Image

മഞ്ച് ഓണാഘോഷം വര്‍ണാഭമായി

ഫ്രാന്‍സിസ് തടത്തില്‍ Published on 22 September, 2017
മഞ്ച് ഓണാഘോഷം വര്‍ണാഭമായി
ന്യൂജേഴ്‌സി: പൂവേ പൊലി പൂവേ.... മലയാളികളുടെ മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്ന മലയാണ്മയുടെ ഓര്‍മ്മകള്‍ അലതല്ലുന്ന ഓണക്കാഴ്ചകള്‍. പ്രവാസി മലയാളികളുടെ മനസില്‍ ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു മധുരസ്മരണകളാണ് എല്ലാ വര്‍ഷവും ഓണാഘോഷങ്ങളിലൂടെ പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്. അതെ പ്രവാസി മലയാളികള്‍ക്ക് ഇന്നും ഓണം കലര്‍പ്പില്ലാത്ത പഴയകാലത്തെ അവരുടെ ഓണാഘോഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.
അത്തരത്തിലൊരോണമാണ് സെപ്റ്റംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലുള്ള സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് പള്ളി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്.

.മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി)മഞ്ച് യുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന്റെ തിരക്കു പിടിച്ച ജീവിതത്തില്‍ നിന്ന് തങ്ങളുടെ ചെറുപ്പകാലത്തെ സമൃദ്ധിയുടെ ഓണക്കാലത്തെ സ്മരണകളിലേക്ക് ന്യൂജേഴ്‌സിയിലെ മലയാളികളെ കൂട്ടിക്കൊണ്ടുപോയി.

ഹാര്‍വി കൊടുങ്കാറ്റ് ദുരന്തം വിതച്ച ഹ്യൂസ്റ്റണിലെ മലയാളികള്‍ക്കും ജീവനും കിടപ്പാടവും നഷ്ടപ്പെട്ട അനേകര്‍ക്കും വേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥനാ മഞ്ജരികള്‍ അര്‍പ്പിച്ച ശേഷമാണ് ആഘോഷ പരിപാടികള്‍ക്ക്ു തുടക്കം കുറിച്ചത്. ജോലിത്തിരക്കുകളുടെ പിരിമുറക്കമൊന്നുമില്ലാതെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത്. കിരീടവും ആടയാഭരണങ്ങളുമണിഞ്ഞ് കൊമ്പന്‍ മീശയും ഇളക്കിയും കുടവയര്‍ കുലുക്കിയും മുത്തുക്കുടയും ചൂടി എഴുന്നള്ളിയ മാവേലിത്തമ്പുരാനെ പൂത്താലമേന്തിയ സെറ്റുസാരികളുടുത്ത മലയാളിമങ്കമാരും പട്ടുപാവാടകളണിഞ്ഞ കുരുന്നു സുന്ദരികളും നിറപുഞ്ചിരികളോടെ വരവേറ്റു ചെണ്ടവാദ്യവും അകമ്പടിയായപ്പോള്‍ മാവേലിയുടെ വരവ് അരങ്ങ് തകര്‍ത്തു. പൂവിളികളും വഞ്ചിപ്പാട്ടു പിന്നണിയില്‍ മുഴങ്ങിയപ്പോള്‍ നിറഞ്ഞ സദസിനിടയിലൂടെ കൈകള്‍ വീശി എല്ലാ പ്രവാസി മലയാളികള്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് മഹാബലിത്തമ്പുരാന്‍ വേദിയില്‍ ഉപവിഷ്ടനായി. ദേശീയഗാനവും പ്രാര്‍ത്ഥനാഗാനവും ആലാപനം നടത്തിയതിനു ശേഷം മഹാബലിത്തമ്പുരാന്‍ ഓണാശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മഞ്ച് കുടുംബത്തിലെ അംഗനമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരാ നൃത്തം ഓണാഘോഷത്തെ ഉജ്ജ്വലമാക്കി. അതിനുശേഷം വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലളിതമായ പൊതുസമ്മേളനം മുഖ്യാതിഥി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജേക്കബ് ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. സമത്വസുന്ദരമായ ഓണത്തിന്റെ സ്മരകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ഇനിയുള്ള കാലം മുഴുവന്‍ ഓണത്തിന്റെ നല്ലകാലം ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫൊക്കാന നേതാക്കളായ തമ്പി ചാക്കോ, നാമം സ്ഥാപക നേതാവ് മാധവന്‍ ബി നായര്‍, ഫിലിപ്പോസ് ഫിലിപ്പ്, ലൈസ്ലി അലകസ്, ജോയി ഇട്ടന്‍, പോള്‍ കറുകപ്പള്ളില്‍, ഷാജി വര്‍ഗീസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, കാഞ്ച പ്രസിഡന്റ് സ്വപ്ന ജോര്‍ജ് തുടങ്ങിയ പ്രസംഗിച്ചു. രാജു ജോയി, ജോസ്‌ജോയി, ഐറിന്‍ എലിസബത്ത് തടത്തില്‍, റോഷന്‍ മാമന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സുജ ജോസ്, ഷൈനി രാജു, നെസി തടത്തില്‍, ജൂബി സാമുവേല്‍, ജിജി ഷാജി, മഞ്ചു ചാക്കോ, രശ്മി വര്‍ഗീസ്, അമ്പിളി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് തിരുവാതിര നൃത്തം അവതരിപ്പിച്ചു. ആഷ്‌ലി ഷിജിമോനും ഈവ സജിമോനും ചേര്‍ന്ന് സിനിമാറ്റിംഗ് നൃത്തം അവതരിപ്പിച്ചപ്പോള്‍ ജിസ്മി ലിന്റോ, അലക്‌സാ ഷിജിമോന്‍, ജോയന്ന മനോജ്, സന്തോഷ് എ്‌നീ കുരുന്നുകളുടെ സംഘനൃത്തവും ഐറിന്‍ എലിസബത്ത് തടത്തിലിന്റെ നൃത്തവും ഹൃദ്യമായി. മഞ്ച് ട്രഷററും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ പിന്റോ ചാക്കോ സ്വാഗതം പറഞ്ഞു. മഞ്ച് വിമന്‍സ് ഫോറം കണ്‍വീനര്‍ മരിയാ തോട്ടുകടവില്‍ കുട്ടികള്‍ക്കായി കുസൃതി മത്സരങ്ങള്‍ നടത്തി. ഷൈനി രാജു, സുജ ജോസ് എന്നിവര്‍ എം.സി.മാരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക