Image

പി.സി.ജോര്‍ജിനെ ഭയക്കുന്നതാര്? (ഫ്രാന്‍സീസ് തടത്തില്‍)

Published on 24 September, 2017
പി.സി.ജോര്‍ജിനെ ഭയക്കുന്നതാര്? (ഫ്രാന്‍സീസ് തടത്തില്‍)
ന്യൂജേഴ്സി: പി.സി.ജോര്‍ജ് എന്ന ഒറ്റയാനെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമില്ല ധൈര്യം? കേരള രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹമായി നിയമ നിര്‍മ്മാണ സഭയില്‍ സ്വന്തം ബ്ലോക്കുണ്ടാക്കി ഒറ്റയ്ക്കു നിന്നു പൊരുതി യഥാര്‍ത്ഥ പ്രതിപക്ഷത്തെക്കാള്‍ ശക്തനായി ഇരു പക്ഷത്തിനുമെതിരെ നിറയൊഴിക്കുന്ന രാഷ്ട്രീയ ഏകാംഗ പടനായകനായി പൊതു പ്രവര്‍ത്തനരംഗത്ത് കക്ഷിഭേദമന്യേ അടിച്ചു തകര്‍ക്കുന്ന ഒറ്റയാനായി വിരാജിക്കുന്ന പി.സി.ജോര്‍ജ് എം.എല്‍.എയെ തളയ്ക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ഭയപ്പെടുന്നതെന്തുകൊണ്ട്? നാക്കിനു ലൈസന്‍സില്ലാത്ത എന്തും പറയാന്‍ മടി കാണിക്കാത്തയാളാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന രാഷ്ട്രീയ പ്രതിയോഗികളും ഭരണ നേതൃത്വവും അദ്ദേഹത്തെ ശരിക്കും ഭയപ്പെടുന്നുണ്ട് എന്നു തീര്‍ച്ചതന്നെ!

ഈയിടെ അമേരിക്കയില്‍ രണ്ടാഴ്ചത്തെ പര്യടനത്തിനെത്തിയ അദ്ദേഹം വിശ്രമമില്ലാതെ ഓടിനടന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പ്രസംഗിച്ചിടത്തെല്ലാം തന്റെ പഴയ രാഷ്ട്രീയ തറവാടായ കേരളാ കോണ്‍ഗ്രസിനെ താറടിച്ചും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ദിലീപ് എന്ന നടനെ അനുകൂലിച്ചും ഇടതു-വലതു ഭരണത്തിലെ അഴിമതികളെക്കുറിച്ചും വാതോരാതെ പ്രസംഗിച്ചപ്പോള്‍ ആരുടെ ഭാഗത്തു നിന്നും ഒരു പ്രതിഷേധമോ എതിര്‍പ്പോ ഉണ്ടാകാതെ വന്നപ്പോള്‍ എന്താണ് നാം മനസിലാക്കേണ്ടത്. എന്തോ ചീഞ്ഞുനാറുന്നുണ്ട്. തീയുണ്ടെങ്കിലെ പുകയുണ്ടാകൂ.... സംശയങ്ങള്‍ പലവിധമാണ്. ദിലീപ് വിഷയത്തില്‍ നാട്ടില്‍ എത്തിയശേഷവും നിലപാട് മാറ്റാതെ സൈക്കിളെടുത്ത് അന്വേഷണ സംഘത്തിനു പിന്നാലെയാണ് പി.സി.ജോര്‍ജ്. എന്തിനേറെ ജാമ്യം നിഷേധിച്ച ന്യായാധിപരെയും വെറുതെ വിടാന്‍ അദ്ദേഹം തയ്യാറായില്ല.

കേരള കോണ്‍ഗ്രസ് ഒരു മുടിഞ്ഞ തറവാടാണെന്ന് അഭിപ്രായപ്പെട്ട ജോര്‍ജ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ആ പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമാകുമെന്ന് പ്രവചിച്ചു. അതുകൊണ്ടു മാത്രമല്ല തന്റെ പുതിയ പാര്‍ട്ടിക്ക് കേരളാ കോണ്‍ഗ്രസ് എന്ന ലേബല്‍ ചേര്‍ത്താല്‍ അടുത്ത തലമുറയിലെ യുവാക്കള്‍ തന്നെ തല്ലുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ഏതായാലും പ്രവചനങ്ങളില്‍ അഗ്രഗണ്യനായ ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ സത്യമാകുമോ എന്ന് കണ്ടറിയാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ നമുക്കു കാത്തിരിക്കാം.

ജോര്‍ജിന്റെ രാഷ്ട്രീയ ഗുരുവെന്ന് വേണമെങ്കില്‍ പി.ജെ.ജോസഫിനെ വിശേഷിപ്പിക്കാം. രാഷ്ട്രീയത്തില്‍ നേരത്തെതന്നെ സജീവമായിരുന്ന ജോര്‍ജിനെ തെരഞ്ഞെടുപ്പു രംഗത്ത് കൈപിടിച്ചുകൊണ്ടു വന്നത് പി.ജെ.ജോസഫാണ്. 1980 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മാണിക്കെതിരെ ആയുധമാക്കാനാണ് ജോസഫ് തന്നെ ഉപയോഗിച്ചതെന്ന് ജോസഫ് പറയുന്നു. അതേ ജോസഫ് തന്നെ ജോര്‍ജിനെ ഒതുക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവും താന്‍ ഏറ്റവും കൂടുതല്‍ ആദരിച്ചിരുന്ന കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.

 ജോസഫിനെ ഒരുവന്‍ അഴിമതിക്കാരനായി ചിത്രീകരിച്ച ജോര്‍ജ് അദ്ദേഹം ഒരു തുണ്ടു ഭൂമിപോലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായി ഉപയോഗിച്ചിട്ടില്ലെന്നും മറിച്ച് പാര്‍ട്ടിയെ വില്‍ക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് വെല്ലുവിളികളും നടത്തി. ഡോ.കെ.സി.ജോസഫ്, ജോര്‍ജ് സെബാസ്റ്റിയന്‍, ഈപ്പന്‍ ജോര്‍ജ്ജ് എന്നീ നേതാക്കളും തിരുവനന്തപുരത്തെ പാര്‍ട്ട് പാര്‍ട്ടി ഓഫീസ് വില്‍ക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച ജോര്‍ജ്, ജോസഫിനെതിരെ നിരവധി ആരോപണങ്ങളാണ് നിരത്തിയത്. ഡോ.കെ.സി. ജോസഫിന് തന്നോട് വല്ലാത്ത ഒരു അസൂയയായിരുന്നു എപ്പോഴുമെന്നും ജോര്‍ജ് ആരോപിച്ചു.

മാണിക്കും, പി.സി.തോമസിനും, ഫ്രാന്‍സിസ് ജോര്‍ജിനും കേരളാ കോണ്‍ഗ്രസിന്റെ പാരമ്പര്യമില്ലാത്തവരാണെന്ന് ആരോപിച്ച ജോര്‍ജ് കേരളാ കോണ്‍ഗ്രസില്‍ എത്തു മുമ്പ് മാണി ഡി.സി.സി. പ്രസിഡന്റും തോമസ് കെ.എസ്.യു. പ്രവര്‍ത്തകനും ആയിരുന്നുവെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു പരിചയമില്ലാത്തവനായിരുന്നു ഫ്രാന്‍സിസ് ജോര്‍ജുമെന്നും ആരോപിച്ചു. മാണിക്ക് ഒരു ലക്ഷം രൂപയും ഒരു ജീപ്പും എം.എല്‍.എ. സ്ഥാനവും വാഗ്ദാനം ചെയ്തപ്പോഴാണ് കേരളാ കോണ്‍ഗ്രസില്‍ എത്തിയത്. പി.സി.തോമസ് പഠിച്ചിരുന്ന കാലത്ത് കെ.എസ്.യു.ബാനറില്‍ മത്സരിച്ചവനാണ്. അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ജഗന്‍ ചാക്കോയായിരുന്നു കേരളാ കോണ്‍ഗ്രസ് പാരമ്പര്യമുള്ള ആള്‍. പി.ജെ.ജോസഫിനെ ഒതുക്കാനായി നറുക്കു വീണത് പക്ഷേ പി.സി.തോമസിനായിരുന്നു. കെ.എം. ജോര്‍ജിന്റെ മക്കളില്‍ കേരളാ കോണ്‍ഗ്രസ് പാരമ്പര്യമുള്ളത് ഫ്രാന്‍സീസ് ജോര്‍ജിന്റെ മൂത്ത ജേഷ്ഠനാണ്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെ.എസ്.സി. ബാനറില്‍ മത്സരിച്ച് ജയിച്ച് ചെയര്‍മാനായ അദ്ദേഹം പിന്നീട് രാഷ്ട്രീയത്തില്‍ നിന്നുതന്നെ അപ്രത്യക്ഷനായി.

മാണിയുടെ മകന്‍ ജോസ്. കെ.മാണി എല്ലാ സ്വഭാവ ദൂഷ്യത്തിനുമുടമയാണെന്ന് ആരോപിച്ച പി.സി. ജോര്‍ജ് മാണിക്ക് പറ്റിയ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധമാണ് മകനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. പി.സി. തോമസിനു കേരളാ കോണ്‍ഗ്രസിലുണ്ടായിരുന്ന മേല്‍ക്കോയ്മ തകര്‍ക്കാന്‍ യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത മകനെ കൊണ്ടുവന്നു സ്വയം കുഴിതോണ്ടി. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ നിലം തൊടില്ലെന്നുറപ്പായി.

പി.സി.തോമസാകട്ടെ സ്വയം കുഴിച്ചകുഴിയില്‍ വീണു പോയി. വ്യക്തമായ ഒരു രാഷ്ട്രീയ നിലപാടുമില്ലാത്ത പി.സി.തോമസിന്റെ രാഷ്ട്രീയ ഭാവിയും അവതാളത്തിലായെന്നും ജോര്‍ജ് ആരോപിക്കുന്നു.

താനുള്‍പ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടിയും, തന്നെ വളര്‍ത്തി ഈ നിലയിലെത്തിച്ച നേതാക്കന്‍മാര്‍ക്കെതിരെയും ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ച പി.സി.ജോര്‍ജിനെതിരെ മറുത്തൊരക്ഷരം ഉരിയാടാന്‍ ഒറ്റ നേതാക്കന്മാരും തയ്യാറാകുന്നില്ല. ജോര്‍ജ് അമേരിക്കയില്‍ നിന്നും പൊട്ടിച്ച ഈ വെടി എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞു. ദക്ഷിണ കൊറിയയുടെ ഏകാധിപതി കിം ജോമിന്റെ അതേ കൗശലവും അതേവീറുമുള്ള രാഷ്ട്രീയക്കാരന്‍ പ്രയോഗിക്കുന്ന രാഷ്ട്രീയ മിസൈലിനു അമേരിക്കയില്‍ നിന്നു തൊടുത്തുവിട്ടാല്‍ അത് കേരളത്തില്‍ വരെ എത്തുന്ന രാഷ്ട്രീയ പ്രഹരശേഷിയുണ്ടെന്നു തെളിയിക്കുന്നതാണ് ഈ ബോംബ് വര്‍ഷങ്ങള്‍.

ഇത്രയൊക്കെയായിട്ടും രാഷ്ട്രീയ പ്രതിയോഗികള്‍ പ്രതികരിക്കാതിരിക്കുന്നതാണ് ദുരൂഹതയുളവാക്കാന്‍ കാരണം. അതൊ ഈ ഒറ്റയാനെ തളയ്ക്കാന്‍ രാഷ്ട്രീയ പ്രതിയോഗികളാരുമില്ലേ?

ഒക്ടോബര്‍ രണ്ടിന് ജോര്‍ജ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്. 140 മണ്ഡലത്തിലും മത്സരിക്കാന്‍ അണികളെ സജ്ജമാക്കുന്നതിലുള്ള യജ്ഞത്തിലാണ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളെ ആരെയും അടുപ്പിക്കുകയോ ക്ഷണിക്കുകയോ ഇല്ലെന്നു പറഞ്ഞ ജോര്‍ജ്ജ് അഴിമതി ചെയ്യുകയോ കൂട്ടുനില്‍ക്കുകയോ ഇല്ലെന്നും ഉറപ്പു നല്‍കുകയും സ്ഥാനമാനങ്ങളെന്ന ഉപാധി വയ്ക്കാതെ വരുന്നവരെ സ്വീകരിക്കുമെന്നും എന്നാല്‍ അഴിമതി ചെയ്യുന്നുവെന്നു കണ്ടാല്‍ ആ നിമിഷം അവരെ ചവിട്ടിപുറത്താക്കുമെന്നും താക്കീതു നല്‍കി. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ തന്റെ നിയുക്ത പാര്‍ട്ടിയില്‍ നേതാക്കളുടെ അഭാവമുണ്ടെന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. ഏതായാലും 'കേരള ജനപക്ഷ' മെന്ന പുതിയ പാര്‍ട്ടിയില്‍ ജനം 'പക്ഷ'ത്തു തന്നെയാണോ എന്നാ കാത്തിരുന്നു കാണാം.

ദിലീപ് വിഷയത്തില്‍ ജോര്‍ജിന്റെ ആവേശമാണ് പിടികിട്ടാത്ത സംഗതി. ജീവിതത്തില്‍ ഒരിക്കല്‍ അതും വെറും രണ്ടുമിനിറ്റു മാത്രം കണ്ടിട്ടുള്ള ഒരു 'പാവം സിനിമാക്കാരന്‍'. അങ്ങനെയൊരാള്‍ക്കും നീതി കിട്ടുവാന്‍ തന്റെ വിലയേറിയ സമയവും അര്‍ത്ഥവും അദ്ദേഹം എന്തിനു വിനിയോഗിക്കുന്നു. ഈ ലേഖകന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ല.

ജോര്‍ജുമായി അഭിമുഖം നടത്തിയപ്പോള്‍ പലവട്ടം ഈ വിഷയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ചോദ്യശരങ്ങളെയ്തപ്പോള്‍ പയറ്റിത്തെളിഞ്ഞ ഒരു യോദ്ധാവിനെപ്പോലെ അദ്ദേഹം എന്റെ ലക്ഷ്യത്തില്‍ നിന്നൊഴിഞ്ഞുമാറി. അപ്പോഴും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. പി.സി.ജോര്‍ജിനെപ്പോലെ ഒരു വലിയ പൊതു പ്രവര്‍ത്തകന്റെ സമയം ഒരു പാവം സിനിമാക്കാരനു നീതി ലഭിക്കാന്‍ എന്തിനു പാഴാക്കുന്നു.

കേരളത്തില്‍ ആയിരക്കണക്കിനു സാധാരാണ പൗരന്മാര്‍ നീതിലഭിക്കാതെ പോകുമ്പോള്‍ ആവശ്യത്തിലേറെ പണവും പ്രശസ്തിയും സ്വാധീനവുമുള്ള, ഒരിക്കല്‍ മാത്രമെ കണ്ടിട്ടുള്ളുവെന്നു പറയപ്പെടുന്ന ദിലീപിനെ സഹായിക്കാന്‍ ജോര്‍ജ് എന്തിനു കഷ്ടപ്പെടുന്നു? എന്തിനേറെ മണിക്കൂറിനു പതിനായിരങ്ങളും ലക്ഷവും വാങ്ങുന്ന സംസഥാത്തെ ഏറ്റവും മികച്ച അഭിഭാഷകരായ വി.രാംകുമാര്‍, ബി.രാമന്‍പിള്ള എന്നിവര്‍ക്ക് വക്കാലത്ത് നല്‍കാന്‍ പ്രാപ്തിയുള്ള 'ദിലീപിന്' പി.സി.ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനായ അഭിഭാഷകന്റെ കൂടി ആവശ്യമുണ്ടോ?

ദിലീപിന്റെ ഉറ്റ സുഹൃത്തും സംവിധായകനും കേസില്‍ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നയാളും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് കരുതുന്നവനുമായ നാദിര്‍ഷായുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തുന്നതിനു മുമ്പു തന്നെ പി.സി.ജോര്‍ജ് ടേപ്പ് ചെയ്തു വച്ചിരുന്നു.
എന്തിന്?

ഇത്രയും കിരാതമായ പീഢനം നടന്നതിനെയാണ് എല്ലാവരും അപലപിച്ചത്. പ്രതിയായി ജയിലില്‍ കഴിയുന്ന ദിലീപ് പോലും നടിക്കെതിരായ അക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. പി.സി.ജോര്‍ജ് എന്ന വ്യക്തി മാത്രമാണ് പീഢനത്തിനുശേഷം ഇരയായ നടിക്കെതിരെ വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്. സംഭവം നടന്നതിനുശേഷം പീഢനത്തിന്റെ വിവരണങ്ങള്‍ നടത്തിയ നടി മാസികകളില്‍ കവര്‍സ്റ്റോറിയായി അവതരിച്ച് നാണമില്ലാത്ത വിവരങ്ങളാണ് നല്‍കിയതെന്നും ആരോപിക്കുന്നുണ്ട്.

പീഢനം നടത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പള്‍സര്‍ സുനിയെന്ന പ്രതിയുമായി നടിക്ക് മുന്‍പരിചയമുണ്ടെന്നും അവര്‍ ഒരുമിച്ച് ഗോവയില്‍ ചുറ്റിയടിച്ചു നടന്നുവെന്നും ജോര്‍ജ് ആരോപിക്കുന്നുണ്ട്. കൊടുംകാട്ടിലൂടെ പള്‍സര്‍ സുനിക്കൊപ്പം കറങ്ങി നടന്ന നടിയെ വേണമെങ്കില്‍ ആ കാട്ടില്‍ വച്ച് സുനിക്ക് പീഢിപ്പിക്കാമായിരുന്നുവല്ലോ എന്തിന് വേറെ തിരക്കുള്ള അങ്കമാലി-ചാലക്കുടി റൂട്ടില്‍ വച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് അയാള്‍ പീഢിപ്പിക്കണം?

2013 ല്‍ ക്വട്ടേഷന്‍ നല്‍കിയെന്നു പറയപ്പെടുന്നുവെങ്കില്‍ എന്തുകൊണ്ട് പീഢനം ഇത്രയും വൈകി. ജോര്‍ജിന്റെ ഈ ചോദ്യങ്ങള്‍ നല്‍കുന്ന ധ്വനി എന്താണ്?

പീഢനത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി ജയിലിലടച്ചു. പോലീസോ കോടതിയോ ദിലീപ് നടിയെ പീഢിപ്പിച്ചുവെന്ന് ആരോപിച്ചിട്ടില്ല.

പക്ഷേ പി.സി.ജോര്‍ജ് പറയുന്ന ദിലീപിനെതിരെ ഒറ്റത്തെളിവുകള്‍ പോലുമില്ലെന്നും തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് പെടാപ്പാട് നടത്തുകയാണെന്നും ആരോപിക്കുന്നു. ദിലീപിനെതിരെ സാക്ഷ്യം പറയുകയാണെങ്കില്‍ മാപ്പുസാക്ഷിയാക്കാമെന്നും, അങ്ങനെ വന്നാല്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ആലുവ പോലീസ് നാദിര്‍ഷായുടെ കാലുപിടിച്ചപേക്ഷിച്ചു. 'നല്ല മുസല്‍മാനായ' നാദിര്‍ഷാ ചെയ്യാത്ത കുറ്റത്തിന് ശത്രുക്കള്‍ക്കെതിരെ പോലും കള്ളസാക്ഷ്യം പറയില്ലെന്നു ആണയിട്ടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ തന്നെ പ്രതിചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും നാദിര്‍ഷാ തന്നോട് പറഞ്ഞത് ടേപ്പ് ചെയ്തു വച്ചിട്ടുണ്ടെന്നും ജോര്‍ജ് പറയുന്നു.

അതേ സമയം പോലീസ് നാദര്‍ഷായെ ചോദ്യം ചെയ്യുന്നത് ജോര്‍ജ് അമേരിക്കയിലെത്തിയ ശേഷമാണ്. അതിനുമുമ്പ് നാദിര്‍ഷായുടെ മൊഴി ജോര്‍ജ് രേഖപ്പെടുത്തിയ ശബ്ദരേഖ പി.സി. ജോര്‍ജ് ടേപ്പ് ചെയ്തുവെന്ന വെളിപ്പെടുത്തല്‍ വിചിത്രമായി തോന്നിയേക്കാം. എന്തുകൊണ്ടാണ് ജോര്‍ജ് പോലീസിനെക്കാള്‍ ശുഷ്‌ക്കാന്തിയോടെ സമാന്തര അന്വേഷണം നടത്തുന്നത്?

പിണറായി വിജയന്‍ ചങ്കൂറ്റമുള്ള, തീരുമാനങ്ങളെടുത്ത് നടപ്പില്‍ വരുത്തുന്ന ശുഷ്‌ക്കാന്തിയുള്ള മുഖ്യമന്ത്രിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച പി.സി. ജോര്‍ജ് അദ്ദേഹത്തിന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ പോലീസ് മേധാവികള്‍ക്കും പ്രത്യേകിച്ച് ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ അസഭ്യവര്‍ഷവും രൂക്ഷവിമര്‍ശനങ്ങളും മറ്റൊരു വിരോധാഭാസമായി തോന്നിയേക്കാം. പോലീസുകാര്‍ വെറും 'ചെറ്റകളാ'ണെന്ന് പരസ്യമായി പല വേദികളിലും വിളിച്ചു പറഞ്ഞ അദ്ദേഹം ദിലീപ് കേസിലെ പല പല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും രൂക്ഷമായി പ്രതികരിച്ചു.

അന്വേഷണചുമതലയുള്ള എ.ഡി.ജി.പി. ബി.സന്ധ്യയുടെ പേരെടുത്ത് വിമര്‍ശിച്ച ജോര്‍ജ് ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരും സന്ധ്യയും തമ്മില്‍ ബന്ധങ്ങളുണ്ടെന്നും പറഞ്ഞു. ഒരു നടി വിചാരിച്ചാല്‍ അട്ടിമറിക്കാവുന്നതാണോ ഈ കേസ്? സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ ഭാഗമായ പോലീസ് സേനക്ക് എന്തിനാണ് ഈ 'പാവം നടനായ' ദിലീപിനോട് ഇത്ര വൈരാഗ്യം തോന്നാനുള്ള കാരണം? പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തരവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന എ.ഡി.ജി.പി.ക്കും മറ്റ് കീഴ് ഉദ്യോഗസ്ഥര്‍ക്കും ഡി.ജി.പി. ബഹ്റയെയും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെയും മറികടന്നു പ്രവര്‍ത്തിക്കാനാകുമോ? അതിനര്‍ത്ഥം മുഖ്യമന്ത്രിയും ഡി.ജി.പി.യും കൂടി അറിഞ്ഞുകൊണ്ടാണ് ഈ 'അനീതി' നടക്കുന്നത് എന്നല്ലേ? ദിലീപിനെതിരെ ഒരു തെളിവുമില്ലെന്നു പറയുമ്പോള്‍ കീഴ്ക്കോടതിയും ഹൈക്കോടതിയും അഞ്ചുതവണ ജാമ്യം നിഷേധിച്ചതെന്തുകൊണ്ട്? ഏ

എന്തിനു വീണ്ടും ജാമ്യാപേക്ഷയുമായി വന്നു എന്നു അദ്ദേഹത്തിന്റെ അഭിഭാഷകനോട് ക്രുദ്ധനായി ബഹുമാനപ്പെട്ട ജഡ്ജി ചോദിക്കുവാനുള്ള സാഹചര്യം മനസിലാക്കുന്നതെന്താണ്? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ജോര്‍ജിന്റെ ഈ പടയോട്ടം ആര്‍ക്കെതിരെയാണ്

സംസ്ഥാനത്ത് കടുത്ത പനിമൂലം ദിനംതോറും ജനങ്ങള്‍ മരിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ ശുഷ്‌ക്കാന്തിയൊന്നും പൊതുജനകാര്യത്തില്‍ കണ്ടില്ലല്ലോ? അന്നു ദിലീപിനെ രക്ഷിക്കാന്‍ പിറകെയായിരുന്നു പി.സി.ജോര്‍ജ്. നഴ്സുമാര്‍ സംസ്ഥാനമൊട്ടാകെ സമരം നടത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുണ അറിയിച്ചപ്പോഴും ജോര്‍ജ് 'ജനപക്ഷ'ത്തായിരുന്നോ? ചോദ്യങ്ങള്‍ ഇനിയുമേറെയുണ്ട്. അത് ജോര്‍ജിനു അനുകൂലമായുമുണ്ട്. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജോര്‍ജ് നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആരുണ്ടിവിടെ? മുഖ്യമന്ത്രിയുടെ നാവടഞ്ഞോ? പോലീസ് മേധാവികളുടെ ശുഷ്‌ക്കാന്തി പോയോ? കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരം മുട്ടിയോ? അപ്പോള്‍ ജോര്‍ജ് പറഞ്ഞത് ശരി തന്നെയല്ലേ? ഇതെല്ലാം കാലം തെളിയിക്കും.
ഒരു ചോദ്യം കൂടി ബാക്കി. ജോര്‍ജിന്റെ ആരോപണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പൊതുജനങ്ങള്‍ക്കു നേരെയാണ്. പൊതുജനം പ്രതികരണശേഷിയുള്ളവരെങ്കില്‍ ചോദിക്കുക. ഈ ജോര്‍ജിനെ തളയ്ക്കാന്‍ ആരുമില്ലെ ഇവിടെ?
Join WhatsApp News
George Thumpayil 2017-09-24 20:34:09
Great Mr Francis Thadathil.  You have been writing about various issues lately.  All on a real journalistic point of view.  After Mr George Joseph and Taj Mathew, you are proving to be the best journalist - I mean the best journalist - currently among Malayalees in USA.  I was closely watching your entry in to this field without much of fanfare.  There are lot of so called journalists with us, among us.  But not in par with the length and magnitude of your style.  No wonder IPCNA awarded you as the Best Journalist.  Good luck to you Mr Thadathil for being the best.  Thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക