Image

അമിത്‌ മസുര്‍കറിന്റെ 'ന്യൂട്ടണ്‍' ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി

Published on 22 September, 2017
 അമിത്‌ മസുര്‍കറിന്റെ  'ന്യൂട്ടണ്‍' ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി

2018 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അമിത്‌ വി.മസുര്‍കര്‍ സംവിധാനം ചെയ്‌ത 'ന്യൂട്ടണ്‍' തെരഞ്ഞെടുക്കപ്പെട്ടു. ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘട്ടനം ആസ്‌പദമാക്കി ഒരുക്കിയ ആക്ഷേപഹാസ്യ സ്വഭാവമുള്ള സിനിമയാണ്‌ 'ന്യൂട്ടണ്‍'. റിലീസ്‌ദിനത്തില്‍ തന്നെയാണ്‌ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പ്‌ വാര്‍ത്തയും അണിയറപ്രവര്‍ത്തകരെ തേടിയെത്തിയത്‌.


ഛത്തിസ്‌ഗഡിലെ നക്‌സല്‍ സ്വാധീനമുള്ള വനപ്രദേശങ്ങളില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‌ ഉണ്ടാകുന്ന അനുഭവങ്ങളാണ്‌ സിനിമയുടെ പ്രമേയം. 2013ല്‍ പുറത്തിറങ്ങിയ 'ഷഹീദി'ലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രാജ്‌കുമാര്‍ റാവുവാണ്‌ 'ന്യൂട്ടണി'ല്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. പങ്കജ്‌ ത്രിപാഠി, അഞ്‌ജലി പാട്ടീല്‍, രഘുബീര്‍ യാദവ്‌ എന്നിവര്‍ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മൂന്ന്‌ തവണയാണ്‌ ഇന്ത്യന്‍ സിനിമകള്‍ ഓസ്‌കറില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടത്‌. 1957 (മദര്‍ ഇന്ത്യ), 1988 (സലാം ബോംബെ), 2001 (ലഗാന്‍) വര്‍ഷങ്ങളില്‍. 2018 മാര്‍ച്ച്‌ നാലിനാണ്‌ അടുത്ത ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക