Image

എഎഫ്ഡിയില്‍ കലാപം: പാര്‍ട്ടി അധ്യക്ഷ പുറത്ത്

Published on 27 September, 2017
എഎഫ്ഡിയില്‍ കലാപം: പാര്‍ട്ടി അധ്യക്ഷ പുറത്ത്
   
ബെര്‍ലിന്‍: അഭിപ്രായ സര്‍വേ ഫലങ്ങളെയും തകിടംമറിച്ച് 12.6 ശതമാനം വോട്ടുമായി, ചരിത്രത്തിലാദ്യമായി ജര്‍മന്‍ പാര്‍ലമെന്റില്‍ ഇടം നേടിയ എഎഫ്ഡിയില്‍ കലാപക്കൊടി ഉയര്‍ന്നു. പാര്‍ട്ടി അധ്യക്ഷ ഫ്രൗക്കെ പെട്രി പാര്‍ലമെന്റ് ഗൂപ്പിന്റെ തലപ്പത്ത് വരില്ലെന്നു പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിനിടയില്‍ നിന്ന് ഇറങ്ങിപ്പോയി.

അപ്രതീക്ഷിതമായി പാര്‍ട്ടിക്കു ലഭിച്ച വോട്ടും ജനപിന്തുണയും 94 അംഗങ്ങളുടെ പാര്‍ലമെന്റ് പ്രവേശനവും അത്യന്തം ആവേശത്തോടെ രാജ്യമെങ്ങും ആഘോഷിക്കുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. രണ്ടു ചേരികളിലായി നേതാക്കള്‍ തിരിഞ്ഞതുതന്നെ ഒരു പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. ഇതിനിടെ പെട്രി അനവസരത്തില്‍ ഉയര്‍ത്തിയ ഒച്ചപ്പാടിന്റെ വെളിച്ചത്തില്‍ പെട്രിയെയും ഭര്‍ത്താവ് മാര്‍ക്കൂസ് പ്രെറ്റ്‌സലിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്ത വന്നു. അതേസമയം തന്നെ പുറത്താക്കിയതല്ലെന്നും താന്‍ തനിയെ പുറത്തുവന്നതാണെന്നും കാണിച്ച് പെട്രി വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തു. 

എന്നാല്‍, പാര്‍ലമെന്റില്‍ ക്രിയാത്മക പ്രതിപക്ഷമാകാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ഉപാധ്യക്ഷ ആലിസ് വീഡല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഇടഞ്ഞു നില്‍ക്കുകയായിരുന്നു പെട്രി. ആലിസ് വീഡല്‍ തന്നെയാണ് പ്രായോഗിക തലത്തില്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചത്.

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം പാര്‍ലമെന്റിലെ കാര്യങ്ങള്‍ ആലോചിക്കാമെന്ന നിലപാടാണ് പെട്രി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അവര്‍ പാര്‍ലമെന്റിലേക്കു നേരിട്ടു വിജയിച്ചതാണ്. എംപിയായി പ്രവര്‍ത്തിക്കുമെങ്കിലും പാര്‍ട്ടി അധ്യക്ഷയായി താനുണ്ടാകില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം.

വിദേശികള്‍ക്കെതിരെ ശക്തമായി ആഞ്ഞടിക്കുന്ന പാര്‍ട്ടിയാണ് അഭിനവ നാസിയെന്നറിയപ്പെടുന്ന എഎഫ്ഡി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയംഗങ്ങള്‍ക്കു പുറമെ അനുഭാവികളും അതിലുപരി ചാര്‍സലര്‍ മെര്‍ക്കലിനോടുള്ള നിഷേധവോട്ടും നേടിയാണ് ഇവര്‍ 94 അംഗങ്ങളെ പാര്‍ലമെന്റില്‍ എത്തിച്ചത്. മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തോടുള്ള ശക്തമായ എതിര്‍പ്പും ചെയ്തികളോടുള്ള അവമതിപ്പും വോട്ടര്‍മാരെ ഇത്തരുണത്തില്‍ ചിന്തിപ്പിക്കാന്‍ ഇടയാക്കി. 

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള ഏറ്റവും ഒടുവിലത്തെ സര്‍വേകളില്‍ ഓരോ രണ്ടു വോട്ടര്‍മാരില്‍ ഒരാള്‍ എഫ്ഡിയെ പിന്തുണച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ഒരു ചെറിയ ഗ്രാമത്തില്‍ പോള്‍ ചെയ്തതിന്റെ 47 ശതമാനം വോട്ടും എഎഫ്ഡിയുടെ പെട്ടിയില്‍ വീണതായി വെളിപ്പെടുന്നു.

ഇതിനിടെ മെര്‍ക്കല്‍ മുന്നണി കൂട്ടുകെട്ടിനായി ചര്‍ച്ചകള്‍ ശക്തമാക്കി. ജെമൈക്ക മോഡല്‍ എന്ന പേരിലുള്ള സിഡിയു, എഫ്ഡിപി, ഗ്രീന്‍ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഭരണസഖ്യത്തിന്റെ പ്രാഥമിക ചര്‍ച്ചകളില്‍ മെര്‍ക്കല്‍ സഖ്യകക്ഷികള്‍ക്കായി വിട്ടുവീഴ്ചകളോടെ പ്രധാന വകുപ്പുകള്‍ നല്‍കാമെന്നുള്ള വാഗ്ദാനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

വലത്തേക്കു പോയ വോട്ടുകള്‍ തിരിച്ചു പിടിക്കും: മെര്‍ക്കല്‍

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി ജര്‍മന്‍ പാര്‍ലമെന്റില്‍ 12.6 ശതമാനം വോട്ട് നേടിയ സാഹചര്യം ഇനി ആവര്‍ത്തിക്കില്ലെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. വലത്തേക്കു പോയ വോട്ടുകള്‍ തിരിച്ചുപിടിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

കുടിയേറ്റത്തിനെതിരേ ശക്തമായ നിലപാട് തുടരുമെന്നാണ് എഎഫ്ഡി നേതാക്കള്‍ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചത്. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തില്‍ ഇതിനകം തമ്മിലടി തുടങ്ങിയത് അവരുടെ പുരോഗതി എത്രത്തോളം എത്തുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ സംശയമുണര്‍ത്തുന്നു.

ജയിച്ച തെരഞ്ഞെടുപ്പുകളിലെ ഏറ്റവും മോശം പ്രകടനവുമായാണ് സിഡിയു അധികാരത്തിലേറുന്നത്. എഎഫ്ഡി നടത്തിയ മുന്നേറ്റത്തിന്റെ അപകടം മെര്‍ക്കല്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു തുടങ്ങി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക