നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചു. കേസില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.
ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെ പൊലീസ് ശക്തമായി എതിര്‍ത്തു. കേസിലെ നിര്‍ണായക സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. സിനിമാ മേഖലയില്‍ നിന്നുള്ളവരെയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെയും വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കരുത്. ഒരു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ കൃത്യമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.