമായി ഷോപ്പിംഗിനും കോഫീഷോപ്പിലുമൊക്കെ പോകും. ചിലപ്പോള്‍ ഒരു നൈറ്റ് ഡ്രൈവിനും.  പക്ഷേ കൃത്യസമയത്ത് വീട്ടിലെത്തണമെന്ന് അച്ഛന്റെ സ്ട്രിക്ട് ഓര്‍ഡറുണ്ട്. അല്‍പം താമസിച്ചാല്‍ എന്റെ എല്ലാ പ്രണ്ട്‌സിന്റെയും മൊബൈലിലേക്ക് വിളിക്കും. ഒറ്റക്കുട്ടിയായതുകൊണ്ടാണോ എന്നറിയില്ല അച്ഛന്‍ വളരെ സ്ട്രിക്ടായിട്ടാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ട്  പ്‌ളസ് ടു വരെ അച്ഛന്‍ ഗേള്‍സ് സ്‌കൂളിലാണ് എന്നെ പഠിപ്പിച്ചത്.

മുംബൈയില്‍ നിങ്ങള്‍ ഓണമൊക്കെ ആഘോഷിക്കാറുണ്ടോ?
മുംബൈയിലെ മലയാളികളെക്കാള്‍ കേരളത്തിലെ വിശേഷങ്ങള്‍ ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. ഓണത്തിന് നല്ല സെലിബ്രേഷനാണ്. പൂക്കളമൊരുക്കും. ഓണസദ്യ ഉണ്ടാക്കി കഴിക്കും. കേരള സാരി ഉടുക്കും. വിഷുവിനും ദീപാവലിക്കുമെല്ലാം നല്ല ആഘോഷമാണ്. അമ്മ നന്നായി കുക്ക് ചെയ്യും. എനിക്കും കേരളത്തിലെ ഡിഷസ് വലിയ ഇഷ്ടമാണ.് പായസമാണ് ഏറ്റവും ഇഷ്ടം. അച്ഛനും കൂടുതല്‍ ഇഷ്ടം സൗത്ത് ഇന്‍ഡ്യന്‍ ഫുഡ് ആണ്.

നീനയിലെ വേദനിപ്പിക്കുന്ന പ്രണയാനുഭവം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചാല്‍ എങ്ങനെ നേരിടും?

ഒരു കാര്യം സത്യമാണ്. വിവാഹിതനായ ഒരു വ്യക്തിയെ ഞാന്‍ ഒരിക്കലും പ്രണയിക്കില്ല. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവായ ഒരു പുരുഷനെ കുറിച്ച് അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും എനിക്കാവില്ല. എന്നെ സംബന്ധിച്ച് സ്ത്രീയായാലും പുരുഷനായാലും സത്യസന്ധമായ രീതിയില്‍ ബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിക്കുന്ന ആളുകളെയാണിഷ്ടം. വിവാഹിതരല്ലാത്ത പുരുഷന്‍മാര്‍ ഈ ലോകത്തുണ്ടല്ലോ. എന്റെ സങ്കല്‍പങ്ങളുമായി യോജിക്കുന്ന ഒരാളെ എന്നെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. അങ്ങനെയൊരാള്‍ വരുമ്പോള്‍ ഞാന്‍ പ്രണയിക്കും. ശരിക്കും പറഞ്ഞാല്‍ യഥാര്‍ത്ഥ പ്രണയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. വെയിറ്റിഗ് ഫോര്‍ ട്രൂ ലവ്
്.
    ഒറ്റമോളല്ലേ. വിവാഹാലോചനകള്‍ തുടങ്ങിക്കാണുമല്ലോ?
ഏയ് അങ്ങനെയൊന്നുമില്ല. ഇപ്പോള്‍ നല്ല സിനിമകളുടെ ഭാഗമാകുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. വിവാഹത്തെ കുറിച്ച് തല്‍ക്കാലം പ്‌ളാനൊന്നുമില്ല. 

   ഗ്‌ളാമര്‍ വേഷങ്ങളില്‍ അഭിനയിക്കുമോ?
വെറുതേ ഗ്‌ളാമര്‍ പ്രദര്‍ശിപ്പിക്കാനുള്ള കഥാപാത്രമാണെങ്കില്‍ ഒരിക്കലും ചെയ്യില്ല. നല്ല കഥാപാത്രമാണെങ്കിലും തിരക്കഥയ്ക്ക് ആവശ്യമാണെങ്കില്‍ മാത്രം ചെയ്യും. സിനിമയായാലും പരസ്യമായാലും എന്നെ സംബന്ധിച്ച് എന്ത് എവിടെ എങ്ങനെ എന്നത് ഒരു പ്രശ്‌നമല്ല. അതില്‍ എന്റെ ആവശ്യകതയെന്താണെന്ന് എനിക്ക് ബോധ്യപ്പെടണം. നല്ല കഥാപാത്രങ്ങളായിരിക്കണം. എങ്കില്‍ മാത്രമേ ഒരു നടി എന്ന നിലയില്‍ എനിക്കു വളരാന്‍ കഴിയൂ. ഹരികൃഷ്ണന്‍സില്‍ ജൂഹി ചൗള ചെയ്തതു പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വളരെ ആഗ്രഹമുണ്ട്.

സിനിമ, മോഡലിംഗ് ഈ രംഗത്തൊക്കെ തട്ടിപ്പുകാരുമുണ്ട്. പുതിയ ആളെന്ന നിലയ്ക്ക് എങ്ങനെയാണ് കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്. ?
 നമ്മളെ വിളിക്കുന്ന ഏജന്‍സികളെ വിശ്വസിക്കാമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല. ചിലപ്പോള്‍ ജോലി ചെയ്തു കഴിഞ്ഞ് പറഞ്ഞ പൈസ തരാതെ പറ്റിച്ചിട്ടു പോകുന്നവരുമുണ്ട്. തട്ടിപ്പുകാര്‍ എവിടെയുമുണ്ട്. ഈ ഫീല്‍ഡില്‍ അത് കുറച്ചു കൂടുതലാണ് എന്നു മാത്രം. ഫീല്‍ഡില്‍ ക്രെഡിബിലിറ്റിയുള്ള ആളുകളുമായും ഏജന്‍സികളുമായും മാത്രം  ഇടപെടുക എന്നതാണ് ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗം.

സോഷ്യല്‍ മീഡിയായിലൊക്കെ സജീവമാണോ?
എനിക്ക് ഫേസ് ബുക്കും ട്വിറ്ററുമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ടിലുമുണ്ട്. എനിക്ക് പ്രേക്ഷകരുമായി എന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ എളുപ്പമാകുമല്ലോ 

പുതിയ പ്രോജക്ടുകള്‍ ?
പല ഭാഷകളില്‍ നിന്നായി  നല്ല പ്രോജക്ടുകള്‍ വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ശക്തമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഞാന്‍. അതോടൊപ്പം തന്നെ നല്ല ബാനര്‍, നല്ല സംവിധായകര്‍, നല്ല സ്‌ക്രിപ്റ്റ് എന്നിവ കൂടി നോക്കിയതിനു ശേഷമേ മുന്നോട്ടു പോകൂ.

ഇഷ്ടം പോലെ പ്രതിഫലം കിട്ടിക്കാണുമല്ലോ? എന്തൊക്കെ വാങ്ങി?
സത്യം പറയട്ടെ. ഒന്നും വാങ്ങിയില്ല. ഞാനും പേരന്റ്‌സും കൂടി അമ്പലത്തില്‍ പോയി. കിട്ടിയ പൈസ ഞാന്‍ അച്ഛന്റെ കൈയില്‍ കൊടുത്തു.  അതില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ എടുത്തില്ല. ഇത്രയും നാള്‍ എന്റെ കാര്യങ്ങളൊക്കെ നോക്കിയത് അവരല്ലേ. ഇനിയും ജോലി ചെയ്ത് പ്രതിഫലം കിട്ടിയാല്‍ അച്ഛന്റെ  കൈയില്‍ തന്നെ കൊടുക്കും.

കേരളത്തില്‍ വന്ന് താമസിക്കാന്‍ ഇഷ്ടമാണോ?

വളരെയിഷ്ടമാണ്. ഇപ്പോള്‍ ഷൂട്ടിങ്ങിനായി ഇവിടെ വന്നതിനു ശേഷം മുംബൈയിലേക്കു തിരിച്ചു പോവുകയാണ്. മലയാളത്തില്‍ ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഇവിടെ വന്ന് താമസിക്കും. കൊച്ചിയില്‍ താമസിക്കാനാണ് ഏറെ ഇഷ്ടം. എങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായതുകൊണ്ട് എനിക്ക് മൂംബൈയോട് വല്ലാത്തൊരടുപ്പമുണ്ട്. അതുകൊണ്ട് ഞാന്‍ അങ്ങോട്ടും പോകും. എനിക്കൊരിക്കലും മുംബൈയെ മറക്കാന്‍ പറ്റില്ല.

അതും പറഞ്ഞ് നെറ്റിയിലേക്ക് വീണു കിടന്ന തലമുടി അലസമായി ഒതുക്കി വച്ചുകൊണ്ട് ദീപ്തി ചിരിക്കുന്നു. മലയാള പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പുഞ്ചിരി.

                                                                  തയ്യാറാക്കിയത്
                                                                   സുനീഷ് ബാബു
                                                           



 പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മഞ്ജിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക