Image

മൊഞ്ചുള്ള മാപ്പിളപ്പാട്ടിന്റെ മത്സരസായാഹ്നം തീര്‍ത്ത് നവയുഗം 'ഇശല്‍ തേന്‍കണം സീസണ്‍ 2' സമാപിച്ചു; ആദില്‍ ഷാജിയും റിതുജിത്തും വിജയികള്‍.

Published on 25 September, 2017
മൊഞ്ചുള്ള മാപ്പിളപ്പാട്ടിന്റെ മത്സരസായാഹ്നം തീര്‍ത്ത് നവയുഗം 'ഇശല്‍ തേന്‍കണം  സീസണ്‍ 2'  സമാപിച്ചു; ആദില്‍ ഷാജിയും റിതുജിത്തും വിജയികള്‍.
 
ദമ്മാം: അവധിദിവസത്തിന്റെ സായാഹ്നത്തെ സംഗീതസാന്ദ്രമാക്കി, കിഴക്കന്‍ പ്രവിശ്യയില്‍ മൊഞ്ചുള്ള മാപ്പിളപ്പാട്ടിന്റെ വസന്തം തീര്‍ത്ത്,  നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റിയുടെ 'ഇശല്‍ തേന്‍കണം  സീസണ്‍ 2' സമാപിച്ചു.  
 
കേരളത്തിലെ സാമൂഹിക നിര്‍മ്മിതിയില്‍ സ്‌നേഹവും, സാഹോദര്യവും, മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ നിസ്തുല്യമായ പങ്ക് വഹിച്ച മാപ്പിളപ്പാട്ടിന്റെ ഇശല്‍, തേന്മഴയായി പെയ്തിറങ്ങിയ അത്യന്തം വാശിയേറിയ മത്സരത്തില്‍, സീനിയര്‍ വിഭാഗത്തില്‍ ആദില്‍ ഷാജിയും, ജൂനിയര്‍ വിഭാഗത്തില്‍ റിതിജിത്തും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
 
സീനിയര്‍ വിഭാഗത്തില്‍ ജാബിര്‍, നജില എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍, ജൂനിയര്‍ വിഭാഗത്തില്‍ നിവേദിത് രാജേഷ്, കല്യാണി ബിനു  എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 
ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ നടന്ന  'ഇശല്‍ തേന്‍കണം  സീസണ്‍ 2' മാപ്പിളപ്പാട്ട് മത്സരം, പ്രവാസി കാണികളുടെ പങ്കാളിത്തം കൊണ്ടും, മത്സരാര്‍ത്ഥികളുടെ ഉന്നതനിലവാരം കൊണ്ടും, വാശിയേറിയ പോരാട്ടത്തിലൂടെയും ശ്രദ്ധേയമായി. അക്ഷരാര്‍ത്ഥത്തില്‍ 'ഇശല്‍ തേന്‍കണം'  എന്ന പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടായിരുന്നു ഓരോ മത്സരാര്‍ത്ഥിയും പാടിത്തിമിര്‍ത്തത്. മാപ്പിളപ്പാട്ടിന്റെ കുലപതി മോയിന്‍കുട്ടി വൈദ്യര്‍ മുതല്‍ പുതിയ തലമുറയിലെ ബാപ്പു വെള്ളിപറമ്പിലിന്റേതടക്കം, പ്രശസ്തമായ ഗാനങ്ങള്‍ തികഞ്ഞ മത്സരബുദ്ധിയോടെ വേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍, അത് പ്രവാസലോകത്തെ കലാകാരന്മാര്‍ എത്ര മാത്രം ഗൗരവത്തോടെയാണ് മാപ്പിളപ്പാട്ടിനെ സമീപിക്കുന്നത് എന്നുള്ള ഓര്‍മ്മപ്പടുത്തല്‍ കൂടിയായി മാറി.
 
സഹീര്‍ഷാ അവതാരകനായ പരിപാടിയില്‍ ഷിഹാബ് കൊയിലാണ്ടി, ഷിബു വില്‍ഫ്രഡ്, മീനു അനൂപ് എന്നിവര്‍ വിധികര്‍ത്താക്കളായി.  മത്സരവിജയികള്‍ക്ക് നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ്  ബെന്‍സിമോഹന്‍  എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
 
നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്രകമ്മിറ്റി ജോയിന്റ്  സെക്രട്ടറിമാരായ ലീന ഉണ്ണികൃഷ്ണന്‍, പ്രിജി കൊല്ലം, സുമി ശ്രീലാല്‍, ഡോ:സിന്ധുബിനു, അസ്‌ലം (ഓ.ഐ.സി.സി),  നൗഷാദ് തഴവ (പൈതൃകം), ബൈജു കുട്ടനാട്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
 
പരിപാടിയ്ക്ക് നവയുഗം കോബാര്‍മേഖല ഭാരവാഹികളായ അരുണ്‍ ചാത്തന്നൂര്‍, ബിജു വര്‍ക്കി, റെജി സാമുവല്‍, രഞ്ജി കണ്ണാട്ട്, പ്രഭാകരന്‍, ബിനുകുഞ്ഞു, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, ലാലു ശക്തികുളങ്ങര, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക